കീഴ് വഴക്കങ്ങൾ മറികടക്കുമ്പോൾ: പിണറായിക്ക് പാർട്ടിയിൽ പിടി അയയുന്നുവോ? പ്രദീപ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി നിയമനം ചർച്ചയാകുന്നു


നവോദിത്ത് ബാബു
തിരുവനന്തപുരം: (KVARTHA) 'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെ'ന്ന സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പ്രശസ്തമായ വാക്കുകൾക്ക് അടിവരയിടുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കാണ് ഇപ്പോൾ സി.പി.എം. സാക്ഷ്യം വഹിക്കുന്നത്. പുറമേക്ക് ശാന്തമെന്ന് തോന്നാമെങ്കിലും, സി.പി.എം. എന്ന മഹാസാഗരത്തിൽ ഉൾക്കലക്കങ്ങളും അടിയൊഴുക്കുകളും ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, പാർട്ടിയിലെ ഏകഛത്രാധിപതിയായിരുന്ന മുഖ്യമന്ത്രിയുടെ പിടി അയയുന്നതായാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി നിയമനം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിൽ പാർട്ടി ദേശീയ നേതൃത്വം പിടിമുറുക്കി കഴിഞ്ഞതായും സൂചനകളുണ്ട്. മൂന്നാം ടേം തുടർഭരണം ലഭിക്കണമെങ്കിൽ കാര്യങ്ങൾ ഇങ്ങനെയൊന്നും പോയാൽ പോരെന്ന കണക്കുകൂട്ടലിലാണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയും കൂട്ടരും.
പിണറായിക്ക് ദേശീയ നേതൃത്വത്തിൽ സ്വാധീനം കുറയുന്നു?
മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ദേശീയ നേതൃത്വത്തിൽ പഴയ സ്വാധീനം ഇപ്പോഴില്ലെന്ന് വ്യക്തമാണ്. മധുര പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് പ്രായപരിധിയുടെ പേരിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞതോടെയാണ് ഈ മാറ്റം പ്രകടമായത്. ബംഗാൾ - ത്രിപുര ഘടകങ്ങൾ കേരളത്തിലെ പാർട്ടിയുടെ 'വലതുപക്ഷ വ്യതിയാനത്തെ' എതിർക്കുന്നവരാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള പി.ബി. അംഗങ്ങളുടെ പിന്തുണ മാത്രമേ പിണറായിക്കുള്ളൂ. അവരാകട്ടെ എപ്പോൾ വേണമെങ്കിലും എം.എ. ബേബി പക്ഷത്തേക്ക് മാറാൻ സാധ്യതയുള്ളവരാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അപ്രതീക്ഷിത നീക്കം: വി എസ് പക്ഷക്കാരനായ പ്രദീപ് കുമാർ പ്രൈവറ്റ് സെക്രട്ടറിയായി
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സി.പി.എമ്മിന്റെ രാഷ്ട്രീയ ചരിത്രം ബോധ്യമുള്ള ഒരാളും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാറിനെ നിയോഗിക്കുമെന്ന് സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടുണ്ടാകില്ല. ഇത് പിണറായിയുടെ പഴയ പ്രഖ്യാപനത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
1990-കളുടെ അവസാനം ആരംഭിച്ച് 2000-ത്തിന്റെ ആദ്യ ഒന്നര ദശകങ്ങളിൽ ആളിക്കത്തി പിന്നീട് കെട്ടടങ്ങിയ സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്ത് കടുത്ത വി.എസ്. പക്ഷക്കാരൻ എന്നറിയപ്പെട്ടിരുന്ന യുവ നേതാവായിരുന്നു എ. പ്രദീപ് കുമാർ. പിണറായി-വി.എസ്. വിഭാഗങ്ങൾ രണ്ട് കേഡർ പക്ഷങ്ങളായി തിരിഞ്ഞ് പാർട്ടിയിൽ ഉൾപാർട്ടി സമരം നടത്തിയപ്പോൾ വി.എസ്. പക്ഷത്തിനായി അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് ജില്ലയിൽ കരുനീക്കം നടത്തിയ പ്രധാന നേതാവായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ മൂന്നാമൂഴം ചർച്ചയാകുന്ന ഘട്ടത്തിൽ, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ അടക്കമുള്ള കോഴിക്കോട്ടെ പഴയകാല വി.എസ്. പക്ഷ നേതാക്കളുമായി അടുത്ത ഹൃദയബന്ധമുണ്ടായിരുന്ന എ. പ്രദീപ് കുമാർ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നു എന്നത് അതിനാൽത്തന്നെ ഏറെ പ്രത്യേകതകളുള്ള നീക്കമാണ്.
