Counselling | വിവാഹ പൂർവ കൗൺസലിംഗ്

 

 
premarital counselling


പഞ്ചായത്തിലെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിവാഹ പ്രായത്തിലെത്തിയ ആളുകൾ ഇവരുടെ കണക്കെടുപ്പു നടത്തുകയായിരുന്നു ആദ്യ പ്രവർത്തനം

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 8)

കൂക്കാനം റഹ്‌മാൻ 

(KVARTHA) കേരളാ സ്റ്റേറ്റ് റിസോർസ് സെൻ്ററുമായി സഹകരിച്ച് കൗമാരക്കാർക്ക് വിവാഹ പൂർവ്വ കൗൺസലിംഗ് നടത്തിയതും പങ്കാളികളുടെ പ്രതികരണവും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. അമ്പത് പേരെ പങ്കെടുപ്പിക്കാൻ പ്ലാനിട്ട ക്ലാസിൽ ഇരട്ടിയിലധികം കൗമാരക്കാർ പങ്കെടുത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. വിവാഹിതരാൻ പോകുന്ന കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംശയങ്ങൾ ഒരു പാടുണ്ടായി. 

ഗുഹ്യഭാഗങ്ങളിലെ രോമ വളർച്ച എന്തു കൊണ്ടാണ്. ഗർഭിണി ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? പ്രേമിച്ചു വിവാഹിതരാകുന്നതാണോ അറേഞ്ച്ഡ് വിവാഹമാണോ ലിവിംഗ് ടുഗദർ ആണോ നല്ലത്? പെണ്ണിന് ആണിനേക്കാൾ വയസ്സ് കൂടുതലായാൽ പ്രശ്നമുണ്ടോ? ഞങ്ങൾ ആണും പെണ്ണും മംഗലാപുരത്തു നിന്നൊക്കെ പരസ്പരം കൈ പിടിച്ചുനടക്കും കാസർകോടെത്തിയാൽ കാര്യം മാറി, ഞങ്ങൾ കുറ്റക്കാരാവും മോശക്കാരാവും ഇതെന്തുകൊണ്ട്? തുടങ്ങിയ ഒട്ടേറെ സംശയങ്ങളുമായാണ് റിസോർസ് പേർസൻമാരെ സമീപിച്ചത്. അതിനൊക്കെ കൃത്യമായി മറുപടി പറഞ്ഞു കൊടുത്തപ്പോൾ അവർ തൃപ്തരായി. 

ലിംഗവലിപ്പത്തെക്കുറിച്ചും, മൈഥുനം നടത്തുമ്പോൾ ശുക്ലം വരാത്തതും ഒക്കെ സംശയങ്ങളായിരുന്നു. കുമ്പള പഞ്ചായത്തിൽ പാൻടെക്ക് മുഖേന നടത്തിയ പ്രത്യുത്പാദന ശിശു ആരോഗ്യ പദ്ധതി (Reproductive Child Health Project - RCH Project) യുടെ ഭാഗമായിട്ടായിരുന്നു വിവാഹ പൂർവ കൗൺസിലിംഗ് സംഘടിപ്പിച്ചത്. ജില്ലയിൽ കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും ഈ പരിപാടി നടത്തിയിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കയ്റോസ്' എന്ന എൻജിഒയാണ് പാൻടെക്കിന് പദ്ധതി അനുവദിച്ചു തന്നത്. ഏറ്റവും കൂടുതൽ ഗർഭസ്ഥശിശുമരണം നടക്കുന്ന ഏരിയകൾ കണ്ടെത്തിയാണ് പ്രൊജക്ടുകൾ അനുവദിച്ചത്. കാസർകോട് ജില്ലയിൽ കുമ്പള പഞ്ചായത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. മൂന്നു വർഷ കാലാവധിയിൽ പ്രവർത്തനം നടത്തി ലക്ഷ്യത്തിലെത്തണമെന്നതായിരുന്നു നിർദ്ദേശം.

പഞ്ചായത്തിലെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വിവാഹ പ്രായത്തിലെത്തിയ ആളുകൾ ഇവരുടെ കണക്കെടുപ്പു നടത്തുകയായിരുന്നു ആദ്യ പ്രവർത്തനം. അതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓരോ സന്നദ്ധ വളണ്ടിയർമാരെ കണ്ടെത്തണം. അവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ മൂന്ന് ഫീൽഡ് വർക്കർമാർ വേണം. ഒരു പ്രോജക്ട് കോർഡിനേറ്റർ വേണം. പ്രവർത്തിക്കാൻ അനുയോജ്യമായ ഓഫീസ് കണ്ടെത്തണം. ആദ്യം അനുയോജ്യമായൊരു ഓഫീസ് ടൗണിൽ കണ്ടെത്തി. വളണ്ടിയർമാരെ കണ്ടെത്താൻ പഞ്ചായത്തിലെ ക്ലബ്ബ്, സമാജങ്ങൾ, എൻഎസ്എസ് വളണ്ടിയേർസ് എന്നിവരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തു.

യോഗത്തിൽ വെച്ച് 15 വനിതാ വളണ്ടിയർമാരെ കണ്ടെത്തി. സന്നദ്ധമായി പ്രവർത്തിക്കുന്നവരായിരിക്കണം, സമൂഹവുമായി ഇടപെടാൻ കഴിയുന്നവരായിരിക്കണം, വീടുകൾതോറും കയറി ഇറങ്ങണം മാസത്തിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കണം എന്നൊക്കെ നിർദ്ദേശിച്ചിട്ടും പതിനഞ്ചിലധികം സ്ത്രീകൾ ഫീൽഡ് വളണ്ടിയർമാരായി പ്രവർത്തിക്കാമെന്ന് ഉറപ്പു തന്നു. വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകി. ഗർഭിണികളേയും പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളേയും ശ്രദ്ധിക്കേണ്ട വിധം ബോധ്യപ്പെടുത്തിക്കൊടുത്തു. വാർഡു തോറും നവവധൂവരന്മാരെയും കൗമാരക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. 

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയായിരുന്നു, 1. പ്രസവം ആശുപത്രികളിൽ തന്നെ ആവണം, 2. നവജാത ശിശുക്കളുടെ ആരോഗ്യസ്ഥിതി പരിശോധിക്കണം, 3. ഗർഭിണികൾക്ക് പോഷകാഹാരം ലഭിക്കണം, 4. ഗർഭാവസ്ഥയിൽ പരിശോധന നടത്തുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം, 5. കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്ത് നടത്തണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ പഞ്ചായത്തിലെ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഗ്രാമപഞ്ചായത്തിൻ്റെയും, സാമൂഹ്യ പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കണം.

പഞ്ചായത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ഈ ദൗത്യവുമായി സഹകരിക്കാൻ സന്നദ്ധമാക്കണം. ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മൈക്ക് പ്രചാരണം കാൽ നട ജാഥകൾ, ക്വിസ് പരിപാടികൾ, മാജിക്ക് ഷോകൾ, ചിത്രകലാ കാമ്പുകൾ എന്നിവ നടത്തി. എല്ലാത്തിലും നല്ല ജനപങ്കാളിത്തമുണ്ടായി. കുമ്പള സി.എച്ച്.സിയും കുമ്പള ഗ്രാമപഞ്ചായത്തും സർവ്വാത്മനാ പൂർണ സഹകരണം നൽകി.
    
മൂന്നുവർഷക്കാലം നടത്തിയ പ്രസ്തുത പ്രവർത്തനം വഴി ലക്ഷ്യ പ്രാപ്തിയിലെത്താൻ സാധിച്ചു. പ്രൊജക്ടിൻ്റെ ചുക്കാൻ പിടിച്ചത് പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി കെ വി ലിഷയാണ്. അവരായിരുന്നു പ്രൊജക്ട് കോ -ഓർഡിനേറ്റർ. അതേപോലെ പ്രൊജക്ട് ഡയറക്ടരായി സേവനം ചെയ്യാനുള്ള അവസരം എനിക്കും ലഭിച്ചു.

sp വേറിട്ടൊരു അനുഭവം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia