കലക്കീട്ട ചെല്ലം: റീൽ ലൈഫിലെ വില്ലനിൽ നിന്ന് വിദ്യാർഥികളുടെ യഥാർഥ നായകനായി പ്രകാശ് രാജ്
ADVERTISEMENT
● സാമൂഹിക പ്രതിബദ്ധത സ്ക്രീനിൽ നിന്നും യാഥാർഥ്യത്തിലേക്ക് പറിച്ചുനട്ട കലാകാരൻ
● സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന നടൻ
● കരിയറിനെ ബാധിക്കുമെന്ന ഭയമില്ലാതെയാണ് ഇത്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത്
● ഏകാധിപത്യ പ്രവണതകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പോരാളി
മൂസാ ബാസിത്ത്
(KVARTHA) കുട്ടിക്കാലത്ത് ടെലിവിഷനിൽ സ്ഥിരമായി വന്നിരുന്ന മമ്മൂട്ടിയുടെ 'ഇന്ദ്രപ്രസ്ഥം' എന്ന സിനിമയിലെ മോഹൻ ജോർജ് എന്ന വില്ലൻ വേഷത്തിൽ അഭിനയിച്ചത് പ്രകാശ് രാജായിരുന്നു. നായകന്റെ കൂടെ നിന്ന് ഒറ്റുന്ന വില്ലനായി തിളങ്ങിയ അദ്ദേഹം വർഷങ്ങൾക്കിപ്പുറം പുതിയ ഇന്ദ്രപ്രസ്ഥത്തിന്റെ കഥയിൽ വില്ലനല്ല, യഥാർഥ നായകനാവുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പ്രതിനായകന്മാരിൽ ഒരാളാണ് അദ്ദേഹം.
അധികാര കേന്ദ്രങ്ങളുടെ ധിക്കാരത്തിന് മുൻപിൽ കീഴടങ്ങാത്ത ഒരു കൂട്ടം ചെറുപ്പക്കാർ വിജയക്കൊടി പാറിച്ചപ്പോൾ അവർക്കൊപ്പം നിലകൊള്ളാൻ ഈ കലാകാരനുണ്ടായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ജീവിതം പ്രമേയമാക്കിയ സിനിമയുടെ ഭാഗമായാൽ മാത്രം പോരാ, സിനിമയിൽ ഉടനീളം നെടുനീളൻ ഡയലോഗ് അടിച്ച് കയ്യടി വാങ്ങിച്ചത് കൊണ്ടുമായില്ല എന്ന് അദ്ദേഹം തെളിയിച്ചു.
ഒരു അഭിനേതാവ് അല്ലെങ്കിൽ കലാകാരൻ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് ആ പ്രകടനങ്ങളും പോരാട്ടങ്ങളും സ്ക്രീനിൽ നിന്നും യാഥാർഥ്യത്തിലേക്ക് പറിച്ചു നട്ടുകൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന ചുരുക്കം ചില ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഇവിടെയാണ് പ്രകാശ് രാജ് യഥാർഥത്തിൽ പ്രകാശം പരത്തുന്നത്.
സാമൂഹിക മുന്നേറ്റവും ചെറുത്തുനിൽപ്പും ജനകീയ പോരാട്ടങ്ങളും ഇതിവൃത്തമാക്കിയ സിനിമകൾ തമിഴകത്ത് സർവസാധാരണമാണ്. കലാമൂല്യമുള്ള സിനിമകളിലും കച്ചവട താല്പര്യമുള്ള സിനിമകളിലും പലപ്പോഴും അത് അവിഭാജ്യ ഘടകമായിരുന്നു. വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുള്ള അത്തരം സിനിമകളിൽ പ്രതിനായക വേഷങ്ങളിലായിരുന്നു പ്രകാശ് രാജ് കൂടുതൽ തിളങ്ങിയത്.
എന്നാൽ സിനിമാ ലോകത്തിനപ്പുറം അദ്ദേഹം നാട്യങ്ങളറിയാത്ത പോരാളിയായി നിലകൊണ്ടു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ യഥാർഥ ജീവിതത്തിലെ നിലപാടുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്.
'ഉന്മയിയി ഇരുക്കുറതെക്കു ധൈര്യം വേണമയ്യ എനക്ക് ഇരുക്ക് അന്ത ധൈര്യം' എന്ന് 'അറിന്തും അറിയാമലും' എന്ന സിനിമയിൽ അദ്ദേഹം പറഞ്ഞ ഡയലോഗ് ഒരു ആത്മഗതം പോലെ പലകുറി പറഞ്ഞിട്ടുണ്ടാവാം. നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കും ഒപ്പം നെഞ്ചും വിരിച്ചു നിന്ന അദ്ദേഹത്തിന്റെ പല രംഗങ്ങളും ഇനിയും കാലങ്ങളോളം ഓർക്കപ്പെടും.
അന്യായത്തിനെതിരെ ശബ്ദിക്കുന്നത് രാഷ്ട്രീയമാണെങ്കിൽ ഞങ്ങൾ രാഷ്ട്രീയം ഇനിയും പറയുമെന്ന് പ്രഖ്യാപിച്ച കലാകാരന് എന്ത് ഭയമാണുള്ളത്! തമിഴ് സിനിമയിലെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച രഘുവരനോട്, രണ്ട് അതുല്യ പ്രതിഭകൾ മുഖാമുഖം വന്നപ്പോൾ പിറന്ന ഒരു ക്ലാസിക് ഡയലോഗുണ്ട് പ്രകാശ് രാജിന്. ‘നിങ്ങൾ ഗ്രേറ്റസ്റ്റ്.. പക്ഷെ ഞാൻ ലേറ്റസ്റ്റാണ്’. ലേറ്റസ്റ്റ് അതാണ് പോയിന്റ്.
പുതിയ തലമുറയുടെ പോരാട്ടങ്ങൾക്കൊപ്പം മനസ്സ് ചേർത്തുവെക്കാനും അവർക്കൊപ്പം തെരുവിലിറങ്ങാനും, ജീവിതം പോരാട്ടങ്ങളുടേതും ചോദ്യങ്ങളുടേതുമാണെന്നും ഓർമ്മിപ്പിക്കാനും ആ ലേറ്റസ്റ്റായവർക്കേ പറ്റു. അതും താൻ പ്രതിനിധീകരിക്കുന്ന മേഖലയിലെ മറ്റുള്ളവർ എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കാതെ ലേറ്റ് ആവാതെ കളത്തിലിറങ്ങിയ ലേറ്റസ്റ്റ് നായകൻ. തന്റെ കരിയറിനെ ബാധിക്കുമെന്ന ഭയമില്ലാതെയാണ് അദ്ദേഹം ഇത്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത്.
'ഇരുവർ' എന്ന സിനിമയിൽ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. 'ഞാൻ വെറും നടനല്ലേ' എന്ന് ചോദിക്കുമ്പോൾ 'അവർ അങ്ങനെയല്ല കരുതുന്നത്' എന്ന മറുപടി വരുന്നുണ്ട്. ആ വിശേഷണം അദ്ദേഹത്തിനും കൂടിയുള്ളതാണ്. പ്രകാശ് രാജ് സിനിമയ്ക്കുമപ്പുറം, ഒരു നടനുമപ്പുറം വളർന്നിരിക്കുന്നു. ഏകാധിപത്യ പ്രവണതകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ വരും തലമുറകൾക്കും വലിയൊരു പാഠമാണ്. കലക്കീട്ട ചെല്ലം.
ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.
Article Summary: Actor Prakash Raj is praised for supporting the NEET protest.
#PrakashRaj #NEETProtest #RealLifeHero #StudentProtests #BollywoodActor #TamilCinema #AmmuNews
