Politics | രാഷ്ട്രീയ  ബോധം അന്നും ഇന്നും

 
political consciousness then and now
political consciousness then and now


ഓലാട്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൽസരിച്ചത് ഞാനും തോട്ടത്തിൽ രാഘവനും ആയിരുന്നു. രാഘവൻ നാട്ടിലെ പ്രമാണിയുടെ മകനാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിൽ പിറന്നവനും. ഞാൻ തോറ്റു

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 11)

(KVARTHA) ബാല്യകാലം മുതൽ ഇൻക്വിലാബ് വിളി കേട്ട് വളർന്നവനാണ്. അമ്മാവന്മാർ റെഡ് വളണ്ടിയർമാരായി ജാഥയിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടികളായ ഞങ്ങളും ചുവന്ന കടലാസ് വടിയിൽ കെട്ടി ജാഥ നടത്തും. അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ നാലഞ്ചു കുട്ടികളെ ഉണ്ടാവു. മുതിർന്നവർ വിളിച്ചു നടന്ന മുദ്രാവാക്യം തന്നെയാണ് ഞങ്ങളും വിളിക്കുക. വിളിച്ചു കൊടുക്കുന്ന നേതാവ് ഞാനാണ്.
'ഇൻക്വിലാബ് സിന്ദാബാദ്'
'എ.കെ.ജി സിന്ദാബാദ്'
'ഇ.എം.എസ്. സിന്ദാബാദ്'
ഇത്രയെ അറിയൂ. നാലോ അഞ്ചോ മിനിട്ട് നീണ്ടുനിൽക്കുന്ന ജാഥ. ഞങ്ങളുടെ നാട്ടിൽ ഒരു എ.കെ.ജി നാരായണനും ഇ.എം.എസ് അമ്പുവേട്ടനും ഉണ്ടായിരുന്നു.

കുറേ കുട്ടികളെ വിളിച്ചു ചേർത്ത് കരിവെള്ളൂർ മുരളി വന്ന് ബാലസംഘം രൂപീകരിച്ചതും ചില പരിപാടികൾ നടത്തിയതും ഓർമ്മയുണ്ട്. അക്കാലത്ത് കൂക്കാനത്തുള്ളവരെല്ലാം കമ്യുണിസ്റ്റുകാരായിരുന്നു. രണ്ടു വീട്ടുകാർ മാത്രമെ കോൺഗ്രസുകാരായിട്ടുണ്ടായിരുന്നുള്ളു. കച്ചവടക്കാരനായ കാരിക്കുട്ടിയേട്ടനും ഏഴിലോട്ട് രാമേട്ടനും മാത്രം.
     
ഓലാട്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൽസരിച്ചത് ഞാനും തോട്ടത്തിൽ രാഘവനും ആയിരുന്നു. രാഘവൻ നാട്ടിലെ പ്രമാണിയുടെ മകനാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിൽ പിറന്നവനും. ഞാൻ തോറ്റു. രാഘവൻ ജയിച്ചു. ഹൈസ്കൂൾ എത്തിയപ്പോൾ മൽസരത്തിനൊന്നും ഞാൻ നിന്നില്ല. കോളേജിൽ എത്തിയപ്പോൾ അൽപം രാഷ്ട്രീയ കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി. അതിനിടയിൽ കരിവെള്ളൂർ ബസാറിലെ മനോരമ ഏജൻ്റും സ്റ്റേഷനറി കച്ചവടക്കാരനുമായ തായി ഗോവിന്ദേട്ടൻ്റ പീടികയിലേക്ക് അദ്ദേഹം എന്നെ വിളിച്ചിരുത്തും. കൂട്ടത്തിൽ ഇന്നത്തെ ഡോ: എ വി. ഭരതൻ, ഹബീബ് റഹ് മാൻ എന്നിവരും ഉണ്ടാകും. 

ഞങ്ങളെ ഗോവിന്ദേട്ടൻ പറഞ്ഞ് ബോധ്യപ്പെടുത്തി മനോരമ ബാലജനസഖ്യം ഉണ്ടാക്കി. 'കുരുവി ബാലജനസഖ്യം' എന്ന് പേരിട്ടു. ഞാൻ പ്രസിഡണ്ടും ഭരതൻ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. അടുത്ത ദിവസം മനോരമയിൽ വലിയ വാർത്ത വന്നു. 'കരിവെള്ളൂരിൽ ബാലജനസഖ്യം രൂപീകരിച്ചു', അതിൻ്റെ രാഷ്ട്രീയ വശമൊന്നും എനിക്കറിയില്ലായിരുന്നു. നാട്ടിൽ ചർച്ചയായി. അമ്മാവൻ കോളേജിലേക്ക് ദീർഘമായൊരു കത്തെഴുതി അയച്ചു. അതിൽ തുടരുന്നത് ശരിയല്ല, മുതലാളിത്തത്തിൻ്റെ വഴിയിലൂടെ പോകുന്ന പ്രസ്തുത സംഘടനയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്ന ഉപദേശമായിരുന്നു കത്തിലുണ്ടായത്. അതോടെ ബാലജനസഖ്യ പ്രവർത്തനം ഞാൻ നിർത്തി.

കാസർകോട് ഗവ. കോളേജിലെത്തിയപ്പോഴാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയോട് അടുക്കാൻ തുടങ്ങിയത്. അന്തരിച്ച മുൻ എം.എൽ.എ മുന്നാട് പി രാഘവൻ, മുൻ എം.പി. പി കരുണാകരൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തി. ആ കാലത്ത് കന്നഡ - മലയാള ഭാഷാപോര് തീവ്രമായിരുന്നു. ക്ലാസ് ബഹിഷ്ക്കരണം, പ്രതിഷേധപ്രകടനങ്ങൾ ഒക്കെ നടന്നിരുന്നു. 1967 കാലഘട്ടത്തിലാണ് ഈ സംഭവം. ഞാൻ സെക്കൻ്റ് ഗ്രൂപ്പാണ് പ്രീ ഡിഗ്രിക്ക് എടുത്തത്. 

രണ്ടാം വർഷം ക്ലാസ് റപ്രസെൻ്റീവ് ആയി ഞാൻ മൽസരിക്കണമെന്ന നിർദേശം വന്നു. നോമിനേഷൻ കൊടുത്തു. എതിർ സ്ഥാനാർത്ഥി എം.എസ്.എഫുകാരനായ വേറൊരു എം അബ്ദുറഹ് മാനായിരുന്നു. ഇലക്ഷൻ നടന്നു. ക്ലാസിൽ 80 പേരാണുണ്ടായിരുന്നത്. ഭൂരിപക്ഷം വോട്ട് എനിക്കാണ് കിട്ടിയത്. എന്നെ എടുത്തു പൊക്കി കോളേജ് വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നത് ഓർമ്മയുണ്ട്. അങ്ങിനെ ഞാൻ കോളേജ് യൂണിയൻ കൗൺസിലറായി.

political consciousness then and now

കോളേജ് വിട്ട ശേഷം നാട്ടിൽ യുവജന ഫെഡറേഷൻ്റെ പ്രവർത്തകനായി. വില്ലേജ് കമ്മറ്റി മെമ്പറൊക്ക ആയി. നീലേശ്വരം ടീച്ചേർസ് ട്രൈനിംഗ് കോർസിന് ചേർന്നപ്പോൾ ഒന്നാം വർഷം സ്കൂൾ ഡെപ്യൂട്ടി ലീഡറും രണ്ടാം വർഷം സ്കൂൾ ലീഡറുമായി. നല്ല മൽസരമായിരുന്നു. നല്ല വാഗ്മിയായ വി.വി. ജോർജായിരുന്നു എൻ്റെ എതിർ സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് എനിക്കാണ് കിട്ടിയത്. 1969 ൽ ഫീസ് വർദ്ധനക്കെതിരെ ക്ലാസ് ബഹിഷ്ക്കരിച്ച് സമരം ചെയ്യാൻ ഞാൻ നേതൃത്വം നൽകി. ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകരുടെ കയ്യിലാണ് ഇൻ്റേണൽ മാർക്ക്. അവരുടെ അപ്രീതി സമ്പാദിച്ചാൽ മാർക്കിൽ അത് പ്രതിഫലിക്കും. 

പ്രസ്തുത സ്കൂളിൽ ആദ്യമായിട്ടായിരുന്നു ഒരു വിദ്യാർത്ഥി സമരം നടന്നത്. സ്കൂൾ മാനേജരും മറ്റും സമര വിവരം അറിഞ്ഞ് സ്കൂളിലെത്തി എന്നെ വിളിച്ച് ഉപദേശം നൽകിയതൊക്കെ ഓർമ്മ വരുന്നു. ജോസഫ് മാഷെ സ്കൂളിലെ എല്ലാ കുട്ടികളും ഭയപ്പെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹം എന്നോട് കയർത്ത് സംസാരിച്ചു. 'നിങ്ങൾ സമരം ചെയ്താൽ കുട്ടികളെ എൻ്റെ വീട്ടിൽ കൊണ്ടുപോയി പഠിപ്പിക്കും', ചെറുപ്പത്തിൻ്റെ തിളപ്പിൽ ഞാൻ പ്രതികരിച്ചു, 'അവിടേയും ഞങ്ങൾ വന്ന് സമരം ചെയ്യും'. ഇത്രയൊക്കെ ആയിട്ടും കോഴ്സ് തീരാറായപ്പോൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി. എൻ്റെ ഓട്ടോഗ്രാഫിൽ അദ്ദേഹം കുറിച്ചു 'വസ്തുതകൾ ആയതു പോലെ കാണുക'.

അധ്യാപകനായി എയ്ഡഡ് സ്കൂളിൽ ജോയിൻ ചെയ്തപ്പോൾ ഇടതുപക്ഷ അധ്യാപക സംഘടനാ അംഗവും പ്രവർത്തകനുമായിരുന്നു. സർക്കാർ വിദ്യാലയത്തിലെത്തിയപ്പോഴും ഇടതുപക്ഷ സംഘടനയിൽ ഉറച്ചുനിന്നു. സർക്കാർ ജീവനക്കാരനായതിനാൽ സി.പി.എമ്മിൻ്റെ ഫ്രാകഷൻ വിഭാഗത്തിൽ അംഗത്വമെടുത്തു പ്രവർത്തിച്ചു. പക്ഷേ അതിൽ തുടരാൻ എനിക്ക് സാധിക്കാതെ വന്നു. വർത്തമാനകാലത്ത് ഞാൻ ഒരു പാർട്ടിയിലും അംഗമല്ല. അതിൽ എനിക്ക് താൽപര്യവുമില്ല. എന്നാൽ ഇടതുപക്ഷ ചിന്താഗതി വെച്ചുപുലർത്തുന്ന വ്യക്തിയായി തുടരുന്നു. എല്ലാ പാർട്ടിക്കാരുമായും സഹവർത്തിത്വത്തിൽ കഴിഞ്ഞു വരുന്നു. കോൺഗ്രസ് നേതാക്കളുമായും, ലീഗ് നേതാക്കളുമായും ബി.ജെ.പി നേതാക്കളുമായും ബന്ധപ്പെടുകയും പല പൊതു പ്രവർത്തന മേഖലയിലും ഒന്നിച്ചു പ്രവർത്തിച്ചു വരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia