Tea party | തേയില സൽക്കാരം അഥവ പണപ്പയറ്റ്

 
Old generation's Tea party


വീട്ടിൽ പണം സ്വീകരിക്കാൻ മേശയും കസേരയുമിട്ട് രണ്ടു പേർ ഇരിക്കും. മിക്ക ആൾക്കാരും കവറിൽ ഇട്ടാണ് തുക നൽകുക

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 12) 
   
(KVARTHA) മലബാറിൽ (Malabar) സാമ്പത്തിക സമാഹരണത്തിന് ഗ്രാമീണരുടെ (Villagers) ഇടയിൽ നിലനിന്നിരുന്ന പരിപാടിയായിരുന്നു തേയില സൽക്കാരം (Tea party). മലബാറിൽ തേയില സൽക്കാരം എന്ന പേരിലും തെക്കൻ ഭാഗങ്ങളിൽ പണപ്പയറ്റ് എന്ന പേരിലും അറിയപ്പെടുന്നു. വീട് കുടി കൂടൽ (Housewarming), വിവാഹം (Wedding), സുന്നത്ത് കർമ്മം (Circumcision) എന്നീ സന്ദർഭങ്ങളിൽ സാമ്പത്തിക സമാഹരണം നടത്താൻ ഈ പരിപാടി നടത്തും. സാമ്പത്തിക പ്രയാസം പരിഹരിക്കാനുള്ള ഒരു ഗ്രാമവിദ്യയാണിത്. ഇത് സൗജന്യമായി കിട്ടുന്നതല്ല, പകരം തിരിച്ചു നൽകണ്ടതാണ്. ഇതിൻ്റെ ആദ്യപടി പണത്തിന് ആവശ്യമുള്ള വ്യക്തി ഏതെങ്കിലും ചടങ്ങിനോടനുബന്ധിച്ചാണ് തേയില സൽക്കാരം സംഘടിപ്പിക്കുക. 

old generations tea party

അനുയോജ്യമായ തിയ്യതിയും സമയവും കണ്ടെത്തി പ്രിൻ്റ് ചെയ്ത കത്ത് (Letter) ആരെങ്കിലും വശം കൊടുത്തയച്ചോ നേരിട്ട് വീട്ടിൽ ചെന്ന് വ്യക്തികളെ ക്ഷണിച്ചോ ആണ് പരിപാടി നടത്തുക. കത്തിൽ എന്തിന് വേണ്ടിയാണ്, എവിടെ വെച്ചാണ്, ഏത് സമയമാണ് എന്നൊക്കെ വ്യക്തമായി കാണിച്ചിരിക്കണം. ചടങ്ങ് നടത്തുന്ന വീടിന് മുന്നിൽ തെങ്ങോല കൊണ്ട് പന്തൽ കെട്ടും. അടുത്തടുത്തുള്ള വീടുകളിൽ നിന്ന് മേശ, കസേര എന്നിവ സംഘടിപ്പിക്കും. മൈക്ക് സെറ്റ് (Mic Set) നിർബന്ധം. പാട്ട് കേട്ട് വീടു തിരിച്ചറിയാൻ പറ്റും. തേയില സൽക്കാരം എന്നാണ് പേരെങ്കിലും കാപ്പി, പാലും വെള്ളം, ചായ എന്നിവ ആവശ്യം പോലെ കിട്ടും. ഇതിന് പുറമേ, കായ ചിപ്സ്, കേക്ക്, അവില് വറവ് ചെറുപഴം എന്നിവയായിരിക്കും പലഹാരം. ആവശ്യക്കാർക്ക് സിഗരറ്റ്, മുറുക്ക്, ബീഡി എന്നിവയും ലഭ്യമാക്കും.

വീട്ടിൽ പണം സ്വീകരിക്കാൻ മേശയും കസേരയുമിട്ട് രണ്ടു പേർ ഇരിക്കും. മിക്ക ആൾക്കാരും കവറിൽ ഇട്ടാണ് തുക നൽകുക. നല്ല തുക നൽകുന്നവർ കവറിലിടാതെ തുക മേശക്കിരിക്കുന്ന വ്യക്തികൾക്ക് കൈമാറും. തുകയോ കവറോ നൽകിയ ആളിൻ്റെ പേര് നോട്ട്ബുക്കിൽ കൃത്യമായി രേഖപ്പെടുത്തി വെക്കും. കവർ സൽക്കാര പരിപാടി കഴിഞ്ഞതിന് ശേഷമേ തുറക്കൂ. പേരും തുകയും രേഖപ്പെടുത്താൻ നാട്ടിൽ പൊതുവെ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ തയ്യാറായിട്ടുണ്ടാവും. സൽക്കാരം കഴിഞ്ഞ് തുകയെണ്ണി കണക്കാക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്ര കിട്ടി എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിപ്പുണ്ടാവും.
     
കിട്ടിയ തുക ബാധ്യതയാണ്. ചിലത് കൊടുത്ത തുക തിരിച്ചു വന്നതായിരിക്കും. ചിലത് പുതിയവരായിരിക്കും. ഇതാണ് ബാധ്യതയായി വരുന്നത്. അവരും ചടങ്ങുകൾക്ക് തേയില സൽക്കാരം നടത്തുമ്പോൾ തന്ന തുകയേക്കാൾ അധികം തിരിച്ചു കൊടുക്കുകയെന്നത് മാന്യതയാണ്. ഞാനുമായി ബന്ധപ്പെട്ട തേയില സൽക്കാരത്തെക്കുറിച്ചുളള ഓർമ്മ ഒരിക്കലും മായില്ല. 1962 മെയ് അഞ്ചിനാണ് എൻ്റെ സുന്നത്ത് കർമ്മം നടന്നത്. ആ ചടങ്ങിനോടനുബന്ധിച്ച് അമ്മാവൻ തേയില സൽക്കാരം സംഘടിപ്പിച്ചു. മഞ്ഞ ബോർഡറുള്ള ക്ഷണക്കത്തായിരുന്നു അത്. 'എൻ്റെ മരുമകൻ അബ്ദുറഹ്മാൻ എന്ന കുട്ടിയുടെ സുന്നത്ത് കർമ്മത്തോടനുബന്ധിച്ച് വീട്ടിൽ വെച്ചു നടക്കുന്ന തേയില സൽക്കാരത്തിൽ താങ്കൾ പങ്കെടുക്കണം', എന്നായിരുന്നു കത്തിലെ ഉള്ളടക്കം. 

അമ്മാവൻ നാട്ടിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകനും പാർട്ടി വളണ്ടിയറുമായിരുന്നു. 11 വയസ്സുകാരനായ ഞാൻ തേയില സൽക്കാരച്ചടങ്ങ് നടക്കുമ്പോൾ ആഹ്ലാദത്തിലായിരുന്നു. വാമദേവൻ എന്ന വ്യക്തി നടത്തുന്ന 'നർമ്മദാ സൗണ്ട് സർവീസിന്റേതാണ്' മൈക്ക് സെറ്റ്. വീട്ടിന് മുമ്പിലുള്ള തെങ്ങിൽ കോളാമ്പി കെട്ടിയിട്ടുണ്ട്. നാടുമുഴുവൻ കേൾക്കത്തക്ക വിധത്തിൽ ഉറക്കെ സിനിമാ പാട്ടുകൾ തകർത്തു പാടുന്നുണ്ട്. സന്ധ്യ മയങ്ങിത്തുടങ്ങി. എൻ്റെ ഉള്ളിൽ വെപ്രാളം തുടങ്ങി. സുന്നത്ത് നടത്തേണ്ട ഒസ്സാൻ എത്തി. കക്ഷിയെ കണ്ടപ്പോൾ നല്ല പേടി തോന്നി. എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതി എന്നു തോന്നി. ഒസ്സാൻ വലിയ കൊട്ടിലകത്ത് വന്നിരുന്നു. രണ്ടു മൂന്ന് പേർ എന്നെ അദ്ദേഹത്തിൻ്റെ മുന്നിലെത്തിച്ചു. 

നരച്ച താടിയും ചുവന്ന കണ്ണും കാണുമ്പോൾ ഞാൻ ഭയപ്പെട്ടു കരയാൻ തുടങ്ങി. എൻ്റെ കരച്ചിൽ കേട്ടപ്പോൾ ഉമ്മ ഉറക്കെ കരയുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു. നിന്ന നിൽപ്പിൽ എന്നെ പൂർണ നഗ്നനാക്കി. ആരോ ഒരാൾ എൻ്റെ തുടയിൽ ആഞ്ഞ് അടിച്ചു. പിന്നെ എനിക്കൊന്നും ഓർമ്മയില്ല. അന്നത്തെ അനസ്തേഷ്യയായിരുന്നത്. ബോധം വന്നപ്പോൾ ലിംഗത്തിൽ കടുത്ത വേദന. പലകയിൽ ഇരുത്തിയ എൻ്റെ മുന്നിൽ പൂഴി നിറച്ച ചിരട്ട വെച്ചിട്ടുണ്ട്. അതിലേക്ക് രക്തം വാർന്ന് ഒഴുകുന്നുണ്ട്. എന്നെ പായയിൽ കിടത്തി. പുകച്ചിൽ സഹിക്കാൻ കഴിയുന്നില്ല. എന്നോടൊപ്പം മൂത്താമ്മയുടെ മക്കളായ ഇബ്രാഹിം, ഉസ്മാൻ എന്നിവരുടെയും സുന്നത്ത് കർമ്മം നടത്തിയിരുന്നു. അടുത്ത ദിവസമാവുമ്പോൾ വേദന അല്പം കുറഞ്ഞു. ദിവസേന മുറിവിൽ ധാരകൊള്ളണം. അങ്ങിനെ ആ തേയില സൽക്കാരവും സുന്നത്ത് കർമ്മവും നടന്നു.

1973 ൽ കുക്കാനത്ത് എൻ്റെ വിവാഹച്ചടങ്ങിനോടനുബന്ധിച്ച് തേയില സൽക്കാരം നടത്തി. അധ്യാപകൻ, പാർട്ടിയുടെ യുവജന വിഭാഗ പ്രവർത്തകൻ എന്ന നിലയിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ മോശമല്ലാത്തൊരു സാമ്പത്തിക സമാഹരണം ഇതു വഴി നടത്താൻ പറ്റി. അന്നൊക്കെ ഏറ്റവും വലിയ തുക നൂറ് രൂപയൊക്കെയായിരുന്നു. അധികവും പത്തു രൂപയും അഞ്ചു രൂപയൊക്കെയായിരുന്നു കവറിലിട്ട് ലഭിച്ചത്. മൂന്നാമതൊരു തേയില സൽക്കാരം നടത്തി സാമ്പത്തിക സമാഹരണം നടത്തിയത് 1985 ൽ പാലക്കുന്നിൽ നിർമ്മിച്ച ഭവനത്തിൻ്റെ പ്രവേശനച്ചടങ്ങിനോടനുബന്ധിച്ചായിരുന്നു. വീട് നിർമ്മിച്ച  ബാധ്യതയുടെ ഒരു ഭാഗം കൊടുത്തു തീർക്കാൻ പ്രസ്തുത തേയില സൽക്കാരം വഴി തുക ലഭ്യമായി.
    
പഴയ കാലത്ത് പരസ്പര സഹകരണത്തോടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ തേയില സൽക്കാരങ്ങൾ വഴി സാധ്യമായിട്ടുണ്ട്. രണ്ടായിരാമാണ്ടിന് ശേഷം ഗ്രാമതലത്തിൽ ഇത്തരം പരിപാടികളെ നടത്താറില്ല. മറ്റ് പല വഴികളിലൂടെയും സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനാലാണ് ഇപ്പോൾ തേയില സൽക്കാര പരിപാടി ഇല്ലാതെ പോയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia