റോഡപകടത്തിലെ രാഷ്ട്രീയം: 'വിദ്യാര്‍ത്ഥികളുടെ പങ്ക്'

 


ADVERTISEMENT

റോഡപകടത്തിലെ രാഷ്ട്രീയം: 'വിദ്യാര്‍ത്ഥികളുടെ പങ്ക്'
വാഹനാപകടങ്ങളുടെ തടവറയിലാണ് കേരളം. ചോര വീഴാത്ത ഒരു തുണ്ട് ഭൂമി കേരളത്തിന്റെ റോഡില്‍ കാണില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊച്ചു കേരളത്തിലെ അപകടമരണം ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര റിപ്പോര്‍ട്ടു വന്നു. ലോകോത്തര നിലവാരമുള്ള ന്യൂജനറേഷന്‍ വാഹനങ്ങള്‍ തെരുവിലിറങ്ങുന്നിടമാണ് കേരളമെന്നും റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ റോഡിലെ കുഴികളുടെ എണ്ണത്തിലും നമുക്കു തന്നെയാണ് മുന്‍ഗണന.

റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വാഹനാപകടങ്ങള്‍ക്ക് തടയിടാന്‍ ഉമ്മന്‍ചാണ്ടി ഊര്‍ജ്ജിത നിയമ നടപടി കൊണ്ടു വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നല്ല തമാശയായിട്ടാണ് ജനമത് കേട്ടത്. മദ്യപിച്ചാല്‍ ഉടന്‍ ലൈസന്‍സ് റദ്ദാക്കുമത്രെ. മൂന്ന് പേരിരുന്ന് യാത്ര ചെയ്താലും, ഹെല്‍മറ്റ് ധരിക്കാതെ പമ്പില്‍ ചെന്നാലും പെട്രോളില്ല. (ഇത് യുപിയില്‍ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്) അപകടത്തില്‍ മരിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഉടന്‍ അറസ്റ്റ് . ജാമ്യമില്ലാ വാറാണ്ട്. അമിത വേഗത ശ്രദ്ധയില്‍ പെട്ടാലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും, മൊബൈയല്‍ ഉപയോഗിച്ചാലും, പാട്ടു കേട്ടാല്‍ പോലുമുണ്ട് പിഴ. ഇതൊക്കെ നടപ്പിലാക്കാനാണ് ഊര്‍ജ്ജിത നിയമ നടപടി എന്ന് സാരം. അപകട അവലോകന സമിതിയെന്നാണ് സമിതിയുടെ പേര്. ഇത് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വേണ്ടി വന്നാല്‍ അതിനു താഴെയും കൊണ്ടുവരും.

നേരത്തെ കോടിയേരി അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഇതേ രീതിയില്‍ വാര്‍ത്തെടുത്ത മറ്റൊരു സമിതിയുണ്ടായിരുന്നു. റോഡ് സുരക്ഷാ സമിതി. നിറം ചുവപ്പായതിലാലാണ് ഇപ്പോള്‍ ത്രീവര്‍ണ്ണത്തില്‍ മറ്റൊരെണ്ണം തീര്‍ത്തത്. നിയമങ്ങളുടെ അഭാവമാണ് റോഡപകടങ്ങള്‍ക്കുള്ള മുഖ്യ കാരണമെന്ന് തോന്നും വിധമാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. നിയമങ്ങള്‍ പടച്ചു വിടാന്‍ യാതൊരു മടിയും കാണിക്കാത്ത സഭയാണ് കേരള നിയമസഭ. നിര്‍മ്മിക്കാനല്ല അത് നടപ്പിലാക്കാനാണ് പാട്. നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ മിഷ്യനറി പാകപ്പെടണം. ഉദ്യോഗസ്ഥര്‍ക്ക് ഭൗതിക സാഹചര്യങ്ങളും സ്വാതന്ത്രവും ഉണ്ടാവണം.ഒരപകടമുണ്ടായാല്‍ അതിലെ രാഷ്ട്രീയം ആദ്യം ഓടിയെത്തുന്നത് പോലീസ് സ്‌റ്റേഷനില്‍. കേസില്‍ ഉള്‍പ്പെടുത്തേണ്ടവരുടേയും ഒഴിവാക്കേണ്ടവരുടേയും ചാര്‍ട്ടുണ്ടാകും കൈയ്യില്‍. 'തിരുവായ്യ്‌ക്കെതിര്‍വാ' പറയുന്ന ഉദ്യോഗസ്ഥന്‍ ഭാണ്ഡം മുറുക്കി ഭാര്യയേയും, കുട്ടിയുടെ കൈയ്യും പിടിച്ച് അടുത്ത താമസ സ്ഥലം തേടി നടക്കേണ്ടി വരും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ ഏന്തിനു വെറുതെ പൊല്ലാപ്പിനു പോകണമെന്ന ഉദ്യോഗസ്ഥന്റെ ആത്മഗതത്തിന് ഉമ്മന്‍ ചാണ്ടിയുടെ അവലോകന സമിതിയില്‍ പരിഹാരമുണ്ടോ.

നിയമം പാലിച്ച് കൃത്യമായ സൈഡിലുടെ സഞ്ചരിക്കാന്‍ പാകത്തില്‍ എവിടെയാണ് റോഡുള്ളത്? ആവശ്യമായ പലയിടത്തും ഡിവൈഡറുകളില്ല. പ്രധാന കേന്ദ്രങ്ങളില്‍ മാത്രം മതിയായ പാറാവു നിര്‍ത്താന്‍ ഒരു ലക്ഷത്തിലധികംപരം പോലീസുകാര്‍ വേണ്ടി വരുമെന്ന് ഡിജിപിയുടെ കണക്കു പുസ്തകം പറയുന്നു. കേരളത്തിലെ ആകെ സേനാബലമറിഞ്ഞാല്‍ ജനം ഞെട്ടും. അര ലക്ഷത്തില്‍ താഴെ മാത്രം. അവര്‍ റോഡ് നോക്കുമോ നാട് നോക്കുമോ. ട്രാഫിക്ക് സിഗ്നലുകളുള്ള ജംങ്ഷനുകള്‍ ആയിരത്തില്‍ ഒന്നു മാത്രം. ഉള്ള സിഗനലുകള്‍ മിക്കതും തകരാറില്‍. റോഡിനിരു കരകളിലും സിഗ്നല്‍ ലൈറ്റുകളും, ഫഌറസന്റ് ലൈറ്റുകളും പട്ടണത്തില്‍ പോലും വിരളവും, രോഗഗ്രസ്തവും. പാതയോരമൊട്ടാകെ കൂറ്റന്‍ ബോര്‍ഡുകളാല്‍ നിറഞ്ഞിരിക്കുന്നതിലാല്‍ ഉള്ളവയും കാണാന്‍ പ്രയാസം. റോഡു തകരുന്നു, വാഹനങ്ങള്‍ പെരുകുന്നു. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കേന്ദ്രത്തിന്റെ കണക്കിലെ നാലു വരിപ്പാത 45 മീറ്റര്‍ വേണ്ട 30 മതിയെന്നാണ് കേരളത്തിന്റെ പക്ഷം. കേന്ദ്രം സമ്മതിക്കാതിരുന്നതിനാല്‍ മനസില്ലാ മനസ്സോടെ ഇപ്പോള്‍ 45 ല്‍ എത്തിനില്‍ന്നത്.

കേരളത്തന്റെ എക്‌സ്പ്രസ് ഹൈവേയും മലയോര ഹൈവേയും ഇനിയും സ്വപ്‌നത്തില്‍ നിന്നുമുണര്‍ന്നിട്ടില്ല. കാല്‍ നൂറ്റാണ്ടായി മയക്കത്തിലാണ്ടു കിടക്കുന്ന സ്വപ്നം. പല ബൈപ്പാസ് റോഡുകള്‍ക്കുമുണ്ട് ഈ ദുസ്ഥിതി. റോഡിന്റെ അവസ്ഥയേക്കുറിച്ചും, കൈയ്യേറ്റത്തെക്കുറിച്ചും കോടതി ഇടപെട്ടതിന് കൈയ്യും കണക്കുമില്ല. നീതിന്യായ കോടതിയുടെ ഉത്തരവുകളെല്ലാം സെക്രട്ടറിയേറ്റിന്റെ ഫ്രീസറില്‍ തണുത്തു വിറച്ചുറങ്ങുന്നു. ഇടതു സര്‍ക്കാര്‍ ചവച്ചരച്ച റോഡ് സുരക്ഷാ സമതിയെ വീണ്ടുമെടുത്ത് ചവയ്ക്കുന്നതല്ലാതെ അപകട അവലോകന സമിതിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കുപ്പി മാത്രം മാറ്റം വീഞ്ഞ് പഴയത് തന്നെ.

ടിപ്പറിന്റെയും, മീന്‍ വണ്ടിയുടേയും വേഗത കുറയണം. ബസുകളുടെ മരണപ്പാച്ചിലിന് തടയിടണം. മദ്യപന്മാരുടെ ലൈസന്‍സ് റദ്ദ് ചെയ്തുവെന്ന് പറഞ്ഞാല്‍ മാത്രം പോര. ഒരോ മാസവും എന്തൊക്കെ നടപടിയെടുത്തുവെന്ന് ജനങ്ങളോട് കണക്ക് പറയണം. ഹെല്‍മെറ്റ് വെക്കാത്തവന് പെട്രോള്‍ കൊടുത്താതിരിക്കാന്‍ പമ്പു ഉടമയോട് ശട്ടം കെട്ടണം. ഉദ്യോഗസ്ഥര്‍ക്ക് നീതിയോടെ നടപടിയെടുക്കാന്‍ അവസരമൊരുക്കണം. പോലീസ് സ്‌റ്റേഷനിലെ ഇത്തില്‍ കണ്ണിയായി രാഷ്ടിയത്തെ മാറ്റരുത്. ഇന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന് ഇതിനൊക്കെ എവിടുന്ന് സാധിക്കാനാണ് ? നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാരെയും യുവാക്കളായ വിദ്യാര്‍ത്ഥികളേയും മറ്റും വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി റോഡ് അപകട അവലോകനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്ന പക്ഷം പണചിലവില്ലാതെ അവലോകന സമിതിക്ക് അപകടമൊഴിവാക്കാനായി ഏതാണ്ട് ചിലതൊക്കെ ചെയ്യാനായേക്കും. അതിനു രാഷ്ട്രീയക്കാര്‍ സമ്മതിക്കുമോ എന്നുള്ളതാണ് അവലോകന പാഠ പുസ്തകത്തിലെ ആദ്യത്തെ പാഠം.

റോഡപകടത്തിലെ രാഷ്ട്രീയം: 'വിദ്യാര്‍ത്ഥികളുടെ പങ്ക്'
-പ്രതിഭാ രാജന്‍

Keywords: Article, Prathibha-Rajan, Accident
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia