Older People | ഇനിയും ഇവിടെയൊരു ഹൈദ്രോസും ഖുൽസു ബീവിയും ഉണ്ടാകരുത്; മനുഷ്യൻ മനുഷ്യനാകണം, മനുഷ്യത്വം കാണിക്കണം

 



/ ഡോണൽ മുവാറ്റുപുഴ

(KVARTHA)
ഇന്ന് അനാഥരായ വൃദ്ധദമ്പതികൾ നമ്മുടെ കേരളത്തിൽ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. ഒന്നുകിൽ മക്കളില്ലാത്ത ദമ്പതികൾ, അല്ലെങ്കിൽ മക്കൾ ഉണ്ടായിട്ടും മക്കൾ പഠനശേഷം വിദേശത്ത് ജോലി നേടി സെറ്റിലായവർ. അങ്ങനെ ഒരോ ദിവസവും വൃദ്ധമാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്. പണ്ട് ഓർഫനേജുകൾ ഇവിടെ ധാരാളമായിരുന്നെങ്കിൽ ഇപ്പോൾ ഓൾഡ് ഏജ് ഹോമുകളുടെ എണ്ണം വർദ്ധിച്ചു വരുന്നതാണ് സ്ഥിതി. അതും ഇന്ന് ഒരു ബിസിനസ് ആയി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ കൊടുക്കാൻ മക്കൾക്ക് ഉണ്ടെങ്കിൽ ഓർഫനേജിൽ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കൾക്ക് സുഖം. പാവപ്പെട്ടവരോ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവരോ ആയ വൃദ്ധദമ്പതികൾ ഉണ്ടെങ്കിൽ അവർ മരിച്ചാലും ആരും അറിയുകയില്ല എന്നതാണ് സത്യം.
  
Older People | ഇനിയും ഇവിടെയൊരു ഹൈദ്രോസും ഖുൽസു ബീവിയും ഉണ്ടാകരുത്; മനുഷ്യൻ മനുഷ്യനാകണം, മനുഷ്യത്വം കാണിക്കണം

പണ്ട് മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഇല്ലാത്തവനെ ആരും അറിയുന്നില്ല. ഇല്ലാത്തവൻ്റെ മുൻപിൽ മുഖം തിരിക്കുന്ന അവസ്ഥ. അതായത് ദയ, കരുണ എന്നിവയൊക്കെ വറ്റിക്കൊണ്ടിരിക്കുന്നു എന്നർത്ഥം. പണ്ടൊക്കെ ഉള്ളവൻ അടുത്തുള്ളവനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് സ്വന്തം സ്വാർത്ഥ താല്പര്യങ്ങളിലും സുഖസൗഭാഗ്യങ്ങളിലും ഒതുങ്ങുന്ന രീതി. ഇത് ഈ നാടിൻ്റെ വലിയൊരു ശാപമായി മാറിക്കൊണ്ടിരിക്കുന്നു. ഈ അടുത്തകാലത്ത് വന്ന ഒരു വാർത്തയാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത്. വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു വാർത്ത നാം മാധ്യമങ്ങളിൽ വായിച്ചതാണ്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശരിക്കും ഈ വാർത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളായ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദമ്പതികൾക്ക് മക്കളില്ലായിരുന്നു. ആരോക്കെയോ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈദ്രോസിൻ്റെ സഹോദരന്റെ മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വൃദ്ധദമ്പതികളുടെ പ്രായം നോക്കണം 90 ഉം 85 ഉം വയസ്സ്. ഈ പ്രായത്തിലുള്ള ഈ ദമ്പതികളെ തിരിഞ്ഞുനോക്കാൻ നാട്ടുകാരോ ബന്ധുക്കളോ ഉണ്ടായില്ലാ എന്നതാണ് സത്യം. ഒരാഴ്ചയോളം ഇവരെ കാണാതിരുന്നിട്ടും അയൽവാസികളോ ബന്ധുക്കളോ ആരും ഒന്ന് അന്വേഷിക്കുകയോ നോക്കുകയോ ചെയ്തില്ല എന്ന് പറയുമ്പോൾ നമ്മുടെ സമൂഹം ഇന്ന് എവിടെ ചെന്ന് നിൽക്കുന്നു എന്ന് ചിന്തിക്കണം.

മനുഷ്യർ ഇത്ര ക്രൂരന്മാരും ദുഷ്ടന്മാരുമായി അധപതിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അയൽവാസികളോ അടുത്ത ബന്ധുക്കളോ ഇവരെ ഒരു നേരമെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഈ മരണം ഒഴിവാക്കാമായിരുന്നു. ഇല്ലെങ്കിൽ മൃതദേഹം അഴുകുന്നതിന് മുൻപ് കണ്ടെത്താമായിരുന്നു. സമീപ വാസികളായവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, സ്വന്തം ബന്ധുക്കൾക്കും ഉത്തരവാദിത്തം ഇല്ലാതെ പോയി എന്നതാണ് സത്യം. ഇത് ഒരു കാര്യം മാത്രം. ഇതുപോലെ ഒറ്റപ്പെട്ട് ജീവിക്കുന്ന ധാരാളം വൃദ്ധദമ്പമ്പതികൾ നമ്മുടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവരോട് അടുത്ത് താമസിക്കുന്നവർ സ്വല്പം ദയ, കരുണ കാണിക്കാൻ തയ്യാർ ആകണം. എല്ലാവരും അവരുടെ സ്വന്തം കുടുംബ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ അടുത്തുള്ളവരുടെ അവസ്ഥകൂടി അറിയാൻ, അവരെ സഹായിക്കാൻ മനസ്സുകാണിച്ചാൽ ഇതുപോലെയുള്ള എത്രയോ ദാരുണ മരണങ്ങൾ ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാം.
 
Older People | ഇനിയും ഇവിടെയൊരു ഹൈദ്രോസും ഖുൽസു ബീവിയും ഉണ്ടാകരുത്; മനുഷ്യൻ മനുഷ്യനാകണം, മനുഷ്യത്വം കാണിക്കണം

  നമ്മൾ ഭക്ഷണം കഴിക്കുന്നതിന് മുൻപ് അയൽക്കാരൻ്റെ അടുപ്പ് പുകഞ്ഞോ എന്ന് അന്വേഷിച്ചിട്ട് സ്വന്തം വീട്ടിൽ ഭക്ഷണം കഴിച്ചിരുന്ന ധാരാളം പേർ പണ്ട് ഇവിടെ ഉണ്ടായിരുന്നു. അയൽക്കാരൻ്റെ അടുപ്പ് പുകഞ്ഞില്ലെന്ന് കണ്ടാൽ സ്വന്തം ഭക്ഷണം അടുത്തുള്ള വീട്ടിൽ എത്തിച്ച് അവർ സംതൃപ്തി കണ്ടെത്തുമായിരുന്നു. അങ്ങനെയൊരു കൂട്ടായ്മയാണ് ഇക്കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു അവസ്ഥയിലേയ്ക്ക് മനുഷ്യസമൂഹം തിരികെ വരേണ്ടിയിരിക്കുന്നു. സ്വത്ത് വർദ്ധിക്കുന്തോറും ബന്ധുക്കൾ തമ്മിലുള്ള ഉലച്ചിലും വല്ലാതെ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നു. ഇന്ന് സ്വന്തം സഹോദരനെ അന്വേഷിക്കാൻ പോലും കൂടപ്പിറപ്പിന് സമയമില്ലാതായിരിക്കുന്നു.

വിദേശത്തുള്ള മക്കളോ അവിടെ സുഖമായി അടിച്ചുപൊളിച്ച് സുഖജീവിതം നയിക്കുന്നു. ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കൾ തങ്ങളുടെ അന്തസ്സിന് ചേരില്ല എന്ന മനോഭാവം പല യുവതി-യുവാക്കളിൽ വന്നുചേർന്നുകൊണ്ടിരിക്കുന്നു. ശരിക്കും ഇത് ദാരുണമാണ്, ക്രൂരമാണ്, ദൈവം പോലും ക്ഷമിച്ചെന്ന് വരില്ല. നമ്മുടെ ചുറ്റുവട്ടത്തുള്ളവരുടെ സുഖദു:ഖങ്ങളിൽ നമുക്ക് പങ്കുചേരാൻ കഴിഞ്ഞാൽ അതിനപ്പുറം ദൈവീകമായ മറ്റൊരു കാര്യമില്ല. മാതാപിതാക്കൾക്ക് തണലേകാൻ മക്കൾക്കും, അടുത്തുള്ളവർക്ക് ആശ്വാസമാകാൻ അയൽ വാസികളായവർക്കും സഹോദരനെ സ്നേഹിക്കാൻ കൂടെപ്പിറന്നവർക്കും കഴിഞ്ഞാൽ ഇവിടം സ്വർഗ്ഗമാകും. ഇല്ലെങ്കിൽ ഇനിയും ഇതുപോലുള്ള പെടുമരണങ്ങൾ നമ്മുടെ സമൂഹത്തിൽ വർദ്ധിക്കും തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia