യാത്രാനുഭവം നിലയ്ക്കാത്ത പുഴപോലെ: 82-ാം വയസ്സിലും ഊർജ്ജസ്വലനായി പറ്റ്വാ വിജയൻ മാഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടു, കടുത്ത ദാരിദ്ര്യവും ജാതി വ്യവസ്ഥയുടെ വേദനകളും അനുഭവിച്ചു.
● ഒരു ട്രൗസറും ഷർട്ടും മാത്രം ദിനേന കഴുകിയുടുത്ത് ചെരിപ്പില്ലാതെ രണ്ട് മണിക്കൂർ നടന്ന് സ്കൂളിൽ പോയിരുന്നു.
● പ്രൈമറി അധ്യാപകനിൽ നിന്ന് സ്വയം പഠിച്ച് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പദവി വരെ എത്തി.
● നാല്പത് നാടകങ്ങളിൽ വേഷമിട്ട പ്രമുഖ നാടക നടൻ കൂടിയാണ് മാഷ്.
● കരിവെള്ളൂർ എവോൺ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ സ്ഥാപക കൺവീനറാണ്.
കനിവുള്ള മനുഷ്യർ ഭാഗം 11/ കൂക്കാനം റഹ്‌മാൻ
(KVARTHA) യാത്രകൾ മനസ്സിന് സന്തോഷം തരുന്ന ഒന്നാണ്. യാത്ര ചെയ്യാത്തവന്റെ മനസ്സ് കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണെന്നും, യാത്ര പോകുന്നവന്റെ ഹൃദയം പുഴപോലെ ഒഴുകുന്നതുപോലെയായിരിക്കുമെന്നും എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. മുറിക്കുള്ളിൽ ഒതുങ്ങിക്കൂടാതെ ലോകത്തിന്റെ നിറക്കാഴ്ചകളിലേക്ക് സഞ്ചരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാതിരിക്കുക?
അങ്ങനെ യാത്രകളെ നെഞ്ചോട് ചേർത്ത് ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് പറ്റ്വാ വിജയൻ മാഷ്. ചെറുപ്പത്തിൽ തുടങ്ങിയ യാത്രാഭിനിവേശം ഇന്നും അദ്ദേഹത്തെ വിടാതെ പിടികൂടിയിട്ടുണ്ട്. എല്ലാ യാത്രകളിലും സഹധർമ്മിണിയും കൂടെയുണ്ടാവും.

കഴിഞ്ഞ ശനിയാഴ്ച (2025 ഒക്ടോബർ 19) 'വീട്ടിലുണ്ടോ സാർ' എന്നന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി 'ഇല്ല മാഷെ, ഞാൻ ശിവമൊഗ്ഗയിലാണ്. ഒരു ടൂർ ഗ്രൂപ്പിന്റെ കൂടെ വന്നതാണ്' എന്നായിരുന്നു. എൺപത്തിരണ്ടിലെത്തിയിട്ടും ആരോഗ്യപ്രശ്നങ്ങളുടെ അലട്ടലില്ലാതെ വളരെ കൂളായി യാത്രകൾ തുടരുകയാണദ്ദേഹം.
പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് വിജയൻ മാഷിന്റെ കൂടെ ഞാനും ഒരു വിദേശ ടൂറിന്റെ ഭാഗമായി പങ്കെടുക്കുകയുണ്ടായി. സിങ്കപ്പൂർ-മലേഷ്യ ടൂറായിരുന്നത്. നാല്പത് പേരുണ്ടായിരുന്ന പ്രസ്തുത ടൂറിൽ ഏറ്റവും സജീവമായി ഓടിച്ചാടി നടക്കാൻ വിജയൻ മാഷ് കാണിച്ച ഊർജ്ജസ്വലത അനന്യസാധാരണമായിരുന്നു.
സിങ്കപ്പൂർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സുരേശിനെ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത് വിജയൻ മാഷായിരുന്നു. മാഷിന്റെ ബന്ധുവും എന്റെ ശിഷ്യനുമാണ് സുരേഷ്.

ദീർഘനാളായി തമ്മിൽ കാണാത്ത, ഉയർന്ന തസ്തികയിൽ സേവനം ചെയ്യുന്ന പ്രിയ വിദ്യാർത്ഥിയെ കണ്ടപ്പോൾ ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അതിനുള്ള അവസരം ഒരുക്കിത്തന്നത് വിജയൻ മാഷും.
ജീവിതത്തിന്റെ തുടക്കം മുതൽ കടുത്ത പ്രയാസങ്ങളെ നേരിട്ടുകൊണ്ടായിരുന്നു വിജയൻ മാഷിന്റെ മുന്നേറ്റം. ആറു വയസ്സിൽ അമ്മ നഷ്ടപ്പെട്ടു. പിന്നീട് അച്ഛനായിരുന്നു അമ്മയുടെ സ്ഥാനം കൂടി ഏറ്റെടുത്തുകൊണ്ട് വിജയൻ മാഷിനെയും അനിയൻ മാധവനെയും സംരക്ഷിച്ചത്.
പഴയകാല ജാതി വ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ പെട്ടുപോയ വേദനകളും വിജയൻ മാഷ് ഇടയ്ക്ക് അയവിറക്കാറുണ്ട്. അച്ഛൻ ഉണിത്തിരി വിഭാഗത്തിൽപ്പെട്ട വ്യക്തിയും അമ്മ നായർ സ്ത്രീയും ആയതുകൊണ്ട് തന്നെ ഉന്നതകുലത്തിൽപ്പെട്ട അച്ഛന്റെ വീട്ടിൽ വേണ്ടത്ര സ്വാതന്ത്ര്യം മക്കൾക്ക് കിട്ടിയിരുന്നില്ല.

എങ്കിലും അച്ഛന്റെ ഭാഗത്ത് നിന്ന് അത്തരം മാറ്റിനിർത്തലുകൾ ഉണ്ടായിട്ടില്ല. എന്നാൽ അച്ഛന്റെ ബന്ധുജനങ്ങൾ അകൽച്ച കാണിച്ചിരുന്നു എന്നതിൽ രണ്ട് പിഞ്ചു കുട്ടികൾ വേദനിച്ചിരുന്നു.
വിജയൻ മാഷിന്റെ അച്ഛൻ, നാരു ഉണിത്തിരി മാഷ്, രണ്ട് വർഷക്കാലം എന്റെ സഹപ്രവർത്തകനായിരുന്നു. കരിവെള്ളൂർ നോർത്ത് സ്കൂളിലെ അന്നത്തെ ഏറ്റവും പ്രായം ചെന്ന അധ്യാപകനായിരുന്നു അദ്ദേഹം. ആരോഗ്യദൃഢഗാത്രനായിരുന്ന അദ്ദേഹം പുരോഗമന ആശയക്കാരനായിരുന്നു.

ക്ലാസ്സ് മുറിയിൽ നാരു മാഷ് കുട്ടികളുടെ കൂട്ടുകാരനായി മാറുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അന്നവിടെ ജോലി ചെയ്തിരുന്ന സീനിയർ അധ്യാപകരായ നാരു മാഷ്, നാണു മാഷ്, കുഞ്ഞോമൻ മാഷ് എന്നിവരിൽ നിന്നാണ് അധ്യാപനത്തിന്റെ ബാലപാഠം ഞാൻ പഠിച്ചത്. നാരു ഉണിത്തിരി മാഷിന്റെ മകനായി പിറന്നതിൽ അഭിമാനം കൊള്ളുന്നതായി പല അവസരങ്ങളിലും വിജയൻ മാഷ് സൂചിപ്പിച്ചു കേട്ടിട്ടുണ്ട്.
ദാരിദ്ര്യത്തിലും ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വ അവസ്ഥയിലും തന്റെ ശൈശവവും ബാല്യകാലവും കടന്നു വന്നതിനാൽ പാവപ്പെട്ടവരോട് കനിവ് കാണിക്കുന്നതിലും ജാതിശ്രേണിയിലെ താഴെ തട്ടിലുള്ളവരോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതിലും വിജയൻ മാഷ് നന്നേ ശ്രദ്ധിച്ചിരുന്നു.
പഠിക്കുന്ന കാലത്ത് ഒരു ട്രൗസറും ഷർട്ടും മാത്രമായിരുന്നു അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത്. അത് ദിനേന കഴുകി വൃത്തിയാക്കി ധരിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഉച്ചഭക്ഷണം തൂക്കുപാത്രത്തിൽ തൃക്കരിപ്പൂർ വരെ കൊണ്ടു പോകുന്നത് വലിയ അസൗകര്യമായിരുന്നു.
വൈകുന്നേരം വീട്ടിലെത്തിയാലേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ. ഇത് വലിയ പ്രയാസമായതുകൊണ്ട് അച്ഛൻ ഒരു ഹോട്ടലിൽ നിശ്ചിത തുകയ്ക്ക് ഭക്ഷണം ഏർപ്പാടാക്കിയത് അദ്ദേഹം ഓർക്കുന്നു. തൃക്കരിപ്പൂർ ഹൈസ്കൂളിലേക്ക് കരിവെള്ളൂരിൽ നിന്ന് രണ്ട് മണിക്കൂർ ചെരിപ്പില്ലാതെ നടക്കണം. അതിനെയൊക്കെ അതിജീവിച്ചാണ് അദ്ദേഹം മുന്നേറിയത്.
ഹിന്ദി പഠിക്കാൻ ബാലകൃഷ്ണൻ മാഷിന്റെ സഹായം തേടി. അത് കൊണ്ട് തന്നെ ഹിന്ദിയിൽ നല്ല മാർക്ക് നേടാൻ വിജയന് കഴിഞ്ഞു. ഗുരുദക്ഷിണയായി അഞ്ചു രൂപ കൊടുത്തപ്പോൾ അത് സ്നേഹപൂർവ്വം നിരസിച്ച ബാലകൃഷ്ണൻ മാഷെയും, കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് ഹൈസ്കൂൾ അധ്യാപകനാവാനുള്ള ഇന്റർവ്യൂവിന് ചെല്ലാൻ കാശില്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഒരു ദേവദൂതനെപ്പോലെ പ്രത്യക്ഷപ്പെട്ട് യാത്രക്കുള്ള തുക തന്ന് സഹായിച്ച എം ടി പി അബ്ദുള്ള മാഷെയും വിജയൻ മാഷ് നന്ദിയോടെ ഓർക്കുകയും അവരുടെ നന്മ എവിടെ ചെന്നാലും വിളിച്ചു പറയുകയും ചെയ്യും.
എസ് എസ് എൽ സിക്ക് ശേഷം കാസർകോട് ഗവൺമെന്റ് കോളേജിൽ പി യു സിക്ക് ചേർന്നു. അവിടെയും സാമ്പത്തിക പരാധീനതകൾ മൂലം വേണ്ടത്ര ഭക്ഷണം കഴിക്കാതെയും പഠനോപകരണങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാതെയും പഠന കാര്യങ്ങളിൽ പിന്നോട്ട് പോയി. ആ സമയത്ത് തന്നെയാണ് ടി ടി സിക്ക് അഡ്മിഷൻ കിട്ടിയത്.
അതൊരു വഴിത്തിരിവായി മാറി. ആ അവസരം അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തുകയും നല്ലവണ്ണം പഠിച്ച് ടി ടി സി വിജയിച്ച് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നെ സ്വയം പഠനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. സ്വയം പഠിക്കാനും മുന്നേറാനുമുള്ള ഇച്ഛാശക്തി വിജയൻ മാഷിൽ രൂഢമൂലമായി. പ്രൈമറി അധ്യാപകനായിരിക്കെത്തന്നെ സ്വയം പഠിച്ച് ഡിഗ്രിയും കന്നഡയിൽ ഡിപ്ലോമയും ചെയ്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപകനായി.
അവിടന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, പിന്നെ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ. അങ്ങനെ ലക്ഷ്യങ്ങളുടെ കനം കൂടുകയും സ്വന്തം ഇച്ഛാശക്തി കൊണ്ട് അവയൊക്കെ കൈക്കലാക്കുകയും ചെയ്തു. പ്രൈമറി അധ്യാപകനായിരുന്ന തുടക്കക്കാരന് കിട്ടിയ 79 രൂപ ശമ്പളത്തിൽ നിന്നും ഹയർസെക്കൻഡറി പ്രിൻസിപ്പാളായി തീർന്നപ്പോൾ ലഭിച്ച ആറക്ക ശമ്പളവും വിജയൻ മാഷ് ഓർക്കുന്നു.
നാടക നടൻ എന്ന നിലയിലും വിജയൻ മാഷ് പ്രശസ്തനാണ്. നാൽപത് നാടകങ്ങളിൽ ഇതിനകം വേഷമണിഞ്ഞിട്ടുണ്ട്. കണ്ണൂർ-കാസർകോട് ജില്ലകളിലായി നൂറ്റി നാൽപത് വേദികളിൽ അരങ്ങ് തകർത്ത് കൊണ്ട് ഈ മേഖലയിൽ മുന്നേറിയ അനുഭവം ആവേശത്തോടെയാണ് മാഷ് പറയാറുള്ളത്. ഭാവനാ തിയ്യറ്റർ കരിവെള്ളൂർ, മണക്കാട് ഉദയാകലാസമിതി, കരിവെള്ളൂർ കൾച്ചറൽ സെന്റർ എന്നീ നാടക ട്രൂപ്പുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
ചെറുപ്പത്തിൽ നാടകത്തിൽ സ്ത്രീവേഷം കെട്ടിയത് ഇന്നും ഓർക്കാൻ രസമുള്ളതാണ്. സ്ത്രീൈണ ഭാവം സ്ഫുരിക്കുന്ന മുഖമായിരുന്നു കുട്ടിക്കാലത്ത്. പെൺവേഷം കെട്ടിയപ്പോൾ യഥാർത്ഥ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച ഒരനുഭവമുണ്ടായി. അന്ന് അപരിചിതയായ ഒരു സ്ത്രീ അടുത്തേക്ക് വന്ന് 'മോളുടെ വീടെവിടെയാണ്?' എന്നന്വേഷിച്ചതും ഉത്തരം പറയാനാവാതെ കുണുങ്ങി ചിരിച്ചതും മാഷ് ഇന്നും ഓർക്കുന്നു.
യയാതി, വസിഷ്ഠൻ, സത്രാജിത്ത് എന്നിവരുടെയൊക്കെ വേഷം കെട്ടിയപ്പോൾ യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കും വിധമുള്ള രൂപവും അഭിനയ മികവും കാണികളുടെ നിറഞ്ഞ കൈയടിക്ക് കാരണമായി. ആ അനുഭവങ്ങൾ മനസ്സിൽ മായാതെ കിടക്കുന്നുണ്ടെന്ന് മാഷ് ഇടക്കിടെ പറയാറുണ്ട്.
അരനൂറ്റാണ്ട് കാലമായി കരിവെള്ളൂരിൽ പ്രവർത്തിച്ചു വരുന്ന എവോൺ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ സ്ഥാപക കൺവീനർ ആയിരുന്നു അദ്ദേഹം. എ ശാസ്ത്ര സാഹിത്യ പരിഷത്ത്, കാൻഫെഡ് തുടർവിദ്യാകേന്ദ്രം എന്നിവയിലും വിജയൻ മാഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
കരിവെള്ളൂർ പെരളം പഞ്ചായത്തിൽ സമ്പൂർണ്ണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണ പ്രവർത്തനം, നീർത്തട വികസന പദ്ധതി, കുടുംബശ്രീ പരിശീലന ക്ലാസുകൾ, ബാലസഭാ പരിശീലനം എന്നിവയിലും വിജയൻ മാഷിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. നാളികേര ഉൽപാദന സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു മാഷ്. 'കരിവെള്ളൂരിന്റെ ഇന്നലെകൾ' എന്ന ചരിത്ര ഗ്രന്ഥ നിർമ്മിയിൽ സജീവ സാന്നിധ്യമുണ്ടായിരുന്നു.
അനൗൺസറായും തന്റെ പ്രാബല്യം തെളിയിച്ചിട്ടുണ്ട്. സ്കൂൾ മേളകളിൽ ഘനഗംഭീര ശബ്ദത്തോടെ ഐറ്റംസ് വിളിച്ചു പറയുന്നതിനും വിജയികളുടെ വിവരണങ്ങൾ നൽകി ആവേശം കൊള്ളിക്കുന്നതിനും വിജയൻ മാഷ് ശ്രമിക്കാറുണ്ട്. അതിലുപരി ഒരു നല്ല കർഷകൻ കൂടിയാണ് അദ്ദേഹം. അത്യധ്വാനത്തിലൂടെ തന്റെ ഭൂമിയിലും കൃഷിസ്ഥലത്തും പൊന്നു വിളയിച്ച് മറ്റുള്ളവർക്ക് മാതൃകയാണ്.
തന്റെ അധ്യാപന രംഗത്തെ പ്രാവീണ്യം കൊണ്ടും സംഘടനാ പ്രവർത്തന തന്ത്രങ്ങൾ കൊണ്ടും വിജയൻ മാഷ് ശ്രദ്ധേയനാണ്. അതിനാൽ പല സ്കൂളുകളുടെയും തുടക്കക്കാരനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ സേവനം പല സ്കൂളുകളും ആവശ്യപ്പെടാറുണ്ട്. അതിലൊന്നാണ് കക്കാട് പുതുതായി ആരംഭിച്ച ഹൈസ്കൂളിന്റെ അസിസ്റ്റന്റ് ഇൻ ചാർജായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചതിന് നാട്ടുകാരുടെ അംഗീകാരത്തിന് അർഹത നേടിയിട്ടുണ്ട്.
തുടർന്ന് കാസർകോട് ജില്ലയിലെ അടൂർ ഹൈസ്കൂൾ, ഷിറിയ ഹൈസ്കൂൾ, ചന്ദ്രഗിരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്തുത്യർഹമായ രീതിയിൽ പ്രഥമാധ്യാപകനായി പ്രവർത്തിച്ചു എന്നതിൽ വിജയൻ മാസ്റ്റർക്ക് ചാരിതാർത്ഥ്യമുണ്ട്.
വിമർശനങ്ങൾ കൊണ്ട് വിദ്യാഭ്യാസ രംഗം കലുഷിതമായ ഡി പി ഇ പി പ്രസ്ഥാനത്തിന്റെ മഞ്ചേശ്വരം ബി ആർ സി കോഓർഡിനേറ്ററായിട്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. പഠനരീതികളിൽ പരിശീലനം നൽകുന്ന പ്രക്രിയക്ക് നേതൃത്വം കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. തന്റെ സമീപന രീതികൊണ്ട് സ്കൂളുകളിൽ അധ്യാപകരുടെ സഹകരണം പൂർണ്ണതോതിൽ ലഭിച്ചു.
വീണ്ടും ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി എളമ്പച്ചി സ്കൂളിൽ ജോയിൻ ചെയ്തു. ആ വർഷമാണ് കാസർകോട് ജില്ലാ കലോത്സവം പ്രസ്തുത സ്കൂളിൽ നടത്താൻ തീരുമാനമായത്. ആ പ്രവർത്തനവും വളരെ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ വിജയിപ്പിക്കുകയും ചെയ്തു. നൂറു കണക്കിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കലാകാരന്മാരും. അവരെയൊക്കെ ഒത്തുചേർത്ത് പരിപാടി വിജയിപ്പിച്ചെടുക്കാൻ ത്യാഗപൂർണ്ണമായ പ്രവർത്തനം തന്നെ വേണം.
പരിപാടിയുടെ ചുക്കാൻ പിടിച്ചുകൊണ്ട് മേന്മയേറിയ നിലയിൽ ജില്ലാ കലോത്സവം വിജയിപ്പിച്ചതിലും വിജയൻ മാഷിന്റെ കൈയൊപ്പുണ്ട്. മടിക്കൈയിലും സബ്ജില്ലാ യുവജനോത്സവം ഭംഗിയായി നടത്തിയിട്ടുണ്ട്. ഇവിടെയൊക്കെ പല സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാക്കാൻ കഴിഞ്ഞു.
