അന്നത്തെ മാങ്ങാക്കാലം കുട്ടികളുടെ ഉത്സവം; നഷ്ടപ്പെട്ട വടക്കേ വളപ്പിലെ മാംഗോ ഹൃദ്യത


● പഴയ മാവുകളും അവയുടെ രുചിയും മണവും ഓർക്കുന്നു.
● രാത്രിയിൽ ചൂട്ടും കത്തിച്ച് മാങ്ങ പെറുക്കാൻ പോയിരുന്നു.
● കൂട്ടുകാരുമായിരുന്ന് മാങ്ങ പങ്കിട്ടെടുത്തത് മധുരമുള്ള ഓർമ്മ.
● വെക്കേഷൻ കാലം മാവിൻ ചുവട്ടിലെ കളികൾ നിറഞ്ഞതായിരുന്നു.
● ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായ ഗ്രാമീണ സന്തോഷം.
ഓർമ്മത്തുരുത്ത് ഭാഗം-01/ കൂക്കാനം റഹ്മാൻ
(KVARTHA) ‘അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍’
മാമ്പഴത്തിന്റെ കഥ പറഞ്ഞു നമ്മെ കരയിപ്പിച്ച വൈലോപ്പിള്ളിയെ ഓർക്കാത്ത എന്തു മാമ്പഴക്കാലം അല്ലേ. ആ കാലവും ഈ കാലവും തമ്മിൽ ഒരുപാട് വെത്യാസമുണ്ടെങ്കിലും മാമ്പഴക്കാലം നമുക്കൊന്നും പ്രിയപ്പെട്ടതാവും. അറുപത് എഴുപത് വർഷങ്ങൾക്കപ്പുറമുള്ള മാങ്ങാ കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു.
അന്നൊക്കെ മാമ്പഴക്കാലം, കുട്ടികൾക്ക് ഉത്സവകാലം പോലെയാണ്. മാവിൻ ചോട്ടിൽ നിറയെ കുട്ടികളും അവരോട് മത്സരിച്ച് മാമ്പഴം കരസ്ഥമാക്കാൻ കാത്ത് നിൽക്കുന്ന അണ്ണാരക്കണ്ണന്മാരും കുഞ്ഞിക്കിളികളുമൊക്കെയാവും. പക്ഷെ ഇന്നോ പല മാവിൻ ചോട്ടുകളും ശൂന്യമാണ്. ആർക്കും ഒന്നിനും നേരമില്ല. കുട്ടികളെല്ലാം ഏതോ മായിക ലോകത്തും.
എങ്കിലും ഞങ്ങളൊക്കെ ഇപ്പോഴും അതൊരു ഹരം തന്നെയാണ്. അക്കാലത്തെ മാവിൻ കൂട്ടം, മാവിൻ്റെ രൂപം, അതിലുണ്ടാകുന്ന മാങ്ങയുടെ നിറം, മണം രുചി ഇതൊന്നും മറക്കാൻ പറ്റുന്നില്ല. ഞങ്ങളുടെ തറവാടുവീടു നിന്ന പറമ്പിനെ രണ്ടായി വിഭജിച്ചാണ് പേരു വിളിച്ചിരുന്നത്.
വടക്കേവളപ്പിൽ മുഴുവൻ മാവുകളാണ്. രണ്ടോ മൂന്നോ തെങ്ങുകളും കാലികളെ കെട്ടുന്ന ആലയും വടക്കേ വളപ്പിലാണ്. അതിലെ ഏറ്റവും വലിയ മാവ് ഒളമാവാണ്. ഞങ്ങൾ ചക്കരേൻമാവ് എന്നും പറയും. വളരെ വലിയ തടിമരമാണ്. ഉയരത്തിൽ പടർന്ന് പന്തലിച്ച് നിൽക്കും. മാങ്ങാകാലത്ത് നിറയെ മാങ്ങ പിടിക്കും. പക്ഷെ കയറി പറിക്കാൻ പറ്റില്ല. നീളം കൂടുതൽ ഉള്ളത് കൊണ്ട് കൊക്ക ഉപയോഗിച്ച് പറിക്കാനും എത്തില്ല. പിന്നെയുള്ളത് എറിഞ്ഞിടലാണ്.
കല്ല് ഉപയോഗിച്ചോ കൊയ്യ ഉപയോഗിച്ചോ നോട്ടം വെച്ച് എറിഞ്ഞിടാലാണ് പതിവ്. പല തവണ എറിഞ്ഞാലെ ഒരു മാങ്ങ കിട്ടൂ. അതല്പം ക്ഷീണമുള്ള പരിപാടിയായത് കൊണ്ട് കാറ്റിന് വീണുകിട്ടുന്നതാണ് സന്തോഷം. ചുവന്ന് തുടുത്ത മാങ്ങയാണ് ഇതിൻ്റേത്. അതിനടുത്ത വേറൊരു മാവാണ് വടക്കൻ മാവ്. ഇതും വലിയ മാവാണ്. അധികം പടർന്നുപന്തലിച്ചിട്ടൊന്നുമില്ല. കുറച്ചേ മാങ്ങ ഉണ്ടാവൂ. നല്ല രുചിയുള്ള മാങ്ങയാണ്.
അതിനടുത്തായി പുളിയൻ മാവ്. ഏറ്റവും ഉയരത്തിലാണ് വളർച്ച. ശാഖകൾ കുറവാണ്. എങ്കിലും നല്ല മണവും രുചിയുമുള്ള മാങ്ങയാണ് ഇതിൻ്റേത്. മൂലക്കുള്ള മാവാണ് ‘നീട്ടത്താൻ മാങ്ങ’ അല്ലെങ്കിൽ ‘പഞ്ചാരേൻ മാങ്ങ‘. ഇത് പഴുക്കാതെ തന്നെ തിന്നാം. പുളി കുറവാണ്. പഴുത്താലും നല്ല രുചിയാണ്. ഇതൊന്നും കൂടാതെ വേറൊരു മാവുകൂടെയുണ്ടായിരുന്നു.
ഇതിൽ പിടിക്കുന്നത് ചെറിയ മാങ്ങയാണ് ‘ഊമ്പിക്കുടിയൻ മാങ്ങ’ എന്നാണ് ഞങ്ങൾ പറയുക. ഈ മാങ്ങമുറിച്ചു തിന്നാതെ ഊമ്പി കുടിക്കുകയാണ് പതിവ്. ബാക്കിയുള്ള മാവുകളെല്ലാം ഒള മാവുകളായിരുന്നു. അങ്ങനെ ആകെ പതിനാറ് തടിച്ച മാവുകളാണ് വടക്കേ വളപ്പിൽ ഉണ്ടായിരുന്നത്. അന്നൊക്കെ കുട്ടികളായ ഞങ്ങൾക്ക് എല്ലാ നേരവും മാങ്ങ തന്നെയായിരുന്നു ഭക്ഷണം.
പകൽ സമയത്ത് വീഴുന്ന മാങ്ങകളോക്കെ ഓടിച്ചെന്നെടുത്ത് അപ്പോൾ തന്നെ ശാപ്പിടും. സന്ധ്യക്ക് ശേഷം നേരം പുലരുന്നത് വരെ വീഴുന്ന മാങ്ങകൾ ശേഖരിക്കാൻ വീട്ടിലെ മുതിർന്നവരൊന്നിച്ചു അതിരാവിലെ കുട്ടികളായ ഞങ്ങളും മാവിൻ ചുവട്ടിലെത്തും. ഓലച്ചൂട്ട് കത്തിച്ചാണ് മാങ്ങ പെറുക്കാൻ പോക്ക്.
വള്ളിക്കുട്ടയിലാണ് മാങ്ങ പെറുക്കിയിടാറ്. എല്ലാ മാവിൻ്റെ കീഴിലും ചെന്ന് നിലത്തു വീണതൊക്കെ പെറുക്കി കൂട്ടയിലിടും. അടുത്ത പറമ്പുകളിലും ചൂട്ടും കെട്ടി മാങ്ങപെറുക്കുന്നവരെ കാണാം. രാത്രി കാറ്റും മഴയുമുള്ള ദിവസങ്ങളിൽ ധാരാളം മാങ്ങ വീണു കിടപ്പുണ്ടാവും. ഒന്നോ രണ്ടോ കൂട്ട മാങ്ങകിട്ടുന്ന ദിവസങ്ങളായിരിക്കും അത്. ആ മാങ്ങ തീറ്റയക്കും ഒരു പ്രത്യേതകതയുണ്ട്.
രാവിലത്തെ ചായ കുടി കഴിഞ്ഞ് ഒൻപത് മണിയാകുമ്പോൾ മാങ്ങ തീറ്റ തുടങ്ങും. എൻ്റെ തറവാട്ടു വീട്ടിൽ അന്ന് ആറ് കുട്ടികളുണ്ടായിരുന്നു. നാലഞ്ച് പെണ്ണുങ്ങളും. അടുക്കള ഭാഗത്ത് എല്ലാവരും വട്ടത്തിലിരിക്കും. മാങ്ങ കഴുകി കൊണ്ടു വെക്കും. രണ്ടാളുകൾ ചിറാക്കത്തിയുമായി ഇരിക്കും. വലിയൊരു പ്ലേറ്റിൽ ഉപ്പും പച്ചമുളകും ചേർത്ത വെള്ളം വെക്കും. അതിലേക്കാണ് പഴുത്ത മാങ്ങ മുറിച്ചിടുക. മുറിച്ചിടുന്ന മുറക്ക് ഓരോ ആളും മാങ്ങാ പൂള് എടുത്തു തിന്നും. ഒരു മാങ്ങാതീറ്റ മത്സരം തന്നെയാണത്. ഒന്നിച്ച് തിന്നുമ്പോൾ അതൊരു രസം തന്നെയായിരുന്നു.
ഇടയ്ക്ക് മുറിച്ചിടുന്നവർ പ്ലെയിറ്റിലേക്കിടാതെ സ്വന്തം വായയിലേക്കിടും. ഒരു മണിക്കൂർ കൊണ്ട് മാങ്ങാ കൂട്ട കാലിയാകും. അതിന്റെ കൂടെ ഓരോ ഗ്ലാസ് കുളുത്ത വെള്ളവും കുടിച്ചാൽ പിന്നെ ഒന്നും വേണ്ട. വയറ് നിറഞ്ഞു കാണും. മാവില്ലാത്ത അയൽ വീട്ടുകാർക്ക് മാങ്ങ വീതിച്ചു നൽകുന്നതും ഒരു രസകാഴ്ച്ച തന്നെയായിരുന്നു.
വെക്കേഷൻ കാലത്ത് കുട്ടികളായ ഞങ്ങളുടെ ജീവിതം മാവിൻ ചുവട്ടിൽ തന്നെയാവും. മരക്കൊമ്പിൽ ഊഞ്ഞാലു കെട്ടി ആടലും ചെറിയ പന്തലു കെട്ടി വീടായി സങ്കൽപ്പിച്ച് ചോറും കറിയും വെച്ചു കളിക്കലും കൊത്തം കല്ലുകളിയും, ഗോട്ടികളിയും ഒക്കെ മാവിൻ ചോട്ടിൽ അരങ്ങേറും. അതിനിടയിൽ വലിയ കാറ്റു വീശാനുള്ള പ്രാർത്ഥനയുമുണ്ടാകും.
കളികൾക്കിടയിലും മനസ്സ് മാവിലും മാങ്ങയിലും തന്നെയാവും. ആർക്കണോ കിട്ടുന്നത് അവനാണ് ഭാഗ്യവാൻ. മാങ്ങ വീണാൽ അതെടുക്കാനുള്ള മത്സര ഓട്ടമാണ്. തടിമിടുക്കുള്ള ഓട്ടക്കാരൻ മാങ്ങ കൈക്കലാക്കും. കഴുകാതെ തന്നെ കടിച്ചു വലിച്ചു തിന്നും. കിട്ടാത്തവർ അടുത്ത കാറ്റിനായ് കാത്തു നിൽക്കും.
ഇപ്പൊ അതൊക്കെ വെറും ഓർമ്മകൾ മാത്രമായി. ഇന്ന് വടക്കേ വളപ്പില്ല. ഇപ്പറഞ്ഞ മാവുകളെല്ലാം മുറിച്ചു മാറ്റി. അത് കൊണ്ട് തന്നെ പഴയ ഗ്രാമീണ ധന്യത അപ്രത്യക്ഷമായി. കുട്ടികളുടെ കൂട്ടുകൂടലുകളില്ല, കുട്ടിക്കളികളില്ല. വീടകങ്ങളിൽ എല്ലാം സുലഭമായി കിട്ടുന്നു. പഴയ കാല ജീവിതം ആസ്വദിക്കാൻ കഴിഞ്ഞ എഴുപതുകളിലെ ഞങ്ങളെ പോലുള്ളവർക്ക് രണ്ടു കാലഘട്ടവും അനുഭവിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഇപ്പോഴുള്ള ഏക സംതൃപ്തി.
ഈ ഓർമ്മകൾ നിങ്ങളെയും ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയോ? നിങ്ങളുടെ മാമ്പഴക്കാല ഓർമ്മകൾ പങ്കുവെക്കൂ!
Article Summary: The article reminisces about the nostalgic mango seasons of the past in Kanhangad, Kerala, highlighting the joy of mango picking, sharing, and childhood games around the mango trees, contrasting it with the changes seen in today's generation.
#MangoSeason, #ChildhoodMemories, #Kerala, #Nostalgia, #RuralLife, #OldDays