വേരുകൾ തിരയുന്ന ഓർമ്മകൾ: മുറ്റത്തെ ആ പഴയ കലപിലകളുടെ നാട്ടുതാളം
ADVERTISEMENT
● കോഴികൾ മുട്ടയിടുന്നതും അത് ശേഖരിക്കുന്നതും കുട്ടികളുടെ കൗതുകം
● അടയിരിപ്പും കുഞ്ഞുങ്ങളുടെ ജനനവും ജീവിതത്തിലെ അത്ഭുതക്കാഴ്ചകൾ
● തള്ളക്കോഴികളുടെ സ്നേഹവും പരുന്തിൽ നിന്നുള്ള രക്ഷാപ്രവർത്തനവും
● വീട്ടിലെ വിശേഷദിവസങ്ങളിൽ കോഴികളെ വളർത്തിയിരുന്ന രീതികൾ
● നാടൻ മുട്ടകളുടെ ഗുണമേന്മയും ആരോഗ്യ സംരക്ഷണവും
● ആധുനിക കാലത്തെ കോൺക്രീറ്റ് കൂടുകളിൽ നഷ്ടമായ ലളിത സംഗീതം
ഓർമ്മച്ചീളുകൾ ഭാഗം 14/ കൂക്കാനം റഹ്‌മാൻ
(KVARTHA) എൻ്റെ ഓർമ്മകൾക്ക് എപ്പോഴും ഒരു പഴയ വീടിൻ്റെ മണമാണ്. വെയിൽ വീണുകിടക്കുന്ന മൺമുറ്റത്തിൻ്റെ ചൂടും, ഇടവപ്പാതിയിലെ നനഞ്ഞ മണ്ണും കലർന്ന വല്ലാത്തൊരു ഗന്ധം. പ്രകൃതിയും മനുഷ്യനും ഇടകലർന്നു ജീവിച്ചിരുന്ന ഒരു വസന്തകാലം. ഇന്നും ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, എത്രയോ വസന്തങ്ങൾ പിന്നിട്ടിട്ടും എൻ്റെ മനസ്സ് തിരികെ ചെന്നെത്തുന്നത് ആ പഴയ വീടിൻ്റെ വരാന്തയിലേക്ക് തന്നെയാണ്. അവിടെ മനുഷ്യനോട് അത്രയും ചേർന്നു വാണിരുന്ന ഒരു കൂട്ടമുണ്ടായിരുന്നു. കോഴികൾ. അവരുടെ ഒരു കൊച്ചു ലോകമാണ് ഓരോ വീടിൻ്റെ മുറ്റങ്ങളും. ഇന്നത്തെ വീടുകളിൽ അലങ്കാരങ്ങൾക്കാണ് സ്ഥാനമെങ്കിൽ അന്ന് വീടിൻ്റെ ഐശ്വര്യമായിരുന്നു വീട്ടുമുറ്റത്തെ കോഴികൾ. പുള്ളിപ്പൂവൻ, ചില്ലൻ, നാടൻ കോഴികൾ അങ്ങനെ വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു ഓരോ വീട്ടുമുറ്റങ്ങളും. നമ്മുടെ പുതിയ തലമുറയ്ക്ക് തീർത്തും അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സുവർണ കാലഘട്ടത്തിൻ്റെ നേർചിത്രമാണ് ഈ ഓർമ്മകൾ വരച്ചുകാട്ടുന്നത്.
പ്രഭാതങ്ങളിലെ നാട്ടുതാളം
അന്നത്തെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക താളമുണ്ടായിരുന്നു. ഇന്നത്തെ അലാമിൻ്റെ മണികളോ, പാൽക്കാരൻ്റെ നീട്ടിയ വിളികളോ, പത്രത്തിൻ്റെ ബെല്ലുകളോ ഉണ്ടായിരുന്നില്ല. പുലർച്ചെ കൂവുന്ന പുള്ളിപ്പൂവൻ്റെ ഗാംഭീര്യമാർന്ന ശബ്ദത്തിൽ ആയിരുന്നു ഞങ്ങളുടെ പ്രഭാതങ്ങൾ തുടങ്ങിയിരുന്നത്. അത് കേട്ട ഉടനെ വീടുണരും. കോഴി കൂകിയെന്ന് പറഞ്ഞാണ് ഉമ്മ കിടക്കപ്പായയിൽ നിന്ന് തല ഉയർത്തുന്നത് തന്നെ. സന്ധ്യയ്ക്ക് വരാന്തയിലെ ഇരുളിലേക്ക് ചേക്കേറുന്ന കോഴികളുടെ ചിറകടികൾ വരെ നീളുന്ന ഒരു താളം അന്നത്തെ വീടിനുണ്ടായിരുന്നു. കുട്ടികളായ ഞങ്ങളും കോഴികളും ഒരുപോലെയായിരുന്നു. പറമ്പും മുറ്റവും വെറും മണ്ണായിരുന്നില്ല, അത് ഞങ്ങളുടെ സ്വതന്ത്രമായ വിഹാര രംഗമായിരുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള ഇത്തരം ജീവിതരീതികൾ കുട്ടികളിൽ വലിയ മാനസിക ഉല്ലാസമാണ് അന്ന് സൃഷ്ടിച്ചിരുന്നത്.
സന്ധ്യാനേരത്തെ ചേക്കേറലും കുസൃതികളും
വൈകുന്നേരം വരെ അവരുടെ ലോകത്ത് അവർ സ്വതന്ത്രരായിരിക്കും. വലിയ മതിൽ കെട്ടുകളോ, വേലികളോ അവരെ ബാധിക്കാറില്ല. ചപ്പും ചവറും ചിക്കിചികഞ്ഞു അന്നന്നത്തെ വക അവർ സ്വയം കണ്ടെത്തുമായിരുന്നു. വൈകുന്നേരമായാൽ തങ്ങളുടെ നിശ്ചിത സ്ഥാനങ്ങളിൽ, അവർ തന്നെ ചേക്കേറും. അന്നത്തെ കോഴികൾക്ക് കൂടുകൾ എന്നതിലുപരി, ഇരുൾ വീഴുന്നതോടെ അദൃശ്യമായ ഒരു ഒത്തുചേരലിൻ്റെ സുരക്ഷിതത്വമായിരുന്നു ഓരോ വീടുകളും. അന്ന് കോഴികൾക്ക് പ്രത്യേക കൂടുകളൊന്നും ഇല്ലായിരുന്നു. വീടിൻ്റെ വരാന്തയിലോ, അടുക്കളപ്പുറത്തോ, മരക്കൊമ്പിലോ ഒക്കെ അവ സ്ഥാനം പിടിക്കും. ആവലാതികളോ വേവലാതികളോ ഇല്ല. അല്പം കുസൃതി നിറഞ്ഞവർ ഉണ്ടെങ്കിൽ സന്ധ്യ ആയാലും അലഞ്ഞു തിരിഞ്ഞു നടക്കും. അവരെ മാത്രം ഞങ്ങൾ കുട്ടികൾ ഒന്ന് പേടിപ്പിച്ചു വീട്ടിനകത്ത് കയറ്റണം.
പിന്നെ നാലഞ്ച് പിടകൾക്ക് കൂട്ടിനായി ഒരു പൂവൻ കോഴിയുണ്ടാകും. അത് ഇടക്കിടെ പിടകളെ ഉപദ്രവിക്കുന്നത് പോലെ തക്കം പാർത്ത് പിടയുടെ മുകളിൽ കയറി തലയിലെ പൂടയിൽ കൊത്തി പിടിച്ചു നിൽക്കും. അതോടെ പിട വല്ലാതെ ബഹളം വെക്കും അത് കാണുമ്പോൾ ഞങ്ങൾ കുട്ടികൾ പൂവനെ ആട്ടി ഓടിക്കാൻ ശ്രമിക്കും. പക്ഷെ ഉമ്മയും ഉമ്മാമ്മയും അത് തടയും. ഏടാ, അത് കോഴി ചെന കൂടുന്നതാടാ എന്ന് ഉറക്കെ വിളിച്ചു പറയും. അന്നതിൻ്റെ പൊരുളൊന്നും അറിയില്ലായിരുന്നുവെങ്കിലും അത് കേൾക്കുമ്പോൾ കോഴികളെ അതിന് അനുവദിച്ച് ഞങ്ങൾ ഓടി പോകും.

മുട്ടയിടലും ചൂതുമുട്ടയുടെ ഓർമ്മകളും
ഈ പ്രക്രിയ കഴിഞ്ഞു ഒരു മാസത്തോളം കഴിയുമ്പോൾ പിടക്കോഴി മുട്ടയിടാൻ തുടങ്ങും. മുട്ടയിടാൻ അവർക്ക് പ്രത്യേക സ്ഥലം തന്നെ വേണം. വീടിൻ്റെ മൂലയിലോ, ഓലമടലുകൾക്കിടയിലോ ഒക്കെ അവർ ഇടം കണ്ടെത്തും. അല്ലെങ്കിൽ മുട്ടയിടാൻ തുടങ്ങി എന്നറിയിപ്പ് കിട്ടുമ്പോൾ വീട്ടുകാർ തുണി വിരിച്ചോ പഴയ ചാക്ക് വിരിച്ചോ പൂഴി നിരത്തിയോ ഒക്കെ അവർക്ക് സ്ഥലം ഒരുക്കി കൊടുക്കും. അറിയിപ്പ് എങ്ങനെ കിട്ടുമെന്നല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്, അതും കോഴി തന്നെ അറിയിക്കും. മുട്ടയിടാൻ സമയമാകുമ്പോൾ അവർ പ്രത്യേക രീതിയിൽ ആവും ശബ്ദം പുറപ്പെടുവിക്കുക. കോഴി കൊക്കരിക്കുക എന്നാണ് അന്ന് ഞങ്ങൾ പറഞ്ഞിരുന്നത്. അത് മാത്രമല്ല മുട്ടയിട്ടു കഴിഞ്ഞാലും കോഴി അതേ പ്രത്യേക ശബ്ദം കേൾപ്പിക്കും. ഒരു അറിയിപ്പ് പോലെയാണത്, ഞാൻ എൻ്റെ കടമ നിർവഹിച്ചു എന്ന്!
ഒരു ദിവസം ഒരു മുട്ട എന്ന രീതിയിൽ ആണ്. അങ്ങനെ മുട്ടയിടുന്ന രണ്ടോ മൂന്നോ കോഴികൾ ഉണ്ടെങ്കിൽ ഒരു ദിവസം തന്നെ അത്രയും മുട്ട ലഭിക്കും. ഇരുപത്തിയൊന്ന് ദിവസം ഒക്കെയാണ് ഇങ്ങനെ അവർ മുട്ടയിടുക. അന്നത്തെ നാടൻ ഭാഷയിൽ ഇതിനെ ഒരു ചൂതുമുട്ട എന്നാണ് പറയുക. അത് ശേഖരിച്ചു വെച്ച് ചിലപ്പോൾ വില്പന നടത്തും. എങ്കിലും ഞങ്ങൾ കുട്ടികൾ ഇങ്ങനെ കൊതിയോടെ നോക്കും. ചിലപ്പോ ഒരെണ്ണം ഒക്കെ കിട്ടും. പുഴുങ്ങിയോ ഓംലറ്റ് ഉണ്ടാക്കിയോ ഒക്കെ ഉമ്മ ആരും കാണാതെ തരും. അന്നത്തെ അവസ്ഥ അങ്ങനെ ആയത് വില്പന നടത്തുകയെ വീട്ടുകാർക്ക് വഴിയുണ്ടാകൂ. അതല്ലെങ്കിൽ പിന്നെ മുട്ട അടവെക്കും. അതുവഴി കോഴിയുടെ പുതിയ ഒരു തലമുറയെ ഉണ്ടാക്കിയെടുക്കൽ ആണ് ലക്ഷ്യം. പോഷകസമൃദ്ധമായ ഈ നാടൻ മുട്ടകൾ അക്കാലത്തെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.
അടയിരിപ്പും പരുന്തിൻ്റെ റാഞ്ചലും
കോഴി ജീവിതത്തിൻ്റെ ഏറ്റവും കൗതുകകരമായ കാഴ്ചയായിരിക്കുമത്. അടയിരിക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു കൗതുകമാണ്. മുട്ട ഇടുന്നത് അവസാനിക്കുന്നതോട് കൂടി അടയിരിക്കാൻ തുടങ്ങും. മുട്ട ഇല്ലെങ്കിലും മുട്ട ഇട്ട സ്ഥലത്ത് വന്ന് അതിങ്ങനെ ഇരിപ്പ് തുടങ്ങും. അത് കാണുമ്പോൾ ആണ് ശേഖരിച്ചു വെച്ച മുട്ടകൾ വീട്ടുകാർ നിരത്തി വെച്ച് കൊടുക്കുക. അത് പിന്നെ ആ സ്ഥാനത്തുനിന്ന് ഇളകില്ല. വെള്ളവും ഭക്ഷണവും അടുത്തുവെച്ചുകൊടുക്കും. സത്യത്തിൽ അതൊരു കാത്തിരിപ്പാണ്, ജീവിതത്തിൻ്റെ ഏറ്റവും നിർമ്മലമായ ഒരു പ്രസവത്തെ വരവേൽക്കാനുള്ള കാത്തിരിപ്പ് പോലെ. ഏകദേശം ഇരുപത്തിയൊന്ന് ദിവസം കഴിഞ്ഞാൽ, ആ മുട്ടകൾക്കിടയിൽ നിന്ന് പീ.. പീ.. എന്ന ശബ്ദം കേൾക്കാം. ഒരു ജീവൻ പുറത്തേക്ക് വരുന്ന ഒരു വലിയ അത്ഭുതമായിരുന്നത്. ചെറിയ മഞ്ഞനിറത്തിലുള്ള കുഞ്ഞുങ്ങൾ. അതിങ്ങനെ അമ്മക്കോഴിയുടെ ചിറകിനടിയിൽ ഒളിച്ചിരിക്കും. അത് കാണാൻ തന്നെ എന്തൊരു ഭംഗിയായിരുന്നു!
പക്ഷെ ആ കുഞ്ഞുങ്ങളെ വളർത്തൽ അമ്മക്കോഴിയെ സംബന്ധിച്ച് വലിയ പാടാണ്. പരുന്തും കാക്കയും ഒക്കെയാണ് വില്ലന്മാർ. കണ്ണ് തെറ്റിയാൽ അവ വന്ന് റാഞ്ചി കൊണ്ട് പോകും. അതുകൊണ്ട് സദാസമയവും അമ്മക്കോഴിയുടെ ചിറകിന് അടുത്താവും കുഞ്ഞിക്കോഴികൾ ഉണ്ടാവുക. എന്തെങ്കിലും അപകടം തോന്നി കഴിഞ്ഞാൽ ഉടനെ ആ കുഞ്ഞുങ്ങളെ ചിറകിനടിയിലേക്ക് ഒതുക്കി വെക്കും. അല്പം വലുതാകുന്നത് വരെ ഈ പ്രക്രിയ തുടരും. വലുതായാൽ അവയെ സ്വയം ചിക്കി ചികയാനും ഭക്ഷണം തേടാനുമൊക്കെ പഠിപ്പിക്കും. അതുവരെ അമ്മക്കോഴി ചികഞ്ഞു ഭക്ഷണം കാണിച്ചു കൊടുക്കും. അത് കുഞ്ഞുങ്ങൾ ഇങ്ങനെ കൊത്തി തിന്നും.
അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. അന്നെനിക്ക് നാലോ അഞ്ചോ വയസ്സ് പ്രായം വരും. ഉമ്മുമ്മയും ഞാനും വീടിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. മുറ്റത്ത് വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയും എന്തോ ചികഞ്ഞു നടക്കുന്നുണ്ട്. പെട്ടെന്നാണ് ഉമ്മുമ്മാൻ്റെ ഒരു വിളി കേട്ടത്, യാ അല്ലാഹ്....നമ്മുടെ കോഴികുഞ്ഞിനെ പരുന്ത് റാഞ്ചി മോനേ.. അത് സത്യത്തിൽ ഒരു നിലവിളിയായിരുന്നു. ഞാൻ നോക്കുമ്പോൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് തള്ളക്കോഴി പരുന്തിന് പിന്നാലെ പറക്കുന്നു. ആദ്യമായിട്ടാണ് കോഴി അത്ര ഉയരത്തിൽ പറക്കുന്നത് ഞാൻ കാണുന്നത്. തൻ്റെ കുഞ്ഞിനോടുള്ള സ്നേഹത്തിൻ്റെ ആഴമാണ് ആ പറക്കൽ എന്ന് കാണുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും. തള്ളക്കോഴിയെ ഭയന്നാണോ അതോ അതിൻ്റെ ആക്രമണം ഏറ്റിട്ടാണോയെന്നറിയില്ല. എന്തായാലും റാഞ്ചിയ കോഴിക്കുഞ്ഞിനെ പരുന്ത് അവിടെ തന്നെ ഉപേക്ഷിച്ചു. ഞാൻ ഓടി പോയി അതിനെ കയ്യിലെടുത്തു. അനക്കമൊന്നുമില്ല. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ നേരേ അതുമായി ഉമ്മാമ്മയുടെ അടുത്തേക്ക് നടന്നു. സങ്കടം പറഞ്ഞു. അത് കണ്ടപ്പോൾ ഉമ്മാമ്മ ഒരു സൂത്രപണിയുണ്ടെന്ന് പറഞ്ഞു. പഴയ കഞ്ഞിക്കലം എടുത്തു കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് അതിനെ അതിൻ്റെ ഉള്ളിൽ ഇട്ട് കമിഴ്ത്തി വെച്ചു. ശേഷം രണ്ട് ചിരട്ട കൊണ്ട് വന്ന് അതിന് തട്ടി ശബ്ദം ഉണ്ടാക്കാനും പറഞ്ഞു. പറഞ്ഞത് പോലെ ഞാൻ ചെയ്യുകയും ചെയ്തു. അല്പ നേരം കഴിഞ്ഞു കലം പൊക്കി നോക്കി അത്ഭുതമെന്ന് പറയട്ടെ കോഴിക്കുഞ്ഞ് എഴുന്നേറ്റ് നിൽക്കുന്നു. ഞാൻ അതിനെ കോരിയെടുത്ത് അമ്മക്കോഴിയുടെ അടുത്ത് കൊണ്ട് ചെന്നാക്കി. അതിൻ്റെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. എന്തൊക്കെയോ കുറുകി കൊണ്ട് മക്കളെ ചിറകിനടിയിലേക്ക് നീക്കി നിർത്തി കൊണ്ട് അവ വീണ്ടും ചികയാൻ തുടങ്ങി. ഭയം കൊണ്ട് കോഴിക്കുഞ്ഞിൻ്റെ ബോധം മറഞ്ഞു പോയതാവാനാണ് സാധ്യത. ശബ്ദം കേട്ടപ്പോൾ ഉണർന്നതുമാവും. എന്നാലും അന്നത്തെ എനിക്ക് അതൊരു ജീവൻ കൊടുക്കലിൻ്റെ ഓർമയായിരുന്നു. മൃഗങ്ങളോടും പക്ഷികളോടുമുള്ള ഇത്തരം അനുകമ്പ നിറഞ്ഞ പെരുമാറ്റങ്ങൾ പഴയകാലത്തെ മനുഷ്യത്വത്തിൻ്റെ അടയാളങ്ങൾ കൂടിയാണ്.
വിരുന്നുകാരെത്തുമ്പോഴുള്ള സൽക്കാരം
എത്രയൊക്കെ സ്നേഹത്തോടെ അവയെ നോക്കിയാലും ഇടക്ക് വീട്ടുകാരുടെ സ്വഭാവം മാറും. വീട്ടിൽ വിരുന്നുകാർ വരുമ്പോഴാണ് സാധാരണയായി അവ സംഭവിക്കുക. വിരുന്നു നൽകാനായി വീട്ടിലെ കോഴിയെ പിടിച്ച് അറക്കും. അക്കാലത്ത് അറുക്കൽ എന്നത് വെറുമൊരു പ്രക്രിയയായിരുന്നില്ല. അതിനൊരു ഗൗരവവും അല്പം സങ്കടവും ഉണ്ടായിരുന്നു. വീടിൻ്റെ വിശേഷദിവസങ്ങളിൽ മാത്രം നടക്കുന്ന, ഒരു കുടുംബത്തിൻ്റെ ഒത്തുചേരലിനെ വിളിച്ചോതുന്ന ചടങ്ങ്. ഞങ്ങളുടെ വീട്ടിലും അത് നടക്കാറുണ്ടായിരുന്നു. വിരുന്നുകാർ വരുമ്പോളോ വിശേഷങ്ങളിലോ ആവും മിക്കവാറും അത് നടക്കുക. കോഴി അറുക്കാൻ പള്ളിയിലെ ഉസ്താദിനെ വിളിച്ചുകൊണ്ടുവരിക അക്കാലത്തിൽ പതിവുള്ള സംഭവമായിരുന്നു. അല്ലെങ്കിൽ വീട്ടിലുള്ള മുതിർന്ന ആണുങ്ങളാണ് ആ അറുക്കൽ പ്രക്രിയ നടത്തുക. വീട്ടിൽ ഞാനായിരുന്നു അറുക്കാനുള്ള ചുക്കാൻ പണിക്ക് കൂട്ടുനിന്നിരുന്ന ആൾ.
മൂർച്ചയുള്ള കത്തി ഉസ്താദിന് കൈമാറും. അറക്കാൻ ഉദ്ദേശിക്കുന്ന കോഴിക്ക് ആദ്യം അറുക്കുന്ന ആൾ അല്പം വെള്ളം നൽകും. എന്നിട്ട് അതിൻ്റെ രണ്ട് ചിറകുകളും കാലിനോട് ചേർത്തുവച്ച് മുറുകെപ്പിടിക്കാൻ തരും. നമ്മളത് മുറുകെ പിടിച്ചു കൊടുക്കണം. അപ്പോൾ അറുക്കുന്ന ആൾ അതിൻ്റെ കഴുത്തിൻ്റെ അല്പഭാഗം മുറിച്ചു വിടും. ആ മുറിക്കലോട് കൂടെ കോഴിയെ താഴെ വയ്ക്കും. ഒടിഞ്ഞ തലയുമായി മരണവെപ്രാളത്തിൽ ആ കോഴി ഒന്ന് എഴുന്നേറ്റ് ഓടും. പിന്നെ അല്പനേരം ഒരു പിടച്ചിലാണ്. വല്ലാതെ വേദന തോന്നുന്ന കാഴ്ചയാണത്. എങ്കിലും കറിവേപ്പിലയുടെയും നാടൻ മസാലകളുടെയും മണം വീടിൻ്റെ ഓരോ കോണിലും നിറയുന്നതോർക്കുമ്പോൾ, വേദനയ്ക്ക് അല്പം ആശ്വാസം തോന്നും. പിടച്ചിൽ അവസാനിക്കുമ്പോൾ കോഴിയുമായി നേരെ അടുക്കളയിലേക്ക് ചെല്ലും. അടുക്കളയിൽ എത്തിയാൽ പിന്നെ ഉമ്മയുടെ കൈകൾക്ക് ഒരു പ്രത്യേക വേഗതയുണ്ടാകും. ചിറകുകൾ എല്ലാം പറിച്ചു കളഞ്ഞു കഷ്ണങ്ങളാക്കി അല്പസമയത്തിനുള്ളിൽ കറിയായി രൂപാന്തരപ്പെടുത്തും. ആ രുചിയിൽ, ആ സ്നേഹത്തിൻ്റെ പൂർണ്ണതയുണ്ടായിരുന്നു. സ്നേഹം ചാലിച്ചെഴുതിയ ഇത്തരം കൂടിച്ചേരലുകൾ കുടുംബ ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കിയിരുന്നു.
കോൺക്രീറ്റ് കൂടുകളിൽ നഷ്ടമായ ലളിതസംഗീതം
ഇന്നത്തെ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ ആ ശബ്ദങ്ങൾ മങ്ങിപ്പോയിരിക്കുന്നു. ഉണ്ടെങ്കിൽ തന്നെ അടച്ചു വെച്ച ഇരുമ്പു കൂട്ടിനുള്ളിലാണ് കോഴികൾ വളരുന്നത്. അതിൻ്റെ തീറ്റകൾ പോലും നമ്മൾ നൽകുന്ന കൃത്രിമ പദാർത്ഥങ്ങളാണ്. മുട്ട എങ്ങനെയുണ്ടാവുന്നുവെന്നോ എവിടുന്ന് കിട്ടുന്നുവെന്നോ ചിലപ്പോൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് അറിയാൻ വഴിയില്ല. കടയിൽ പോകുന്നു എണ്ണം പറയുന്നു വാങ്ങുന്നു. അത്രേ ഉള്ളൂ. പക്ഷെ ഞങ്ങൾക്ക് അവരുടെ ജീവിതം അറിയാമായിരുന്നു. രീതികൾ അറിയാമായിരുന്നു. പരമ്പരകളുടെ വരവ് കണ്ടറിയാമായിരുന്നു. ഇന്നതൊക്കെ വൃത്തിയെന്ന പേരിൽ അന്യമായി പോയി. എങ്കിലും കൺപോളകളടച്ചാൽ ഇന്നും എനിക്ക് കേൾക്കാം മുറ്റത്തെ മണ്ണിൽ ചിറകടിച്ചു പറക്കുന്ന ആ പഴയ കോഴികളുടെ ശബ്ദം. അത് പക്ഷെ വെറും ഓർമ്മയല്ല, നഷ്ടപ്പെട്ടുപോയ ഒരു കാലത്തിൻ്റെ, നമ്മുടെ വേരുകളുടെ, ലളിതമായ സംഗീതമാണ്.
മാഞ്ഞുപോയ ആ പഴയ കാലത്തെക്കുറിച്ചുള്ള ഈ ഹൃദ്യമായ കുറിപ്പ് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാനും നിങ്ങളുടെ ഓർമ്മകൾ താഴെ കമൻ്റായി രേഖപ്പെടുത്താനും മറക്കരുതേ.
Article Summary: A nostalgic Malayalam personal essay reflecting on traditional rural life, childhood memories, and the lively presence of backyard chickens in family courtyards.
#Nostalgia #KeralaVillageLife #ChildhoodMemories #TraditionalHome #OldDays #MalayalamLiterature