ഷിറിയയിലും ചന്ദ്രഗിരിയിലും വിദ്യാർത്ഥി സമരങ്ങളെ സമർത്ഥമായി നിയന്ത്രിക്കാൻ കഴിഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടിയിൽ കരിങ്കുട്ടിച്ചാത്തൻ തെയ്യത്തെ കെട്ടിയതും കൊല്ലത്ത് പൊട്ടൻ തെയ്യം അവതരിപ്പിച്ചതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
സർവ്വീസിൽ നിന്ന് പിരിഞ്ഞതിലും ഒരു പ്രത്യേകതയുണ്ട്. മടിക്കൈ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളായിരുന്നപ്പോഴാണ് 1999 മെയ് 31 ന് പിരിയുന്നത്. ആദ്യമായി അപ്ഗ്രേഡ് ചെയ്ത ഹയർ സെക്കൻഡറി ആയതിനാൽ അതിന്റെ ബാലാരിഷ്ടതകൾ പരിഹരിക്കുന്നതിലും വിജയൻ മാഷ് വിജയിച്ചു.
ഇവിടെ സിനിമാതാരം കെ പി ഉമ്മറിനെ കൊണ്ടുവന്നതും മറ്റും പറയുമ്പോൾ വിജയൻ മാഷിന്റെ മുഖത്ത് വിളയുന്ന സംതൃപ്തി കാണേണ്ടതാണ്. വിരമിച്ചതിന് ശേഷവും മാഷ് ഊർജ്ജസ്വലനായിത്തന്നെ തന്റെ വിദ്യാഭ്യാസ മേഖലയോട് വിട പറയാതെ കാഞ്ഞങ്ങാട് നിത്യാനന്ദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാളായി ചുമതലയേറ്റു. എട്ടുവർഷത്തോളം അവിടെ സേവനം ചെയ്താണ് മാഷ് അധ്യാപന രംഗത്തോട് വിട പറഞ്ഞത്.
പലവർഷങ്ങളിലും കെ ജി പി ടി എ, ഡി ജി ടി എ, കെ ജി ടി എ-യുടെ ചെറുവത്തൂർ സബ് ജില്ലയിൽ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. അത് കൂടാതെ ഡി ജി ടി എ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് എന്ന സ്ഥാനവും അദ്ദേഹം ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്.
വിജയൻ മാഷിന്റെ ഏറ്റവും വലിയ ഗുണം വലുപ്പ ചെറുപ്പമില്ലാതെ സമഭാവനയോടെയും ആദരവോടെയുമുള്ള സമീപനമാണ്. വിദ്യാർത്ഥി സമരങ്ങൾ മൂർച്ഛിച്ചു നിന്ന വിദ്യാലയങ്ങളിൽ ഹെഡ് മാസ്റ്റർ ചുമതല നിർവ്വഹിക്കാൻ ബുദ്ധിമുട്ടുന്ന സന്ദർഭങ്ങളിൽ പോലും സൗമ്യമായ ഇടപെടലിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്താനും സംഘർഷങ്ങൾ ലഘൂകരിക്കാനും മാഷിന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും കാലം അധ്യാപന മേഖലയിൽ പ്രവർത്തിച്ചിട്ടും ഒരു കുട്ടിയെപ്പോലും വാക്കുകൊണ്ടോ നോക്കുകൊണ്ടോ, ശിക്ഷകൊണ്ടോ ദ്രോഹിക്കേണ്ടി വന്നിട്ടില്ലയെന്ന് സന്തോഷത്തോടെ മാഷ് ഇപ്പോഴും പറയും.
സ്വാതന്ത്ര്യ സമര സേനാനി ഇ നാരായണൻ നമ്പി മാസ്റ്റരുടെ മകൾ പി സി സരോജനിയാണ് മാഷിന്റെ പ്രിയപത്നി. രണ്ട് മക്കളുണ്ട്. മകൻ അജിത് കുമാർ പരിയാരം മെഡിക്കൽ കോളേജ് നഴ്സിങ് സ്റ്റാഫാണ്. മകൾ ശ്രീജയ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്.
മാഷിന്റെ അനുഭവങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. വാർത്ത ഷെയർ ചെയ്യുക.
Article Summary: Story of Pattuva Vijayan Master, an energetic teacher, actor, and social worker at 82.
#PattuvaVijayanMaster #Kasaragod #KariVellur #TeacherLife #TravelInspiration #KeralaNews
