പൊന്നു മാഷ്: സ്നേഹം വിതച്ച് ശിഷ്യഹൃദയങ്ങൾ കീഴടക്കിയ ഒരധ്യാപകന്റെ സ്മരണകൾ

 
A symbolic scene reminiscent of an old school classroom and teacher. 

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മഴയത്ത് തോട് കടത്തി കുട്ടികളെ സ്കൂളിലെത്തിച്ച് ഡിവിഷൻ നിലനിർത്തിയ ഓർമ്മകളും പങ്കുവെച്ചു
● മാനേജ്മെൻ്റ് സ്കൂളിലെ പ്രയാസങ്ങൾ കാരണം 1975-ൽ സർക്കാർ സർവ്വീസിലേക്ക് മാറി
● അഞ്ചാം ക്ലാസ്സുകാരുടെ കണ്ണീരണിഞ്ഞ യാത്രയയപ്പ് ഇന്നും മായാത്ത ഓർമ്മയാണെന്ന് അധ്യാപകൻ
● കാസർകോട് എഇഒ ഓഫീസിലും പയ്യന്നൂർ ബിആർസിയിലുമടക്കം മികച്ച സേവനം നടത്തി
● അന്ന് കുസൃതിയായിരുന്ന ശിഷ്യൻ ചന്ദ്രൻ ഇന്ന് കരിവെള്ളൂർ സർവ്വീസ് ബാങ്ക് പ്രസിഡൻ്റാണ്

ഓർമ്മച്ചീളുകൾ ഭാഗം 06/ കൂക്കാനം റഹ്‌മാൻ  

(KVARTHA) എത്രയൊക്കെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചാലും അധ്യാപനമെന്നത് എൻ്റെ കാഴ്ചപ്പാടിൽ ഒരു മഹത്തായ കർമം തന്നെയാണ്. ഒരു കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിൽ അവരുടെ അധ്യാപകർ വഹിക്കുന്ന പങ്ക് മാതാപിതാക്കളോളം വലുത് തന്നെയാണ്. തെറ്റ് കാണുമ്പോൾ തിരുത്താനും അവരെ നേർവഴിയിലേക്ക് നയിക്കാനും, സഹാനുഭൂതിയും സ്നേഹവും കരുണയുമൊക്കെ അവർ ഏറ്റവും കൂടുതൽ കണ്ടുപഠിക്കുന്നത് തങ്ങളുടെ അധ്യാപകരിൽ നിന്നോ രക്ഷിതാക്കളിൽ നിന്നൊക്കെയാവും. ചുറ്റുപാടുകളെ കുറിച്ചും ഈ ലോകത്തെക്കുറിച്ചും ആ കുഞ്ഞു പ്രായത്തിൽ അവർക്ക് ഒരു ബോധ്യമുണ്ടാക്കി കൊടുക്കേണ്ടത് അധ്യാപകരുടെ കടമ തന്നെയാണ്.

Aster mims 04/11/2022

ആ കടമ പലരും നല്ല ഭംഗിയായി പാലിക്കാറുമുണ്ട്. പക്ഷേ അധ്യാപനം എന്നത് വെറുമൊരു ജോലി മാത്രമായി കാണുന്ന അധ്യാപകരും നമുക്കിടയിലുണ്ട്. അവർക്ക് തങ്ങളുടെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ വെറുമൊരു ജീവിതോപാധിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അവരോട് ഒരു മമതയോ കാരുണ്യമോ എന്തിന് അവർക്ക് അവകാശമുള്ള പരിഗണന പോലും നൽകാറില്ല എന്നതും വിട്ടുകളയാനാവാത്ത ഒരു സത്യം തന്നെയാണ്. കുഞ്ഞു പ്രായമാണെങ്കിൽ പോലും അത് പലപ്പോഴും കുട്ടികൾക്ക് തന്നെ തിരിച്ചറിയാൻ കഴിയാറുണ്ട്. ആ തിരിച്ചറിവ് നൽകുന്നതിലൂടെ അവരിൽ രസകരമായ ഒരു സംഭവം ഉടലെടുക്കും. 1950-70 കാലം മുതൽ എനിക്കത് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇന്നും അത് നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് എൻ്റെ തോന്നൽ.

പ്രൈമറി ക്ലാസുമുതൽ കുട്ടികൾ അധ്യാപകരെ അവരുടെ സ്വഭാവത്തിന് അനുസരിച്ച് പലതരത്തിലും വിലയിരുത്തും. എന്നിട്ട് അതിന് അനുയോജ്യമായ ഒരു പേര് നൽകും. തല്ലുന്ന മാഷ്, സ്നേഹമുള്ള മാഷ്, നല്ലപോലെ പഠിപ്പിക്കുന്ന മാഷ്, ദേഷ്യപ്പെടുന്ന മാഷ്, ചീത്ത പറയുന്ന മാഷ്, നുള്ളുന്ന മാഷ് എന്നിങ്ങനെ പലതും അവരിൽ നിന്ന് രൂപപ്പെടും. ഞാനും ഒരു അധ്യാപകനായിരുന്നല്ലോ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്ത് എനിക്കുമുണ്ടായിരുന്നു ഒരു പേര്. മുകളിൽ പറഞ്ഞവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എൻ്റെ പേര്. 'പൊന്നു മാഷ്.'

ponnu mash teacher memoir karivellur school education

1970 ൽ കരിവെള്ളൂർ നോർത്ത് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലം. 1975 വരെ പ്രസ്തുത സ്‌കൂളിൽ ഞാനുണ്ടായിരുന്നു. അവിടെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പഠിച്ചിരുന്ന ചന്ദ്രൻ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. എന്നെ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു അവൻ. സ്കൂളിനടുത്തു തന്നെയായിരുന്നു അവൻ്റെ വീട്. സ്‌കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും ഞാൻ വീട്ടിന് പുറത്ത് എന്തെങ്കിലും പണിചെയ്ത് കൊണ്ടിരിക്കുന്ന ചന്ദ്രൻ്റെ അമ്മയെ കാണും. ഒരു ദിവസം അമ്മ പറഞ്ഞു: 'ചന്ദ്രന് പനിയാണ് മാഷെ, അവൻ ഇന്ന് സ്‌കൂളിൽ വരില്ല.'

പെട്ടെന്ന് ഭേദമാകട്ടെ എന്ന ആശ്വാസവാക്കും പറഞ്ഞാണ് ഞാൻ അന്ന് സ്കൂളിലേക്ക് പോയത്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കുട്ടിയായത് കൊണ്ട് തന്നെ അന്ന് സ്‌കൂൾ വിട്ട് പോകുമ്പോൾ അവൻ്റെ സുഖവിവരം അറിയാൻ വീട്ടിൽ ഒന്ന് കയറി. ബേക്കറിയിൽ നിന്ന് വാങ്ങിയ ഒരു റൊട്ടിയുമായാണ് അവിടെ കയറിയത്. ചന്ദ്രനെ കണ്ടു. റൊട്ടി അവൻ്റെ കയ്യിൽ വെച്ചു കൊടുത്തു. അപ്പോൾ അവൻ്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. ആ സംഭവം എനിക്ക് മറന്നെങ്കിലും ചന്ദ്രൻ ഇന്നും ആ മധുര ഓർമ്മ മനസ്സിൽ സുക്ഷിക്കുകയും പല സന്ദർഭങ്ങളിലും പരാമർശിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. അതിനും മുമ്പ് നടന്ന ഒരു സംഭവമുണ്ട്. അതും അവൻ്റെ അമ്മ പറഞ്ഞതാണ്. 'മാഷേ എൻ്റെ മോൻ ചന്ദ്രൻ, പൊന്നു മാഷ് എന്നാണ് മാഷെ വിളിക്കുക.' ഇത് കേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം.

A symbolic scene reminiscent of an old school classroom and teacher. 
അന്ന് 1975 ൽ എൻ്റെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ഇന്ന് അധ്യാപകരായി സർവ്വീസിൽ നിന്ന് പിരിഞ്ഞവർ.

ആ സ്‌കൂളിൽ നാണു മാഷ്, നാരു മാഷ്, കുഞ്ഞികൃഷ്ണൻ മാഷ്, കുഞ്ഞോമൻ മാഷ്, നാരായണി ടീച്ചർ, സൂര്യാവതി ടീച്ചർ എന്നിവർ ഉണ്ടായിരുന്നു. ഇവരിൽ ഞാനാണ് ഏറ്റവും ജൂണിയർ. ക്ലാസിൽ കുട്ടികളെ ഭയപ്പെടുത്താതെ, ശിക്ഷ നൽകാതെ, കളിയിലൂടെയും കഥ പറഞ്ഞും പാട്ടുപാടിയും കുട്ടികളെക്കൊണ്ട് ചെയ്യിച്ചും പഠിപ്പിക്കുന്ന രീതിയായിരുന്നു ഞാൻ സ്വീകരിച്ചത്. അതുകൊണ്ടായിരിക്കാം 'പൊന്നു മാഷ്' എന്ന തിലകം എനിക്ക് ചാർത്തിത്തന്നത്. ചന്ദ്രന് പഠിക്കുന്ന കാര്യത്തേക്കാൾ കളിയിലായിരുന്നു താല്പര്യം. എല്ലാ കുരുത്തക്കേടുകളിലും അവൻ ഭാഗമാകും. അടിപിടി കൂടുന്നതിലും മിടുക്കനാണ്. ദിവസേന ഒന്നോ രണ്ടോ പരാതികൾ അവനെക്കുറിച്ച് മറ്റ് കുട്ടികൾ പറയും. എങ്കിലും അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ അവൻ പഠനത്തിൽ മുൻപന്തിയിലായി. ബിടെക്കും എംടെക്കും കഴിഞ്ഞ് പോളിടെക്നിക്കിലെ ലക്ചറും, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ എച്ച്ഒഡി ആയാണ് പിരിഞ്ഞത്.

സാമൂഹ്യ പ്രവർത്തനത്തിലും ചന്ദ്രൻ സജീവമായിരുന്നു. നല്ല പ്രഭാഷകനാണ്. ഇപ്പോൾ നാട്ടിൽ കരിവെള്ളൂർ സർവീസ് ബാങ്കിൻ്റെ പ്രസിഡൻ്റായി സേവനം ചെയ്യുന്നു. ഇത്രയും ഉയർന്നിട്ടും അവന് ഇന്നും ഞാൻ 'പൊന്നു മാഷാണ്.' അഞ്ച് വർഷക്കാലം മാത്രമേ ഞാൻ പ്രസ്തുത മാനേജ്മെൻ്റ് സ്‌കൂളിൽ ജോലി ചെയ്തുള്ളു. പെൻഷൻ പറ്റുന്നത് വരെ അവിടെത്തന്നെ ജോലിചെയ്യേണ്ടിവരികയാണെങ്കിൽ അനുഭവങ്ങൾ വേറൊരു വഴിയിൽ ആകുമായിരുന്നു. അതുകൊണ്ട് തന്നെ അഞ്ച് വർഷക്കാലത്തെ ഇൻക്രിമെൻ്റും സർവീസും വേണ്ടെന്നു വെച്ച് സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയത് ഭാഗ്യമായി തോന്നുന്നു.

A symbolic scene reminiscent of an old school classroom and teacher. 

ഒരു അഡീഷണൽ ഡിവിഷൻ കിട്ടിയ പോസ്റ്റിലാണ് എന്നെ നിയമിച്ചത്. ഒരു വർഷം കഴിഞ്ഞു. അടുത്ത വർഷം അവിടെ തുടരണമെങ്കിൽ ഒന്നാം ക്ലാസിൽ രണ്ട് ഡിവിഷനു വേണ്ടുന്ന കുട്ടികളുണ്ടാവണം. ആ വെക്കേഷനിൽ ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളെ പിടിക്കാൻ നെട്ടോട്ടമായിരുന്നു. ഭാഗ്യത്തിന് കുട്ടികളെ കിട്ടി. കുട്ടികളുടെ എണ്ണം പരിശോധിക്കാൻ എഇഒ വരുന്ന ദിവസം വെപ്രാളത്തിലായിരുന്നു. അതിശക്തമായ മഴ, വയലും തോടും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കുട്ടികളൊക്കെ വരേണ്ടത് വയലും തോടും കടന്നാണ്. അന്ന് കുട്ടികൾ ഹാജരില്ലെങ്കിൽ ഒരു ഡിവിഷൻ പോകും ഞാൻ പുറത്താകും.

കുട്ടികളെ വയലും തോടും കടത്തിക്കൊണ്ടു വന്നേ പറ്റൂ. അരയോളം വെള്ളത്തിൽ നാലഞ്ചു തവണ അങ്ങോട്ടുമിങ്ങോട്ടും കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു. നനഞ്ഞു വിറച്ചാണ് ക്ലാസിൽ കയറിയത്. എഇഒ എത്തി. കുട്ടികളുടെ എണ്ണം നോക്കി. ഹാവൂ രക്ഷപെട്ടു. അങ്ങനെ ആ വർഷം രക്ഷപെട്ടു. സ്‌കൂളിൻ്റെ മാനേജർ ഒരു സ്ത്രീ ആയിരുന്നു. വർഷം തോറും ഇൻക്രിമെൻ്റ് പാസാവാൻ മാനേജരുടെ ഒപ്പ് വാങ്ങണം. ഒരു തവണ ഒപ്പ് വാങ്ങാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവരുനടത്തിയ പരാമർശം കേട്ട് നാണിച്ചു പോയി. 'ഞങ്ങൾ ഈ സ്കൂൾ നടത്തിയത് കൊണ്ടല്ലേ നിങ്ങളൊക്കെ കഞ്ഞി കുടിച്ച് ജീവിക്കുന്നത്.' മാനേജ്മെൻ്റ് സ്‌കൂളിൽ നിന്ന് രക്ഷപ്പെടാൻ ഇതും ഒരു പ്രേരകമായി.

സ്‌കൂൾ ഇൻസ്പെക്ഷനുവേണ്ടി എഇഒ വരുന്ന ദിവസം. താർപായ കൊണ്ടു മറച്ച ഒരു ചെറിയ മുറിയാണ് ഓഫീസ്. ഹെഡ്മാസ്റ്റർ എന്നോട് സ്നേഹത്തോടെയാണ് പറഞ്ഞത്: 'ഏതെങ്കിലും ക്ലാസിൽ നിന്ന് ഒരു കസേര എടുത്തു കൊണ്ടുവരണം.' ഞാൻ കേട്ട ഭാവം നടിക്കാതെ ഓഫീസിന് പുറത്തേക്ക് നടന്നു. നാണു മാസ്റ്റർ തന്നെ ഒരു കസേര എടുത്തു ഓഫീസിലേക്ക് പോകുന്നത് ഞാൻ കണ്ടു. മാനേജർക്ക് ഇരിക്കാനായിരുന്നു കസേര വേണ്ടത്. മാനേജരോടുള്ള അമർഷമാണ് ഞാൻ കാണിച്ചത്. മാനേജരുടെ മകൻ്റെ മകൻ ഒന്നാം ക്ലാസിൽ ചേർന്ന വർഷമായിരുന്നു അത്. പ്രസ്തുത ക്ലാസിലെ കുട്ടികളെ കളിപ്പിക്കാൻ വേണ്ടി ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. മാനേജരുടെ കൊച്ചുമകൻ വരിയിൽ നിൽക്കാതെ മാറി നിന്നു. മാനേജരുടെ കൊച്ചുമകൻ എന്ന അഹങ്കാരമായിരുന്നു അത്. ഞാൻ അവൻ്റെ കയ്യിൽ പിടിച്ച് ക്യൂവിൽ നിർത്താൻ ശ്രമിച്ചു. അവൻ എൻ്റെ കയ്യിൽ ശക്തമായി കടിച്ചു പല്ല് തറച്ച് രക്തം പൊടിഞ്ഞു. അതും എൻ്റെ ആത്മാഭിമാനത്തിനേറ്റ നോവായിരുന്നു.

A symbolic scene reminiscent of an old school classroom and teacher. 

1975 നവംബർ 30 ന് ഞാൻ പ്രസ്തുത സ്‌കൂളിൻ്റെ പടിയിറങ്ങി. അഞ്ചാം ക്ലാസിലെ ക്ലാസദ്ധ്യാപകനായിരുന്നു അന്ന് ഞാൻ. അന്ന് വൈകീട്ട് കുട്ടികൾ എനിക്കൊരു യാത്രയയപ്പ് ഒരുക്കിയിരുന്നു. 'മാഷ് പോവരുതേ' എന്ന് ഉറക്കെ കരഞ്ഞ് കുട്ടികൾ ബഹളം വെച്ചു. അതിൽ ഇപ്പോൾ റിട്ടയർ ചെയ്ത ഉഷ ടീച്ചർ ഉണ്ട്, പൊന്നു മാഷെന്നു വിളിക്കുന്ന ചന്ദ്രനുണ്ട്, മറാടിക്കാരിയായ പുഷ്പ ടീച്ചറുണ്ട്, ഡോ. ജയറാം ശങ്കർ ഉണ്ട്, സുലോചന ടീച്ചറുണ്ട്. അവരെയൊക്കെ ഇന്നും കാണുന്നു. ഓർമ്മ പുതുക്കുന്നു.

ഇന്ന് ചീറ്റയിൽ പി.വി. കൃഷ്ണൻ മാസ്റ്റരുടെ മരണ വിവരമറിഞ്ഞു ചെന്നു. അവിടെയും 60 പിന്നിട്ട നിരവധി ശിഷ്യന്മാർ ഓടി വന്നു കൈ പിടിച്ച് സുഖാന്വേഷണം നടത്തി. മരണവീടായിട്ടും അവർ ഓരോരുത്തരും മനസ്സിൽ പതിഞ്ഞ നന്മ ഞാനുമായി പങ്കുവെച്ചു. മനസ്സിനു കുളിർപകർന്ന നിമിഷങ്ങളായിരുന്നു അത്. 75 ലെത്തിയിട്ടും എൻ്റെ ക്ലാസിലിരുന്നവർ ഇന്നും ഓർക്കുന്നു എന്നത് തന്നെ മഹത്വമല്ലേ?

എയ്ഡഡ് സ്‌കൂളിൽ നിന്നും വിട പറഞ്ഞതിന് ശേഷം പാണപ്പുഴ ജിഎൽപി സ്‌കൂൾ, മാവിലാകടപ്പുറം ജിഎൽപി സ്‌കൂൾ, കാടങ്കോട് ഫിഷറീസ് ഹൈസ്കൂൾ, ജിഎൽപി സ്‌കൂൾ പടന്ന, കാസർകോട് എഇഒ ഓഫീസിൽ പ്രൈമറി എഡുക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലും, ഹൈസ്കൂൾ അധ്യാപകനായി പ്രമോഷൻ കിട്ടിയ ശേഷം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടമത്ത്, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പിലിക്കോട് എന്നിവിടങ്ങളിലും ജോലിചെയ്തു. വീണ്ടും പ്രൈമറി എച്ച്എം ആയി കല്ലും കൂട്ടം ഗവ. എൽപി സ്‌കൂളിലും, ബാര ഗവ. യുപി സ്‌കൂളിലും ജോലി ചെയ്തു. അവസാനം 2003 മുതൽ റിട്ടയർ ചെയ്ത 2006 മാർച്ച് വരെ പയ്യന്നൂർ ബിആർസി യിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയും പ്രവർത്തിച്ചു.

ഇത്തരം മധുരമുള്ള ഓർമ്മകൾ എപ്പോഴും നമ്മുടെ ജീവിതത്തിൽ വെളിച്ചം പകരുന്നവയാണ്. ഒരു അധ്യാപകൻ്റെ ഈ ഹൃദ്യമായ അനുഭവങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും WhatsApp ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുമല്ലോ.

Article Summary: An inspiring memoir reflecting on a long, fulfilling teaching career, heartfelt student connections, and memorable challenges at various schools.

#TeachersLife #Memoir #KeralaEducation #KasaragodNews #SchoolMemories #TeachingJourney

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia