Controversy | പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നില പരുങ്ങലില്‍, പുഴുക്കുത്തേറ്റ പി.ശശി പുറത്തേക്കോ?
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരിലെ ഭൂരിഭാഗം നേതാക്കളും ശശിയെ മാറ്റണമെന്ന അഭിപ്രായക്കാര്‍
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പി.ശശിയെ വരുന്ന കൊല്ലം സംസ്ഥാന സമ്മേളനത്തിന് മുന്‍പായി തിരിച്ചു വിളിച്ചേക്കും. വിവാദ നായകനായ ശശിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി പകരം പി ജയരാജനെ തല്‍സ്ഥാനത്ത് കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് പി.ശശി.
തന്റെ അതീവ വിശ്വസ്തനായ പി.ശശിയെ കൈവെടിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമില്ലെങ്കിലും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരിലെ ഭൂരിഭാഗം നേതാക്കളും ശശിയെ മാറ്റണമെന്ന അഭിപ്രായക്കാരാണ്. നേരത്തെ നിരവധി ആരോപണങ്ങള്‍ നേരിട്ട പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ എതിര്‍ത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പി.ജയരാജനോട് അടുപ്പം പുലര്‍ത്തുന്ന റെഡ് ആര്‍മിയെന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് പി.ശശിയെ പേരെടുത്ത് വിമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടി സഹയാത്രികരായ ചിലരും പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്തെത്തിയത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍മാരുടെ ദുര്‍നടപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ടെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എസ് സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പി വി അന്‍വര്‍ തന്റെ നിലപാട് കടുപ്പിച്ചത്.
പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഏരിയാ സെക്രട്ടറിമാര്‍ക്കടക്കം ഒരു വിഷയത്തിലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പൊലീസ് നടപടി കൊണ്ട് പാര്‍ട്ടിക്ക് നഷ്പ്പെട്ടു. ഏകദേശം 15 ലക്ഷം വോട്ട് വരും ഇത്. ഇത്രയും വോട്ടാണ് പി ശശി യുഡിഎഫിന് വാങ്ങിക്കൊടുത്തത്.
പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു ബാരിക്കേഡ് പൊലീസുണ്ടാക്കി. പൊലീസില്‍ മുഴുവന്‍ അരാജകത്വമാണ്. പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മാഫിയ രൂപപ്പെടുന്നു. സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലമായി മാറി. ഇതിന് ഉത്തരവാദി പി ശശിയാണ്, എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അന്‍വര്‍ വീണ്ടും പരസ്യമായി ഉന്നയിച്ചത്.
അടിമയായ ഒരു ഐപിഎസുകാരന്‍ കേരളത്തിലുണ്ടാകുന്നതില്‍ രാഷ്ട്രീയക്കാരന് ഗുണമുണ്ടാകും. എന്നാല്‍ താന്‍ അത് ഉപയാഗിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയല്ലേ ചെയ്തത്. എത്ര ഐപിഎസുകാരുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ഇവരൊന്നും ചെറിയ ആളുകളല്ല. പൂര്‍ണ ബോധ്യത്തോടെയാണ് ഈ പാര്‍ട്ടിക്ക് വേണ്ടി പോരാട്ടം നടത്തുന്നതെന്നും പി വി അന്‍വര്‍ പ്രതികരിച്ചിരുന്നു.
വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായതോടെ പി.ശശിയുടെ നില പാര്‍ട്ടിക്കുള്ളില്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. അവസാന നിമിഷം മുഖ്യമന്ത്രി കൂടി കൈവിട്ടാല്‍ പി.ശശിക്ക് അധികാര കേന്ദ്രത്തില്‍ നിന്നും പുറത്ത് പോകേണ്ടി വന്നേക്കും.
#KeralaPolitics, #PSasi, #PoliticalCrisis, #CPMControversy, #KeralaGovernment, #PinarayiVijayan