നവമ്പര്‍ 14; കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന, കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രിയുടെ ജന്മദിനം

 


മുജീബുല്ല കെ എം

(www.kvartha.com 13.11.2020) കുട്ടികളെ ഏറ്റം ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുജിയുടെ ജന്‍മദിനം.
അദ്ദേഹത്തിന്റെ ജന്മ ദിനമായ നവംബര്‍ 14 ഭാരതമെങ്ങും ശിശു ദിനം ആയി ആഘോഷിക്കുന്നു, 1954 മുതല്‍ .കാരണം ഒന്നുമല്ല, അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു എന്നത് തന്നെ.

ആ നെഹ്റുജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം 
നവമ്പര്‍ 14; കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന, കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രിയുടെ ജന്മദിനം



1. കുഞ്ഞിനെ താരാട്ടിയ പണ്ഡിറ്റ്ജി:

ഒരിക്കല്‍ തീന്‍ മൂര്‍ത്തി ഭവനിലെ പൂന്തോട്ടത്തില്‍ നെഹ്രു ഉലാത്തുകയായിരുന്നു, പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ അദ്ദേഹം കേട്ട് ചുറ്റും നോക്കി. കുട്ടിയെ കാണുന്നില്ല, 
കുറച്ചു ദൂരം നടന്നു നോക്കിയപ്പോള്‍ ഒരു കൊച്ചു കുഞ്ഞു നിലത്തു കിടന്നു കരയുന്നതാണ് അദ്ദേഹം കണ്ടത്. 

കുട്ടി ശരിക്കും വലിയ വായില്‍ കരയുകയായിരുന്നു. നെഹ്രുജി അവിടെയൊക്കെ നോക്കി, കുട്ടിയുടെ അമ്മ അവിടെയെങ്ങാനും ഉണ്ടോ എന്ന്. കുട്ടിയുടെ നിലവിളി ഉച്ചസ്ഥായിയില്‍ ആയി, അദ്ദേഹം എന്തും വരട്ടെ എന്ന് കരുതി കുനിഞ്ഞു ആ കുഞ്ഞിനെ കയ്യില്‍ എടുത്തു.

അടുത്ത നിമിഷം തന്നെ ആ കുഞ്ഞു തന്റെ പല്ലില്ലാത്ത മോണകാട്ടി അദ്ദേഹത്തിനെ നോക്കി ചിരിച്ചു തുടങ്ങി. അദ്ദേഹം കുഞ്ഞിനെ മടിയില്‍ ഇരുത്തി ആട്ടി കളിച്ചു കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മ ഓടി വന്നു, കുഞ്ഞിനെ കിടത്തിയിരുന്ന സ്ഥലത്ത് കാണാത്തപ്പോള്‍. അവര്‍ കണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മടിയില്‍ കിടന്നു തന്റെ കുഞ്ഞു കളിക്കുന്നതാണ്. അവിടെ പൂന്തോട്ടത്തില്‍ മണ്ണും ചെളിയും വാരി പണി ചെയ്തു കൊണ്ടിരുന്ന കൂലിപ്പണിക്കാരി തന്റെ അഴുക്കും വിയര്‍പ്പും നിറഞ്ഞ കയ്യ് കൊണ്ടു തന്റെ കുഞ്ഞിനെ പണ്ഡിറ്റ്ജിയുടെ കയ്യില്‍ നിന്ന് ഭയഭക്തി ബഹുമാനത്തോടെ ഏറ്റു വാങ്ങി. 

പാവം ആ സ്ത്രീ പണിക്കിടയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നില്ല. അവരുടെ അത്ഭുതം മാറിയിരുന്നില്ല... തന്റെ പോന്നോമനയുടെ അസുലഭ ഭാഗ്യത്തില്‍.

2. ബലൂണ്‍ വില്‍പ്പനക്കാരനും ചാച്ചാജിയും:

ഒരിക്കല്‍ നെഹ്റു തമിഴ് നാട്ടില്‍ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി തെരുവിന്റെ രണ്ടു വശത്തും ആള്‍ക്കാര്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ തിരക്ക് കൂട്ടി നില്‍ക്കുകയായിരുന്നു. നെഹ്റുവിനെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യുഹം മുന്നോട്ടു നീങ്ങി. 
കുറെ മുന്നോട്ടു പോയപ്പോള്‍ കുഞ്ഞുങ്ങളുടെ ഒരു നിരയും അതിന്റെ പുറകില്‍ ബഹു വര്‍ണങ്ങളില്‍ ഉള്ള ബലൂണുകള്‍ വഹിച്ചു കൊണ്ടു ഒരു ബലൂണ്‍ വില്‍പനക്കാരനെയും കണ്ടു. 

ബലൂണുകള്‍ മാത്രം ആകാശത്ത് ഉയര്‍ന്നു നിന്ന്, അതിന്റെ ചരടുകള്‍ മാത്രം വില്‍പ്പനക്കാരന്റെ കയ്യിലും . ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്.  പണ്ഡിറ്റ്ജി ഈ കാഴ്ച ശ്രദ്ധിച്ചു, പെട്ടെന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു, എന്നിട്ട് ആ ബലൂണ്‍ വില്‍പ്പനക്കാരനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ഭയന്ന് വിറച്ചു അദ്ദേഹത്തിന്റെ മുമ്പില്‍ എത്തി. എന്താണാവോ എന്റെ കുറ്റം എന്ന് വിചാരിച്ചു അദ്ദേഹത്തെ താഴ്ന്നു തൊഴുതു. പണ്ഡിറ്റ്ജി അയാളുടെ കയ്യില്‍ നിന്ന് ആ ബലൂണുകള്‍ വാങ്ങി അടുത്ത് നിന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. തന്റെ പി എ യോട് ബലൂണിന്റെ വില അയാള്‍ക്ക് കൊടുക്കാനും ശട്ടം കെട്ടി. കിട്ടിയ ബലൂണുമായി തുള്ളിച്ചാടിയ ഒരു കൊച്ചു സുന്ദരിയെ ചാച്ചാജി പൊക്കി കയ്യില്‍ എടുത്തു സന്തോഷിപ്പിച്ചു. നിഷ്‌കളങ്കമായ അവരുടെ ചിരിയില്‍ അദ്ദേഹവും കൂട്ടുചേര്‍ന്നു. 

3. പ്രസംഗമോ ഇവരോടോ?:

ഒരിക്കല്‍ നൂറിലധികം കുട്ടികള്‍ നെഹ്രുജിയെ കാണാന്‍ തീന്‍മൂര്‍ത്തി ഭവനില്‍ എത്തി. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന ഒരു പ്രധാന മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
 അദ്ദേഹത്തിന്റെ കുട്ടികളോടുള്ള സ്‌നേഹത്തെപ്പറ്റി അറിയാവുന്ന സ്റ്റാഫ് കുട്ടികള്‍ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും മറ്റും കൊടുത്തു അവരെ സന്തോഷിപ്പിച്ചു അവിടെ നിര്‍ത്തി.

ഏതാണ്ട് നാല് മണിക്കൂര്‍ കഴിഞ്ഞാണ് ക്ഷീണിതനായി നെഹ്രു അവിടെക്ക് എത്തിയത്. അവിടെ എത്തി ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ ക്ഷീണവും മാറി കഴിഞ്ഞു. അപ്പോള്‍ കുട്ടികളെ കൂട്ടി കൊണ്ടു വന്നയാള്‍ നെഹ്രുജിയോട് കുട്ടികളോട് എന്തെങ്കിലും സംസാരിക്കാന്‍ അപേക്ഷിച്ചു. 

നെഹ്റു ചോദിച്ചു: പ്രസംഗിക്കാനൊ, ഈ പിഞ്ച് കുഞ്ഞുങ്ങളോട്, അതിനുള്ള സന്ദര്‍ഭം അല്ല ഇതെന്ന് പറഞ്ഞു അദ്ദേഹം കുട്ടികളുടെ കൂടെ ഓടി നടന്നു കളിക്കാന്‍ തുടങ്ങി. കുട്ടികള്‍ വളരെ സന്തോഷത്തോടെ വിളിച്ചു കൂവി : ഞങ്ങളുടെ ചാച്ചാ നെഹ്റു കീ ജയ്, ചാച്ചാ നെഹ്‌റു കീ ജയ് ... നെഹ്രുജിയുമൊത്ത് മതി വരുവോളം കളിച്ച് നടന്നു.

4. ഓട്ടൊഗ്രാഫ്:

മറ്റൊരിക്കല്‍ ഒരു കൂട്ടം കുട്ടികള്‍ നെഹ്രുജിയെ കാണാന്‍ വന്നപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിനു വേണ്ടി ചെറിയ ഒരു പുസ്തകം നീട്ടി , ചാച്ചാ ഒരു ഓട്ടൊഗ്രാഫ് . 
നെഹ്റു അത് വാങ്ങി തന്റെ ഒപ്പിട്ടു കൊടുത്തു. 
കുട്ടി അത് നോക്കി പറഞ്ഞു: ചാച്ചാ താങ്കള്‍ തീയതി എഴുതിയില്ല. അദ്ദേഹം ഓട്ടൊഗ്രാഫ് തിരിച്ചു വാങ്ങി തീയതി ഇട്ടു കൊടുത്തു. 
കുട്ടി വീണ്ടും പറഞ്ഞു : ചച്ചാജി, താങ്കള്‍ എനിക്ക് സന്ദേശം ഒന്നും എഴുതിയില്ല. നെഹ്രുജി വീണ്ടും പുസ്തകം വാങ്ങി ഒരു സന്ദേശം കൂടി എഴുതി കൊടുത്തു. കുട്ടി പുസ്തകം വാങ്ങി നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു, അദ്ദേഹം ഒപ്പിട്ടത് ഇംഗ്ലീഷില്‍, തീയതി എഴുതിയത് ഉറുദുവില്‍, സന്ദേശം എഴുതിയത് ഹിന്ദിയില്‍.
കുട്ടി ചോദിച്ചു : ഇതെന്താണിങ്ങനെ?
ചാച്ചാജി : നീ ഓട്ടൊഗ്രാഫിന് ഇംഗ്ലീഷില്‍ ചോദിച്ചു, തീയതിക്ക് ഉറുദുവില്‍, സന്ദേശത്തിന് ഹിന്ദിയിലും, 
അത് കൊണ്ടു ഉത്തരവും അതാതു ഭാഷയില്‍ ഞാന്‍ തന്നുവെന്നെ ഉള്ളൂ.

5. നെഹ്രുവിന്റെ കുപ്പായത്തിലെ റോസ് പൂവിന്റെ കഥ:

നെഹ്റു കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നത് പോലെ പൂക്കളെയും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ഒരു കുട്ടി അദ്ദേഹത്തെ കാണാന്‍ വന്നപ്പോള്‍ ഒരു നല്ല റോസാ പൂവ് കൊണ്ടു വന്നിരുന്നു. അത് അദ്ദേഹം കയ്യില്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടി അദ്ദേഹത്തോട് കുനിഞ്ഞു ഇരിക്കാന്‍ പറഞ്ഞു. കുട്ടി താന്‍ കൊണ്ടുവന്ന റോസാ പൂവ് അദ്ദേഹം ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍ ഭംഗിയായി കുത്തി കൊടുത്തു. നെഹ്രുജിക്ക് വളരെ സന്തോഷമായി, അദ്ദേഹം കുട്ടിയുടെ കവിളത്തു സ്‌നേഹപൂര്‍വ്വം തട്ടി . അന്ന് മുതലാണ് അദ്ദേഹം എപ്പോഴും ഒരു റോസാപൂവ് തന്റെ കുപ്പായത്തില്‍ ധരിച്ചു തുടങ്ങിയത്.

6. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍:

ഒരിക്കല്‍ ഒരാള്‍ നെഹ്രുവിനോടു ചോദിച്ചു താങ്കള്‍ ഏറ്റവും സുഖം അനുഭവിച്ചത് ആരുടെ കൈകളില്‍ കിടക്കുമ്പോഴായിരുന്നു ? 
അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീയുടെ കൈകളില്‍, അതും മറ്റൊരാളുടെ ഭാര്യയുടെ! ഇത് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു 
നെഹ്റു പറഞ്ഞു: തെറ്റിദ്ധരിക്കണ്ട, എന്റെ അച്ചന്റെ ഭാര്യയുടെ കൈകളില്‍ തന്നെ ആയിരുന്നു, എന്റെ അമ്മയുടെ...

7. ഭാരം കുറഞ്ഞ ദിവസവും കൂടിയ ദിവസവും:

ഒരിക്കലൊരു കുസൃതിക്കുട്ടി ചാച്ചാജിയോടു ചോദിച്ചു: ചാച്ചാജി, അങ്ങയ്ക്ക് ഏറ്റവും കൂടുതലും കുറവും ഭാരം ഉണ്ടായിരുന്നതെപ്പോഴായിരുന്നു .
നെഹ്രുജി ഒട്ടും ചിന്തിക്കാതെ തന്നെ പറഞ്ഞു: ഞാന്‍ അഹ് മദ് നഗര്‍ ജെയിലില്‍ ആയിരുന്നപോള്‍ എന്റെ ഭാരം 70 കിലോഗ്രാം ആയിരുന്നു അതായിരുന്നു എന്റെ ഏറ്റവും കൂടിയ ഭാരം, ഏറ്റവും കുറഞ്ഞ ഭാരം 3 കിലോഗ്രാമും , ഞാന്‍ പിറന്നു വീണപ്പോഴത്തെ ഭാരം!

സരളമായ ശൈലിയില്‍ സംസാരിച്ചിരുന്ന, പ്രായത്തെ മറന്ന് കുട്ടികള്‍ക്കിടയില്‍ ഒരാളായി മാറി അവര്‍ക്കൊപ്പം കളിച്ചിരുന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ ഈ ജന്മദിനാഘോഷ വേളയിലെ ശിശുദിനം എന്നെത്തേയും പോലെ മനോഹരദിനമാകട്ടെ എന്നാശംസിക്കുന്നു.


Keywords:  Article, Prime Minister, Celebration, Children, November 14: Birthday of a Prime Minister who loved children
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia