വാടകക്കൊലയാളികള്‍ വാഴും കാലം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാടകക്കൊലയാളികള്‍ വാഴും കാലം
'മൃഗീയത' എന്ന പദം മൃഗങ്ങളില്‍ കാണുന്ന സ്വഭാവങ്ങളെ സൂചിപ്പിക്കാനാണ് പണ്ടു മുതലേ ഉപയോഗിച്ചു വരുന്നത്. ഈ സ്വഭാവം മനുഷ്യരിലേക്ക് കൂടുതല്‍ ആവാഹിച്ചു കൊണ്ടിരിക്കുയാണിപ്പോള്‍. സ്വന്തം കുഞ്ഞിനെ കൊല്ലാന്‍, അച്ഛനെ കൊലചെയ്യാന്‍, അമ്മയെ അടിച്ചുകൊല്ലാന്‍, ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ മനുഷ്യര്‍ക്കിന്ന് ഭയമില്ലാത്ത ഒരവസ്ഥ വന്നിരിക്കുന്നു. എങ്ങിനെ ഈ ക്രൂരത നിര്‍വ്വഹിക്കാന്‍ കഴിയുന്നുവെന്ന് മനുഷ്യപ്പറ്റ് നഷ്ടപ്പെട്ടില്ലാത്തവര്‍ ആശ്ചര്യപ്പെടുന്നു.

കൊലപാതകങ്ങളുടെയും കൊലയാളികളുടെയും നാടായി മാറുകയാണോ സാംസ്‌ക്കാരിക കേരളം. രാഷ്ട്രീയ കൊലപാതകങ്ങളും, വര്‍ഗ്ഗീയ കൊലപാതകങ്ങളും, സാമൂദായിക കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ മനുഷ്യത്വഹീനമായ പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ നമുക്കാവില്ലേ? പലപ്പോഴും കൊല്ലുന്നവനും കൊലചെയ്യപ്പെട്ടവനും രണ്ടു പക്ഷക്കാരാവുമല്ലോ? പക്ഷം പിടിക്കാനും സഹായിക്കാനും ഇരുപക്ഷത്തും ആളും തരവുമുണ്ടാകും. നന്മയും, തിന്മയും നോക്കിയല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ പക്ഷം പിടിക്കുന്നത്. ആരുടെ ആളാണ് എന്ന് നോക്കിയാണ് സഹായം നല്‍കുകയും, സഹായം നല്‍കാതിരിക്കുകയും ചെയ്യുന്നത്.

പോരാട്ടങ്ങളിലൂടെ കൊല്ലപ്പെടുന്നതും. മരണപ്പെടുന്നതും ആണത്തമുളള രീതിയാണ്. ഇത് പഴയകാല സമൂഹത്തില്‍ നിലനിന്നൊരു ഏര്‍പ്പാടായിരുന്നു. ഇന്ന് നിരായുധരും നിസ്സഹായരുമായ മനുഷ്യരെ, പതിയിരുന്ന് ആക്രമിച്ച് കൊല്ലുകയാണ്. അതിന് പുതിയൊരു പേരും കിട്ടി. 'ക്വട്ടേഷന്‍ സംഘങ്ങള്‍'. ആരെ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കൊന്നുകളയാം പണം മാത്രം മതി. ചിലപ്പോള്‍ ആള്‍ബലവും കൂടി വേണ്ടിവരും.

'ക്വട്ടേഷന്‍ സംഘം' ഈ പേരുമാറ്റണം. ആംഗലേയ പദത്തിനു പകരം 'വാടകക്കൊലയാളികള്‍' എന്ന് തന്നെ പറയണം. എല്ലാം വാടകയ്ക്ക് കിട്ടുന്ന കാലം. ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടുന്നുണ്ടിവിടെ. മനുഷ്യരെ ജനിപ്പിക്കാന്‍ വാടകയ്ക്ക് ആളുകളെ കിട്ടുന്ന പോലെ മനുഷ്യരെ നശിപ്പിക്കാനും വാടകയ്ക്ക് ആളെ കിട്ടുന്നു. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ, പിന്നില്‍ നിന്ന് വന്ന് പിടിച്ചു നിര്‍ത്തി, മാരകായുധങ്ങളുപയോഗിച്ച് രണ്ടോ മൂന്നോ വാടക കൊലയാളികള്‍ തലങ്ങും വിലങ്ങും വെട്ടുന്നു. മരിച്ചു എന്ന് ഉറപ്പുവരുത്തുന്നതുവരെയല്ല. തലവെട്ടി പിളര്‍ന്ന് പാമ്പിനെയും മറ്റും കൊല്ലുന്നത് പോലെ മുഖം വെട്ടിച്ചതച്ച് വികൃതമാക്കിയിട്ടേ കൊലയാളികള്‍ സ്ഥലം വിടൂ.

ടി.പി ചന്ദ്രശേഖരന്‍ എന്ന മനുഷ്യനെ വെട്ടിനുറുക്കി ബീഭല്‍സമായി കശാപ്പു ചെയ്യാന്‍ തയ്യാറായി വന്ന കൊലപാതകികളോട് ഈ മനുഷ്യന്‍ എന്തു തെറ്റു ചെയ്തു?കൊലയാളികളോട് കയര്‍ത്തു സംസാരിച്ചോ? അവരെ നേരിടാന്‍ പോയോ? അവര്‍ക്കെന്തെങ്കിലും ദ്രോഹം വരുത്തി വെച്ചോ? ഒന്നുമില്ല. പിന്നെങ്ങിനെ ഈ മനുഷ്യപിശാചുക്കള്‍ക്ക് ഇത്തരത്തില്‍ നരഹത്യ നടത്താന്‍ മനസ്സു വന്നു. അതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്? ഇതിന് ഉത്തരം കണ്ടെത്തണം. മനുഷ്യനെ മൃഗമാക്കി മാറ്റുന്ന എന്തോ ഒരു ശക്തി അവരിലേക്കാവാഹിച്ചിട്ടുണ്ട്. അത് പണത്തോടുളള അഭിനിവേശം മാത്രമാവാന്‍ സാധ്യതയില്ല. മദ്യാസക്തിയില്‍ മദോന്മത്തരായാല്‍ ഇങ്ങിനെ ചെയ്യാന്‍ പറ്റുമോ? അപായം വരുത്തേണ്ട ആളെതെറ്റിപ്പോവില്ലേ? സ്ഥലകാല ബോധമുണ്ടാവുമോ? എന്തും വരട്ടെ എന്ന് കല്പിച്ചു ചെയ്യുന്നതാവുമോ? തങ്ങളെ സഹായിക്കാന്‍ ആളുണ്ട് എന്ന വിശ്വാസമാവുമോ?

നിരായുധനായ ഈ മനുഷ്യനെ പാതിരാത്രി പതിയിരുന്ന് വെട്ടികൊന്നത് ആര്‍ക്കു വേണ്ടിയായിരുന്നു? എന്തിനു വേണ്ടിയായിരുന്നു? ഇത്രവലിയ കുറ്റാന്വേഷണ സംവിധാനമുണ്ടായിട്ടും കൊലനടത്തിയ വ്യക്തികളെ കണ്ടെത്താന്‍ കഴിയാത്തതെന്തേ? ഈ സംവിധാനങ്ങളെയെല്ലാം മറികടക്കാന്‍ ശക്തിയുളള മറ്റു സംവിധാനങ്ങള്‍ ഈ കൊലയാളികള്‍ക്കുണ്ട്. എന്നല്ലേ പൊതുജനം കരുതേണ്ടത്?.

ഒരു ദിവസത്തെ ഹര്‍ത്താല്‍ നടത്തി ഒരു പക്ഷം. സഹതാപ തരംഗങ്ങളുമായി ഇന്നത്തെ ഭരണ പക്ഷ പ്രമുഖരെല്ലാം ചന്ദ്രശേഖരന്റെ വീട്ടിലെത്തി. അനുശോചന യോഗങ്ങള്‍ നിരവധി നടന്നു കഴിഞ്ഞു. അന്വേഷണം പൊടി പൊടിക്കുകയാണ്. കുറേ പേരെ കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു. കുറ്റപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ ചെയ്താല്‍ ഇതിനുളള ഉത്തരം കിട്ടുമോ?.
'ധീരനായ കമ്മ്യുണിസ്റ്റ് കാരന്‍' എന്ന് വി.എസ് പറഞ്ഞത് ശരിയല്ലേ? വായിച്ചിറിഞ്ഞേടത്തോളം ചന്ദ്രശേഖരനെ സംബന്ധിച്ച് വി.എസ് ന്റെ പ്രസ്താവന സത്യമാണെന്ന് തോന്നുന്നു. ആ പ്രദേശത്തുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്നു ചന്ദ്രശേഖരന്‍. അദ്ദേഹത്തിന്റെ ജീവശ്വാസത്തില്‍ നിറഞ്ഞു സ്പന്ദിച്ചിരുന്നത് മാര്‍ക്‌സിസത്തില്‍ അധിഷ്ഠിതമായ മനുഷ്യ സ്‌നേഹമായിരുന്നു. സഹായം തേടിയെത്തുന്നവരെ സഹായിക്കാനും, അയല്‍പക്കങ്ങളിലെ വിശേഷങ്ങളില്‍ ആദ്യവസാനം പങ്കാളിയാവാനും ചന്ദ്രശേഖരനുണ്ടായിരുന്നു. കൊലചെയ്യപ്പെടുംവരെ.

സഹാസിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചിരിച്ചുകൊണ്ട് അവനേരിടുകയും, കഠിന പ്രയ്തനങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷിക്കുകയും ചെയ്ത ആളാണ് ഇദ്ദേഹം. അങ്ങിനെയുളള ഒരു മനഷ്യനാണ് ക്രൂരമായി വേട്ടയാടപ്പെട്ടത്. സംഘാടക ശക്തിയുടെ മികവു കൊണ്ടാണ് ഒരു പ്രദേശം മുഴുവന്‍ ചന്ദ്രശേഖരന്റെ കൂടെനിന്നത്. ഈ മനുഷ്യ സ്‌നേഹിയുടെ കൊലക്കുത്തരവാദികളെ കണ്ടെത്തണം. പരസ്പരം ചേരിതിരിഞ്ഞ് കുറ്റാരോപണം നടത്തുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാവില്ല. സി.പി.എം കാരും, സംസ്ഥാന സെക്രട്ടറിയും ഉറപ്പിച്ചു പറയുന്നത്. സി.പി.എം അല്ല ചന്ദ്രശേഖരന്റെ കൊലക്കുത്തരാവാദിയെന്നാണ്. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും അവര്‍ പറയുന്നു. മാത്രമല്ല ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ ഏതെങ്കിലും സി.പി.എം കാരനുണ്ടെങ്കില്‍ അവര്‍ക്കെതിരായി നടപടി കൈക്കൊളളുമെന്നും ബന്ധപ്പട്ടവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചന്ദ്രശേഖരന്റെ കൊലപാതകം ചൂണ്ടിക്കാട്ടി മുതലെടുപ്പു നടത്തുന്ന സംരംഭത്തില്‍ നിന്ന് കോണ്‍ഗ്രസും, യു.ഡി.എഫും പിന്തിരിയണം അങ്ങിനെ ചെയ്തില്ലായെങ്കില്‍ പൊതുജനത്തിന് സംശയം ഉണ്ടാവുക സ്വാഭാവികം മാത്രം. പരസ്പരം പഴി ചാരാതെ ഇന്നത്തെ കേരള സര്‍ക്കാരിന്, പ്രത്യേകിച്ച് അഭ്യന്തരമന്ത്രിക്ക് വളരെ കാര്യമായ ഉത്തരവാദിത്വമുണ്ട്. നിരായുധനായ ഒരു മനുഷ്യനെ പച്ചയ്ക്ക് കുത്തിയും വെട്ടിയും കൊല ചെയ്യുമ്പോള്‍ അതിന്റെ കാരണക്കാരെയും അവര്‍ക്ക് തുണ നല്‍കിയവരെയും കണ്ടെത്തുകയെന്നത് ഇന്നത്തെ അഭ്യാന്തരമന്ത്രി ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം. നിഷ്പക്ഷമായി പോലീസ് സേനയെ സജ്ജമാക്കി പ്രവൃത്തിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസ് സേനയുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നീക്കം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാതെയും ശ്രദ്ധിക്കണം.

ഏതൊരു പുരുഷന്റെയും മരണത്തോടെ അനാഥമാകുന്നത് അവന്റെ ഭാര്യയും മക്കളുമാണ്. കൊല്ലുന്ന മനുഷ്യനും അതൊക്കെയുണ്ടാവാം പക്ഷെ അവര്‍ സംരക്ഷിക്കപ്പെടുന്നു. ഈ കൊലപാതകത്തില്‍ അച്ഛനെ നഷ്ടപ്പെട്ട അഭിനന്ദിന് അച്ഛനെ തിരിച്ചു നല്‍കാന്‍ സാധിക്കില്ല. രമയെന്ന സഹോദരിക്ക് നഷ്ടപ്പെട്ട ജീവിത സഖാവിനേയും മടക്കിക്കൊടുക്കാനാവില്ല. പക്ഷെ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാരാനായി-മാതൃകാപരമായി ജീവിച്ച ചന്ദ്രശേഖരന്റെ മകനും, ഭാര്യയ്ക്കും കരളുറപ്പ് കിട്ടിയിട്ടുണ്ട്. അവര്‍ കരളുറപ്പോടെ പറഞ്ഞ പ്രതികരണം കേരള ജനത ശ്രദ്ധയോടെ കേട്ടു. 'ചന്ദ്രശേഖരനെ കൊല്ലാനെയാവൂ തോല്‍പ്പിക്കാനാവില്ല'.

ഒരു കമ്മ്യുണിസ്റ്റുകാരന്റെ മകളും, കമ്മ്യുണിസ്റ്റുകാരന്റെ ഭാര്യയും ആയി ജീവിച്ചു വന്ന ഒരു ഉറച്ച സഖാവിനെ അത്തരം ഒരു പ്രസ്താവന വേദന മുറ്റി നില്‍ക്കുന്ന അവസരത്തില്‍ പറയാനാവൂ. അഭിനന്ദും രമയും കരുത്തുറ്റ മനസ്സിന്റെ ഉടമകളാണെങ്കിലും അവര്‍ നിരാധാരമായ ജീവിതമാണ് ഇനി നയിക്കേണ്ടി വരുന്നത് ആ ജീവിതങ്ങള്‍ക്ക് ആശ്വാസമേകാന്‍, കൊലപാതകികളെയും അവരെ വാടകയ്ക്ക് എടുത്തവരേയും കണ്ടെത്തി വേണം അവര്‍ക്ക് ആശ്വാസം പകരാന്‍.

വാടകക്കൊലയാളികളെന്ന ഗ്രൂപ്പിനെ അപ്പാടെ ഉച്ഛാടനും ചെയ്യാനുളള കരുത്തുകാണിക്കാന്‍ ഭരണ കൂടവും, സമൂഹവുമൊന്നടക്കം സന്നദ്ധത കാണിച്ചേ പറ്റൂ. അല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് വസിക്കാന്‍ പറ്റാത്ത ഒരിടമായി കേരളം മാറും. മാധ്യമങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും, സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും അമാന്തിക്കരുത്.

വാടകക്കൊലയാളികള്‍ വാഴും കാലം
-കൂക്കാനം റഹ്മാന്‍


Keywords:  Quotation gangs rules out Kerala, Article, Kookkanam Rahman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script