Life Journey | എന്റെ കൂടിക്കാഴ്ചകൾ അഥവാ ഇൻ്റർവ്യൂകൾ; ജീവിതയാത്രയിലെ വേറിട്ട അനുഭവങ്ങൾ


● ആദ്യ ഇൻ്റർവ്യൂ 1972-ൽ കണ്ണൂരിൽ വെച്ച്.
● യുവജനക്ഷേമ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിശീലനത്തിന് പോയില്ല.
● സർവ്വശിക്ഷാ അഭിയാനിൽ അനായാസം വിജയിച്ചു.
● 68-ാം വയസ്സിലും ഇൻ്റർവ്യൂവിൽ പങ്കെടുത്തു.
● ഓരോ ഇൻ്റർവ്യൂവും ജീവിതത്തിലെ അനുഭവങ്ങളാണ്.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 48
(KVARTHA) ജീവിതം മാറ്റി മറിക്കാൻ ഉകുന്നതാണ് ഇൻ്റർവ്യൂകൾ. പരീക്ഷകൾ എന്ന വൈതരണികൾ ഏറെ പ്രയാസപ്പെട്ട് അതിജീവിച്ചവരാണ് ഒരു ജോലിക്കു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരുന്ന് ഇൻ്റർവ്യൂവെന്ന കടമ്പ കൂടി കടന്നു കിട്ടാൻ ബുദ്ധിമുട്ടുന്നവർ. ജോലി കിട്ടുവാനോ, പ്രമോഷൻ കിട്ടുവാനോ, മറ്റേതെങ്കിലും മേഖലയിലേക്ക് കടന്നു പറ്റാനോ ഇൻ്റർവ്യുവിന് ചെല്ലേണ്ടി വരും. കരുതലോടെയും വേണ്ടത്ര പ്രിപ്പറേഷൻ നടത്തിയും മാത്രമെ ഇൻ്റർവ്യൂ വിനെത്താൻ പറ്റൂ. മുഖത്ത് പുഞ്ചിരി വേണം, അഭിസംബോധന നടത്തണം. ആവശ്യപ്പെട്ടാലെ ഇരിക്കാവൂ. ഇൻ്റർവ്യൂ വേദിയിലിരിക്കുന്ന എല്ലാവരോടുമായി വേണം സംസാരിക്കാൻ.
ഇക്കാര്യങ്ങളൊക്കെ അറിയുന്നവർ പോലും ഇൻ്റർവ്യൂവിന് എത്തുമ്പോൾ അതൊക്കെ മറന്നുപോകുന്നു. ജീവിതത്തിൽ ഇൻ്റർവ്യൂവിനെ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ അനുഭവിച്ച ആദ്യ ഇൻ്റർവ്യൂ പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്കായിരുന്നു. കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു ഇൻ്റർവ്യൂ. രാവിലെ 10 മണിക്ക് എത്തണം. തലേന്നാളേ പോയ് ലോഡ്ജിൽ മുറിയെടുത്തു. 1972ലാണെന്ന് ഓർമ്മ. പി.പി. ഉമ്മർകോയയാണ് ഇൻ്റർവ്യൂ ബോർഡിലെ തലവൻ. അന്ന് ധൈര്യത്തോടെയാണ് ഇൻ്റർവ്യൂവിന് ചെന്നത്. കാരണം 1970 ൽ മാനേജ്മെൻ്റ് സ്കൂളിൽ ചേർന്നിട്ടുണ്ടായിരുന്നു.
കിട്ടിയാൽ കിട്ടട്ടെ എന്ന മനോഭാവമായിരുന്നു എനിക്ക്. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീണപൂവ് ആര് എഴുതിയാണ് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞപ്പോൾ അതിലെ നാല് പരിചൊല്ലാൻ പറഞ്ഞു. 'കണ്ണമടങ്ങുക കരിഞ്ഞുമലിഞ്ഞ മണ്ണാകുമീമലരു വിസ്മൃതമാകുമിപ്പോൾ എണ്ണീടുകാർക്കുമിതുതാൻ ഗതി കണ്ണീരിനാല വനിവാഴ്‌വു കിനാവു കഷ്ടം'. കൂടുതലൊന്നും ചോദിച്ചില്ല. സർട്ടിഫിക്കറ്റ് ഒക്കെ പരിശോധിച്ചു, 'വിവരം അറിയിക്കാം' എന്ന് പറഞ്ഞു. സന്തോഷത്തോടെ ഞാൻ ഇറങ്ങി. രണ്ടു വർഷം കഴിഞ്ഞാണ് ആ ഇൻ്റർവ്യൂവിൻ്റെ ഫലം അറിയുന്നത്. 1975 നവംബറിലാണ് പാണപ്പുഴ ഗവ. എൽ.പി. സ്കൂളിൽ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പി.എസ്.സി.യിൽ നിന്ന് ലഭിക്കുന്നത്.
ഞാൻ മുപ്പത്തിമൂന്നുകാരനായപ്പോൾ പങ്കെടുത്ത ഒരു ഇൻ്റർവ്യൂ സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ഡിഗ്രിയും യുവജനക്ഷേമത്തിനായി പത്തുവർഷമെങ്കിലും പ്രവർത്തിച്ച അനുഭവവും 35 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം എന്നാണ് പത്രവാർത്ത. എനിക്ക് ഈ യോഗ്യതകൾ ഉണ്ട്. നെഹ്റു യുവക് കേന്ദ്ര, റൂറൽഫങ്ക്ഷണൽ ലിറ്ററസി പരിപാടി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. യുവജന ക്യാമ്പുകൾ, അഖിലേന്ത്യാ തലത്തിൽ മുസ്സോറിയിൽ നടത്തിയ ആദിവാസി യുവജന കലാമേളയിൽ ടീം മാനേജരായി പങ്കെടുത്ത അനുഭവം, ഇതിൻ്റെയൊക്കെ സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ട്. അപേക്ഷിച്ചു, സംസ്ഥാന യുവജനക്ഷേമ ബോർഡാണ് ഇൻ്റർവ്യു നടത്തുന്നത്.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻ്റോർ സ്റ്റേഡിയത്തിലാണ് ഇൻ്റർവ്യൂ. കൃത്യസമയത്ത് ഇൻ്റർവ്യൂവിനെത്തി. രണ്ട് പേരെയാണ് തെരെഞ്ഞെടുക്കേണ്ടത്. അപേക്ഷകരായി അമ്പതിലധികം പേരുണ്ട്. ഞാനൊഴിച്ച് ബാക്കി എല്ലാവരും കോട്ടും സൂട്ടും ടൈയുമൊക്കെയാണ് വന്നത്. ഞാൻ സാധാരണ കേരള വേഷമായ മുണ്ടും ഷർട്ടിലും. ഇൻ്റർവ്യൂ ബോഡ് അംഗങ്ങളെ വീക്ഷിച്ചു. അവരുടെ വേഷഭൂഷാദികളും അതിഗംഭീരമാണ്. ഇതൊക്കെ കണ്ടപ്പഴേ തോന്നി എനിക്കു പറ്റാത്തതാണിതെന്ന്. ഇൻ്റർവ്യൂ നടന്നുകൊണ്ടിരിക്കയാണ്. എൻ്റെ ഊഴം അടുത്തെത്താറായി. ഇൻ്റർവ്യൂ മുറിയിലേക്ക് ചെന്നു. ഇൻ്റർവ്യൂ ബോർഡിനു മുന്നിൽ ഭവ്യതയോടെ നിന്നു. ഇരിക്കാൻ പറഞ്ഞപ്പോൾ ഇരുന്നു. പ്രവർത്തനങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം വിശദമായി പറഞ്ഞു.
കൂടുതലൊന്നും പറയാതെ വിവരം അറിയിക്കാം എന്നു പറഞ്ഞു ഇൻ്റർവ്യൂ അവസാനിപ്പിച്ചു. രണ്ടു മണിയായിക്കാണും മൊത്തം ഇൻ്റർവ്യൂ തീരാൻ. എല്ലാവരും ഭക്ഷണം കഴിച്ചു വരൂ, 3 മണിക്ക് റിസൽട്ട് അറിയും. ധൃതിയിൽ ഭക്ഷണം കഴിച്ച് എല്ലാവരും ഇൻ്റോർ സ്റ്റേഡിയത്തിൽ ഹാജരായി. ഒരു ഓഫീസ് ജീവനക്കാരൻ ഫയലുമായി പുറത്തേക്ക് വന്നു. 'താഴെപറയുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നു, 1 കുക്കാനം റഹ് മാൻ (കാസർകോട്), 2 ജോർജ് മാത്യു (ഇടുക്കി). ഞങ്ങൾ രണ്ടു പേരും മുന്നിലോട്ട് വന്നു. എല്ലാവരും ഹസ്തദാനം ചെയ്തു. ബാക്കി വിവരം തപാൽ വഴി അറിയിക്കും. സന്തോഷത്തോടെ ട്രയിൻ കയറി. സെലക്ഷൻ കിട്ടിയ വിവരം വീട്ടിലറിയിക്കാനുള്ള തിടുക്കമായിരുന്നു മനസ്സുനിറയെ.
ഒരാഴ്ച കഴിഞ്ഞു. പരിപാടിയുടെ വിശദമായ വിവരങ്ങളടങ്ങിയ കത്ത് കിട്ടി. രണ്ട് മാസം ഛത്തീസ്ഗഢിൽ പരിശീലനത്തിന് ചെല്ലണം. അത് കഴിഞ്ഞ് ആറ് മാസം ആസ്ത്രേലിയയിൽ പരിശീലനത്തിന് ചെല്ലണം. അതും കഴിഞ്ഞു വന്നാൽ യുവജനക്ഷേമ ഓഫീസറായി നിയമനം ലഭിക്കും. വീട്ടുകാരും സുഹൃത്തുക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. ഛത്തീസ്ഗഢിൽ പോകുന്നതാണ് പ്രശ്നം. അവിടെ സിഖ് കലാപം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. വല്ലാത്തൊരു ടെൻഷനിലായി. കയിച്ചിട്ടറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്തൊരവസ്ഥ. ഇക്കാര്യം ഇടുക്കിയിലെ ജോർജ് മാത്യുവുമായി സംസാരിച്ചു. അദ്ദേഹവും അതേ അസന്നിഗ്ധാവസ്ഥയിലാണ്. കൈവന്ന സുവർണാവസരം ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു.
അമ്പതാം വയസ്സിൽ വേറൊരു ഇൻ്റർവ്യൂവിന് പങ്കെടുത്തു. തിരുവനന്തപുരത്തു വെച്ചായിരുന്നു ഇൻ്റർവ്യൂ. സർവ്വശിക്ഷാ അഭിയാൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. അപേക്ഷ അയച്ചു. ഇൻ്റർവ്യൂവിന് ചെന്നു. ഒരുപാട് അപേക്ഷകരുണ്ടായിരുന്നു. ആദ്യം കമ്പ്യൂട്ടർ നോളജ് ടെസ്റ്റിംഗ് ആയിരുന്നു. തുടർന്ന് ഇൻ്റർവ്യൂ. ഡി.പി.ഇ.പി. അനുഭവം ഉള്ളതിനാൽ ഇൻ്റർവ്യൂ അനായാസമായി തോന്നി. ഒരാഴ്ച കഴിഞ്ഞപ്പോൾ സെലക്ഷൻ മെമ്മോ കിട്ടി. കണ്ണൂർ നോർത്ത് സബ് ജില്ലയിലാണ് നിയമനം. വളരെ അകലെയാണ്. വരുന്നത് വരട്ടെയെന്ന് കരുതി ബാര ഗവ: യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ പോസ്റ്റിൽ നിന്ന് റിലീവ് ചെയ്ത് പുതിയ പോസ്റ്റിൽ ജോയിൻ ചെയ്തു. സർവ്വീസിൽ നിന്ന് പിരിയും വരെ അതേ പോസ്റ്റിൽ തുടർന്നു.
സർവ്വീസിൽ നിന്ന് പിരിഞ്ഞ് പന്ത്രണ്ട് വർഷം പിന്നിട്ടപ്പോൾ അതായത് അറുപത്തിയെട്ടാം വയസ്സിൽ ഒരു ഇൻ്റർവ്യൂവിന് പങ്കെടുക്കാൻ അവസരമുണ്ടായി. യോഗ്യതയായി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. എഴുപത് വയസ്സ് കഴിയാത്തവരും കുട്ടികളുമായി ഇടപെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് പരിചയമുള്ളവരും ആയിരിക്കണം എന്നാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ /അംഗങ്ങൾ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ചൈൽഡ് ലൈൻ ഡയറക്ടർ എന്ന നിലയിൽ പത്ത് വർഷത്തിലേറെ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്കുള്ള പരിഹാരം കണ്ടെത്തിയ അനുഭവ സമ്പത്തുണ്ട്. ഇൻ്റർവ്യൂ എറണാകുളത്ത് വെച്ചായിരുന്നു.
വന്നവരിൽ മിക്കവരും അറുപത് പിന്നിട്ടവരായിരുന്നു. വക്കീലന്മാരും, ജില്ലാതല ഓഫീസർമാരായി റിട്ടയർ ചെയ്തവരും ആയിരുന്നു മിക്കവരും. ഇൻ്റർവ്യൂ നടന്നു. എക്സ്പീരിയൻസ് വെച്ച് എനിക്ക് സെലക്ഷൻ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ പ്രസ്ഥാനത്തിൻ്റെ സംസ്ഥാന തല ഓഫീസർമാരും എനിക്ക് കിട്ടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നെ പോലെ തന്നെ ഈ രംഗത്ത് പ്രവർത്തനാനുഭവമുള്ള ഒരു സുഹൃത്ത് കാസർകോട് ഉണ്ടായിരുന്നു. അദ്ദേഹത്തോട് എന്തുകൊണ്ട് ഇൻ്റർവ്യൂവിന് വന്നില്ല എന്നന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു, 'എന്തിനാ മാഷെ വെറുതെ മിനക്കെടുന്നു. അതിൻ്റെ സെലക്ഷനൊക്കെ മുമ്പേ കഴിഞ്ഞു'. ഇതാണ് ഇന്നും നടക്കുന്നതെന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി. ആരെയും സ്വാധീനിക്കാൻ പോയില്ല. ബന്ധപ്പെട്ട നേതാക്കളെയൊന്നും കണ്ടുമില്ല. അതായിരിക്കാം സെലകഷൻ ലിസ്റ്റിൽ ഞാനില്ലാതെ പോയത്.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Each interview is a lesson in life. From the first to the last interview, each meeting offers valuable experiences that act as stepping stones to success.
#LifeJourney, #Interviews, #Experiences, #CareerGrowth, #Success, #Learning