ചലനമില്ലാത്ത ശരീരത്തിൽ നിറയെ ചലനാത്മകത: റാബിയയുടെ ഓർമ്മകൾക്ക് മുന്നിൽ

 
Rabiya, a social worker and Padma Shri recipient from Kerala, in her wheelchair.
Rabiya, a social worker and Padma Shri recipient from Kerala, in her wheelchair.

Photo: Arranged

● സ്വാമി നിത്യചൈതന്യയതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
● 2022ൽ പത്മശ്രീ പുരസ്കാരം നേടി.
● അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദങ്ങൾ നേടി.
● ബീഡി തൊഴിലാളികളുമായി സംവദിച്ചു.



(KVARTHA) വെള്ളിനക്കാട്ടിലെ വെള്ളിരിപ്രാവായിരുന്നു റാബിയ. ചിറകുകൾക്ക് കരുത്തില്ലാഞ്ഞിട്ടും ചീറിപ്പായുന്ന മനസ്സിൻ്റെ ശക്തികൊണ്ട് അവർ കുതിക്കുകയായിരുന്നു. ആശയറ്റ മനുഷ്യർക്ക് ആശ്രയമാകാൻ അവർ വെമ്പുകയായിരുന്നു. ആയിരങ്ങൾക്ക് ആവേശമാകാൻ അവരുടെ ഇടപെടലുകൾ മൂലം സാധ്യമായിട്ടുണ്ട്. പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചമേകാൻ കാരണക്കാരിയായിരുന്നു അവർ. 

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ തടസ്സങ്ങളെ തട്ടിമാറ്റിയും സ്നേഹത്തണലേകാൻ വന്നവരെ സാഭിമാനം സ്വീകരിച്ചും അവർ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. തികഞ്ഞ ദൈവവിശ്വാസത്തിൽ അടിയുറച്ച് നിന്ന് അവർ അടരാടുകയായിരുന്നു. നടന്നു പോകാൻ കഴിയാത്ത റാബിയയെ ചുമലിലേറ്റി നടന്ന് അറിവിൻ്റെ ലോകത്തേക്ക് രക്ഷിതാക്കൾ കൊണ്ടുപോയി. കിട്ടിയ അറിവ് പകർന്നു കൊടുക്കാൻ അവർ വെമ്പൽ കൊള്ളുകയായിരുന്നു.

കടലുണ്ടി പുഴയോരത്തുള്ള അവരുടെ കൊച്ചുവീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. അവരുടെ വീൽചെയറിനു ചുറ്റും വട്ടംകൂടി നിൽക്കുന്ന സഹോദരിമാരുടെ മുഖത്ത് അവരോടുള്ള ആദരവ് ഞാൻ ദർശിച്ചു. അക്ഷരവെളിച്ചവുമായി അവരോടൊപ്പം നീങ്ങുന്ന അക്ഷരപടയാളികളാണ് അവരെന്ന് അവരുടെ വാക്കുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു. 

കടലുണ്ടി പുഴയോരത്തുള്ള കുടിലുകൾക്ക് മുമ്പിൽ അവരുടെ ശിഷ്യഗണങ്ങൾ കൂടി നിൽക്കുന്നത് കണ്ടു. ഒരൊറ്റ വിരൽ ഞൊടിച്ചാൽ മതി അവരൊക്കെ ഈ മൈതാനിയിലേക്ക് കുതിച്ചെത്തുമെന്നെനിക്കറിയാം. ചിന്തിച്ച പോലെ അത് സംഭവിച്ചു. വളണ്ടിയർമാർ പല ഭാഗത്തേക്കും ചെന്നു. നൂറ് കണക്കിനാളുകൾ റാബിയയുടെ വീട്ടിൻ മുറ്റത്തുള്ള മൈതാനത്ത് ഒത്തു കൂടി.

റാബിയ എന്നെ ക്ഷണിച്ചതാണ് അവരുടെ വെള്ളിനക്കാട്ടേക്ക്. റാബിയയുടെ പ്രവർത്തനം നേരിട്ട് കാണാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ സ്നേഹപൂർവ്വം അവരെന്നെ ക്ഷണിക്കുകയായിരുന്നു. ഞാൻ എത്തുന്ന വിവരം അവരുടെ പഠിതാക്കളെ അറിയിച്ചിരുന്നു. കരിവെള്ളൂരിലെയും കരിന്തളത്തിലെയും, ബദിയടുക്കയിലെയും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന എന്നെ അവരുടെ സഹപ്രവർത്തകർക്കും പഠിതാക്കൾക്കും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരവും റാബിയ ഒരുക്കി തന്നു. അതൊരു സ്വീകരണ യോഗമാക്കി മാറ്റി റാബിയ.

എന്നെ അത്ഭുതപ്പെടുത്തിയ വേറൊരു കാര്യം സ്വീകരണച്ചടങ്ങ് ഏർപ്പെടുത്തിയ സംഘടനയുടെ പേര് അറിഞ്ഞപ്പോഴാണ് - ‘ചലനം സാംസ്ക്കാരിക വേദി’ എന്നായിരുന്നു സംഘടനയുടെ പേര്. ചലനശേഷി ഇല്ലാതിരുന്നിട്ടും മനസ്സാനിധ്യം കൊണ്ട് നാടൊട്ടാകെ ചലിക്കാനുള്ള ത്രാണി കൈവരിച്ച റാബിയയും സഹപ്രവർത്തകരുമാണ് ഈ പേര് കണ്ടെത്തിയത്. 

എന്നെ പരിചയപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ലയിലെ പ്രമുഖ സാംസ്ക്കാരിക പ്രവർത്തകൻ രാവണ പ്രഭു സംസാരിച്ചു. വീൽ ചെയറിൽ ഇരുന്നുകൊണ്ട് മനോഹരമായൊരു ഫലകം റാബിയയുടെ കയ്യിൽ നിന്ന് ഞാൻ ഏറ്റുവാങ്ങി. നിരവധി ഫലകങ്ങളും, മെമൊൻറോകളും എൻ്റെ ഷോക്കേസിൽ സ്ഥലം പിടിച്ചിട്ടുണ്ടെങ്കിലും അതിലെല്ലാം മഹത്തരമായി ഞാൻ കാണുന്നത് ഈ ഫലകം തന്നെ.

സ്വാമി നിത്യചൈതന്യയതിയുമായി അടുത്ത സ്നേഹബന്ധം ഉണ്ടായിരുന്നു റാബിയയ്ക്ക്. അദ്ദേഹം മരിക്കുന്നതുവരെ പരസ്പരം എഴുത്തുകുത്തുകൾ അവർ കൈമാറിയിട്ടുണ്ട്. റാബിയയുടെ സാമൂഹ്യ സന്നദ്ധപ്രവർത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് നിത്യചൈതന്യയതി. അദ്ദേഹം അവസാനമായി റാബിയയ്ക്ക് എഴുതിയത് ഇങ്ങനെയാണ്: ‘ഒരു റോസാപ്പൂവ് പോലെ എൻ്റെ മകളെ ദൈവത്തിൻ്റെ കാൽക്കൽ വച്ച് ഞാൻ നമിക്കുന്നു.’

ഈ അപൂർവ്വ പ്രതിഭയെ ഞാൻ കരിവെള്ളൂരിലേക്ക് ക്ഷണിച്ചു. അവർ അധികം പുറത്തേക്കിറങ്ങാറില്ല. എൻ്റെ ക്ഷണം റാബിയയ്ക്ക് നിഷേധിക്കാൻ പറ്റിയില്ല. കാലുകൾ തളർന്നിട്ടും മനസ്സുതളരാത്ത ത്യാഗസന്നദ്ധയായ ഈ പെൺകുട്ടിയെ നാട്ടുകാർക്ക് പരിചയപ്പെടുത്തികൊടുക്കണമെന്ന എൻ്റെ മോഹമാണ് അവരെ ക്ഷണിക്കാൻ പ്രേരിപ്പിച്ചത്. എല്ലാറ്റിനും ആളുകളുടെ സഹായം വേണം. എന്നിട്ടും റാബിയ വരാൻ തയ്യാറായി. 

rabiya remembrance kerala social worker

1996 ഡിസംബർ മാസത്തിലാണ് റാബിയ വന്നത്. തിരൂരിൽ നിന്ന് ജീപ്പിലാണ് വരുന്നത്. വീൽചെയർ കരുതിയിട്ടുണ്ട്. ഏതാണ്ട് ഉച്ച സമയത്താണ് മൂന്നാല് സുഹൃത്തുക്കളുമായി അവർ വീട്ടിലെത്തിയത്. ജീപ്പിൽ നിന്ന് വീൽചെയറും വലിയൊരു അലുമിനിയ പാത്രവും ഇറക്കുന്നതു കണ്ടു. റാബിയ വരുന്ന വിവരം അറിഞ്ഞതുകൊണ്ട് അയൽക്കാരും കാണാനെത്തിയിരുന്നു. വീടിനകത്തേക്കും വീൽചെയറിലാണ് പ്രവേശിച്ചത്. നാലഞ്ചു മണിക്കൂർ യാത്ര ചെയ്തതിൻ്റെ ക്ഷീണമുണ്ടെങ്കിലും മുഖത്തെ പുഞ്ചിരിയിൽ അതൊന്നും കാണുന്നില്ല. മൂത്രമൊഴിക്കൻ ബാത്ത്റൂമിലേക്ക് പോകാൻ പോലും അവർക്കാവില്ല. അതിനാണ് വലിയ അലുമിനിയ പാത്രം കൂടെ കരുതിയത്.

ഭക്ഷണശേഷം വീട്ടുകാരെയും അയൽക്കാരെയും പരിചയപ്പെട്ടു. കരിവെള്ളൂരിലെ ബീഡിത്തൊഴിലാളികളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പനിയിൽ നിരനിരയായി ചിട്ടയോടെയും അച്ചടക്കത്തോടെയും ബീഡിത്തെറുക്കുന്ന സഹോദരങ്ങളെ കണ്ടപ്പോൾ റാബിയയ്ക്ക് ആവേശമായി. പഠനത്തിൻ്റെ പ്രാധാന്യവും അറിവുനേടേണ്ടതിൻ്റെ ആവശ്യകതയും റാബിയ ബീഡിത്തൊഴിലാളികളുമായി പങ്കുവെച്ചു. 

അതുകഴിഞ്ഞ് നവ സാക്ഷരരായവർക്ക് തൊഴിൽ പരിശീലനം കൊടുക്കുന്ന സ്ഥാപനം കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. നീലേശ്വരം പാൻടെക്ക് ഓഫീസിൽ കൊണ്ടുപോയി. അവിടെ അപ്പോൾ ഇലക്ട്രോണിക് ചോക്ക് അസംബ്ലിംഗ് പരിശീലനം നടക്കുകയായിരുന്നു. മുപ്പതുപേർ പരിശീലകരായിട്ടുണ്ടായിരുന്നു. റാബിയ അവരുമായും ദീർഘനേരം സംസാരിച്ചു. ഇത്രയുമായപ്പോഴേക്കും അഞ്ച് മണി കഴിഞ്ഞു. റാബിയയും സുഹൃത്തുക്കളും മലപ്പുറത്തേക്ക് തിരിച്ചുപോയി.

തുടർന്ന് ഞങ്ങൾ കത്തുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് അസുഖം ബാധിതയാണെന്ന വിവരം അറിഞ്ഞു. ആവുന്ന സഹായം ചെയ്തു കൊടുക്കാനും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പരേതനായ മൂസക്കുട്ടി-ബീയ്യാച്ചുട്ടി ദമ്പതിമാരുടെ മകളാണ് റാബിയ. റാബിയയും സുഹൃത്തുക്കളും രൂപം കൊടുത്ത ചലനം സാംസ്ക്കാരിക വേദി ഇന്നും വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം, പുനരധിവാസ കേന്ദ്രം, പാലിയേറ്റീവ് പ്രവർത്തനം, തുടർ വിദ്യാഭ്യസ പ്രവർത്തനം എന്നിവ മാതൃകാപരമായി നടന്നുവരുന്നുണ്ട്.

വയ്യായ്കയിലും വിജയക്കൊടി പറപ്പിച്ച് അമ്പത്തിയാറിലെത്തിയ റാബിയയ്ക്ക് 2022ലെ പത്മശ്രീ പുരസ്ക്കാരം അർഹയായതിൽ നമുക്കൊരു ബിഗ് സല്യൂട്ട് നൽകാം. അവരുടെ പ്രവർത്തനം വിലയിരുത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒട്ടനവധി അവാർഡുകൾ നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നാഷണൽ യൂത്ത് അവാർഡും, സാക്ഷരതാ പ്രവർത്തനത്തിന് ഒട്ടേറെ പുരസ്ക്കാരങ്ങളും റാബിയയെ തേടിയെത്തിയിട്ടുണ്ട്. 

അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാന്തര ബിരുദവും നേടിയ റാബിയ അപൂർവ്വ വ്യക്തിത്വത്തിൻ്റെ ഉടമയാണ്. ത്യാഗിയായ ഈ സാമൂഹ്യപ്രവർത്തക ഇന്ന് നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. അവരുടെ ഓർമ്മക്ക് മുമ്പിൽ ഒരുപിടി പനിനീർ പൂക്കൾ അർപ്പിക്കുന്നു. ആദരാഞ്ജലികളോടെ, കൂക്കാനം റഹ്മാൻ.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: This article remembers Rabiya, a woman with a strong spirit despite physical limitations. She was a beacon of hope, brought literacy to thousands, and founded the Chalanam Samskarika Vedi. Rabiya received the Padma Shri in 2022 for her social contributions.

#Rabiya, #Kerala, #SocialWorker, #PadmaShri, #Inspiration, #Obituary

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia