'വോക്കിംഗ് എൻസൈക്ലോപീഡിയ': പിടിബി എന്ന വന്ദ്യഗുരുവിനെ ഓർക്കുമ്പോൾ

 
Black and white portrait of PT Bhaskara Panicker
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'വിശ്വവിജ്ഞാനകോശം' അടക്കം നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്തു.
● കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം, കാൻഫെഡ് എന്നിവയുടെ സ്ഥാപക പ്രവർത്തകൻ.
● സംഘടനാ പ്രാവീണ്യം കൊണ്ട് 'വോക്കിംഗ് എൻസൈക്ലോപീഡിയ' എന്ന് അറിയപ്പെട്ടു.
● 'പാൻടെക്' എന്ന സംഘടന തുടങ്ങാൻ കൂക്കാനം റഹ്‌മാനെ പ്രോത്സാഹിപ്പിച്ചു.
● കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതയുടെ ശില്പികളിൽ ഒരാൾ.

കനിവുള്ള മനുഷ്യർ ഭാഗം 10/ കൂക്കാനം റഹ്‌മാൻ

(KVARTHA) ഒക്ടോബർ 15 നാണ്, പി ടി ബി എന്ന ത്രയാക്ഷരത്തിൽ ലോകമറിയപ്പെടുന്ന പി ടി ഭാസ്കരപ്പണിക്കരുടെ ജന്മദിനം. ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ സത്യസന്ധതയുടെയും ആത്മാർപ്പണത്തിന്റെയും നീതിയുടെയും നേർപ്പതിപ്പാണ് പി ടി ബി. അദ്ദേഹവുമായുള്ള ദീർഘകാല പ്രവർത്തനാനുഭവം വെച്ചുകൊണ്ട് ഞാൻ എന്റെ വന്ദ്യഗുരുവായും റോൾ മോഡലായും അദ്ദേഹത്തെ മനസ്സിൽ അവരോധിച്ചിരിക്കുകയാണ്.

Aster mims 04/11/2022

കേരളത്തിൽ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിന്റെ ഉയർന്ന ചിന്തയുടെയും ബുദ്ധികൂർമ്മതയുടെയും ഫലമായി സംജാതമായ ഗുണങ്ങൾ ഏവരാലും പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. കൈവെച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ചിട്ടുണ്ടെന്ന് ആലങ്കാരികമായി നമുക്ക് പറയാൻ സാധിക്കും.

മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാൻ എന്ന നിലയിൽ 1954 മുതൽ മലബാറിന്റെ വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഗ്രാമം തോറും വിദ്യാലയങ്ങൾ സ്ഥാപിച്ചത്, പിന്നോക്ക ജനവിഭാഗങ്ങളുടെ മക്കൾക്ക് അറിവ് പകരാനായിരുന്നു. 

pt bhaskara panicker kookanam rahman remembers ptb

അതിനായി ഈ മേഖലയിൽ നൂറുകണക്കിന് ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ അധ്യാപകരെ കണ്ടെത്തി നിശ്ചയിച്ചതും അദ്ദേഹം തന്നെയായിരുന്നു.

വിദ്യാലയങ്ങളും അധ്യാപകരും മാത്രം പോരല്ലോ, അതിൽ വിദ്യാർത്ഥികളും വേണം. അതിനുവേണ്ടി രക്ഷിതാക്കളെയും കുഞ്ഞുങ്ങളെയും അറിവിന്റെ വെളിച്ചം കാട്ടി മുന്നോട്ടുകൊണ്ടുവന്നതും അവരെ അതിനായി പ്രോത്സാഹിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. വൻ വിജയമായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ച ആ പദ്ധതി. 

ഇന്നും അത്തരം ഏകാധ്യാപക വിദ്യാലയങ്ങളിൽ പഠിച്ച് ഉന്നതനിലവാരത്തിലെത്തിയ തൊണ്ണൂറു വയസ്സിനപ്പുറമുള്ള ചില മാന്യവ്യക്തികൾ പി ടി ബിയുടെ ഏകാധ്യാപക വിദ്യാലയമില്ലായിരുന്നെങ്കിൽ തങ്ങൾക്ക് ഈ രീതിയിൽ എത്താൻ പറ്റില്ലായിരുന്നെന്ന് സംസാരത്തിനിടെ സൂചിപ്പിക്കാറുണ്ട്.

തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ വന്ന 1957 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്, പി ടി ബിയുടെ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണമികവാണെന്ന് പറയാറുണ്ട്. 

അതേപോലെ, 1957 ലെ ഇ എം എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. മുണ്ടശ്ശേരിയുടെ പേഴ്‌സണൽ സെക്രട്ടറിയായും പി ടി ബി പ്രവർത്തിച്ചു. അധ്യാപകരുടെ അന്തസ്സുയർത്തുന്ന നിരവധി കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയ മുണ്ടശ്ശേരിയുടെ വലംകൈയായി പ്രവർത്തിച്ചതും പി ടി ബി തന്നെയാണ്.

'ജീവിതമെന്നത് ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണെന്നും അത് ഏറ്റവും വിശിഷ്ടമായ മനുഷ്യരാശിക്ക് എന്നേക്കും ഗുണം ചെയ്യുന്ന മാറ്റങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് സഫലീകരിക്കേണ്ടതെന്നുള്ള' ലെനിന്റെ വാക്യം ഉൾക്കൊണ്ട് പ്രവർത്തിച്ച വ്യക്തിയാണ് പി ടി ബി.

തൂവെള്ള മുണ്ടും അരക്കയ്യൻ വെള്ള ഷർട്ടും ധരിച്ച് മടക്കിക്കുത്തി വളഞ്ഞ കാലുള്ള നീളൻ കുട നിലത്തൂന്നി പുഞ്ചിരിയുമായി നടന്നുപോയ പി ടി ബിയുടെ രൂപം കേരളത്തിലെ എത്രയോ പേരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ടാവും.

പ്രസന്നൻ, ധീരൻ, മനുഷ്യസ്‌നേഹി, പ്രകൃതിസ്‌നേഹി ഇതെല്ലാമായിരുന്നു പി ടി ബി. മനസ്സിൽ നിറഞ്ഞ വാത്സല്യം ഉണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ചുരുങ്ങിയ വാക്കുകളിൽ വലിയ വലിയ കാര്യങ്ങൾ പറയുമായിരുന്നു അദ്ദേഹം. 

അതിനൊരു ഉദാഹരണമാണ് പ്രവർത്തകർക്ക് പോസ്റ്റ് കാർഡിൽ അദ്ദേഹമയക്കുന്ന കത്തുകൾ. അദ്ദേഹം എനിക്കയച്ച നൂറുകണക്കിന് പോസ്റ്റ് കാർഡുകൾ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഓരോന്നും പ്രവർത്തനം നടത്താനുള്ള നിർദ്ദേശങ്ങളായിരുന്നു.

വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്ററായിരുന്നു പി ടി ബി. ആയിരം പേജുവീതമുള്ള പത്ത് വാള്യങ്ങളായാണ് ഇത് പ്രസിദ്ധീകരിച്ചത്. ബാല വിജ്ഞാന കോശം, ഭാരത വിജ്ഞാന കോശം തുടങ്ങി പല റഫറൻസ് ഗ്രന്ഥങ്ങളും പി ടി ബി എഡിറ്റ് ചെയ്ത് കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്. ബുദ്ധിവൈഭവംകൊണ്ട് 'വോക്കിംഗ് എൻസൈക്ലോപീഡിയ' എന്നും പി ടി ബി അറിയപ്പെടുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപക പ്രവർത്തകൻ, കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖ്യ പ്രവർത്തകൻ, കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാൻഫെഡ്) അമരക്കാരൻ എന്നീ നിലകളിൽ തന്റെ നേതൃപാടവവും സംഘടനാ പ്രാവീണ്യവും തെളിയിച്ച വ്യക്തികൂടിയാണ് പി ടി ബി.

ഇൻഡിസ്, ശാസ്ത്ര, സ്ഥല നാമസമിതി, ഭരണപരിഷ്കാര വേദി, സ്റ്റെപ്‌സ്, പാൻടെക് തുടങ്ങിയ നിരവധി സംഘടനകൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകാൻ പി ടി ഭാസ്കരപ്പണിക്കർ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. മേൽ പറഞ്ഞ സംഘടനകൾക്ക് പേര് നൽകിയതും പി ടി ബിയാണ്.

'പാൻടെക്' എന്ന സംഘടന തുടങ്ങാൻ എന്നെ പ്രോത്സാഹിപ്പിച്ചത് ഇദ്ദേഹമാണ്. അനൗപചാരിക രീതിയിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാൻ ഒരു സന്നദ്ധ സംഘടനയുണ്ടാവേണ്ട കാര്യം അദ്ദേഹമാണ് വിശദമാക്കി തന്നത്. 'റഹമാന് അത് ചെയ്യാൻ കഴിയും' എന്ന ആ വാക്കിന്റെ ആത്മവിശ്വാസത്തിലാണ് ഞാൻ ഇറങ്ങിത്തിരിച്ചതും. 

അതിന് കണ്ണൂർ, കാസർകോട് ജില്ലകളാണ് അനുയോജ്യമെന്നും അദ്ദേഹം തന്നെയാണ് ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണ് 1996 ൽ 'പീപ്പ്ൾസ് അസോസിയേഷൻ ഫോർ നോൺഫോർമൽ എഡുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻ ടെക്‌നോളജി' (PAN TECH) ജന്മമെടുത്തത്.

കേരളത്തിൽ നടത്തിയ സമ്പൂർണ്ണ സാക്ഷരതയുടെ ശില്പി എന്ന ബഹുമതിക്ക് അർഹനാണ് പി ടി ബി. 'എഴുത്തു പഠിച്ചു കരുത്തുനേടുക' എന്ന മുദ്രാവാക്യത്തിന്റെ ഉടമയാണദ്ദേഹം.

ബാലസാഹിത്യം, ശാസ്ത്ര സാഹിത്യം, നവസാക്ഷരസാഹിത്യം എന്നീ സാഹിത്യ ശാഖകളുടെ വളർച്ചയ്‌ക്ക് വഴി തെളിച്ചത് പി ടി ബിയാണ്. നിഷ്കളങ്കനും സത്യസന്ധനുമായ നല്ല കമ്യൂണിസ്റ്റ്കാരൻ കൂടിയായിരുന്നു അദ്ദേഹം. അധ്യാപകനായിരിക്കേ കമ്യൂണിസ്റ്റ്കാരൻ എന്ന 'അപരാധം' ചുമത്തി സർവീസിൽ നിന്ന് പിരിച്ചുവിടുകയും പോലീസുകാർ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം നാടിനെ സ്നേഹിക്കുകയും അവഗണിക്കപ്പെട്ടവരുടെ മോചനത്തിനായി പോരാടുകയും ചെയ്ത പി ടി ബിയെ സാമൂഹിക പ്രവർത്തകർക്ക് മറക്കാനാവില്ല. ഏറ്റവും സാധാരണക്കാരായ പ്രവർത്തകരോടുപോലും സമഭാവനയോടെ പെരുമാറി അവരുടെ കഴിവ് കണ്ടെത്തി ആ കഴിവ് സമൂഹ നന്മയ്ക്കുവേണ്ടി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന പി ടി ബിയുടെ കഴിവ് അനിതരസാധാരണമായിരുന്നു.

അന്ന് അസുഖം ബാധിച്ച് വിശ്രമത്തിലായപ്പോൾ പി ടി ബിയെ പാലക്കാട് അടക്കാപുത്തൂരിലെ വീട്ടിൽ ചെന്ന് ഞാൻ കണ്ടിരുന്നു. ചിരിച്ചുകൊണ്ട് ചാരു കസേരയിൽ വീട്ടുമുറ്റത്തിരുന്ന് എന്നോട് സംസാരിച്ച ആ ചിത്രം മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു സ്കൂളിന് പേരിട്ടിട്ടുണ്ട്. അടയ്ക്കാ പുത്തൂർ പി ടി ബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ആണത്. പി ടി ബിയെക്കുറിച്ച് തിരുവനന്തപുരം മുൻ ആകാശവാണി ഡയറക്ടർ എ പ്രഭാകരൻ 'സൗമ്യം, പ്രൗഢം, ദീപ്തം' എന്ന പേരിൽ ഒരു പഠനഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ ജാനകിയമ്മ. മക്കൾ: അന്തരിച്ച യു. സുരേഷ്, യു. ഗീത.

നവീന ആശയങ്ങളുടെ അനന്യശ്രോതസ്സായി നിലകൊള്ളുകയും തെറ്റിനെതിരെ ശക്തമായി പൊട്ടിത്തെറിക്കുകയും ചെയ്ത പി ടി ബിയെ കേരള സമൂഹം എന്നെന്നും സ്മരിക്കുമെന്ന് തീർച്ചയാണ്. 1992 ജൂൺ രണ്ടാം തീയതി അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടു. അതായിരുന്നു മരണകാരണം. അന്ത്യശ്വാസം വരെ ചിരിക്കുന്ന മുഖവുമായാണ് അദ്ദേഹം നിലകൊണ്ടത്. അങ്ങനെ 1997 ഡിസംബർ 30 ന് ത്യാഗോജ്ജ്വലമായ ജീവിതത്തിന് തിരശ്ശീല വീണു.

ഈ മഹത് വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Remembering PT Bhaskara Panicker, the 'Walking Encyclopaedia' and social reformer of Kerala.

#PTBhaskaraPanicker #KeralaEducation #KVARTHA #SocialReformer #KookanamRahman #WalkingEncyclopaedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script