പാർലമെന്ററി ജീവിതവും പാർട്ടിയിലെ അവഗണനയും
എസ്.എഫ്.ഐ. സംസ്ഥാന-ദേശീയ ഭാരവാഹിയായിരുന്ന എ. പ്രദീപ് കുമാർ ഡി.വൈ.എഫ്.ഐ. നേതൃനിരയിലും സജീവമായിരുന്നു. കേരളത്തിൽ വി.എസ്. കൊടുങ്കാറ്റുയർന്ന 2006-ലെ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എ. ആയിരുന്ന കോൺഗ്രസിന്റെ പ്രധാന നേതാവ് എ. സുജനപാലിനെ കോഴിക്കോട് 1 മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് എ. പ്രദീപ് കുമാർ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 2011-ൽ മണ്ഡലം കോഴിക്കോട് നോർത്തായി മാറിയപ്പോഴും എ. പ്രദീപ് കുമാർ വിജയം ആവർത്തിച്ചു. 2016-ലെ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി നിയമസഭയിൽ എത്തിയെങ്കിലും മന്ത്രിസ്ഥാനത്തേയ്ക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പ്രദീപ് കുമാർ നടത്തിയ വികസന മാതൃകകൾ വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രദീപ് കുമാർ മുൻകൈയെടുത്ത് നടപ്പിലാക്കിയ പ്രിസം പദ്ധതിയും നടക്കാവ് സർക്കാർ സ്‌കൂളിന്റെ അന്താരാഷ്ട്ര പദവിയുമെല്ലാം വലിയ നിലയിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതെല്ലാം പരിഗണിച്ച് നിയമസഭയിലേയ്ക്ക് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാർ ഒന്നാം പിണറായി മന്ത്രിസഭയിൽ ഇടം നേടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ പഴയ വി.എസ്. പക്ഷക്കാരൻ എന്ന ലേബലായിരുന്നു മന്ത്രിസ്ഥാനത്തേയ്ക്ക് പ്രദീപ് കുമാറിന് തടസ്സമായതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരടക്കം പൊതുവെ വിലയിരുത്തിയിരുന്നത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടത് പ്രദീപ് കുമാറിന്റെ രാഷ്ട്രീയ ഗ്രാഫിന്റെ മാറ്റ് കുറച്ചിരുന്നു. രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന നിലപാട് സി.പി.എം. കർക്കശമായി നടപ്പിലാക്കാൻ തീരുമാനിച്ചതോടെ പാർലമെന്ററി രംഗത്ത് നിന്നും പ്രദീപ് കുമാർ സംഘടനാ രംഗത്തേയ്ക്ക് മാറുകയായിരുന്നു.
ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ്: കടമ്പകൾ പലത്
മൂന്ന് ടേം പൂർത്തിയാക്കിയ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ കഴിഞ്ഞ സമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ എ. പ്രദീപ് കുമാർ ജില്ലാ സെക്രട്ടറിയായി വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാർ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. പഴയ വി.എസ്. പക്ഷക്കാരൻ എന്ന ലേബലാണ് അപ്പോഴും പ്രദീപ് കുമാറിന് തടസ്സമായതെന്നായിരുന്നു വിലയിരുത്തൽ. പിന്നീട് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ. പ്രദീപ് കുമാറിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രദീപ് കുമാറിനെക്കാൾ ജൂനിയറായ പല യുവ നേതാക്കളും എറണാകുളം സമ്മേളനത്തിൽത്തന്നെ സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കൊല്ലം സമ്മേളനത്തിലും സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പ്രദീപ് കുമാർ പരിഗണിക്കപ്പെട്ടില്ല. ഇവിടെയും തടസ്സം പഴയ നിലപാടുകളായിരുന്നു എന്ന് വിശ്വസിച്ചവർ ധാരാളമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രദീപ് കുമാറിന്റെ പുതിയ പദവി എല്ലാ വിധത്തിലും കൗതുകമായി മാറുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനം: മാറുന്ന കീഴ് വഴക്കങ്ങൾ
നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്ന ഒഴിവിലേയ്ക്കാണ് എ. പ്രദീപ് കുമാർ നിയോഗിതനായിരിക്കുന്നത്. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം.വി. ജയരാജനായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പിന്നീട് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ മത്സരിക്കാനിറങ്ങിയപ്പോഴായിരുന്നു എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവിയിൽ നിന്ന് മാറ്റി കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി നിയോഗിക്കുന്നത്. പിന്നീട് ശേഷിച്ച ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രൈവറ്റ് സെക്രട്ടറി നിയമനം ഉദ്യോഗസ്ഥ നിയമനമായിരുന്നു.
2021-ൽ പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി രാഷ്ട്രീയ നിയമനമായിരിക്കണമെന്ന് സി.പി.എം. തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.കെ. രാഗേഷ് ആ ചുമതലയിൽ എത്തുന്നത്. കെ.കെ. രാഗേഷിന് പകരം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉദ്യോഗസ്ഥ നിയമനം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തീർത്തും അവിചാരിതമായി പ്രദീപ് കുമാർ ആ സ്ഥാനത്തേയ്ക്ക് നിയമിതനാകുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തർ എന്ന നിലയിലാണ് എം.വി. ജയരാജനും കെ.കെ. രാഗേഷും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ആദ്യ ടേമിൽ പുത്തലത്ത് ദിനേശനും രണ്ടാം ടേമിൽ പി. ശശിയുമാണ് നിയോഗിതരായത്. കണ്ണൂരിൽ നിന്നു തന്നെയുള്ള വലിയ എതിർപ്പുകൾ മറികടന്നായിരുന്നു വിശ്വസ്തനായ പി. ശശിയെ രണ്ടാം ടേമിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പിണറായി വിജയൻ സ്വന്തം ഓഫീസിലെത്തിച്ചത്. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പി. ശശിയെ സംസ്ഥാന സമിതിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി നിയമനം.
ഈ നിലയിൽ മുഖ്യമന്ത്രിയോട് കൂറ് പുലർത്തുന്ന നേതാക്കൾ മാത്രം എത്തപ്പെടുന്ന പദവികൾ എന്ന നിലയിലാണ് പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്. ഇവിടേയ്ക്ക് എ. പ്രദീപ് കുമാർ എത്തുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ മാത്രമല്ല സി.പി.എമ്മിന്റെ അകത്തും പുതിയ ചർച്ചകൾക്ക് വഴിമരുന്നിടുകയാണ്. സാധാരണ മുഖ്യമന്ത്രിക്ക് പാർട്ടി പ്രൈവറ്റ് സെക്രട്ടറിയെ നിയോഗിക്കാനുള്ള അധികാരം നൽകിയിരുന്നത്. ഒന്നാം പിണറായി സർക്കാരിലും രണ്ടാം പിണറായി സർക്കാരിന്റെ പകുതിയിലും വരെ അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. ഇപ്പോൾ വ്യത്യസ്തമായി കീഴ് വഴക്കങ്ങൾ മറികടക്കുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്.
പിണറായി വിജയന്റെ പാർട്ടിയിലെ സ്വാധീനം കുറയുന്നുവോ? പ്രദീപ് കുമാറിന്റെ നിയമനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!
Article Summary: The unexpected appointment of A. Pradeep Kumar, a known V.S. Achuthanandan loyalist, as Chief Minister Pinarayi Vijayan's Private Secretary sparks debate within CPM. This move suggests Pinarayi's diminishing control and increased influence of the national leadership, raising questions about party conventions and future political dynamics.
#PinarayiVijayan, #CPM, #KeralaPolitics, #PradeepKumar, #PoliticalAppointment, #VSFaction