ദാരിദ്ര്യത്തിൽ നിന്ന് അറുപത്തിയെട്ടിലേക്ക്: പത്മനാഭൻ നരിക്കോടിന്റെ ജീവിതം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നെയ്ത്ത് കമ്പനിയിലും കെട്ടിട നിർമ്മാണ മേഖലയിലും ജോലി ചെയ്തു.
● തളർന്നേക്കാമായിരുന്ന അപകടത്തിൽ നിന്ന് സ്വന്തം മനോബലത്താൽ രക്ഷപ്പെട്ടു.
● രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു മാസക്കാലം ജയിലിൽ കിടന്നു.
● മരണശേഷം ശരീരം മെഡിക്കൽ പഠനത്തിന് നൽകാൻ രജിസ്റ്റർ ചെയ്തു.
● ധാരാളമായി പുസ്തകങ്ങൾ വായിച്ചിരുന്ന ഒരു വ്യക്തിയാണ്.
കനിവുള്ള മനുഷ്യർ ഭാഗം 5/ കൂക്കാനം റഹ്‌മാൻ
(KVARTHA) നീണ്ട അറുപത്തിയേഴ് വർഷക്കാലത്തെ ജീവിതം കടന്ന് പത്മനാഭൻ നരിക്കോട് അറുപത്തിയെട്ടിലേക്ക് പ്രവേശിക്കുകയാണ്. പാതിവഴിയിൽ അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്നാണ് ഇദ്ദേഹം ഇന്ന് അറുപത്തിയെട്ടിൽ എത്തിനിൽക്കുന്നത് എന്നതുതന്നെ വലിയ കാര്യമായി കണക്കാക്കുന്നു.

ഓർത്തു വെക്കാവുന്ന സുന്ദര നിമിഷങ്ങളൊന്നും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. വളരെ പ്രയാസങ്ങൾ നിറഞ്ഞ ഒരു ജീവിത പരിസരമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്തെ ഒട്ടുമിക്ക കുടുംബങ്ങളും സമാനമായ ദാരിദ്ര്യം നിറഞ്ഞ അവസ്ഥകളിലൂടെ തന്നെയാണ് കടന്നുപോയിട്ടുള്ളത്.
പട്ടിണിയും പരിവട്ടവുമായിട്ടാണ് പലരും ജീവിച്ചു വന്നത്. വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് അന്ന് കൃഷിഭൂമി ഉണ്ടായിരുന്നത്. കൃത്യമായി വിശപ്പു മാറ്റാൻ ഭക്ഷണം കിട്ടുന്നവർ വളരെ കുറവായിരുന്നു.
പത്മനാഭന്റെ അച്ഛന്റെ അച്ഛന് ഒരുപാട് നെൽവയലും പറമ്പുമായി ഭൂമിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തും ആ നെൽവയലും പറമ്പുകളുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ അക്കാലത്തുള്ളവർക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കൃഷിഭൂമിയുണ്ടെങ്കിലും കാര്യമായി പണിയെടുക്കില്ല.
മടിയും അലസതയും തന്നെയായിരുന്നു പ്രധാന കാരണം. അപ്പോൾ ഉള്ള ഭൂമി വിറ്റ് അതിന് കിട്ടുന്നതുകൊണ്ട് ജീവിച്ചുപോവുന്നവരായിരുന്നു അധികവും. നിർഭാഗ്യമെന്നു പറയട്ടെ, പത്മനാഭന്റെ അച്ഛനും ആ വിഭാഗത്തിൽപ്പെട്ടതായിരുന്നു. അമ്മയാകട്ടെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച ഒരു സഹന പർവ്വമായിരുന്നു. ആ അമ്മയാണ് അവർക്ക് താങ്ങും തണലുമായി അവരെ വളർത്തിയത്.
ആവശ്യങ്ങൾക്കനുസരിച്ച് നെൽവയലുകളും പറമ്പുകളുമായിട്ടുള്ള ഭൂസ്വത്തുക്കളിൽ നിന്ന് ഭൂരിഭാഗവും വിറ്റു തീർത്തു. ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് വിൽപനയും വർധിച്ചു വന്നു. ഒടുവിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലായി.

പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതെ വന്നപ്പോഴാണ് ചെറിയൊരു ചായക്കട, വരുമാനമാർഗമായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നല്ല വിദ്യാഭ്യാസം നേടാൻ പത്മനാഭന് കഴിഞ്ഞിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നേടിയത്. നരിക്കോട് സ്‌കൂളിൽ അഞ്ചാം ക്ലാസ്സുവരെയും ഇരിങ്ങൽ സ്‌കൂളിൽ ആറാം ക്ലാസ്സ് വരെയുമാണ് പഠിച്ചത്. പിന്നീട് തുടർന്ന് പഠിക്കാൻ കഴിഞ്ഞതുമില്ല.
പഠിപ്പ് അവസാനിപ്പിച്ചതോടെ അച്ഛൻ നടത്തിയിരുന്ന ചായ പീടികയിൽ സഹായിയായി കയറി. പിന്നീട് അല്പം പ്രായം കൂടിയപ്പോൾ, ഏകദേശം പതിമൂന്ന് വയസ്സായപ്പോൾ തന്നെ വീടിനടുത്തുള്ള നെയ്ത്ത് കമ്പനിയിൽ 'നൂല് ചുറ്റുന്ന' പണിക്ക് പോയി തുടങ്ങി. രണ്ടു വർഷക്കാലം അവിടെ പണിയെടുത്തു. പിന്നീട് കെട്ടിട നിർമാണ രംഗത്ത് ചെങ്കല്ല് ചെത്തുന്ന പണിക്ക് പോയി. എല്ലാത്തിന്റെയും ഉറവിടം ദാരിദ്ര്യത്തിൽനിന്നുള്ള രക്ഷപ്പെടൽ തന്നെയായിരുന്നു.
കെട്ടിട നിർമാണ രംഗത്ത് വർഷങ്ങളോളം പണിയെടുത്തു. കൽപ്പണി വിട്ട് പിന്നീട് തേപ്പ് പണി തുടങ്ങി. കഷ്ടകാലമെന്നു പറയട്ടെ, പണിക്കിടയിൽ അല്പം ഉയരത്തിൽ നിന്ന് താഴേക്ക് വീഴ്ചയുണ്ടായി. നട്ടെല്ലിന് പരിക്കേറ്റ് മാസങ്ങളോളം കിടന്നു. അരയ്ക്കു താഴെ തളർന്നുപോകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, സ്വന്തം മനോബലം കൊണ്ട് അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെഴുന്നേറ്റു. എങ്കിലും പിന്നീട് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യാൻ കഴിയാതെ വന്നു.
പിടിച്ചുനിൽക്കാൻ എന്നോണം ഒരു ചെറിയ കോഴി ഫാം തുടങ്ങി. അതോടൊപ്പം ചെറിയ കച്ചവടവും. കുഴപ്പമില്ലാത്ത രീതിയിൽ കച്ചവടം മുന്നോട്ടു പോയെങ്കിലും കോഴിഫാം ഇപ്പോൾ ഇല്ല. കച്ചവടം തുടരുന്നു. പക്ഷെ, ആ കച്ചവടത്തിലുള്ള വരുമാനം കൊണ്ട് ജീവിക്കാൻ ആവശ്യമായ വരുമാനം ലഭിക്കാറില്ല.
ഇദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ സുഹൃത്തിന്റെ അച്ഛൻ ചെത്തുന്ന കള്ള് മൺപാനിയിൽ നിറച്ച് തലച്ചുമടായി നരിക്കോട് നിന്നും (ഏകദേശം 5 കിലോമീറ്റർ) നടന്ന് പല പ്രാവശ്യം തളിപ്പറമ്പിലുള്ള കള്ള് ഷാപ്പിൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതിന് കൂലിയായി ഒരു രൂപ അൻപത് പൈസ കിട്ടിയിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. നരിക്കോട് പ്രദേശത്ത് ദേശാഭിമാനി ബാലസംഘത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. പിന്നീട് കെ എസ് വൈ എഫിലും ഡി വൈ എഫ് ഐയിലും സി പി ഐ എമ്മിലും പ്രവർത്തിച്ചു.
ഇപ്പോൾ ഒരു രാഷ്ട്രീയ സാംസ്കാരിക സംഘടനയിലും അംഗമല്ല. എങ്കിലും ഇടതു പുരോഗമന പ്രസ്ഥാനത്തോടൊപ്പം ഇപ്പോഴും ചേർന്നു നിൽക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു മാസക്കാലം ജയിലിലും കിടന്നിട്ടുണ്ട്.
വയസ്സ് ഇപ്പോൾ അറുപത്തിയേഴ് പിന്നിട്ടു (ജനനം: 20-10-1958). ഇനി ജീവിതത്തിന്റെ സായഹ്നമാണ്. അധിക ദൂരമില്ല. വേണമെന്ന ആഗ്രഹവും പത്മനാഭനില്ല. മരണശേഷം ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന് കൊടുക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മരണശേഷം ഒരു തരത്തിലുമുള്ള ചടങ്ങുകൾ പാടില്ലയെന്നും വെള്ളത്തുണി മാത്രം പുതപ്പിച്ച് മെഡിക്കൽ കോളേജിന് കൈമാറണമെന്നുമാണ് ആഗ്രഹമെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ട്.
അസുഖങ്ങളും അപകടങ്ങളും വേട്ടയാടിയപ്പോഴൊക്കെ സർക്കാർ ആശുപത്രികളിലാണ് ചികിത്സിച്ചിരുന്നത്. ഇനിയും അങ്ങനെ തന്നെ വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. കുടുംബം ആ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയും.
ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നും പത്മനാഭൻ വെച്ചുപുലർത്തിയിരുന്നില്ല. ജീവിച്ചുപോവുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. അതുപോലെ തന്നെ തപ്പിയും തടഞ്ഞും ജീവിതം ഇവിടംവരെയെത്തിയിരിക്കുന്നു. പറയത്തക്ക പ്രയാസങ്ങൾ ഒന്നും ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. നല്ല പരിചരണവും ഭക്ഷണവും ലഭിക്കുന്നുമുണ്ട്.
കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും പത്മനാഭൻ ധാരാളമായി പുസ്തകങ്ങൾ വായിക്കുമായിരുന്നു. പണിയുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചുകൊണ്ട് പോയി വായിക്കുമായിരുന്നു.
ചിന്താ വാരികയിലെ ഇ എം എസിന്റെ ചോദ്യോത്തര പംക്തിയിൽ ഇദ്ദേഹം ചോദ്യങ്ങൾ അയക്കുകയും അത്തരം അഞ്ചു ചോദ്യങ്ങൾക്ക് ഇ എം എസ് തന്നെ ചിന്തയിൽകൂടി മറുപടിയും കൊടുത്തിട്ടുണ്ട്. അപ്പോഴും പത്മനാഭന്റെ എഴുത്തിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവാറുണ്ട്. അത്തരം തെറ്റുകൾ തിരുത്തിയിട്ടാണ് അവർ ചിന്തയിൽ പ്രസിദ്ധീകരിക്കാറ്. ഇ എം എസ്സിനെ കൂടാതെ പന്ത്രണ്ടോളം ചോദ്യങ്ങൾക്ക് ചിന്തയിൽകൂടി മറുപടി ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ സജീവമായിട്ടുള്ളത് ഫേസ്ബുക്ക് എന്ന നവമാധ്യമത്തിലാണ്. അതിൽക്കൂടി സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ സ്വന്തം നിലപാടുകൾ ഇദ്ദേഹം പങ്കുവെക്കാറുണ്ട്. അതിന്റെ ഫലമായി ഒരുപാട് സൗഹൃദങ്ങൾ നേടാൻ ഭാഗ്യമുണ്ടായി.
ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ പ്രിയ മിത്രവും, സാമൂഹിക സാംസ്കാരിക സാക്ഷരതാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കൂക്കാനം റഹ്മാൻ മാഷ് എഴുതിയ ‘ഒരു അധ്യാപകൻ്റെ ജന്മം’ എന്ന ആത്മകഥാ പുസ്തകത്തിന് അവതാരിക എഴുതാനുള്ള ഭാഗ്യം പത്മനാഭന് ഉണ്ടായി.
ആരെയും അമിതമായി സ്നേഹിക്കുന്ന പ്രകൃതമായിരുന്നില്ല പത്മനാഭന്റേത്. അങ്ങനെ സ്നേഹിക്കാൻ അറിയില്ല എന്നതാണ് സത്യം. ഇളകിമറിയുന്ന കടലുപോലെയാണ് ആ മനസ്സെപ്പോഴുമെന്ന് തോന്നിയിട്ടുണ്ട്.
പറയേണ്ടുന്നത് പറയേണ്ടുന്ന സമയത്ത് പറഞ്ഞില്ലെങ്കിൽ പിന്നെ പറയാൻ പറ്റിയെന്ന് വരില്ല എന്നതാണ് ഇദ്ദേഹത്തിന്റെ മനോഭാവം. സ്വന്തം കുടുംബത്തിലും അങ്ങനെയൊക്കെ തന്നെയായിരുന്നു എന്നാണ് കേട്ടുകേൾവി.
നാട്ടിലെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും നേതാവുമായിരുന്ന കാനാമത്തിൽ കുഞ്ഞിരാമനായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. അമ്മ വാഴിയിൽ പാർവതി. ഇരുവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവർക്ക് അഞ്ചു മക്കളാണ്. മൂത്തത് ശ്രീദേവി. കൂവേരിയിലാണ് താമസം. അതിന്റെ നേരെ താഴെയുള്ളത് ഭാർഗ്ഗവി, കുറുമാത്തൂരിലാണ് താമസം. പിന്നെ ബാലകൃഷ്ണൻ. വിദ്യാഭ്യാസ വകുപ്പിൽ ജോലിയുണ്ടായിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. അതിനു താഴെ പ്രേമകുമാരി, കടമ്പേരിയിലാണ് താമസം.
ഭാര്യയും രണ്ടു പെൺമക്കളും അവർക്ക് രണ്ടു വീതം പെൺകുട്ടികളുമായി ജീവിച്ചുപോവുന്നു. അത് തന്നെയാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷവും.
ഭാര്യ സനം, അങ്കണവാടി ടീച്ചറാണ്. മൂത്ത മകൾ സപ്ന, ഹെൽത്ത് ഇൻസ്പെക്ടറായി താൽക്കാലികമായി ജോലി ചെയ്യുന്നു. അവളുടെ ഭർത്താവ് ഷാജി ഇലക്ട്രീഷ്യനാണ്. ഇവർക്ക് രണ്ടു പെൺകുട്ടികളാണ്. വൈഗ, നൈനിക. രണ്ടാമത്തെ മകൾ സനൂപ, നേഴ്സാണ്. അവളും താൽക്കാലികമായി ജോലി ചെയ്യുന്നു. അവളുടെ ഭർത്താവ് വൈശാഖ് ഡ്രൈവറാണ്. ഇവർക്കും രണ്ടു പെൺകുട്ടികളാണ് (ഇരട്ടക്കുട്ടികൾ): പാർവതിയും, പാർവണയും.
പത്മനാഭൻ നരിക്കോടിൻ്റെ ഈ ജീവിതകഥ നിങ്ങൾക്ക് പ്രചോദനമായോ? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.
Article Summary: Padmanabhan Narikkode's life story of overcoming poverty and social commitment.
#LifeStory #PadmanabhanNarikkode #SocialCommitment #KeralaNews #Inspiration #Kannur