Empowerment | ശൂന്യതയിൽ നിന്ന് പാൻടെക്: ഒരു പ്രസ്ഥാനത്തിൻ്റെ ഉദയം

 
A Haven for Women's Lives - The Birth of an Organization for Non-Formal Technical Education
A Haven for Women's Lives - The Birth of an Organization for Non-Formal Technical Education

Representational Image Generated by Meta AI

● അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസമാണ് സംഘടനയുടെ ലക്ഷ്യം.
● പീപ്പിൾസ് അസോസിയേഷൻ ഫോർ നോൺ-ഫോർമൽ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻ ടെക്നോളജി എന്നാണ് പാൻടെക്കിന്റെ പൂർണ്ണ രൂപം.
● കേന്ദ്ര സർക്കാരിന്റെ കമ്യൂണിറ്റി പോളിടെക്നിക്ക് സ്കീമിന്റെ സഹായം ലഭിച്ചു.
● സാങ്കേതിക വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പാൻടെക്കിന്റെ പ്രധാന ലക്ഷ്യം.

കൂക്കാനം റഹ്‌മാൻ

(KVARTHA) എല്ലാ പ്രസ്ഥാനങ്ങളുടെയും തുടക്കത്തിനും ചിലപ്പോൾ ഒടുക്കത്തിനും ഒരു സംഭവം അതിനു പിന്നിലുണ്ടാവും. ഞാൻ കണ്ടറിഞ്ഞ പല പ്രസ്ഥാനങ്ങളുടെയും കാര്യത്തിൽ ഇവ സത്യവുമാണ്. നാട്ടിൻ പുറങ്ങളിൽ പൊട്ടി മുളക്കുന്ന ക്ലബ്ബുകൾ, സംഘടനകൾ പലതും വളരെ പെട്ടെന്നു തന്നെ തകർന്നു മണ്ണടിഞ്ഞു പോയിട്ടുണ്ട്. പലപ്പോഴും പ്രവർത്തകന്മാർ തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും പടലപ്പിണക്കങ്ങളുമായിരിക്കാം അതിനു കാരണം. ഞാൻ നേരിട്ടനുഭവിച്ചറിഞ്ഞ കാൻഫെഡ് പ്രസ്ഥാനവും മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ കൊണ്ട് പൊളിഞ്ഞു പാളീസായി കിടക്കുകയാണ്.

ആദ്യകാലത്ത് ആ പ്രസ്ഥാനത്തിൽ അനിതര സാധാരണമായ വളർച്ചയും പൊതുജന അംഗീകാരവും കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു പ്രവർത്തന ശൈലിയും പൊതുജന പങ്കാളിത്തത്തിലും ഒരു പ്രസ്ഥാനം വളർത്തിയെടുക്കാൻ പറ്റുമോയെന്ന് മനസ്സ് ആഗ്രഹിച്ചു. ശൂന്യതയിൽ നിന്ന് ഒരു സംഘടന കെട്ടിപ്പടുക്കാൻ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. വിമർശനങ്ങളെയും പാര വെപ്പുകളെയും അതിജീവിക്കാനുള്ള അനുഭവജ്ഞാനം ഇതിനോടകം ഞാൻ നേടിയെടുത്തിട്ടുമുണ്ട്.

A Haven for Women's Lives - The Birth of an Organization for Non-Formal Technical Education

1994 - ൽ പി ടി ഭാസ്ക്കര പണിക്കർ ഒരു ആശയം എൻ്റെ ചിന്തയ്ക്കു വിട്ടു തന്നു. 'വാക്കിംഗ് എൻസൈക്ലോപീഡിയ' എന്നറിയപ്പെടുന്ന ബുദ്ധിജീവിയാണ് പി ടി ബി. കേരളത്തിൽ പിറവിയെടുത്ത പല സംഘടനകൾക്കും വഴികാട്ടിയായി പ്രവർത്തിച്ച വ്യക്തിയാണദ്ദേഹം. തിരുവനന്തപുരത്തു വെച്ച് നടന്ന സാക്ഷരത പദ്ധതിയുടെ മീറ്റിംഗിൽ ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. പ്രസ്തുത മീറ്റിംഗ് കഴിഞ്ഞ് പിരിയാൻ നേരത്ത് അദ്ദേഹം പറഞ്ഞു, റഹ്മാൻ 'സ്റ്റെപ്പിൽ' ഒന്നു കയറണം. അവിടുത്തെ പ്രവർത്തനങ്ങൾ നോക്കി കണ്ടു പഠിക്കണം. ഞങ്ങൾക്ക് ഒപ്പം സ്റ്റെപ്പ് എന്ന പുസ്തക പ്രസിദ്ധീകരണ ശാലയിൽ കയറി കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു തന്നു. അവിടുന്ന് ഇറങ്ങി തിരുവനന്തപുരം ബസ് സ്റ്റാൻ്റിനടുത്തെത്തി.

പി ടി ബി, ബസ് വരുന്നതും കാത്ത് നിൽക്കുകയാണ്. എനിക്ക് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോരണം. വെളുത്ത അരക്കയ്യൻ കോട്ടൺ ഷർട്ടും വെള്ളമുണ്ട് മാടിക്കുത്തി ഉടുത്തും വളഞ്ഞ കാലുള്ള കുട കുത്തിപ്പിടിച്ചും നിൽക്കുന്ന ആ കാഴ്ച വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും മറക്കാൻ പറ്റില്ല. അവിടെ നിന്ന് വെറും അഞ്ചു മിനുട്ട് നേരം മാത്രം സംസാരിച്ച ഒരു കാര്യം, ‘റഹ്മാൻ അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി ഒരു സംഘടന രൂപീകരിക്കണം. മലബാറിൽ അതിന് സാധ്യത കൂടുതലാണ്’.

മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാനായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുടെ വെന്നിക്കൊടി പാറിപ്പറപ്പിച്ച വ്യക്തിയായ പി ടി ബി പറഞ്ഞപ്പോൾ, അത് സാധ്യമാവും എന്ന് എനിക്കും തോന്നി. ബാക്കി കാര്യങ്ങൾ നമുക്ക് പരസ്പരം എഴുത്തിലൂടെ ബന്ധപ്പെടാം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. ട്രെയിനിലിരുന്നപ്പോൾ ആലോചിച്ചത്, ഉണ്ടാക്കാൻ പോകുന്ന സംഘടനയെക്കുറിച്ചായിരുന്നു. സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്തേണ്ട, വാടക കെട്ടിടം മതി. നാലഞ്ച് മുറികൾ വേണം.

പി എൻ പണിക്കർ കാൻഫെഡ് ഓഫീസിൽ ഇരിക്കുന്നതു പോലെ നല്ലൊരു മേശ, നല്ല കസേര, സന്ദർശകർക്കിരിക്കാൻ നാലഞ്ച് കസേര, മേശപ്പുറത്ത് ഫോൺ, നാലോ അഞ്ചോ ജീവനക്കാർ ഇതൊക്കെ വേണം. ഇതൊക്കെ സ്വപ്നമാണ്. ഏതായാലും പി ടി ബി സാറിനെ വിടാതെ കൂടാം. എല്ലാം നടക്കും എന്ന പൂർണ വിശ്വാസത്തിൽ മുന്നോട്ടു പോകാം. ഇതൊക്കെ ആലോചിച്ചു കിടന്നപ്പോൾ എപ്പോഴോ ഉറക്കം കടന്നുവന്നു.

നാട്ടിലെത്തി പി ടി ബി സാറുമായി എഴുത്തിലൂടെ ബന്ധപ്പെടാൻ തുടങ്ങി. പി ടി ബി പോസ്റ്റ് കാർഡിൽ മാത്രമേ കത്തെഴുതൂ. സ്വകാര്യതയില്ലാത്ത കത്താണ്. പൊതു സമൂഹത്തിന് ഗുണപ്രദമായതും അറിയേണ്ടതും മാത്രമേ കത്തിലുണ്ടാവൂ. സാറിൻ്റെ മരണം വരെ എഴുതിയ നൂറ് കണക്കിന് പോസ്റ്റ് കാർഡുകൾ ഞാൻ വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എൻ്റെ ആദ്യ അന്വേഷണം ഇതൊക്കെയായിരുന്നു. സംഘത്തിന് പേര് വേണം. പി ടി ബി സാർ സംഘടനയ്ക്ക് പേരിടാൻ വളരെ സമർത്ഥനാണ്. 'കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ പി ടി ബി യാണ് പേര് നൽകിയത്. കാൻഫെഡിനും സാറ് തന്നെ പേരിട്ടു. അതുകൊണ്ട് തന്നെ ഉചിതമായ പേര് സാറിൻ്റെ ചിന്തയിൽ നിന്ന് വരുമെന്ന് ഉറപ്പുണ്ട്.

മറുപടി കാർഡിൽ അദ്ദേഹം കുറിച്ചു. പാൻടെക് (PANTECH) എന്നായിക്കോട്ടെ. പിന്നാലെ വിശദീകരണവും വന്നു. PAN എന്നാൽ അമേരിക്കൻ ഇംഗ്ലീഷിൽ 'ടോട്ടൽ' എന്നാണർത്ഥം. ടെക്നോളജി എന്നാൽ എല്ലാ സാങ്കേതിക കാര്യങ്ങളും, Pantech ൻ്റെ ഫുൾ ഫോമും അദ്ദേഹം കുറിച്ചു.

People's Association for Non- Formal Education and Development in Technology.

ഉചിതമായ പേര് ലഭിച്ചു. ഇനി പ്രവർത്തനങ്ങൾ എന്തൊക്കെയാവണം എങ്ങനെയാവണം എന്നായി എൻ്റെ ചോദ്യം. അതിനും മറുപടി കിട്ടി. സാങ്കേതികമായ ചെറിയ പരിശീലനം തുടങ്ങി. വലിയ വലിയ സാങ്കേതിക പരിശീലനവും അനൗപചാരികമായി നൽകുന്ന സംഘമായിരിക്കണം. അതിനൊരു കമ്മിറ്റി രൂപീകരിക്കണം. മാനസികമായി ചോദിച്ചു പോകുന്ന വ്യക്തികളെ കണ്ടെത്തണം. പരസ്പരം പാര പണിയുന്നവരെ ഉൾപ്പെടുത്തരുത്. വളരെ ശ്രദ്ധയോടെ വേണം അംഗങ്ങളെ കണ്ടെത്താൻ. അതിനുള്ള ശ്രമമായിരുന്നു എൻ്റേത്. സാമൂഹ്യ രംഗത്ത് ഒപ്പം പ്രവർത്തിച്ച കുറച്ചു പേരുടെ ലിസ്റ്റ് ഉണ്ടാക്കി പെട്ടെന്ന് പരിചയപ്പെടുകയും പറ്റാമെന്ന് തോന്നുകയും ചെയ്ത വ്യക്തികളെയും ഉൾപ്പെടുത്തി.

ആളുകളെ കണ്ടെത്താൻ സ്വയം ശ്രമിച്ചു നോക്കി. 30 പേരെ കണ്ടെത്തി. അവരെ നേരിട്ടു കാണണം. മെമ്പർഷിപ്പ് എടുക്കാൻ പറ്റുമോ എന്നാരായണം. കാൻഫെഡിലൂടെ പ്രവർത്തന പരിചയമുള്ള നല്ല വ്യക്തികളെ ലിസ്റ്റ് ചെയ്തു. ആദ്യ പേര് സി കെ ഭാസ്കരൻ്റേതായിരുന്നു. അദ്ദേഹത്തെ നേരിൽ ചെന്നു കണ്ടു. എന്നാൽ പാൻടെക്കിനോടുള്ള അദ്ദേഹത്തിൻ്റെ സമീപനം നിരുത്സാഹപരമായിരുന്നു. എങ്കിലും നൂറ് രൂപ തന്ന് ആജീവന അംഗത്വമെടുക്കാൻ അദ്ദേഹം തയ്യാറായി. അനൗപചാരിക രീതിയിൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന

'കമ്യൂണിറ്റി പോളിടെക്നിക്ക് സ്കീം' കേന്ദ്ര സർക്കാർ എല്ലാ പോളിടെക്നിക്കുകളിലും നടപ്പാക്കി വരുന്ന കാലമായിരുന്നു അത്. നേരെ ചെന്ന് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് പ്രിൻസിപ്പാൾ രാമകൃഷ്ണൻ നമ്പ്യാർ സാറിനെ കണ്ടു. അദ്ദേഹത്തിനു മുമ്പിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചപ്പോൾ സി പി സ്കീമിൻ്റെ പ്രോഗ്രാം ഓഫീസറിൻ്റെ ചാർജ്ജുള്ള കെ പി ഭരതനെ ബന്ധപ്പെടാൻ പറഞ്ഞു.

കെ പി ഭരതൻ എൻ്റെ നാട്ടുകാരനാണ്. കരിവെള്ളൂരിൽ എ വൺ ക്ലബ്ബിലെ സഹപ്രവർത്തകനാണ്. എൻ്റെ ഫാദർ ഇൻലോ അബ്ദുൾ റഹ്മാൻ മാഷിൻ്റെ ശിഷ്യനാണ്. ഇതൊക്കെ കൊണ്ട് കാര്യങ്ങൾ വളരെ വേഗം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അക്കാലത്ത് സി പി സ്കീമിൻ്റെ നേതൃത്വത്തിൽ മുപ്പതോളം എക്സ്റ്റൻഷൻ സെൻ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഓരോ സെൻ്ററിനും ഓരോ ഇൻചാർജിനെ നിയമിച്ചിട്ടുണ്ടായിരുന്നു. അവർക്ക് ചെറിയൊരു മന്തിലീ അലവൻസും നൽകിയിരുന്നു. ആ മുപ്പത് പേരെയും അംഗങ്ങളാക്കാമെന്ന അഭിപ്രായത്തോട് ഞാനും യോജിച്ചു. അങ്ങനെ മിടുക്കരും സന്നദ്ധ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങുന്നവരുമായ 40 അംഗങ്ങളെ സ്വയം വിലയിരുത്തി പാൻടെക്കിൻ്റെ അംഗങ്ങളാക്കാൻ തീരുമാനിച്ചു. അടുത്ത ഘട്ടം ഭരണഘടന നിർമ്മാണവും രജിസ്ട്രേഷൻ നടത്തലുമാണ് അതിനുള്ള ശ്രമം ആരംഭിച്ചു.

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

This article narrates the inception of PANTECH, an organization founded by Kookanam Rahman in 1994 based on an idea by P.T. Bhaskara Panicker to promote non-formal technical education, especially for women, in the Malabar region, eventually leading to the formation of a 40-member team with support from the Community Polytechnic Scheme.

#PANTECH #NonFormalEducation #TechnicalEducation #WomensEmpowerment #KeralaHistory #EducationForDevelopment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia