ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു കഷണം കല്ലുപ്പും പച്ചവെള്ളവും മാത്രമുള്ള വിനയം നിറഞ്ഞ നോമ്പുതുറ.
● ഇന്നത്തെ ഇഫ്താർ സംഗമങ്ങളിലെ പണക്കൊഴുപ്പിനോടും പ്രകടനപരതയോടുമുള്ള വിയോജിപ്പ്.
● ഫിത്വർ സകാത്ത് ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്ന പഴയകാല തിരിച്ചറിവ്.
● മുസ്ലിയാരുടെ അടുത്ത് കൊണ്ടുപോയി അറുക്കുന്ന നാടൻ കോഴിയും നെയ്ച്ചോറിന്റെ രുചിയും.
● ആത്മവിശുദ്ധിയേക്കാൾ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇന്നത്തെ രീതികളിലെ സങ്കടം.
ഓർമ്മച്ചീളുകൾ ഭാഗം 01/ കൂക്കാനം റഹ്‌മാൻ
(KVARTHA) ആചാരങ്ങൾ അനാചാരങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലാകാലങ്ങളായി മതങ്ങൾ മഹത്വമായി കണ്ടുപോരുന്ന പലതിനെയും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കോലം കെടുത്തിയിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണെങ്കിലും അവയിൽ പലതും ദുരാചാരങ്ങളായി മാറിയിട്ടുണ്ട്. ആഘോഷങ്ങളും ആചാരങ്ങളും അതിൽപ്പെടുന്നു.
രണ്ടു കാലത്തെയും ജീവിതങ്ങൾ കണ്ടറിഞ്ഞവനായതുകൊണ്ടുതന്നെ പലതും കാണുമ്പോൾ അത്ഭുതവും സങ്കടവും അമ്പരപ്പും തോന്നാറുണ്ട്. എന്തിനാണ് ഇതൊക്കെയെന്ന തോന്നൽ വന്നുപോകാറുമുണ്ട്. അത് പുറത്തുപറയുമ്പോൾ പ്രായത്തിന്റേതാണെന്ന പരിഹാസവും കേൾക്കാം. ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ നോമ്പുകാലത്തെത്തന്നെ നമുക്കൊന്നു നോക്കാം. അന്നത്തെ നോമ്പും ഇന്നത്തെ നോമ്പും തമ്മിൽ ഇരുട്ടും വെളിച്ചവും പോലെ അന്തരമുണ്ട്.
അന്നത്തെ ഗ്രാമീണർ തികച്ചും നല്ല ആഴത്തിലുള്ള വിശ്വാസികളായിരുന്നു. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള ആരാധനകളോ ആഘോഷങ്ങളോ അവർ നടത്താറില്ലായിരുന്നു. ഇന്ന് കാണുന്ന നോമ്പുകാല ആരവങ്ങളോ പ്രകടനപരതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ജീവിതം നയിക്കുന്ന ഗ്രാമങ്ങൾ. അവരിൽ പലർക്കും വയറുനിറച്ച് ആഹാരം കഴിക്കാൻ പോലും ശേഷിയില്ലാത്തവരായിരുന്നു.

പള്ളികളിലെ ബാങ്ക് വിളിക്ക് മൈക്ക് സെറ്റ് പോലും ഉപയോഗത്തിലില്ലാത്ത കാലം. അതുകൊണ്ടുതന്നെ പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി ദൂരെയുള്ള ഗ്രാമങ്ങളിലുള്ളവർക്ക് ശ്രവിക്കാൻ സാധ്യമായിരുന്നില്ല. എങ്കിലും ആരാധനകളുടെ സമയം അവർക്ക് കൃത്യമായി അറിയാൻ കഴിയുമായിരുന്നു. അണുകിട വ്യത്യാസമില്ലാതെ സമയം തെറ്റാതെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം നിസ്കാരം നിർവ്വഹിക്കും. നോമ്പുകാലത്തും അങ്ങനെതന്നെയായിരുന്നു. ചിലപ്പോൾ കോഴി കൂവുന്നതിനെ ആശ്രയിച്ചായിരിക്കും സമയനിഷ്ഠ പാലിക്കുന്നത്.
നോമ്പിന്റെ പകലുകളിൽ തങ്ങളുടെ എല്ലാ ജോലികളും നോമ്പില്ലാത്ത കാലത്തെപ്പോലെതന്നെ നിർവ്വഹിക്കുമായിരുന്നു. ക്ഷീണം കാരണം വിശ്രമിക്കുന്ന ഏർപ്പാടൊന്നും അവർക്കറിയില്ല. നോമ്പ് മുറിക്കുന്ന സമയം വിളിച്ചറിയിക്കാനുള്ള ആധുനിക സംവിധാനങ്ങളും അന്നുണ്ടായിരുന്നില്ല. സൂര്യനസ്തമിക്കുന്ന സമയമൊക്കെ കൃത്യമായി അവർക്കറിയാമായിരുന്നു. അന്ന് പള്ളികളിൽ നിന്ന് ബാങ്ക് വിളിക്ക് പുറമെ ദൂരെ ദിക്കുകളിലുള്ളവർക്ക് ബാങ്ക് വിളിച്ചെന്ന് മനസ്സിലാക്കാൻ വേണ്ടി വെടി പൊട്ടിക്കാറുണ്ട്. അത് അമ്പലങ്ങളിൽ നിന്നാണോ പള്ളികളിൽ നിന്നാണോ എന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ അന്ന് അതായിരുന്നു ഞങ്ങളുടെ ബാങ്ക്. ‘വെടി കേട്ടില്ലേ, നോമ്പു തുറക്കാനായി’ എന്ന് ഉമ്മുമ്മ ഉറക്കെ പറയുന്നത് ഇന്നും ഓർമ്മയുണ്ട്.
അന്നത്തെ നോമ്പുതുറ ഓർക്കുമ്പോഴാണ് മനസ്സിൽ വേദന തോന്നുന്നത്. ഒരു കഷണം കല്ലുപ്പ് വായിലിട്ട് പച്ചവെള്ളം കുടിച്ചാണ് നോമ്പ് മുറിക്കുക. ഇന്ന് തീൻമേശയിലൊരുക്കിവെച്ചിരിക്കുന്ന വിഭവസമൃദ്ധമായ നോമ്പുതുറ വിഭവങ്ങൾ കാണുമ്പോൾ ഇപ്പോഴും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ആ ചിത്രംതന്നെയാണ്. അന്ന് അതൊക്കെ അന്യമാണെങ്കിലും ഇന്നത് കാണുമ്പോൾ സന്തോഷവും സങ്കടവും കടന്നുവരാറുണ്ട്.
അന്ന് ആകെ ഉണ്ടാകുന്നത് ഒരു ദോശയും അതിന്റെ കൂടെ പരിപ്പുകറിയോ വിലകുറഞ്ഞ മീൻ കൊണ്ടുണ്ടാക്കിയ കറിയോ ആവും. ഇന്നത്തെപ്പോലെ പലതരം വിഭവങ്ങളോ പലഹാരങ്ങളോ ഇല്ലായിരുന്നു. എങ്കിലും ഈ വിശേഷവിഭവത്തിൽ പങ്കാളികളാകാൻ നോമ്പ് അനുഷ്ഠിക്കാത്ത കുട്ടികളായ ഞങ്ങളും ഉണ്ടാകും. അതുകൊണ്ട് നോമ്പനുഷ്ഠിച്ചവരുടെ അല്പം പങ്ക് ഞങ്ങൾക്ക് തരേണ്ടി വരും. അതിനാൽ അവരുടെ അരവയർ പിന്നെയും കാലിയായിരിക്കും.
പണക്കൊഴുപ്പിന്റെ പകിട്ട് കാണിച്ചുകൊണ്ട് നടത്തുന്ന ഇന്നത്തെ നോമ്പുതുറയും പ്രകടനപരതയ്ക്ക് പ്രാധാന്യം നൽകി നടത്തുന്ന ‘ഇഫ്താർ സംഗമവും’ അന്ന് അന്യമായിരുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലും തറവാടുകളിലും നോമ്പുതുറയ്ക്ക് കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിക്കാറുണ്ടായിരുന്നുള്ളൂ.
നോമ്പ് മുപ്പതു നോക്കി വീട്ടിയാൽ അടുത്ത ആഘോഷം ചെറിയ പെരുന്നാളാണ്. ചെറിയ പെരുന്നാളിന്റെ നാളിലാണ് ആകെ വയറുനിറച്ച് ആഹാരം കിട്ടുക. സമ്പന്ന വീടുകളിൽ നിന്ന് ‘ഫിത്വർ’ സകാത്തിന്റെ അരിയും പണവും ദരിദ്ര വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്ന പതിവായിരുന്നു അന്നുണ്ടായിരുന്നത്. അത് ഔദാര്യമായിട്ടല്ല അന്നത്തെ പാവപ്പെട്ടവരും അത് നൽകുന്നവരും കരുതിയത്. തങ്ങളുടെ ബാധ്യതയെന്ന് കൊടുക്കുന്നവരും അത് സ്വീകരിക്കുന്നത് അവകാശമാണെന്ന് വാങ്ങുന്നവരും തിരിച്ചറിഞ്ഞിരുന്നു.
കവലകൾ തോറും കൈനീട്ടി സകാത്തിന് വേണ്ടി നീങ്ങുന്നവരെയോ പകലന്തിയോളം ഷോപ്പിങ്ങിനിറങ്ങുന്നവരെയോ അന്ന് കാണാനില്ലായിരുന്നു. അടങ്ങിയൊതുങ്ങി തങ്ങളുടെ കർമ്മങ്ങൾ ചെയ്യുകയും കുടുംബത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുകയുമായിരുന്നു അന്നത്തെ കുടുംബിനികൾ. ദാരിദ്ര്യമാണ് മുഖ്യാതിഥിയെങ്കിലും പെരുന്നാളോർമ്മ സന്തോഷത്തിന്റേതു മാത്രമായിരുന്നു. പക്ഷേ, അതിനും വ്യത്യാസങ്ങൾ ഒരുപാടുണ്ട്.
എല്ലാ വീടുകളിലും നെയ്ച്ചോറും കോഴിയിറച്ചിയുമായിരിക്കും അന്നത്തെ പ്രധാന വിഭവം. അതിനും ഒരു പ്രത്യേകതയുണ്ട്. കോഴിയെ പിടിക്കുന്നതും അറുത്തുകൊണ്ടുവരുന്നതും കുട്ടികളായ ഞങ്ങളുടെ ചുമതലയാണ്. വീടുകളിൽ നാടൻ കോഴി വളർത്തുന്ന പതിവുണ്ടായിരുന്നു. അതിനൊന്നിനെ ഓടിച്ചിട്ടു പിടിക്കും. അറുക്കാനായി അടുത്തുള്ള മുസ്ലിയാരുടെ വീട്ടിലേക്ക് കൊണ്ടുപോകണം. കത്തി മൂർച്ചവരുത്തി വെള്ളം ഒരുക്കിവെച്ച് കോഴിയുടെ കഴുത്ത് അറുക്കാൻ പാകത്തിൽ മുസ്ലിയാർ പിടിച്ചുതരും. അത് ഞങ്ങൾ പിടിച്ചുകൊടുക്കണം. അറുത്തുകഴിഞ്ഞാൽ പിടിവിടും. പിന്നെ അതിന്റെ മരണപ്പിടച്ചിൽ കാണും. ദുഃഖം മനസ്സിൽ ഉണ്ടാവുമെങ്കിലും അതിന്റെ ഇറച്ചി തിന്നാനുള്ള കൊതിയിൽ സന്തോഷം കൊള്ളും.
കോഴിയുടെ രണ്ട് ചിറകിനടിയിലേക്കും തല വെച്ച് ചിറകിൽ പിടിച്ച് വീട്ടിലേക്ക് വരണം. തടുപ്പ കമിഴ്ത്തിവെച്ച് അതിനു മുകളിലാണ് അറുത്ത കോഴിയെ വെക്കുക. പിന്നീട് അതിനെ കറിക്കു വേണ്ടി തയ്യാറാക്കുന്നതുവരെ പിള്ളേരായ ഞങ്ങൾ അതിന്റെ പുറകെതന്നെയായിരിക്കും. അന്നത്തെ ആ നെയ്ച്ചോറിന്റെയും കോഴിക്കറിയുടെയും രുചി ചിന്തിക്കുമ്പോൾ ഇന്നും നാവിൻതുമ്പത്ത് വെള്ളമൂറും.
ഒരു വലിയ പാത്രത്തിൽ നിറയെ നെയ്ച്ചോറ് വിളമ്പിവെക്കും. ചോറിന്റെ മധ്യത്തിലായി പൊരിച്ച കോഴിക്കാൽ വെച്ചിട്ടുണ്ടാകും. കുറച്ച് ഇറച്ചി മാത്രമേ ഞങ്ങൾക്ക് കിട്ടൂ. പൊരിച്ച കോഴിക്കാൽ കൂട്ടത്തിലെ വലിയ ആൾ എടുത്തുപിടിക്കും. മറ്റുള്ളവരോട് ഇറച്ചി പറിച്ചെടുക്കാൻ പറയും. പിടിയും വലിയും കഴിഞ്ഞാൽ ഇറച്ചി കഷണം കയ്യിൽ വരും. അതായിരുന്നു രീതി. അതുകഴിഞ്ഞാൽ പിന്നെ ആരാധനയുടെ നേരമാണ്.
പള്ളിയിലെ പെരുന്നാൾ നമസ്കാരം. അതിന് പോകുമ്പോഴാണ് പുത്തനുടുപ്പിന്റെ നറുമണം നിറയുക. അതും ധരിച്ചുകൊണ്ട് അടുത്ത ബന്ധുവീടുകളിലെ സന്ദർശനം. ഇതിനപ്പുറം അന്നത്തെ പെരുന്നാളില്ല.
പെരുന്നാൾ ഫെസ്റ്റുകളും ഷോകളും ഇല്ലാത്ത, കച്ചവടതന്ത്രങ്ങളില്ലാത്ത അക്കാലത്തെയും ഇതെല്ലാമുള്ള ഇക്കാലത്തെയും നോമ്പിനും പെരുന്നാളിനും ഒരുപാട് വ്യത്യാസങ്ങളുണ്ട്. കാലം മാറുംതോറും ആരാധനാ സമ്പ്രദായത്തിലും ആഡംബരത്തിലും ഭക്ഷണക്രമത്തിലും മാറ്റം വരാം. പക്ഷേ, ആദ്യകാല ഭയഭക്തിയുടെയും കർമ്മങ്ങളുടെയും പവിത്രത കുറഞ്ഞുവരുന്നതായാണ് പൊതുവിൽ കണ്ടുവരുന്നത്. നോമ്പ് എന്നത് പവിത്രമായ ആരാധനയുടെയും ആത്മശുദ്ധിയുടെയും നാളുകളാണ്; അതിനെയാണ് ഇന്ന് ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. മാറ്റത്തിനനുസരിച്ച് മാറുക എന്നതിൽ പരം മറ്റൊന്നും നമുക്കതിൽ ചെയ്യാനുമില്ല
ഏഴ് പതിറ്റാണ്ട് മുൻപത്തെ ഈ മനോഹരമായ നോമ്പ് ഓർമ്മകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെ ഈ വാർത്തയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. പഴയകാലത്തെ ലാളിത്യം നിറഞ്ഞ പെരുന്നാൾ ആഘോഷങ്ങൾ ഓർക്കുന്നുണ്ടോ? ഈ ലേഖനം സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.
Article Summary: Kookkanam Rahman reflects on simple Ramadan and Eid traditions of 70 years ago.
#RamadanMemories #OldKerala #KookkanamRahman #EidTraditions #Nostalgia #Lifestyle
