ഒരു പത്തായക്കഥ: ഏഴ് പതിറ്റാണ്ട് മുൻപത്തെ തറവാട് സ്മരണകൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മീത്തലെ കൊട്ടിലിലെ കരിവീട്ടി പത്തായവും ചാണകം മെഴുകിയ നിലവും
● നെല്ല് അളക്കുന്ന ഇടങ്ങഴിയും ഉരലും ഉലക്കയും ഉപയോഗിച്ചുള്ള നെല്ലുകുത്തും
● തവിട് തിന്നാൻ കുട്ടികൾ കാട്ടിയിരുന്ന മത്സരവും രസകരമായ തമാശകളും
● പഴയ ലോക്കപ്പുകളിൽ ഉലക്ക ഉരുട്ടാറുണ്ടെന്ന കൗതുകകരമായ അറിവ്
● കരിവെള്ളൂരിൽ പി കൃഷ്ണപിള്ള ഒളിവിൽ കഴിഞ്ഞ പത്തായത്തിൻ്റെ ചരിത്രം
ഓർമ്മച്ചീളുകൾ ഭാഗം 07/ കൂക്കാനം റഹ്‌മാൻ
(KVARTHA) ഏഴ് പതിറ്റാണ്ടിന് മുമ്പ് എന്റെ വീട്ടിലുണ്ടായിരുന്ന വീട്ടുപകരണങ്ങളെക്കുറിച്ച് ഓർത്തു. മീത്തലെ കൊട്ടിലിലെ വലിയ പത്തായം, ഇരുട്ടറയിലെ ചെറിയ പത്തായം, നെല്ല് കുത്താൻ ഉപയോഗിച്ചിരുന്ന ഉരൽ, ഉലക്ക, തടുപ്പ, ചൂത്, മാച്ചി, ഓലങ്കം, തൂക്കുവിളക്ക്, നിലവിളക്ക്, കോളാമ്പി തുടങ്ങിയവയൊന്നും ഇപ്പോൾ വീട്ടിലില്ല. ആ പഴയ തറവാട് വീട് തന്നെ ഇന്ന് നിലവിലില്ല. എങ്കിലും താമസിച്ചിരുന്ന വീടും ആ വീട്ടിൽ ഈ ഉപകരണങ്ങൾ എവിടെയായിരുന്നു എന്നതും ഓർമ്മയിൽ നിന്ന് മായുന്നില്ല.
പത്തായം പെറും ചക്കി കുത്തും
'പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും' എന്ന പഴഞ്ചൊല്ല് അക്കാലത്ത് അന്വർത്ഥമായിരുന്നു.
മീത്തലെ കൊട്ടിൽ സാമാന്യം വലിയ മുറിയായിരുന്നു. അതിലേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകൾ ഉണ്ടായിരുന്നു. ഒരു ചെറിയ കിളിവാതിൽ മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. മച്ചിലേക്ക് കയറാനുള്ള കോണിപ്പടിയും മീത്തലെ കൊട്ടിലിലാണ്. ചാണകം മെഴുകിയ നിലമാണ്. ചകിരിക്കരി, പഴയ ബാറ്ററിയുടെ കരി ഇവ ചാണകത്തിൽ കൂട്ടിക്കലർത്തിയാണ് നിലം മെഴുകുക. ഈ പണി ചെയ്യാൻ വെള്ളച്ചി എന്നൊരു, തല വിറച്ചുകൊണ്ടിരിക്കുന്ന സ്ത്രീ വീട്ടിലേക്ക് വരും.

കരിവീട്ടി പത്തായം
കരിവീട്ടിയിൽ പണിത പത്തായമായിരുന്നു അത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ഉണക്കി പാറ്റി വൃത്തിയാക്കിയ നെല്ലാണ് പത്തായത്തിൽ സൂക്ഷിക്കുക. അടയ്ക്കാനും തുറക്കാനും മേൽഭാഗത്ത് നിരപ്പലകകളാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പേർക്ക് കയറിയിരിക്കാൻ പറ്റുന്ന വലുപ്പമുണ്ടായിരുന്നു പ്രസ്തുത പത്തായത്തിന്. 'അച്ഛൻ പത്തായത്തിലില്ല' എന്ന് പറഞ്ഞ കുട്ടിയുടെ നിഷ്കളങ്കമായ കഥയാണ് ഓർമ്മ വന്നത്.
അക്കാലത്ത് ധാന്യങ്ങൾ നിലത്ത് സൂക്ഷിക്കാൻ പറ്റില്ല. തറ ഈർപ്പമുള്ളതിനാൽ ധാന്യങ്ങൾ കേടാകും. അതുകൊണ്ടാവാം പത്തായം നിർമ്മിക്കാനുള്ള ചിന്ത അക്കാലത്തെ കാരണവന്മാർക്കുണ്ടായത്. എന്റെ കുട്ടിക്കാലത്ത് അമ്മാവന്മാരുടെ കിടപ്പ് പത്തായത്തിന് മുകളിലായിരുന്നു. കല്യാണം കഴിഞ്ഞു വന്നാൽ അമ്മായിമാരൊന്നിച്ചായിരിക്കും അമ്മാവന്മാരുടെ കിടപ്പ്.
തവളകളും ചേരപ്പാമ്പുകളും
പത്തായത്തിന് കീഴെ ചുവന്ന നിറമുള്ള മണാട്ടി തവളകളുടെ വിഹാരകേന്ദ്രമാണ്. മഴയുടെ വരവ് അറിയിക്കാൻ കൂട്ടത്തോടെ അവ കരയാൻ തുടങ്ങും. സഹിക്കാൻ കഴിയാത്ത കൂട്ട ശബ്ദമാണവയുടേത്. തവളയെ പിടികൂടാൻ ചേരപ്പാമ്പുകളും പത്തായത്തിനടിയിൽ എത്താറുണ്ട്.
പത്തായത്തിൽ നിന്ന് നെല്ല് അളന്നെടുക്കും. അന്നത്തെ അളവുപാത്രം ഇടങ്ങഴിയാണ്. 'പത്തിടങ്ങഴി നെല്ല് എടുത്തിട്ടുണ്ട്' എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇത് വലിയ ചെമ്പുകലത്തിൽ പുഴുങ്ങിയെടുക്കും. പുഴുങ്ങിയ നെല്ല് മച്ചിൻമേലെയാണ് ഉണങ്ങാൻ ഇടുക. പാകമാകുമ്പോൾ വാരിയെടുത്ത് കുത്താൻ വേണ്ടി താഴേക്ക് കൊണ്ടുവരും.
ഉരലും ഉലക്കയും
ഉരലിലിട്ട് രണ്ടോ മൂന്നോ പെണ്ണുങ്ങൾ ഉലക്ക ഉപയോഗിച്ച് താളാത്മകമായി കുത്തുന്നത് കാണാൻ നല്ല ചന്തമാണ്. ഉരലും ഉലക്കയും കാണാത്തവരായിരിക്കും ഇക്കാലത്തെ ന്യൂജെൻ കുട്ടികളിൽ മിക്കവരും. ഉലക്കയുടെ ഒരറ്റത്ത് ഇരുമ്പ് കൊണ്ട് നിർമ്മിച്ച കച്ച് പിടിപ്പിച്ചിട്ടുണ്ടാവും. ഉലക്ക കൊണ്ട് പഴയ ലോക്കപ്പിൽ കുറ്റവാളികളെ ഉരുട്ടാറുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
സമൂഹത്തിൽ ഒരു ചീത്തവാക്കായി 'ഉലക്ക' പ്രയോഗിക്കാറുണ്ട്. രണ്ട് വ്യക്തികൾ തമ്മിൽ വഴക്കുകൂടുമ്പോൾ 'ഉലക്കയാണ്' എന്ന് പറയാറുണ്ട്. സംസാരിക്കുമ്പോൾ 'ഒലക്ക' എന്നാണ് ഉച്ചരിക്കുന്നത്. വീട്ടുപകരണങ്ങളിൽ ഉലക്കയ്ക്ക് മാത്രമാണ് ഈ പരിഗണന കിട്ടിയിട്ടുള്ളത്.
തവിട് തിന്നുന്ന ആൺകുട്ടികൾ
നെല്ല് കുത്തിക്കഴിഞ്ഞാൽ ഉമിയും തവിടും വേർതിരിക്കാൻ തടുപ്പ വേണം. ഉമി അടുപ്പിൻതിണ്ണമേൽ കൊണ്ടിടും. ഉമിത്തീ അടുപ്പോരത്തുതന്നെ എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും. വീട്ടിലെ പൂച്ചകളുടെ വാസസ്ഥലവും അടുപ്പിൻതിണ്ണയാണ്.
ഉമികളഞ്ഞ് ശേഷിച്ചുകിട്ടുന്ന തവിട് തിന്നാൻ കുട്ടികളായ ഞങ്ങൾ മത്സരിക്കും. ഞങ്ങൾ ബഹളം വെക്കുമ്പോൾ പെണ്ണുങ്ങൾ അവരുടെ തുറുപ്പുശീട്ട് പുറത്തെടുക്കും: 'ആൺപിള്ളേർ തവിട് തിന്നാൽ മീശ മുളക്കില്ല'. ഇത് കേൾക്കുമ്പോൾ ആൺകുട്ടികൾ മാറിനിൽക്കും. തവിട് മുഴുവൻ പെണ്ണുങ്ങൾ ശാപ്പിടുകയും ചെയ്യും.
പത്തായത്തിന്റെ രൂപമാറ്റം
പത്തായക്കഥ പറഞ്ഞ് ഇവിടെയെത്തിയതാണ്. അമ്മാവന്മാരൊക്കെ വീടുവെച്ചുപോയപ്പോൾ പത്തായത്തിന്റെ അവകാശി മരുമകനായ എനിക്കായി. എന്റെ കാലമായപ്പോൾ വയലും കൃഷിയും ഒക്കെ അന്യാധീനപ്പെട്ടു. പത്തായത്തിൽ നെല്ലിടാൻ ഇല്ലാതായി. ഞാൻ പ്രസ്തുത പത്തായം കിടക്കാൻ കട്ടിലായും, വായിക്കാൻ മേശയായും, ഇസ്തിരിയിടാൻ ടേബിളായും ഉപയോഗിക്കാൻ തുടങ്ങി.
ഞങ്ങൾ ഉപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടിക്കും മാറ്റമുണ്ട്. നാട്ടിലെ മൂശാരിമാരാണ് പിച്ചള ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി വാർത്തുതരിക. അതിൽ ചിരട്ട കത്തിച്ച കനൽ നിറച്ചാണ് വസ്ത്രത്തിന് ഇസ്തിരിയിടാറ്.
ചരിത്രം പറയുന്ന പത്തായങ്ങൾ
പഴയ തറവാട് വീടുകളിലൊക്കെ പത്തായം ഉണ്ടാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള അവയ്ക്ക് ഒരുപാട് കഥകൾ പറയാനുണ്ടാവും. ചിലർ ചരിത്രസ്മാരകമായി പത്തായം സൂക്ഷിച്ചുവെച്ചിട്ടുണ്ടാവും. കരിവെള്ളൂരിലെ ഒരു വീട്ടിൽ പി കൃഷ്ണപിള്ള ഒളിവിൽ കഴിയുമ്പോൾ കിടന്ന പത്തായം നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
പഴയകാല പ്രതാപങ്ങൾ അന്യംനിന്നുപോയ കഥകൾ പത്തായങ്ങൾക്ക് ഏറെ പറയാനുണ്ടാവും. എന്റെ വീട് പൊളിച്ചുപണിതപ്പോൾ വെക്കാൻ സ്ഥലമില്ലാതായി. തലമുറതലമുറ കൈമാറിയ ആ വലിയ പത്തായം ഞാനൊരു സുഹൃത്തിന് കൈമാറി. ഇന്നും ആ പത്തായത്തിന്റെ സുഖവിവരം അന്വേഷിക്കാറുണ്ട്. കേടുപാടുകൂടാതെ അദ്ദേഹത്തിന്റെ വീട്ടിൽത്തന്നെയുണ്ടെന്നറിയുമ്പോൾ സന്തോഷം തോന്നുന്നു. അവയ്ക്ക് കണ്ണും കാതുമുണ്ടായിരുന്നെങ്കിൽ പഴയ കഥകളൊക്കെ കേട്ട് ആസ്വദിക്കാമായിരുന്നു.
പഴയകാല സ്മരണകൾ ഇഷ്ടമായെങ്കിൽ ഈ ലേഖനം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ. പത്തായക്കഥകൾ പോലെ കൂടുതൽ വിജ്ഞാനപ്രദമായ അനുഭവക്കുറിപ്പുകൾ അറിയാൻ ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക.
Article Summary: Kookkanam Rahman shares nostalgic memories of traditional household tools and the iconic 'Pathayam' from seven decades ago.
#Nostalgia #KeralaCulture #TraditionalTools #Pathayam #KasaragodNews #Heritage
