SWISS-TOWER 24/07/2023

നൂറുന്നിസ ടീച്ചർ: നിലാവുപോലെ പ്രഭ ചൊരിഞ്ഞ കർമ്മവഴികൾ

 
Noorunnisa Teacher National Teacher Award

Photo: Special Arrangemnet

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പതിനാറാം വയസ്സിൽ വിവാഹിതയായി, തുടർന്ന് പഠിക്കാനുള്ള ആഗ്രഹത്തിന് ഭർത്താവിൻ്റെ പൂർണ്ണ പിന്തുണ ലഭിച്ചു.
● ടി.ടി.സി പഠനം പൂർത്തിയാക്കിയശേഷം 33 വർഷം സിറാജുൽ ഉലൂം സ്കൂളിൽ അധ്യാപികയായി സേവനം ചെയ്തു.
● പ്രവർത്തനരീതിയിലുള്ള പാഠ്യപദ്ധതിക്ക് 2000-ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.
● 2000-ലെ ദേശീയ അധ്യാപക അവാർഡ് കേരളത്തിൽനിന്ന് നേടിയ ഏക വ്യക്തി.

കനിവുള്ള മനുഷ്യർ ഭാഗം 6/ കൂക്കാനം റഹ്‌മാൻ

(KVARTHA) തളർന്നുപോകാനും തകർന്നുപോകാനും നിരവധി അവസരങ്ങൾ ഉണ്ടായിട്ടും അതൊക്കെ ജയിച്ചുകയറി മുന്നോട്ടു കുതിക്കുന്ന ചില മനുഷ്യരുണ്ട്. ഏതു കുഴിയിൽനിന്നും ഉയർത്തെഴുന്നേൽക്കാനും ഏത് ചതുപ്പിൽനിന്നും കയറിവരാനുമുള്ള ശക്തി മനസ്സുകൊണ്ട് ആർജിച്ചെടുത്ത ചില അത്ഭുത മനുഷ്യർ.

Aster mims 04/11/2022

നൂറുന്നിസ ജനിച്ചതും വളർന്നതും നല്ല സാഹചര്യത്തിലായിരുന്നെങ്കിലും അവരുടെ വിദ്യാഭ്യാസ കാലഘട്ടം ദുരിതപൂർണമായിരുന്നു. രണ്ടാം ക്ലാസുവരെ ആനയിടുക്ക് സിറാജുൽ ഉലൂം സ്കൂളിലാണ് പഠിച്ചത്. രണ്ടാം ക്ലാസിനുശേഷം പതിനൊന്നാം ക്ലാസുവരെ ചെന്നൈയിലെ പ്രസിഡൻസി ഹൈസ്കൂൾ എഗ്മൂറിലായിരുന്നു. 

ബാപ്പ കോയക്കുഞ്ഞി ചെന്നൈയിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. അതിനാൽ കുടുംബസമേതം അവർക്ക് ചെന്നൈയിലേക്ക് താമസം മാറ്റേണ്ടിവന്നു. ബാപ്പയ്ക്ക് ചൈനാ ബസാറിൽ ബ്രീഫ് കെയ്‌സ് കടയായിരുന്നു. മൂന്ന് പെൺമക്കളും നാല് ആൺമക്കളും അടങ്ങുന്ന കുടുംബത്തിൽ മുതിർന്ന കുട്ടിയെന്നനിലയിൽ മറ്റു കുട്ടികളെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തംകൂടി നൂറുന്നിസയ്ക്കുണ്ടായിരുന്നു.

Noorunnisa Teacher National Teacher Award

സമാധാനപരമായി പോയിക്കൊണ്ടിരുന്ന ആ ജീവിതത്തിലേക്ക് പെട്ടെന്നാണ് ക്യാൻസർ കടന്നുവന്നത്. നൂറുന്നിസ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉമ്മ ആയിഷാബിക്ക് ക്യാൻസർ രോഗം ബാധിച്ചത്. അവർ എഗ്മൂർ ആശുപത്രിയിൽ ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. 

ആ ദിവസങ്ങളിൽ ഒരു പെൺകുട്ടിക്ക് താങ്ങാവുന്നതിനപ്പുറമുള്ള ഭാരമായിരുന്നു നൂറുന്നിസയ്ക്ക്. ബാപ്പയ്ക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമുള്ള ഭക്ഷണം തയ്യാറാക്കണം, സഹോദരങ്ങളെ സ്കൂളിലേക്ക് വിടണം, പത്തുകിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ഉമ്മയ്ക്കുള്ള ഭക്ഷണമെത്തിക്കണം, അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കണം; അങ്ങനെ ഒരു കുടുംബത്തിൻ്റെ മൊത്തം ചുമതലയും നൂറുന്നിസയ്ക്കായി.

പാകംചെയ്ത ഭക്ഷണം ആശുപത്രിയിലെത്തിച്ച് ഉമ്മയെക്കൊണ്ട് കഴിപ്പിച്ചശേഷമാണ് സ്കൂളിലേക്കുള്ള യാത്ര. സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ ആശുപത്രിയിലിറങ്ങി ഭക്ഷണപാത്രമെടുത്ത് വീട്ടിലെത്തും. രാത്രി ഭക്ഷണവുമായി വീണ്ടും ആശുപത്രിയിലേക്ക്. കിടത്തം ഉമ്മയുടെകൂടെ ആശുപത്രിയിൽ. രാവിലെ തിരികെ വീട്ടിലേക്ക്. വീണ്ടും പതിവ് പണികൾ തന്നെ. സമയങ്ങൾക്ക് വല്ലാത്ത വേഗത തോന്നിയ കാലമായിരിക്കും അത്.

Noorunnisa Teacher National Teacher Award

പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്ന സമയത്ത് ഉമ്മയുടെ രോഗം കലശലായി. ഇനി ചികിത്സയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. വീട്ടിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. പക്ഷേ, അവർ അതിന് തയ്യാറായില്ല. പ്രതീക്ഷയുടെ ഒരു കുഞ്ഞുവെട്ടം ഏതോ ഒരു കോണിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. 

രോഗം മാറുമെന്നും ഉമ്മ തിരിച്ചു വരുമെന്നും അവർ ആഗ്രഹിച്ചു കാണണം. ‘ഞാൻ മരണപ്പെട്ടാലും മോള് പരീക്ഷ മുടക്കരുത്’ നൂറുന്നിസയെ കാണുമ്പോഴൊക്കെ അവരുടെ തലയിൽ തലോടി ആ ഉമ്മ പറഞ്ഞ ഒരേയൊരു വാക്ക് അതായിരുന്നു. അതുവരെ തന്നെ ജീവിപ്പിക്കണമേയെന്ന് ആ ഉമ്മ പ്രാർത്ഥിച്ചു കാണും. അതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു.

പരീക്ഷ തീരുന്ന അന്ന് ഉമ്മയെ നാട്ടിലേക്ക് കൊണ്ടുപോകാൻ അമ്മാവൻ വന്നു. ട്രെയിനിൽ സ്ട്രച്ചറിൽ കിടത്തിയാണ് ഉമ്മയെ നാട്ടിലെത്തിച്ചത്. അവിടെയെത്തി ഒരാഴ്ചക്കകം ആ ഉമ്മ അവരെ വിട്ടുപോവുകയും ചെയ്തു.

ഇനി പഠനം വേണ്ടെന്നും വിവാഹം കഴിപ്പിച്ചയക്കുന്നതാണ് നല്ലതെന്നും ബന്ധുക്കൾ അവരുടെ കാര്യത്തിൽ തീരുമാനത്തിലെത്തി. എതിർക്കാൻ നൂറുന്നിസയ്ക്ക് കഴിഞ്ഞതുമില്ല. പക്ഷേ, ആഗ്രഹം എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി കണ്ടെത്തണമെന്നായിരുന്നു. സ്വന്തം സ്വപ്നങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് അവർ മൗനം പാലിച്ചു. 

മാസങ്ങൾ കടന്നുപോയപ്പോൾ നൂറുന്നിസ പതിനാറുകാരിയായി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പതിനാറാം വയസ്സിൽ പി.പി. കുഞ്ഞാമദുമായി വിവാഹിതയാവേണ്ടി വന്നു. പാപ്പിനിശ്ശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൺസിൽ ജോലിചെയ്തിരുന്ന ആളായിരുന്നു കുഞ്ഞാമദ്. 

Noorunnisa Teacher National Teacher Award

എസ്.എസ്.എൽ.സി. വരെയെങ്കിലും പഠിച്ച ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. അത് നൂറുന്നിസയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കാൻ സഹായിച്ചു. പിന്നീടുള്ള ടീച്ചറുടെ എല്ലാ ഉയർച്ചയ്ക്കും പിൻബലം ഭർത്താവായിരുന്നു. തുടർന്നു പഠിക്കാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു.

'മുസ്ലിം പെൺകുട്ടികൾ മദ്രസയിൽ മാത്രം പഠിച്ചാൽ മതി, മലയാളം പഠിക്കേണ്ട' എന്ന് ശഠിച്ച പഴയ തലമുറയെ എതിർക്കാനുള്ള ശക്തി സാധാരണ മുസ്ലിം വിഭാഗത്തിന് ഉണ്ടായിരുന്നില്ല. അക്കാലത്താണ് എസ്.എസ്.എൽ.സി. വരെ പഠിക്കാൻ നൂറുന്നിസയ്ക്ക് സാധ്യമായത്. വിവാഹത്തിന് ശേഷം പഠിക്കാനൊന്നും വിടില്ലെന്ന് ഭയപ്പെട്ടിരുന്ന അവർക്ക് തുടർന്നു പഠിക്കാൻ ഭർത്താവിൻ്റെ പ്രോത്സാഹനം കിട്ടിയപ്പോൾ വീണ്ടും മോഹങ്ങൾ ചിറകുവിരിക്കാൻ തുടങ്ങി. 

ടി.ടി.സിക്ക് അപേക്ഷ അയച്ചു. ഇൻ്റർവ്യൂ കാർഡ് കിട്ടി. സി.എച്ച്. മുഹമ്മദ് കോയയാണ് ഇൻ്റർവ്യൂ ചെയ്തതെന്നാണ് ടീച്ചർ ഓർക്കുന്നത്. ടി.ടി.സിക്ക് സെലക്ഷൻ കിട്ടി. അക്കാലത്ത് വിവാഹിതയായ സ്ത്രീ പഠിക്കാൻ പോകുന്ന പതിവില്ല. പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽപ്പെടാതെയാണ് ട്രെയിനിങ് സെൻ്ററിലേക്കുള്ള പോക്കും വരവും. ഓട്ടോയിൽ ഇരുവശമുള്ള കർട്ടൻ താഴ്ത്തിയാണ് പോവുക. ഇത് ബുദ്ധിമുട്ടായതോടെ പയ്യാമ്പലത്തെ ഹോസ്റ്റലിൽ താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്.

ടി.ടി.സി. കഴിഞ്ഞ ഉടനെത്തന്നെ ടീച്ചർ പഠിച്ച സിറാജുൽ ഉലൂം സ്കൂളിൽ ഒഴിവുണ്ടെന്നറിഞ്ഞു. അപേക്ഷ നൽകി. നിയമനത്തിന് 2500 രൂപ നൽകേണ്ടിവന്നു. മാസം 180 രൂപയായിരുന്നു അക്കാലത്ത് തുടക്കക്കാരായ അധ്യാപകരുടെ ശമ്പളം. 2005-ൽ വിരമിക്കുന്നത് വരെ 33 വർഷവും പ്രസ്തുത സ്കൂളിൽത്തന്നെയായിരുന്നു ടീച്ചർ സേവനം നടത്തിയത്.

അവിടെയും ടീച്ചർ തൻ്റെ പഠന പ്രവർത്തനങ്ങൾ വ്യത്യസ്തമാക്കി. പുതിയ വിദ്യാഭ്യാസ രീതി വരുന്നതിന് എത്രയോ മുമ്പുതന്നെ കുട്ടികൾക്ക് പ്രവർത്തനോന്മുഖ രീതിയിൽ പാഠഭാഗങ്ങൾ പഠിപ്പിച്ച അധ്യാപികയാണ് നൂറുന്നിസ ടീച്ചർ. അവരുടെ ക്ലാസ്മുറി എപ്പോഴും പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. 

Noorunnisa Teacher National Teacher Award

കുട്ടികൾക്ക് പാഠഭാഗം രസകരമാകുംവിധത്തിൽ അവരെ പങ്കാളികളാക്കിക്കൊണ്ടാണ് ക്ലാസ് നടത്തിയത്. തപാലാപ്പീസിനെക്കുറിച്ചും, പോലീസ് സ്റ്റേഷനെക്കുറിച്ചും വ്യവസായശാലകളെക്കുറിച്ചും ക്ലാസിൽ പറഞ്ഞു പഠിപ്പിക്കാതെ കുട്ടികളെ അവിടെ കൊണ്ടുപോയി നേരിട്ട് കാണിച്ചുകൊടുത്തുകൊണ്ടുള്ള പഠന രീതിയായിരുന്നു ടീച്ചറുടേത്.

ആ മികവിൻ്റെ പിൻബലത്തിലാണ് രണ്ടായിരമാണ്ടിൽ ദേശീയ അധ്യാപക അവാർഡ് ടീച്ചറെ തേടിയെത്തിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി കൃഷ്ണ കാന്തിൽ നിന്നാണ് ടീച്ചർ അവാർഡ് ഏറ്റുവാങ്ങിയത്. ആ വർഷം ദേശീയ അധ്യാപക അവാർഡിന് കേരളത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക വ്യക്തിയായിരുന്നു നൂറുന്നിസ ടീച്ചർ. 

ദേശീയ അധ്യാപക അവാർഡ് ജേതാക്കൾക്ക് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി നൽകിയ വിരുന്നിൽ പങ്കെടുത്തത് ടീച്ചർ ഓർമ്മച്ചെപ്പിൽ കെടാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ സംഭവത്തിൽ നേരിയ ഒരു സങ്കടംകൂടി ടീച്ചർക്കുണ്ടായിരുന്നു. മലയാളിയായ കെ.ആർ. നാരായണൻ എന്ന ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റിൻ്റെ കയ്യിൽനിന്ന് അവാർഡ് സ്വീകരിക്കാനായിരുന്നു പരിപാടി. അദ്ദേഹം ചൈനയിലേക്കുള്ള യാത്രയിലായതിനാൽ അതിന് ഭാഗ്യമുണ്ടായില്ല.

noorunnisa teacher kannur first woman chairperson national

സാക്ഷരതാപ്രവർത്തനത്തിലും ടീച്ചർ മുൻപന്തിയിലുണ്ടായിരുന്നു. വീടുകളിൽ കയറിയിറങ്ങി നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ ക്ലാസിൽ എത്തിക്കാൻ ടീച്ചർ കാണിച്ച ശുഷ്കാന്തിയെ അന്നത്തെ ജില്ലാ കളക്ടറായിരുന്ന പി. കമാൽ കുട്ടി അഭിനന്ദിച്ച് പറഞ്ഞതും തുടർന്ന് ഒരു വർഷക്കാലം ഡപ്യൂട്ടേഷനിൽ സാക്ഷരതാപ്രവർത്തനത്തിന് നിയോഗിച്ചതും ടീച്ചർ ഉൾപ്പുളകത്തോടെ ഓർക്കുന്നു.

സാക്ഷരതായജ്ഞത്തിൽ സ്ഥാപിച്ചെടുത്ത ബന്ധമാണ് രാഷ്ട്രിയ രംഗത്തേക്ക് ടീച്ചറെ എത്തിക്കാൻ പ്രേരിപ്പിച്ചത്. 

രാത്രികാലങ്ങളിൽ സാക്ഷരതാ കേന്ദ്രങ്ങളിലെത്തി ക്ലാസെടുക്കാനും ടീച്ചർ സന്നദ്ധത കാണിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനവിഭാഗത്തിൻ്റെയും പിന്തുണ ലഭിച്ചു. 

അഞ്ച് ടേമുകളിലായി ഇരുപത്തിമൂന്നു വർഷക്കാലം യാതൊരുവിധ അസ്വാരസ്യങ്ങൾക്കും ഇടനൽകാതെ കൗൺസിലർ സ്ഥാനത്തിരുന്നുകൊണ്ട് ജനപ്രതിനിധിയെന്നനിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. തുടർന്നാണ് നൂറ്റി ഇരുപത്തിയഞ്ച് വർഷക്കാലത്തെ ചരിത്രത്തിലാദ്യമായി കണ്ണൂരിൽ ഒരു വനിതാ ചെയർപേഴ്സനായി നൂറുന്നിസ ടീച്ചർ സ്ഥാനമേൽക്കുന്നത്.

ഇരുപത്തിമൂന്ന് വർഷക്കാലം കണ്ണൂർ നഗരസഭയുടെ കൗൺസിലറായും രണ്ടര വർഷക്കാലം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായും രണ്ടര വർഷം മുനിസിപ്പൽ ചെയർപേഴ്സനായും ജനപ്രതിനിധിയായി, ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി പ്രവർത്തിച്ച വ്യക്തിയാണ് ടി.കെ. നൂറുന്നിസ ടീച്ചർ. 

റാസൽഖൈമയിൽ ഫിനാൻസ് മാനേജരായി വർക്ക് ചെയ്യുന്ന ജാസ്മിൻ, അബുദാബിയിൽ ബിസിനസ് ചെയ്യുന്ന ജശ്രീൻ, മസ്കറ്റിൽ ബിസിനസ് നടത്തുന്ന ജെ ഹസിം, കണ്ണൂരിലെ ജെംഷി എന്നിവർ മക്കളാണ്.

രണ്ടര വർഷക്കാലം കണ്ണൂരിൻ്റെ മുനിസിപ്പൽ ചെയർപേഴ്സനായിരുന്ന സമയത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവർത്തനമായിരുന്നു അതെന്ന് ടീച്ചർ പറഞ്ഞു കേട്ടിട്ടുണ്ട്. കാലത്ത് എഴുന്നേറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കും. ഒമ്പത് മണിക്ക് മുനിസിപ്പൽ ഓഫീസിലെത്തി ഫയലുകൾ നോക്കും. പത്തരയ്ക്ക് മുമ്പ് സ്കൂളിൽ എത്തും. 

തുടർന്ന് മാതൃകാധ്യാപികയായി ക്ലാസിലെ കുട്ടികളുടെ ഇഷ്ടപ്പെട്ട ടീച്ചറായി മാറും. സ്കൂൾ വിട്ട ഉടനെ മുനിസിപ്പൽ ഓഫീസിലെത്തും. അവിടുന്ന് തിരിച്ചു വരാൻ ആറു മണി കഴിയും. തിരക്കിട്ട ദിനങ്ങളായിരുന്നെങ്കിലും ആസ്വദിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ സന്തോഷത്തോടെ നടത്തിയതെന്ന് ടീച്ചർ പറഞ്ഞു കേട്ടിട്ടുണ്ട്.

വിദ്യാഭ്യാസ പ്രവർത്തക, സാമൂഹ്യ സേവന പ്രവർത്തക, മികച്ച ഭരണ നൈപുണിയുള്ള വ്യക്തി, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ ജനങ്ങളുടെ ആദരവും സ്നേഹവും ഏറ്റുവാങ്ങിയ നൂറുന്നിസ ടീച്ചർ ഇന്നും ആ രംഗങ്ങളിലൊക്കെ സജീവമാണ്. നൂറുകണക്കിന് ആളുകൾക്ക് അക്ഷരം വെളിച്ചം നൽകിയും, അർഹരായവർക്ക് ജാതി-മത-രാഷ്ട്രീയ പക്ഷഭേദമില്ലാതെ പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊടുത്തും അവർ ജനങ്ങളുടെ ഹൃദയത്തിലിടം തേടി. 

വർഷങ്ങളോളം തീർപ്പാവാതെ കിടക്കുന്ന കേസുകൾ പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാൻ രൂപീകരിച്ച ജയിൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ടീച്ചർ അംഗമാണ്. ഇതേപോലെ നിരാലംബരായ സ്ത്രീകളെ കണ്ടെത്തി അവർക്ക് ഭക്ഷണ താമസ സൗകര്യമൊരുക്കുന്ന വൺ സ്റ്റോപ്പ് സെൻ്റർ കമ്മറ്റിയിലും നൂറുന്നിസ ഉൾപ്പെട്ടിട്ടുണ്ട്. 

ദേശീയ അധ്യാപക പുരസ്കാരത്തിനു പുറമേ കണ്ണൂർ ജില്ലാ സ്ത്രീശക്തി അവാർഡും ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്. തളർന്നു പോകാൻ ഇടങ്ങളുണ്ടായിട്ടും സ്വന്തം ആത്മബലത്തിൽ മുന്നോട്ടുവന്ന ധീരയായ ഒരു സ്ത്രീയാണ് ടീച്ചർ എന്ന് നമുക്കും അഭിമാനത്തോടെ പറയാം.

നൂറുന്നിസ ടീച്ചറുടെ ഈ പ്രചോദനാത്മകമായ ജീവിതകഥ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Article Summary: National award-winning teacher and first woman chairperson of Kannur Municipality, Noorunnisa Teacher's inspiring life story.

#NoorunnisaTeacher #NationalAward #Kannur #WomensEmpowerment #InspirationalStory #KeralaPolitics

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script