പേവിഷബാധയേറ്റ് കുഞ്ഞുങ്ങൾ മരിക്കുന്നു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്താണ്?

 
 Photo of seven-year-old Niya Faisal who died due to rabies in Kerala.
 Photo of seven-year-old Niya Faisal who died due to rabies in Kerala.

Representational Image Generated by Meta AI

● മലപ്പുറത്തെ കുട്ടിക്ക് ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകിയില്ല.
● കടിയേറ്റ ഭാഗം സോപ്പിട്ട് 15 മിനിറ്റ് കഴുകുന്നത് വൈറസ് വ്യാപനം തടയും.
● ഹൈഡ്രോഫോബിയ പേവിഷബാധയുടെ പ്രധാന ലക്ഷണമാണ്.
● വളർത്തുനായകൾക്കും പേവിഷബാധ ഉണ്ടാകാം.

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി നിയ ഫൈസൽ മരിച്ചതോടെ കേരളത്തിലെ കുട്ടികൾ തെരുവ് നായ ഭീഷണി കാരണം തികച്ചും അരക്ഷിതാവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന കുട്ടി അതിദയനീയമായി മരണത്തിന് കീഴടങ്ങി.

തെരുവ് നായ ശല്യമില്ലാതാക്കാനും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ ഒഴിവാക്കാനും സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുപാട് പണവും സമയവും ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്ന വിമർശനം ശക്തമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്‌സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെക്കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. എല്ലാ മുറിവും ഒരുപോലെയല്ല എന്നതാണ് പ്രധാന കാരണം. ആഴത്തിലുള്ള മുറിവുകൾ അപകടകാരികളാണ്. വളരെ വേഗം ചികിത്സ തേടുക എന്നത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുള്ള ഭാഗങ്ങളിലാണ് നായയുടെ കടിയേൽക്കുന്നതെങ്കിൽ അത് രോഗബാധ വളരെ പെട്ടെന്ന് ഉണ്ടാകാൻ കാരണമായേക്കാം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പ്രതിരോധ കുത്തിവെയ്പ്പിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും എന്നത് മാത്രമാണ് ഇതിൽ ചെയ്യാനാകുക. നായയുടെ ഉമിനീരിൽ പേവിഷബാധ ഉണ്ടെങ്കിൽ കടിയേൽക്കുന്ന സമയത്ത് തന്നെ ആ വൈറസ് കടിയേൽക്കുന്ന വ്യക്തിയിലേക്കും ബാധിക്കപ്പെടും.

പിന്നീട് ഞരമ്പുകളിലേക്ക് കടക്കുന്ന വൈറസിന് 100 മുതൽ 250 മില്ലിമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൈറസ് ഞരമ്പുകളിലേക്ക് കടക്കുന്ന ഈ സമയത്തെയാണ് ഇൻകുബേഷൻ കാലയളവായി കണക്കാക്കുന്നത്.

മലപ്പുറത്തെ അഞ്ചു വയസുകാരിയുടെ കാര്യത്തിലേക്ക് വന്നാൽ, മുറിവ് വീട്ടിൽ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ലെന്നും ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയതെന്നുമാണ് ഡോക്ടർമാർ പറയുന്നത്. 13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തലയിൽ ആഴത്തിലുള്ള നാല് മുറിവുകൾ ഉണ്ടായിരുന്നു.

കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റ് മുറിവുകൾ. കുട്ടിക്ക് ഐഡിആർവി നൽകിയെങ്കിലും വൈറസ് വ്യാപനം തടയാനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകിയിരുന്നില്ലെന്നും പറയപ്പെടുന്നു. വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്സിൻ ഫലം ചെയ്യാതിരിക്കാൻ കാരണമെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.

നായയുടെ കടിയേറ്റാൽ ഉടൻ തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കും. ഇത് പിന്നീടുള്ള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കാനും സഹായിക്കും. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുള്ള ഭാഗങ്ങൾ (തല, മൂക്ക്, മുഖം, കഴുത്ത്, ചെവി തുടങ്ങിയ സ്ഥലങ്ങളിൽ) ആണ് കടിയേൽക്കുന്നതെങ്കിൽ അത് അപകടമാണ്.

വൈറസ് നേരിട്ട് ഞരമ്പുകളിൽ നിന്ന് മസ്തിഷ്കത്തിൽ എത്തിയാൽ പ്രതിരോധ കുത്തിവെപ്പുകൾ ഫലിക്കണമെന്നില്ല. കടിയേറ്റത് ശരീരത്തിന്റെ താഴ്ഭാഗത്താണെങ്കിൽ വൈറസ് തലച്ചോറിലെത്താൻ സമയമെടുക്കും. ഏത് രീതിയിലായാലും കടിയേറ്റ ഉടൻ തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവൻ ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് അത്യാവശ്യമാണ്.

രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോൾ അതിൽ കൂടുതലോ എടുത്തേക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗലക്ഷണങ്ങളിൽ പ്രധാനം ഹൈഡ്രോഫോബിയയാണ്. വെള്ളം കുടിക്കാൻ കഴിയാതിരിക്കുക, വെള്ളത്തോടുള്ള ഭയം അല്ലെങ്കിൽ വിഭ്രാന്തി പോലുള്ള ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം.

ഇന്ത്യയിലെ റിപ്പോർട്ടുകൾ അനുസരിച്ച് നായകളിലാണ് പേവിഷബാധ കൂടുതലായി കാണുന്നത്. വളർത്തുനായ ആയാലും പേവിഷബാധ ഉണ്ടായേക്കാം എന്നതിനെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. വളർത്തുനായകളിൽ നിന്നും പേവിഷബാധയേറ്റ സംഭവങ്ങൾ വിരളമല്ല. കൂടാതെ പൂച്ചകളിലും, പശുവിന്റെ ഉമിനീരുകളിലും റാബിസ് വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്.

നായയുടെയോ മറ്റ് മൃഗങ്ങളുടെയോ ആക്രമണം ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതിന് തന്നെയാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്. കടിയേറ്റാൽ എത്രയും വേഗം മുറിവ് കഴുകി വൃത്തിയാക്കാനും വാക്സിനടക്കമുള്ള ചികിത്സ തേടാനും അതീവ ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിലാണ് കേരളം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും തെരുവുനായ വന്ധ്യംകരണം ഉൾപ്പെടെയുള്ള പരിപാടികൾ നേരത്തെ നടത്തിയതാണെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. പേയിളകിയ തെരുവ് നായ്ക്കൾ വീട്ടുമുറ്റങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കടിച്ചു പറിക്കുമ്പോൾ അവരെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.

ഈ ലേഖനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. എന്താണ് ഇതിന് ഒരു പരിഹാരം എന്ന് നിങ്ങൾക്ക് തോന്നുന്നത്?

Article Summary: Seven-year-old Niya Faisal died in Thiruvananthapuram due to rabies, highlighting the danger children face from stray dogs in Kerala. Despite vaccinations, three children have died in a month. Experts emphasize immediate wound care and timely vaccination. The effectiveness of current stray dog control measures by local bodies is questioned.

#RabiesDeaths, #StrayDogMenace, #KeralaChildrenSafety, #LocalGovernanceFailure, #VaccineEfficacy, #PublicHealthCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia