Inspiration | പാറുവിൻ്റെ തൊഴിലും എൻ്റെ ചാരിതാർത്ഥ്യവും


● പാറുവിൻ്റെ ജീവിതം കഠിനാധ്വാനത്തിൻ്റെയും വിജയത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്.
● പാറു ദരിദ്ര ചുറ്റുപാടിലാണ് ജനിച്ചത്.
● പാറുവിൻ്റെ വിജയം സ്വപ്‌നങ്ങൾ പിന്തുടരാൻ പ്രചോദനം നൽകുന്നു.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 50
(KVARTHA) പാറുവിൻ്റെ ജീവിതം ഒരു പ്രചോദനമാണ്. ദാരിദ്ര്യത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും നല്ലവരായവരുടെ സഹായത്തോടെയും ജീവിതവിജയം നേടിയ പാറു ഇന്ന് മറ്റുള്ളവർക്ക് മാതൃകയാണ്. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും സ്വപ്നങ്ങൾ പിന്തുടരാനും വിജയം കൈവരിക്കാനും സാധിക്കുമെന്ന് പാറുവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഒരു സെപ്റ്റംബർ രണ്ട്, ഡിസ്റ്റ്രിക്ട് നഴ്സിംഗ് ഓഫീസറായി വിരമിച്ച പലിയേരിക്കൊവ്വലിലെ പി പാറു മരണമടഞ്ഞെന്ന വാർത്തയാണ് രാവിലെ തന്നെ എന്നെ തേടി വന്നത്. കേട്ടപ്പോ ആദ്യം ഓർമ വന്നത് ആ പഴയ പെൺകുട്ടിയുടെ മുഖമായിരുന്നു. കരിവെള്ളൂരിലെ പലിയേരിക്കൊവ്വലിൽ ദരിദ്ര ചുറ്റുപാടിൽ ജനിച്ചു വളർന്ന ഒരു കുട്ടിയായിരുന്നു പാറു. അന്നത്തെ കാലത്ത് പട്ടിക ജാതിയിൽ എസ്എസ്എൽസി പാസ്സായവർ വളരെ വിരളമായിരുന്നു. എസ്എൽസി പരീക്ഷ എഴുതി ജയിച്ച് ഇനിയെന്ത് എന്ന ചിന്തയോടെ പാറു നടക്കുന്ന കാലം. അക്കാലത്ത് വളരെ വിജനമായ പലിയേരിക്കൊവ്വലിൽ പത്രം പോലും വരാറില്ല.
അവിഭക്ത കണ്ണൂർ ജില്ലാ ഫുട്ബോൾ ലീഗ് കളിച്ച വിശാലമായ ഒരു മൈതാനം അവിടെയാണ്. ഗതാഗത സൗകര്യം തീരെയില്ല. പക്ഷെ ഇപ്പൊ പലിയേരിക്കൊവ്വൽ ആകെ മാറിട്ടോ. അക്കാലത്ത് ഞാൻ കരിവെള്ളൂർ നോർത്ത് സ്കൂളിൽ അധ്യാപകനായിരുന്നു. സ്കൂളിലേക്ക് പോകുന്നതും വരുന്നതും പലിയേരി കൊവ്വലിലൂടെയായിരുന്നു. അവിടെയാണ് പാറുവിൻ്റെ വീട്. പലപ്പോഴും വഴിയിൽ വെച്ച് കാണും. ഇടക്ക് ഒരു കുശലാന്വേഷണം എനിക്ക് പതിവായിരുന്നു. അതിനിടയിൽ തന്റെ പഠിപ്പ് വിഷയം എപ്പഴോ പാറു എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ആയിടക്ക് നഴ്സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു. അക്കാര്യം അന്ന് തന്നെ പാറുവിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അപേക്ഷാ ഫോറം വാങ്ങാൻ ഞാൻ നിർദ്ദേശിക്കുകയും ചെയ്തു. അപ്രകാരം പാറു ഫോറം വാങ്ങി. പക്ഷേ പൂരിപ്പിക്കാൻ അറിയാത്തത് കൊണ്ട് വഴിയിൽ എന്നെ കാത്ത് നിൽക്കുകയും, അത് വാങ്ങി ഞാൻ പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ശേഷം അഡ്രസ് എഴുതി പോസ്റ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് അത് പാറുവിൻ്റെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞപ്പൊ ഇൻ്റർവ്യൂ മുഖേന പാറുവിന് പരിശീലനത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.
ആയിടക്കാണ് കമ്മ്യൂണിസ്റ്റ് കർഷക സംഘത്തിൻ്റെ സമുന്നത നേതാവും എംഎൽഎയുമായിരുന്ന എ വി കുഞ്ഞമ്പുവിന് കോട്ടയത്ത് വെച്ച് ഒരു ആക്സിഡൻ്റ് സംഭവിച്ചത്. മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തതും. ആ വിവരം നഴ്സിംഗ് പരിശീലകയായ പാറു എങ്ങനെയൊ അറിഞ്ഞു. സ്വഭാവികമായും പരിചയക്കാരാണെന്ന് അറിയുമ്പോൾ കാണാൻ ചെല്ലൽ പതിവാണല്ലോ. അങ്ങനെ എ വി കിടക്കുന്ന മുറിയിലേക്ക് പാറുവും ചെന്നു. പാറുവിനെ എ വിക്കും പരിചയമുണ്ടായിരുന്നു. 'കുട്ടി എങ്ങിനെ ഇവിടെ എത്തി?' ആകാംക്ഷയോടെ അവളെ കണ്ടയുടനെ എ വി ചോദിച്ചു പോലും.
'ഞാനിവിടെ നഴ്സിംഗ് പഠിക്കുകയാണ്', പാറു മറുപടി നൽകി. 'എങ്ങിനെ പരിശീലനത്തിന് പ്രവേശനം കിട്ടി?', 'കൂക്കാനം റഹ്മാൻ മാഷാണ് ഇക്കാര്യം പറഞ്ഞതും ഇവിടേക്ക് അപേക്ഷ അയച്ചതും. അങ്ങിനെയാണ് ഇവിടെ അഡ്മിഷൻ കിട്ടിയത്', പാറു കാര്യം വ്യക്തമാക്കി. 'നാട്ടിലെത്തി ഞാൻ മാഷെ കണ്ടോളാം', എ വി പറഞ്ഞു പോലും. എ വി കരിവെള്ളൂരിലെത്തിയാൽ ബസാറിലെ എം വി നാരായണൻ മാഷുടെ ഇസ്തരിക്കടക്ക് തൊട്ടുള്ള തപാൽ ബോക്സ് വെച്ച സ്ഥലത്തെ റോഡിലാണ് നിൽക്കുക. അവിടെ അദ്ദേഹത്തോടൊപ്പം പലരുമുണ്ടാവും. അവിടെയായിരുന്നു അന്നത്തെ ബസ്സ്റ്റോപ്പ്.
ഇത്തരം ഒരവസരത്തിൽ ഞാൻ റോഡിലൂടെ കടന്നു പോവുകയായിരുന്നു. എ വി എന്നെ കൈ കാണിച്ചു വിളിച്ചു. എൻ്റെ ചുമലിൽ കൈ വെച്ച് കൊണ്ട് അവിടെ കൂടി നിൽക്കുന്നവരോട് പറഞ്ഞു: 'ഈ മാഷ് ചെയ്ത ഒരു കാര്യം എനിക്ക് ഏറെ സന്തോഷമുണ്ടാക്കി കേട്ടോ. പാലിയേരി കൊവ്വലിലെ ഒരു പെൺകുട്ടിക്ക് നഴ്സിംഗ് പരിശീലനത്തിന് പോകാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് ഈ മാഷാണ്. നന്ദിയുണ്ട് മാഷേ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യേണ്ടത് നമ്മുടെ കടമയാണ്'. എനിക്കു കിട്ടിയ വലിയൊരു അവാർഡായിരുന്നു എ വിയുടെ നല്ല വാക്കുകൾ. അന്നതെന്നിൽ ഉളവാക്കിയ ഊർജ്ജം ചെറുതൊന്നുമല്ല. പിന്നീടുള്ള എൻ്റെ തുടർപ്രവർത്തനത്തിന് ശക്തി പകർന്നത് എ വിയുടെ ആ നല്ല വാക്കുകളായിരുന്നു.
മരണമറിഞ്ഞപ്പോ തന്നെ ഞാൻ പാറുവിൻ്റെ വീട്ടിൽ ചെന്നു. പാറുവിൻ്റെ മൃതദേഹത്തിന് അന്ത്യോപാചാരമർപ്പിച്ചു. പാറുവിൻ്റെ രണ്ട് പെൺമക്കളെയും കണ്ടു. അവരിൽ ഒരാൾ പോലീസിലും മറ്റേയാൾ എസ് ബി ഐയിലും ജോലി ചെയ്യുന്നു. ഭർത്താവ് പ്രതിരോധ വകുപ്പിൽ നിന്ന് വിരമിച്ചതാണ്. കുറേനേരം അവിടെ പഴയ പരിചിതരെ കണ്ട് ഓർമ്മകൾ പങ്കിട്ടു. പിന്നെ മടങ്ങുകയും ചെയ്തു. പിന്നാക്ക പ്രദേശങ്ങളിൽ ആവശ്യമായ പ്രോത്സാഹനവും തക്ക സമയത്ത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതുമറിയാതെ വിദ്യാഭ്യാസം നേടിയിട്ടും സർക്കാർ സർവ്വീസിൽ ജോലി ലഭിക്കാതെ വെറും വീട്ടമ്മമാരായി ഒതുങ്ങിയ എത്ര പാറുമാർ ഇപ്പോഴും ഉണ്ടാവുമെന്നാണ് തിരികെ വീട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ഞാൻ ആലോചിച്ചത് മുഴുവനും.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Paru's journey from poverty to becoming a Nursing Officer is a true inspiration. Her determination and success show that dreams can be achieved despite challenges.
#Inspiration #SuccessStory #NursingOfficer #PovertyToSuccess #HardworkPaysOff #KeralaNews