മുറുക്കാൻ പെട്ടിയും സുറുമക്കുപ്പിയും: നഷ്ടപ്പെട്ട കാലത്തിൻ്റെ ഓർമപ്പെടുത്തൽ

 
Conceptual image showing a traditional brass betel nut box (murukkan petti) and a surma bottle evoking nostalgia.

Representational Image Generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും പുകയിലയും ചേർന്ന മുറുക്കാൻ പെട്ടിയുടെ ഗന്ധം ലേഖകൻ ഓർത്തെടുക്കുന്നു.
● മുറുക്കാൻ കൊടുക്കുന്നത് പഴയ കാലത്തെ സ്നേഹത്തിന്റെയും സൽക്കാരത്തിന്റെയും ഭാഗമായിരുന്നു.
● ഉമ്മാമ്മയുടെ സുറുമയിട്ട കണ്ണുകളും മുറുക്കി ചുവന്ന ചുണ്ടുകളും ലേഖകൻ മനോഹരമായി വർണ്ണിക്കുന്നു.
● സാമ്പത്തിക സ്ഥിതിയനുസരിച്ച് ഓരോ വീടുകളിലെയും മുറുക്കാൻ പെട്ടികളുടെ വ്യത്യാസം എടുത്തുകാണിക്കുന്നു.
● കാലം മാറിയെങ്കിലും ഉമ്മാമ്മയുടെ മുറുക്കാൻ പെട്ടി നഷ്ടപ്പെട്ട കാലത്തിന്റെ ആത്മാവായി ഇപ്പോഴും നിലനിൽക്കുന്നു.

ഓർമ്മച്ചീളുകൾ ഭാഗം 11/ കൂക്കാനം റഹ്‌മാൻ  

(KVARTHA) 'മോനേ.. കട്ടിലിൻ്റെ അടിയിൽ നിന്ന് ആ തുമ്മാൻ പെട്ടി ഇങ്ങോട്ടെടുത്തേ.'

അത് കേട്ടതും ട്രൗസർ മാത്രമിട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരഞ്ചുവയസ്സുകാരൻ ഉമ്മറപ്പടിയും കടന്ന് അകത്തേക്ക് ഓടിപ്പോയി. പെട്ടെന്നാണ് വാതിൽ പടിയിൽ തട്ടി ഞാൻ മറിഞ്ഞുവീണത്. പേടിയും വേദനയും കൊണ്ട് പിടഞ്ഞുപോയ ഞാൻ അതേ നിമിഷം എഴുന്നേറ്റ് നിൽക്കുകയാണ്. പോട്ടെ സാരമില്ലെന്ന പറച്ചിലിന് കാതോർത്താണ് അതുവരെ ഉമ്മറപ്പടിയിൽ കാല് നീട്ടിയിരുന്ന ഉമ്മാമ്മയിലേക്ക് തല തിരിച്ചുനോക്കിയത്.

Aster mims 04/11/2022

നോക്കുമ്പോൾ എവിടെ നിന്നോ ശക്തമായ കാറ്റിൽ ഉമ്മാമ്മ മേലോട്ട് പറന്നുപോവുകയാണ്. അത് കണ്ടതും ഹൃദയം പൊട്ടുമാറുച്ചത്തിൽ ഒറ്റ വിളി; 'ഉമ്മാമ്മാ...'

മായാത്ത ഓർമകൾ

ആ വിളിയോട് കിടക്കയിൽ നിന്നും ഞാൻ എഴുന്നേറ്റിരുന്നു പോയി. ഉച്ചയൂണ് കഴിഞ്ഞുള്ള പതിവുറക്കത്തിലാണ് ഇതുവരെ ഇല്ലാത്ത വല്ലാത്തൊരു സ്വപ്നം കയറിവന്നത്. ആകെ വിയർത്തു കുളിച്ചിട്ടുണ്ട്. സ്വപ്നമാണെന്ന് തിരിച്ചറിയാൻ അല്പം വൈകി. അത്രമാത്രം അവ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഉമ്മാമ്മ ഓർമയായിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. പക്ഷേ ഇപ്പോഴും ആ വിളി കാതിൽ തന്നെയുള്ളത് പോലെ തോന്നി.

nostalgic memory grandmother betel nut box surma bottle

ചിലപ്പോഴൊക്കെ കൈവിരലുകൾക്കിടയിലൂടെ ഊർന്നുപോകുന്ന മണൽത്തരികൾ പോലെയാണ് കാലം. എത്ര മുറുകെ പിടിക്കാൻ ശ്രമിച്ചാലും അവ ഊർന്നുപോവുക തന്നെ ചെയ്യും. ഒടുവിലതെല്ലാം വെറും ഓർമകളായി മാത്രം അവശേഷിക്കും. 

ആ ഓർമകളാണ് ഇന്നത്തെ എൻ്റെ ഉറക്കം കവർന്നെടുത്തതും. കാലം മായ്ച്ചുകളയാത്ത ആ മണവും ശബ്ദവും എൻ്റെ ഉള്ളിൽ മഴപോലെ പെയ്യുകയാണിപ്പോൾ. ആ പഴയ ഓടിട്ട തറവാട്ടു വീട്ടിലെ ഉമ്മറത്ത്, ചുണ്ണാമ്പിൻ്റെയും വെറ്റിലയുടെയും ഗന്ധവുമായി എന്നും ചിരിതൂകിയിരിക്കുന്ന എൻ്റെ പ്രിയപ്പെട്ട ഉമ്മാമ്മ.

കണ്ണൊന്ന് ഇറുകെയടച്ചാൽ മതി. മുന്നിൽ തെളിയുന്നത് ആ പഴയ ഓടിട്ട തറവാട്ടു വീടും മഴ പെയ്യുമ്പോൾ ഓടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ ചുറ്റും തീർക്കുന്ന സംഗീതമാണ്. ആ പ്രഭാതങ്ങൾക്ക് ഉമ്മാമ്മയുടെ മണമാണ്. തുമ്മാൻ പെട്ടിയും സുറുമക്കുപ്പിയും സാക്ഷ്യം വഹിച്ച എൻ്റെ ബാല്യകാലത്തിൻ്റെ മണം.

തുമ്മാൻ പെട്ടിയും കോളാമ്പിയും

ആ വീടിൻ്റെ ഉമ്മറത്ത്, മരപ്പലകയിലിരുന്ന് കാലം ഒഴുക്കിവിട്ട ഓർമകളുടെ കണക്കെടുക്കുന്ന ഉമ്മാമ്മയെ ഞാനിന്നും കാണുന്നുണ്ട്. അരികിൽ ഒരു തുമ്മാൻ പെട്ടിയുമുണ്ടാകും. അന്ന് അതൊരു അവിഭാജ്യ ഘടകമായിരുന്നു. രാവിലെ ഉറക്കമുണർന്നാൽ പിന്നെ ഉമ്മാമ്മയുടെ ആദ്യത്തെ ജോലി ആ പെട്ടി തുറക്കുകയെന്നതാണ്. 

അതിലെ അടയ്ക്ക വെട്ടിയെടുക്കുന്ന കത്രികയുടെ ക്ലിക്കിങ് ശബ്ദം കേട്ടാണ് ഞാൻ പലപ്പോഴും ഉണർന്നിരുന്നത്. മൊഞ്ചിൽ തല ചീകി ഒതുക്കി, കണ്ണിൽ സുറുമയിട്ട് തലയിൽ തൂവെള്ള തട്ടമിട്ട ഒരു മൊഞ്ചത്തിയായിട്ടായിരിക്കും ആ ഇരുത്തം.

കാട്ടുമരത്തിൽ പണിത ചുറ്റും പിച്ചള തകിട് പിടിപ്പിച്ചതായിരുന്നു ഉമ്മാമ്മയുടെ തുമ്മാൻ പെട്ടി. അതിൽ ചെറിയ കൊത്തുപണികളും കാണാം. അകത്ത് അടയ്ക്ക പൊളിക്കുന്ന ചെറിയൊരു കത്രികയുമുണ്ടാകും. ആ തുമ്മാൻ ചവയ്ക്കാൻ ഒരുങ്ങുന്നത് കാണാൻ തന്നെ വല്ലാത്തൊരു രസമായിരുന്നു. 

ആദ്യം പൊട്ടിച്ചു വെച്ച അടക്കാ കഷ്ണങ്ങൾ വായിലേക്കിടും. പിന്നെ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച്, പുകയില ഒരു തുണ്ട് അതിനുള്ളിൽ പൊതിഞ്ഞു നാല് സൈഡും മടക്കി വായിലേക്ക് വെക്കും. പിന്നെ കുറച്ചുനേരം നീട്ടിയൊരു ചവക്കലാണ്. 

അത് കഴിഞ്ഞാൽ വായുടെ രണ്ട് സൈഡിൽ കൂടെ പുറത്തേക്ക് വരാൻ വെമ്പുന്ന തുമ്മാൻ ചാറ് കളയുന്ന പണിയാണ്. അതിനും ഒരു പ്രത്യേക പാത്രമുണ്ട്; ഒരു ചെറിയ തുപ്പൽ കോളാമ്പി. അത് വായുടെ അടുത്തേക്ക് പിടിച്ച് നീട്ടിയൊരു തുപ്പലാണ്. പിന്നെയും അതിങ്ങനെ അയവിറക്കും. അത് ചിലപ്പോൾ മണിക്കൂറുകളോളം നീളും.

ആ പെട്ടി തുറക്കുമ്പോൾ തന്നെ വെറ്റിലയുടെയും പുകയിലയുടെയും ഗന്ധം ഉയർന്നുവരും. വീടിൻ്റെ ഓരോ മൂലയിലും ആ ഗന്ധം പടർന്നുപിടിക്കാറുണ്ട്. ഞങ്ങളുടെ തറവാടിൻ്റെ ഐശ്വര്യമായിരുന്നു ആ മുറുക്കാൻ പെട്ടി. വിരുന്നുകാർ വരുമ്പോൾ ഉമ്മാമ്മയുടെ ഉള്ളം കൈയിലുള്ള ആ പെട്ടി അവർക്ക് മുന്നിലേക്ക് ഒരു നീട്ടലാണ്. 

'ഒന്ന് മുറുക്കിയാലോ?' എന്ന സ്നേഹപൂർവമായ ഒരു ചോദ്യവും. ആ ചോദ്യത്തിൽ ഒരു വലിയ സൽക്കാരത്തിൻ്റെ എല്ലാ കരുതലുമുണ്ടാവും. അന്നൊക്കെ ഒരു സൽക്കാര രീതി കൂടെയായിരുന്നു ഈ മുറുക്കാൻ കൊടുക്കൽ. അങ്ങനെ വരുന്നവർക്ക് എല്ലാവർക്കും കൊടുക്കുകയുമില്ല. ആളും തരവും നോക്കിയേ കൊടുക്കാറുള്ളു. പിന്നെ വിശേഷപ്പെട്ട ദിവസങ്ങളിൽ തറവാട്ടിലെ മരച്ചെല്ലം ഉമ്മാമ്മ മിനുക്കി വെക്കും.

എല്ലാ വീട്ടിലും ഒരേ പെട്ടി ആവില്ല ഉണ്ടായിരുന്നത്. അവനവൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അതിന് മാറ്റം വരും. തകരയിലോ ഈട്ടിത്തടിയിലോ പ്ലാസ്റ്റിക്കിലോ ഒക്കെ ഒതുങ്ങുന്ന പെട്ടികളായിരിക്കും. എന്നാൽ ഞങ്ങളുടേത് പോലെ അല്പം കുലീനതയുള്ള വീടുകളിൽ കൊത്തുപണികളുള്ള ചെല്ലങ്ങളായിരുന്നു പതിവ്. വെള്ളിയോ വെള്ളിയിൽ പൊതിഞ്ഞതോ ആയ മുറുക്കാൻ ചെല്ലങ്ങളും അന്നുണ്ടായിരുന്നു. അതിൽ കല്ലുകൾ പതിപ്പിച്ചിട്ടുണ്ടാകും. ഒരു വലിയ കുടുംബത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന ഒന്നായിരുന്നു അന്നത്തെ ആ ചെല്ലങ്ങൾ.

കൊച്ചു സുറുമക്കുപ്പി

ഞങ്ങളുടെ വീട്ടിലുള്ളതിന് മറ്റൊരു പ്രത്യേകത കൂടെയുണ്ടായിരുന്നു. എന്താണെന്നറിയുമോ? ഉമ്മാമ്മയുടെ ചെല്ലത്തിനുള്ളിൽ ഒരു കൊച്ചു സുറുമക്കുപ്പി കൂടെ ഉണ്ടായിരുന്നു. വിരലുകൾ കൊണ്ടൊന്നുമല്ല ഉമ്മാമ്മ കണ്ണിൽ സുറുമ തേക്കുന്നത്. അതിനായി ചെറിയൊരു കോല് പോലത്തെ സാധനവും ഉണ്ടാകും. 

വെറ്റില ചവച്ചു ചുവന്ന ചുണ്ടുകളും സുറുമ ഇട്ട കണ്ണുകളും കൂടെയാവുമ്പോൾ ആ മുഖത്തിന് വല്ലാത്തൊരു ചേലായിരുന്നു. 'കണ്ണിന് തണുപ്പും തെളിച്ചവും കിട്ടാൻ ഇത് കൂടിയേ തീരൂ മക്കളെ' എന്ന് പറഞ്ഞ് ഉമ്മാമ്മ എനിക്കും ഇടക്ക് സുറുമ തൊട്ടുതരുമായിരുന്നു. വിരുന്നുകാരായ തരുണികൾ ഉമ്മാമ്മയോട് ആ കുപ്പി ചോദിച്ചു വാങ്ങി കണ്ണിൽ തേക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കാറുണ്ട്.

സുറുമക്കുപ്പിയുടെ കാര്യവും വ്യത്യസ്തമല്ല. കാച്ചിയ മഷി നിറച്ച ചെറിയ ഗ്ലാസ് കുപ്പി മുതൽ, വെള്ളിയിൽ തീർത്ത കൊത്തുപണികളുള്ള സുറുമ ദാനി വരെ ആ കാലത്തിൻ്റെ അടയാളങ്ങളായി നിലനിന്നിരുന്നു.

കാലത്തിൻ്റെ ആത്മാവ്

കാലം മാറിയപ്പോൾ തറവാടുകൾ മോഡികളുടെ തണുപ്പിലേക്ക് മാറി. പക്ഷെ ഉമ്മാമ്മയുടെ ആ പഴയ മുറുക്കാൻ പെട്ടി ഇപ്പോഴും എൻ്റെ കയ്യിലുണ്ട്. ഇന്നത്തെ ആധുനികമായ ജീവിതത്തിൽ, കോളാമ്പിയുടെ താളവും മുറുക്കാൻ ചവയ്ക്കുന്ന ശബ്ദവും കേൾക്കാനില്ല. എങ്കിലും, വല്ലപ്പോഴും കടന്നുവരുന്ന ഇളം കാറ്റിൽ അത്തരമൊരു ഗന്ധം അനുഭവിക്കുമ്പോൾ, ഞാൻ വീണ്ടും ആ തറവാട്ടുമ്മറത്തെ ചാരുപടിയിൽ ഉമ്മാമ്മയ്ക്ക് അരികിലിരിക്കുന്ന ചെറിയ കുട്ടിയായി മാറും.

ഉമ്മാമ്മ പോയെങ്കിലും ആ തുമ്മാൻ പെട്ടിയിലെ ചുണ്ണാമ്പിൻ്റെ മണം എൻ്റെ ഓർമകളിൽ ഇന്നും മായാതെ നിൽക്കുന്നു. ചിലപ്പോൾ തോന്നും, ഉമ്മാമ്മ ഇന്നും ആ ഉമ്മറത്തുണ്ടെന്ന്. പിച്ചള ചെല്ലം തുറന്ന്, അടയ്ക്ക വെട്ടി, സ്നേഹം ചേർത്ത് മുറുക്കാൻ മടക്കി എനിക്കായി കാത്തിരിക്കുന്നുണ്ടാകുമെന്ന്. 

എഴുപതാം വയസ്സിലും ആ ഓർമകൾക്ക് ഇത്രയേറെ വീര്യമുണ്ടെന്നത് എന്നെ അമ്പരപ്പിക്കുന്നുണ്ട്. ഓരോ തവണ ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ, ഉമ്മാമ്മ തേച്ചുതന്ന സുറുമയുടെ ആ പഴയ ഓർമ കണ്ണുകളിലിങ്ങനെ തെളിഞ്ഞുവരാറുണ്ട്. അല്ലെങ്കിലും ചില ഓർമകൾ അങ്ങനെയാണ്, സമയം ചെല്ലുംതോറും അതിന് വീര്യം കൂടിക്കൊണ്ടേയിരിക്കും.

ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട് ആ തുമ്മാൻ പെട്ടിയിലെ ചുണ്ണാമ്പിൻ്റെയും വെറ്റിലയുടെയും ഗന്ധം, അത് കേവലം ഒരു മുറുക്കാൻ മാത്രമല്ലായിരുന്നു. നഷ്ടപ്പെട്ടുപോയ ഒരു കാലത്തിൻ്റെ ആത്മാവ് കൂടിയായിരുന്നു എന്ന്.

ഓർമകൾ ഉണർത്തുന്ന ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A nostalgic memoir recounting the author's deeply emotional connection to their grandmother's traditional betel nut box (murukkan petti) and surma bottle, beautifully depicting how these simple objects encapsulate the lost warmth, culture, and memories of a bygone era.

#Nostalgia #MalayalamStory #ChildhoodMemories #KeralaTradition #MalayalamFeature #GrandmotherLove #MalayalamLiterature

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia