പ്രവാസികളറിയാന്‍

 


രമ്യാ ചെമ്പക്കാട്

(www.kvartha.com 04/02/2015)  ചന്ദ്രനില്‍ കാലു കുത്തിയപ്പോള്‍ അവിടെ ദേ ചന്ദ്രേട്ടന്റെ ചായക്കട. ലോകത്തിന്റെ ഏതറ്റത്ത് ചെന്നാലും അവിടെ പണിയെടുക്കുന്ന ഒരു മലയാളിയെങ്കിലും കാണും എന്ന് നര്‍മം കലര്‍ത്തി മലയാളികള്‍ പറയാറുണ്ട്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ നല്ലൊരു ഭാഗവും അവരുടെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും ജീവിച്ചു തീര്‍ക്കുന്നത് വിദേശത്താണ്. പ്രവാസികളില്ലാത്ത വീടുകള്‍ കേരളത്തില്‍ ചുരുക്കം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ കുടുംബത്തിലുണ്ട് എന്നുള്ളത് പലരും അഭിമാനമായി കാണുന്നു. സമ്പത്തിന്റെ ഏറിയ പങ്കും വിദേശമലയാളികളുടെ സംഭാവനയാണ്. ഇങ്ങനെയൊക്കെയുള്ള വിദേശമലയാളികള്‍ക്ക് സര്‍ക്കാരും വേണ്ടത്ര പരിഗണന നല്‍കുന്നുവെന്നതിനു നല്ലൊരു തെളിവാണ് നോര്‍ക്കയുടെയും നോര്‍ക്കാ- റൂട്ട്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍. 

എന്താണ് നോര്‍ക്ക?

കേരളത്തിനു പുറത്ത് അന്യനാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനായി കേരളസര്‍ക്കാര്‍ 1996-ല്‍ രൂപം കൊടുത്ത വകുപ്പാണ് പ്രവാസി കേരളീയ കാര്യവകുപ്പ് (Non-Resident Keralites Affairs department) അഥവാ നോര്‍ക്ക. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ക്ഷേമവും വേണ്ടുന്ന സഹായങ്ങളും ഉറപ്പ് വരുത്തുകയെന്നതാണ് നോര്‍ക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ, വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കുകയും കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് വിദേശമലയാളികളെ സഹായിക്കുകയും ചെയ്യുന്നു

എന്താണ് നോര്‍ക്കാ- റൂട്ട്‌സ്?

സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തത്തോടെ പ്രവാസി കേരളീയകാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്ക- റൂട്ട്‌സ് എന്ന സ്ഥാപനമാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായും മന്ത്രി കെ സി ജോസഫ് വൈസ് ചെയര്‍മാനുമായ കമ്മറ്റിയാണ് നിലവില്‍ നോര്‍ക്ക-റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. സാമ്പത്തികമായും ഭരണപരമായും സ്വതന്തമാണ് നോര്‍ക്ക- റൂട്ട്‌സ്.

സാക്ഷ്യപത്രങ്ങള്‍

വിദേശത്ത് ജോലി തേടി പോകുന്നവരുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ പ്രാദേശിക സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ നോര്‍ക്ക- റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ കേരളാഹൗസില്‍ നോര്‍ക്കാസെല്ലും മുംബൈയില്‍ പ്രവാസി വികസനഓഫീസും വിദേശമലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

നോര്‍ക്ക നല്‍കുന്ന സേവനങ്ങള്‍

1. തിരിച്ചറിയല്‍ കാര്‍ഡ്

2008 ആഗസ്റ്റിലാണ് നോര്‍ക്ക വിദേശമലയാളികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയത്. 18 വയസ് പൂര്‍ത്തിയായ, ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത മലയാളികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കാര്‍ഡിന്റെ കാലാവധിയായ 3 വര്‍ഷം കഴിഞ്ഞും വിദേശത്ത് തുടരുകയാണെങ്കില്‍ കാര്‍ഡ് പുതുക്കാവുന്നതാണ്. പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ സ്വയം അറ്റസ്റ്റു ചെയ്ത പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.

2. കാര്‍ഡ് പുതുക്കല്‍

പ്രവാസി മലയാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കണം. എങ്കില്‍ മാത്രമേ അതു പ്രകാരമുള്ള ആനുകൂല്യം ഗുണഭോക്താവിന് ലഭിക്കുകയുള്ളൂ. തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പുതിയൊരു കാര്‍ഡിന് അപേക്ഷിക്കുമ്പോഴുള്ള നടപടി ക്രമങ്ങള്‍ തന്നെയാണ് പിന്തുടരേണ്ടത്. വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കോപ്പികള്‍ അപേക്ഷാഫോറത്തിനൊപ്പം ഉള്‍പ്പെടുത്തണം. അപേക്ഷാ ഫോറം ലഭിക്കുന്നതിനായി 300 രൂപ The Chief Executive Officer, Norka-Roots, 03rd Floor, Norka Centre, Thycaud, Trivandrum- 14 (Ph: 04712332416) എന്ന വിലാസത്തില്‍ ഡിഡി ആയോ നോര്‍ക്ക-റൂട്ട്‌സിന്റെ പ്രാദേശികകേന്ദ്രങ്ങളില്‍ നേരിട്ടോ എത്തിക്കണം.

പ്രിന്റ് ചെയ്ത പ്രവാസി മലയാളി തിരിച്ചറിയല്‍ കാര്‍ഡ് ജില്ലകളിലെ കലക്ട്രേറ്റ് ഓഫീസിലെ നോര്‍ക്കാസെല്ലില്‍ നിന്ന് വാങ്ങിക്കണം. 45 മുതല്‍ 60 ദിവസം വരെയാണ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ വേണ്ടി വരുന്ന ശരാശരി സമയദൈര്‍ഘ്യം.

സംസ്ഥാനത്തെ മൊത്തം മൂന്ന് മേഖലകളായിത്തിരിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. വടക്കന്‍മേഖലയായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്‍പ്പെട്ടവര്‍ കോഴിക്കോട് പ്രാദേശിക ഓഫീസിലും മധ്യമേഖലയായ പാലക്കാട്, തൃശുര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്‍പ്പെട്ടവര്‍ എറണാകുളം പ്രാദേശിക ഓഫീസിലും തെക്കന്‍മേഖലയായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്‍പ്പെട്ടവര്‍ തിരുവനന്തപുരം പ്രാദേശികഓഫീസിലും തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവാസിമലയാളി ഐഡി കാര്‍ഡ് സെല്ലുകളും നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു

3. ഇന്‍ഷ്വറന്‍സ് പരിരക്ഷ

ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി തിരിച്ചറിയല്‍ കാര്‍ഡ് ഉടമയ്ക്ക് നിബന്ധനകള്‍ക്കനുസരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു. കാര്‍ഡ് ഉടമയുടെ പെട്ടെന്നുണ്ടാകുന്ന അപകടമരണം, പൂര്‍ണമായോ, ഭാഗികമായോ സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കും. 2 ലക്ഷം രൂപ വരെ നല്‍കി വരുന്നുണ്ട്.

4.ഇന്‍ഷ്വറന്‍സ് കാര്‍ഡ്


ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡാണ് മറുനാടന്‍ മലയാളി ഇന്‍ഷ്വറന്‍സ് കാര്‍ഡ്. 18 വയസ് പൂര്‍ത്തിയായ 2 വര്‍ഷത്തില്‍ കൂടുതല്‍ അന്യസംസ്ഥാനത്ത് ജോലി ചെയ്തിട്ടുള്ളവര്‍ ഈ ഇന്‍ഷ്വറന്‍സ് കാര്‍ഡിന് അര്‍ഹരാണ്. അപേക്ഷയോടൊപ്പം ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ജോലി ചെയ്യുന്ന സംസ്ഥാനത്തെ സര്‍കാരിന്റെ തിരിച്ചറിയല്‍ രേഖകളോടു കൂടിയ അഡ്രസും നല്‍കണം. കാര്‍ഡിന്റെ ഫീസായ 300 രൂപ നോര്‍ക്ക- റൂട്ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ പേരില്‍ ഡിഡി ആയോ തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ടോ എത്തിച്ച് അപേക്ഷാഫോറം കൈപ്പറ്റണം. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം നോര്‍ക്ക- റൂട്ട്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പ്രാദേശിക ഓഫീസുകളിലോ ന്യൂഡല്‍ഹി, മുംബൈ നോര്‍ക്ക വികസന ഓഫീസിലോ ചെന്നൈ, ബംഗളൂരു സാറ്റലൈറ്റ് ഓഫീസിലോ സമര്‍പ്പിക്കണം. ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കുന്നത്. അപേക്ഷാഫോറം നോര്‍ക്ക- റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.

5. സാന്ത്വനസഹായപദ്ധതി

വിദേശത്തുനിന്ന് തിരിച്ചെത്തിയ ബി പി എല്‍ കാര്‍ഡുക്കാരുടെ ക്ഷേമത്തിനായി നോര്‍ക്കാ-റൂട്ടസ് ആരംഭിച്ച ദുരിതാശ്വാസസഹായ പദ്ധതിയാണിത്. വിദേശത്തോ ഇന്ത്യയ്ക്കകത്തെ മറ്റു സംസ്ഥാനങ്ങളിലോ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കുറവായിരിക്കണം. അപേക്ഷ നല്‍കുന്ന സമയത്തോ സഹായങ്ങള്‍ ലഭിക്കുന്ന സമയത്തോ അപേക്ഷകന്‍ പഠനസംബന്ധമായ കോഴ്‌സുകള്‍ ചെയ്യാന്‍ പാടുള്ളതല്ല.

അപേക്ഷകനും കുടുംബത്തിനും ചികില്‍സാസഹായവും അപേക്ഷകന്റെ മരണശേഷം കുടുംബത്തിന് നഷ്ടപരിഹാരവും മകളുടെ വിവാഹത്തിനുള്ള സഹായവും ഈ പദ്ധതി വഴി ലഭിക്കും. കൂടാതെ, ശാരിരിക വൈകല്യങ്ങള്‍ അതിജീവിക്കാന്‍ വീല്‍ ചെയറുകള്‍, ക്രച്ചസ് എന്നിവയ്ക്കുള്ള സഹായങ്ങളും സാന്ത്വനസഹായ പദ്ധതി പ്രകാരം നല്‍കി വരുന്നു.

സാന്ത്വനസഹായപദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷാഫോറത്തോടൊപ്പം ആവശ്യമായ രേഖകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം

6. ചെയര്‍മാന്‍ ഫണ്ട്

നോര്‍ക്ക-റൂട്ട്‌സിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കപ്പെടുന്ന ഫണ്ടാണ് ചെയര്‍മാന്‍ ഫണ്ട്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇങ്ങനെ സ്വരൂപിച്ച പണം വിദേശമലയാളികളുടെയോ കുടുംബത്തിന്റെയോ ക്ഷേമത്തിനായി ഉപയോഗിക്കപ്പെടുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചിട്ടുള്ള, വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കൂടാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സാന്ത്വനസഹായപദ്ധതിയുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് ചെയര്‍മാന്‍ ഫണ്ടിലൂടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വരുമാനസര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്‍,റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്കാറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

7. നിയമസഹായസെല്‍

വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായാണ് പ്രവാസി നിയമ സഹായസെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അവിടുത്തെ എംബസിയുടെ സഹായത്തോടെ നിയമസഹായം ലഭ്യമാകുന്നു. തൊഴില്‍ വിസയുള്ള, കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് നിയമസഹായം ലഭിക്കുന്നത്. നോര്‍ക്ക-റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാളി സംഘടനകള്‍ക്കും ജയില്‍വാസം അനുഭവിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ക്കും നിയമസഹായത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് അപേക്ഷകള്‍ പരിഗണനയ്ക്ക് നല്‍കാം. മുമ്പ് ജയില്‍വാസം അനുഭവിച്ചവര്‍ക്കും ദിയാമണി, കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകള്‍ ലഭിച്ചവര്‍ക്കും സെല്ലിന്റെ സഹായം ലഭ്യമല്ല.

8. കാരുണ്യം

വിദേശത്ത് വച്ചോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വച്ചോ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കാരുണ്യം. ഇതിന്റെ ഗുണഫലം ലഭ്യമാകുന്നതിനായി നിയമസാധുതയുള്ള പാസ്‌പോര്‍ട്ടോ ആവശ്യമായ മറ്റു തെളിവുകള്‍ നല്‍കുന്ന രേഖകളോ ഹാജരാക്കണം. ഇന്ത്യയ്ക്കകത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അവിടെ താമസിച്ചതിന്റെ രേഖകള്‍ ഹാജരാക്കണം. മറ്റൊരുവിധത്തിലുമുള്ള സഹായങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന , മരിച്ച മലയാളികളുടെ കുടുംബത്തിനാണ് കാരുണ്യം പദ്ധതിയുടെ സഹായങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളിയാണെങ്കില്‍ കുടുംബത്തിന് 50,000 രൂപ വരെയും ഇന്ത്യയ്ക്കകത്ത് മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ 10,000 രൂപ വരെയും സഹായം ലഭിക്കുന്നതാണ്. അപേക്ഷാഫോറം നോര്‍ക്ക- റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

9. മറ്റ് സേവനങ്ങള്‍

വിദേശത്തുവച്ച് കാണാതാവുന്ന മലയാളികളെ കണ്ടെത്തി ബന്ധുക്കളുടെ പക്കല്‍ ഏല്‍പ്പിക്കുന്നതിന് നോര്‍ക്ക-റൂട്ട്‌സ് സഹായിക്കുന്നുണ്ട്. ആവശ്യമായ രേഖകളുടെ അഭാവം മൂലം ജയിലില്‍ കഴിയുന്നവരെക്കുറിച്ചായാലും മറ്റേതെങ്കിലും വിധത്തില്‍ കാണാതെ പോയവരായാലും അവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി നോര്‍ക്ക-റൂട്ട്‌സ് കുടുംബത്തെ സഹായിക്കുന്നു. ഇതിനായി വിദേശസര്‍കാരിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായവും നോര്‍ക്ക- റൂട്ട്‌സ് ഉപയോഗപ്പെടുത്തുന്നു. കാണാതായെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ബന്ധുക്കള്‍ നോര്‍ക്ക-റൂട്ട്‌സിനെയും പോലീസിനെയും വിവരമറിയിക്കണം. നോര്‍ക്ക- റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഫോറത്തോടൊപ്പം കാണാതായവരുടെ വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പും ഫോട്ടോയും നല്‍കണം.

കൂടാതെ, വിദേശ മലയാളികള്‍ക്കിടയില്‍ മലയാളഭാഷയും സംസ്‌കാരവും വളര്‍ത്തിക്കൊണ്ടുവരാന്‍ നോര്‍ക്ക വകുപ്പ് സഹായിക്കുന്നു. ഇതിനായി WWW.entemalayalam.org എന്ന സൈറ്റിനു രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ മലയാളം ഓണ്‍ലൈനായി പഠിക്കാന്‍ സാധിക്കും.

ഇതിനുപുറമേ വിദേശമലയാളികളുടെ പ്രാദേശികവികസനത്തിനായി പരിപാടികളും നോര്‍ക്ക സംഘടിപ്പിക്കുന്നു. നോര്‍ക്ക- റൂട്ട്‌സ് പ്രാദേശിക കേന്ദ്രങ്ങളില്‍ വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ക്കായി ബോധവല്‍ക്കരണക്ലാസുകളും നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പ്രാദേശിക കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.

മലയാളികള്‍ക്ക് വിദേശത്ത് ജോലി ശരിയാക്കുവാന്‍ റിക്രൂട്ടമെന്റ് പരിപാടികളും നോര്‍ക്ക നടത്തി വരുന്നു

10. നോര്‍ക്ക ന്യൂസ്

തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനായി നോര്‍ക്ക ന്യൂസ് എന്ന പേരില്‍ ഒരു പത്രവും നോര്‍ക്കാ-റൂട്ട്‌സ് പുറത്തിറക്കുന്നുണ്ട്. വിദേശത്തെ തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും മനസിലാക്കാന്‍ നോര്‍ക്കാ ന്യൂസ് മലയാളികളെ സഹായിക്കുന്നു. 2009ലായിരുന്നു ഇതിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തൈക്കാടിലെ നോര്‍ക്ക റൂട്ട്‌സിന്റെ ഹെഡ് ഓഫിസിലെ 04712332416 എന്ന ഫോണ്‍നമ്പറുമായോ mail@norkaroots.net എന്ന ഇ-മെയിലുമായോ ബന്ധപ്പെടുക

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

പ്രവാസികളറിയാന്‍


Keywords: NORKA, Kerala, Article/ 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia