ഓർമ്മകളിലെ ഉമ്മ: സ്നേഹത്തിന്റെയും ശിക്ഷണത്തിന്റെയും പാഠങ്ങൾ


● പട്ടിണി സഹിച്ചും മകന് ദോശ നൽകിയ ഉമ്മയുടെ സ്നേഹം കണ്ണ് നനയിക്കുന്നു.
● കള്ളത്തരം പറഞ്ഞപ്പോൾ ഉമ്മ നൽകിയ ശിക്ഷയും സത്യസന്ധതയുടെ പാഠവും ഓർമ്മിക്കുന്നു.
● ഉമ്മ പഠിപ്പിച്ച മൂല്യങ്ങളാണ് തന്റെ ജീവിത വിജയത്തിന് കാരണമെന്ന് ലേഖകൻ പറയുന്നു.
ഓർമ്മത്തുരുത്ത് ഭാഗം - 10 / കൂക്കാനം റഹ്‌മാൻ
(KVARTHA) പ്രായം ശരീരത്തിൽ പ്രകടമായിത്തുടങ്ങുകയും അവയവങ്ങൾ പണിമുടക്കി തുടങ്ങുകയും ചെയ്താലും, മനസ്സ് പലപ്പോഴും പഴയ കാലത്തെ ചുറ്റിപ്പറ്റിത്തന്നെയായിരിക്കും. കൈപ്പും ചവർപ്പും നിറഞ്ഞതാണെങ്കിൽപ്പോലും, പഴയകാല സ്മരണകൾക്ക് മധുരമുണ്ട്. ഏറെ വിലപിടിപ്പുള്ള മുത്തുകളെപ്പോലെ അവ മനസ്സിൽ തിളങ്ങി നിൽക്കും.
പെട്ടെന്നൊരു നിമിഷം ഓർമ്മകൾക്ക് ചിറകുമുളയ്ക്കുകയും, അവ നമ്മെയുംകൊണ്ട് പരിചിതമായ വഴികളിലൂടെ, ആരുടെയൊക്കെയോ പിന്നാലെ പറന്നുചെല്ലുകയും ചെയ്യും. സന്തോഷവും സന്താപവുമാണെങ്കിലും, ആ ഓർമ്മകൾ നമ്മളെ ഒരു പ്രത്യേക ലോകത്തെത്തിക്കും.
അതുപോലൊരു പറക്കലിനിടയിലാണ് ഞാനെന്റെ ഉമ്മയെ ഒരു ഇടവഴിയിൽ വെച്ച് കണ്ടുമുട്ടുന്നത്. വർഷങ്ങളെത്ര പിന്നിട്ടെന്നോർക്കുമ്പോൾ, എന്നെ വളർത്താൻ ഉമ്മ പെട്ട പാട് ഇന്നും മനസ്സിൽ വേദന കോറിയിടുന്നു. അതിദരിദ്രാവസ്ഥയിലൂടെ കടന്നുപോയ കാലമായിരുന്നു 1950-60 കാലഘട്ടം.
നാട്ടിലെങ്ങും ദാരിദ്ര്യമായിരുന്നു. മുഴുപ്പട്ടിണിയും അരവയറുമായി കഴിഞ്ഞ നാളുകൾ. 1950-ലാണ് ഞാൻ പിറന്നുവീണത്. നാല് വയസ്സുമുതലള്ള ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. പഴയ ഇരുനില തറവാട്ടു വീട്ടിലാണ് എന്റെ കുട്ടിക്കാലം കടന്നുപോയത്.
അക്കാലത്ത് ഞാൻ അതിരാവിലെ എഴുന്നേൽക്കും. എഴുന്നേറ്റ ഉടൻ ഉമ്മയെ ഒന്നു കാണണം. ഒരു തലോടൽ, സ്നേഹത്തോടെയുള്ള ഒരു ചേർത്തുനിർത്തൽ – അതിനുവേണ്ടിയാവും ഉറക്കച്ചടവോടുകൂടിയുള്ള അടുക്കളയിലേക്കുള്ള നടത്തം.
അന്നും പതിവ് തെറ്റിക്കാതെ, കണ്ണ് തുറന്നതും പായയിൽനിന്ന് നേരെ അടുക്കളയിലേക്ക് ലക്ഷ്യംവെച്ചു. അൽപ്പം കാഴ്ചയിൽ പുകമറയിൽ മറഞ്ഞിരുന്ന് ദോശക്കല്ലിനോട് മല്ലിടുന്ന ഉമ്മയെ എനിക്ക് കാണാമായിരുന്നു. നല്ല ഉറക്കച്ചടവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ണ് പലവട്ടം തിരുമ്മി കാഴ്ച തെളിയിക്കാൻ ശ്രമിച്ചു. എന്നാൽ, ആ നടത്തത്തിൽ കാൽ എന്തിലോ തട്ടി. അടിതെറ്റിയ ഞാൻ നേരെ ചുട്ടുപഴുത്ത ദോശക്കല്ലിലേക്ക് തലയടിച്ചു വീണു.
‘എന്റെ കുഞ്ഞ് പോയിപ്പാ!’ എന്നൊരു നിലവിളി ഞാൻ ഭൂമിയിലേക്ക് വീഴുംമുമ്പേ കേട്ടിരുന്നു. ഉറക്കെ കരഞ്ഞുകൊണ്ടാണ് ഉമ്മ എന്നെ വാരിയെടുത്തത്. അൽപ്പം ചതവുകളും ഒരു ചെറിയ മുറിവും പൊള്ളലിന്റെ നീറ്റലുമെല്ലാം ചേർന്ന് ഞാൻ നല്ല പരുവം ആയിരുന്നു.
മുറിവ് വന്ന സ്ഥലത്തൊക്കെ ഉമ്മ വേവലാതിയോടെ മരുന്ന് വാരിപ്പുരട്ടുന്നത് ഇന്നും കണ്ണിൽനിന്ന് മായാത്ത കാഴ്ചയാണ്. കരച്ചിൽ അടക്കാൻ കഴിയാത്ത എന്നെ തോളിലിട്ട് ആ വീടിനകത്തും പുറത്തും നടന്ന് പാട്ടുപാടിയതും കഥ പറഞ്ഞതും ഓർമ്മകളിൽ നനവ് പടർത്തുന്നു.
ചെറിയ പനി വന്നാൽ ‘എന്റെ മോന് കണ്ണേറ് കൊണ്ട് വന്ന പനിയാണെന്ന് പറഞ്ഞ് കുഞ്ഞാതി ഏട്ടിയുടെ വീട്ടിലേക്ക് മന്ത്രിക്കാനായി കൊണ്ടുപോകും. വീട്ടിലെത്തിയാൽ അരി അളക്കുന്ന പാത്രത്തിൽ ഉപ്പും വറ്റൽമുളകും മറ്റുമിട്ട് തല ഉഴിഞ്ഞ് അടുപ്പിലിടും’.
ഉപ്പും മുളകും തീയിലിട്ടാൽ പൊട്ടിത്തെറിക്കും. അത് കേട്ടാൽ ഉമ്മ പറയും, ‘എന്റെ കുഞ്ഞിക്ക് കൊണ്ട കണ്ണേറെല്ലാം പൊട്ടിപ്പോയി.’ അന്ന് ഞാനും അത് വിശ്വസിച്ചിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ഏത് രോഗമാണെങ്കിലും അത് കഴിയുമ്പോൾ ആ രോഗത്തിന് അൽപ്പം ശമനം കിട്ടാറുമുണ്ട്.
ഉമ്മ പട്ടിണി കിടന്നായാലും എന്റെ വയറ് നിറച്ചിട്ടേ മദ്രസയിലും സ്കൂളിലും വിടൂ. അന്ന് എന്റെ കൂടെ സ്കൂളിലേക്ക് വരുന്ന കൂട്ടുകാർക്കൊന്നും ദോശയൊന്നും കിട്ടില്ല. അവർ കുളുത്ത് കുടിച്ചോ കുടിക്കാതെയോ ആവും വരുന്നത്. ഞാൻ ദോശ തിന്നിട്ടാണ് വരുന്നതെന്ന് പറയുമ്പോൾ കൂട്ടുകാർക്ക് എന്നോട് അസൂയ തോന്നാറുണ്ടായിരുന്നു.
വീട്ടിൽ പട്ടിണിയായിരുന്നിട്ടും ഉമ്മ എന്നെ തീറ്റിക്കാൻ പെട്ട പാട് ഇന്നോർക്കുമ്പോൾ എന്റെ കണ്ണ് നിറയും. ദോശക്ക് കറിയില്ലാതെ ഞാൻ കഴിക്കില്ലായിരുന്നു. തലേന്നാളത്തെ കറിവെച്ച ചട്ടിയുടെ അടിയിൽ പറ്റിയ കറിയിൽ ദോശക്കഷണം ഉരച്ച് എന്റെ വായിലേക്ക് ഇട്ടുതരും.
സ്കൂൾ വിട്ടു വരാൻ വൈകിയാൽ വഴിയരികിൽ വന്ന് കാത്തുനിൽക്കും. മഴക്കാലമാണെങ്കിൽ ചൂടുവെള്ളത്തിൽ കാൽ കഴുകിച്ചേ അകത്തുകയറ്റൂ. ചളിവെള്ളത്തിൽ നടന്നു വന്നപ്പോൾ എന്തെങ്കിലും രോഗാണുക്കൾ ഉണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാനാണ് ഈ പ്രയോഗം.
നോക്കണേ, എത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്റെ ഉമ്മ! ചെറിയ പ്രായത്തിൽ നല്ല പനി വന്നാൽ എന്നെ മൂടിപ്പുതപ്പിച്ച് ചുമലിൽ കിടത്തി പാട്ടുപാടിയും കഥ പറഞ്ഞും ഉറക്കുമായിരുന്നു. അക്കാലത്ത് പനി വരാൻ ഞാൻ ആഗ്രഹിക്കാറുണ്ടായിരുന്നു. ഉമ്മ എടുത്തുതട്ടി ചുമലിൽ കിടത്തി വീടിനകത്തും പറമ്പിലൂടെയുമുള്ള നടത്തവും സ്നേഹപ്രകടനവും ഒരിക്കലും മറക്കില്ല.
പനി മാറിയാൽ കുളിപ്പിക്കുന്നതിനും നടപടിക്രമങ്ങളുണ്ട്. സൂര്യപ്രകാശം കൊള്ളിച്ച് ചൂടാക്കിയ വെള്ളത്തിലാണ് കുളി. വെളിച്ചെണ്ണയ്ക്ക് പകരം തേങ്ങാപ്പാലാണ് ദേഹത്തും തലയിലും പുരട്ടൽ. അത്തിത്തോലാണ് സോപ്പിന് പകരം ഉപയോഗിക്കൽ. ഇതൊക്കെ വർഷങ്ങൾക്കുമുമ്പേ നടന്നതാണെങ്കിലും അതിന്റെ സുഖം ഇന്നും ഓർത്തുപോകുന്നു.
എട്ടു വയസ്സുവരെ ഞാൻ ഒറ്റയാനായിരുന്നു. ജനിച്ചുവീഴുമ്പോൾ മെലിഞ്ഞ കുട്ടിയായിരുന്നു പോലും ഞാൻ. പക്ഷേ, സ്കൂളിൽ പോകേണ്ട പ്രായമായപ്പോഴേക്കും തടിച്ച് കുട്ടപ്പനായി മാറി. ദാരിദ്ര്യമായിരുന്നെങ്കിലും കൃഷിയും കന്നുകാലികളുമുണ്ടായിരുന്നു.
പശുവിനെ കറക്കാൻ ഉമ്മുമ്മ പുറപ്പെടുമ്പോൾ ഞാനും പിറകെ ചെല്ലും. പശുവിനെ കറന്ന് മുരുഡയിൽ പകരുമ്പോൾ അതെടുത്ത് ഞാൻ കുടിക്കും. പച്ചപ്പാലാണതെന്നൊന്നും ഞാൻ നോക്കില്ല. ഉമ്മ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വയറുനിറച്ചും പലഹാരവും ചായയും കുടിച്ച് സ്കൂളിൽ ചെല്ലും.
ഉച്ചയ്ക്ക് പട്ടിണിയാണ്. സ്കൂളിനടുത്തുള്ള വീട്ടിൽ ചെന്ന് പച്ചവെള്ളം കുടിക്കും. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും ഉച്ചയ്ക്കുള്ള കഞ്ഞിയും കറിയും എനിക്കായി വിളമ്പി വെച്ചിട്ടുണ്ടാകും. വിശന്നെത്തിയ എന്നെ വിളിച്ചിരുത്തി, സ്നേഹത്തോടെ നിർബന്ധിച്ച് കഞ്ഞി മുഴുവൻ എന്റെ വയറ്റിലെത്തിക്കും. ആ കഞ്ഞിയുടെയും കറിയുടെയും രുചി മറ്റൊരു ഭക്ഷണത്തിൽനിന്നും ഇന്നേവരെ കിട്ടിയിട്ടില്ല.
സ്നേഹവും കരുതലും ഒരുപാട് അനുഭവിച്ച് വളർന്നപ്പോഴാണ് എനിക്കൊരു അനുജൻ പിറക്കുന്നത്. എന്റെ എട്ടാമത്തെ വയസ്സിലാണ് ആ സംഭവം നടന്നത്. ഉമ്മയ്ക്ക് എന്നോടുള്ള ഇഷ്ടം കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സംശയം എന്നിലുണ്ടായി. അതെന്റെ സംശയം മാത്രമായിരുന്നു. അനുജനോട് എനിക്കും നല്ല സ്നേഹവും ഇഷ്ടവുമായിരുന്നു.
അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾമുതൽ അമ്മാവന്മാരുടെ കടയിൽ എന്നെ സഹായിയായി നിർത്താൻ തുടങ്ങി. സ്കൂളിൽ പോകുന്നതിന് മുമ്പും സ്കൂൾ വിട്ടു വൈകുന്നേരം വന്നാലും കടയിലേക്ക് ചെല്ലണം. അപ്പോഴും ഉമ്മയുടെ ശ്രദ്ധ എന്നിലുണ്ടാകും. കടയിൽ നിൽക്കുന്ന കാര്യത്തിൽ എനിക്ക് സന്തോഷമാണ്. ഇഷ്ടംപോലെ മിഠായിയും വെല്ലവും പലഹാരങ്ങളും തിന്നാം. അതിനൊന്നും എന്നെ അമ്മാവന്മാർ കുറ്റപ്പെടുത്തില്ല. പക്ഷേ, കടയിൽ ശ്രദ്ധിച്ചിരിക്കണമെന്ന് എപ്പോഴും പറയും.
ഒരു ദിവസം അമ്മാവൻ പുറത്തുപോയി വരുമ്പോഴേക്കും ഞാൻ പീടികയുടെ പുറകിൽ സുഹൃത്തുക്കളോടൊപ്പം കോട്ടി കളിക്കുകയായിരുന്നു. സാധനം വാങ്ങാൻ ഒന്നോ രണ്ടോ ആളുകൾ പീടികയുടെ വരാന്തയിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
ഇത് കണ്ട അമ്മാവന് ദേഷ്യം വന്നു. ചൂലുകൊണ്ട് കാലിൽ രണ്ടുമൂന്നടി തന്നു. വേദനമൂലം ഞാൻ വീട്ടിലേക്കോടി. ഉമ്മയോട് അമ്മാവന്റെ തല്ല് കിട്ടിയ കാര്യം പറഞ്ഞു. എന്നെ ദ്രോഹിക്കുന്നത് ഉമ്മയ്ക്ക് ഇഷ്ടമല്ല. ഉമ്മയ്ക്കത് സഹിക്കാൻ കഴിയില്ല. അനുജനെ ഉറക്കിക്കിടത്തി, എന്നെയും പിടിച്ച് ഉമ്മ പീടികയിലെത്തി.
അമ്മാവനുമായി വഴക്കിട്ടു. ഉമ്മയ്ക്ക് പുരുഷന്റെ ഉഷാറാണ്. അമ്മാവൻ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നെ കുറേ ദിവസത്തേക്ക് ഞാൻ കടയിലേക്ക് പോയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പഴയപോലെതന്നെ കടയിലേക്ക് പോകാൻ തുടങ്ങി.
ഏറ്റവും പ്രിയപ്പെട്ട ഉമ്മ എന്നെ തല്ലിയത് ജീവിതത്തിൽ ഒരു തവണ മാത്രമാണ്. ഞാൻ ചെയ്ത കള്ളത്തരത്തിന് കിട്ടിയ അടി. ഞങ്ങളുടെ നാട്ടിൽ കാരിക്കുട്ടി എന്നൊരാൾക്ക് കൂടി പീടിക ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു തമാശപ്പണിയുണ്ട്. കുട്ടികളുടെ കള്ളത്തരം പരിശോധിക്കലാണ് കക്ഷിയുടെ പണി. അദ്ദേഹം പൈസ വാങ്ങിയിടുന്ന മേശമേൽ ഒരു മുക്കാൽ (ഇന്നത്തെ മൂന്ന് പൈസ) വെക്കും.
ഞാൻ കടയിൽ ചെന്നത് മധുരക്കിഴങ്ങ് വാങ്ങാനാണ്. കാരിക്കുട്ടി കടയുടെ ഉള്ളിൽ ചെന്ന് കിഴങ്ങ് തൂക്കുമ്പോൾ മേശമേൽ വെച്ച മുക്കാൽ ഞാനെടുത്തു. മറന്നുവെച്ചതാണെന്നാണ് ഞാൻ കരുതിയത്. വീട്ടിലെത്തി ‘ഒരു മുക്കാൽ വീണുകിട്ടിയിട്ടുണ്ട്’ എന്ന് കള്ളം പറഞ്ഞു. എന്റെ പറച്ചിലിൽത്തന്നെ ഉമ്മാക്ക് പിടികിട്ടി കള്ളം പറഞ്ഞതാണെന്ന്.
പിന്നെ ചോദ്യം ചെയ്യലുകളുടെ നേരങ്ങളായിരുന്നു. പോലീസ് മുറയിലുള്ള തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ. അവസാനം പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് സത്യം പറയേണ്ടി വന്നു. ‘മേശയുടെ മുകളിൽ ഉണ്ടായിരുന്നത് എടുത്തതാണ്.’ പറയേണ്ട താമസം, വടിയെടുത്ത് കാലിന്റെ തുടയ്ക്ക് രണ്ടടി തന്നു. പിന്നെ എന്റെ കൈയ്യും പിടിച്ച് നേരെ കാരിക്കുട്ടിയുടെ പീടികയിലെത്തി.
ആ മുക്കാൽ തിരിച്ചുകൊടുപ്പിച്ചു. കൂടെ മാപ്പും പറയിപ്പിച്ചു. ജീവിതത്തിൽ മറക്കാത്തൊരു ശിക്ഷയായിരുന്നു അത്. അന്നായിരുന്നു കളവ് അത്രമേൽ ഭീകരമായ ഒരു സംഭവമാണെന്ന് മനസ്സിലായത്. അങ്ങനെ ശിക്ഷയും സ്നേഹവും കൊണ്ട് ജീവിതത്തിന്റെ നേരുകൾ പെറുക്കിക്കൂട്ടി, ജീവിതമെന്താണെന്നും എങ്ങനെ ആയിരിക്കണമെന്നുമുള്ള നേർരേഖ ഉമ്മ കാട്ടിത്തന്നിട്ടുണ്ട്. അതുതന്നെയാണ് എന്റെ ജീവിതത്തിന്റെ വിജയവും.
ഈ ഹൃദയസ്പർശിയായ ഓർമ്മകൾ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Author shares heartfelt memories of his mother's love and discipline during childhood.
#MotherMemories #ChildhoodMemories #MothersLove #Discipline #FamilyLove #KookkanamRahman