Nostalgia | എന്റെ വീട്; പണ്ടത്തെ നാട്ടിൻ പുറങ്ങളിലെ ഭവനങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു!


● പഴയകാല വീടുകൾ ലാളിത്യം നിറഞ്ഞതായിരുന്നു.
● മൺചുമരുകളും ഓല മേൽക്കൂരകളും സാധാരണമായിരുന്നു.
● വീടുകളിൽ കുറഞ്ഞ ഫർണിച്ചറുകളെ ഉണ്ടാകൂ.
● സ്ത്രീകൾ പ്രസവിച്ചാൽ കുച്ചിലിന്റെ ഒരു ഭാഗത്തായിരുന്നു കിടത്തിയിരുന്നത്.
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 42
(KVARTHA) പണ്ടത്തെ നാട്ടിൻ പുറങ്ങളിലെ വീടുകൾ ലാളിത്യത്തിൻ്റെ പ്രതീകങ്ങളായിരുന്നു. ആർഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത കാലമായതിനാൽ തന്നെ, അവനവന്റെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചായിരുന്നു വീടുകൾ നിർമിച്ചിരുന്നത്. മൺചുമരുള്ളവനും ഓല കൊണ്ട് ചുമർ കെട്ടിയവനും ഇഷ്ട്ടിക കൊണ്ട് കെട്ടിയവരുമൊക്കെ ഉണ്ടാവും. പക്ഷെ മേൽക്കൂര ഓലയും പുല്ലും കൊണ്ടുള്ളതാവും. ചെറിയ അടുക്കള. നിന്ന് തിരിയാൻ ഇടമില്ലാത്ത ഒന്നോ രണ്ടോ മുറികൾ. ജനലുകൾക്ക് പകരം ചെറിയ 'കിളിവാതിലുകൾ'. ഇതാണ് അന്നത്തെ വീടെന്നത്.
പിന്നെ അതിനിടയിൽ കൽച്ചുമരുകളുള്ള ഓടു പാകിയ ചില വീടുകളും കാണാം. അതൽപം സമ്പത്തുള്ളവർക്ക് പറഞ്ഞതാണ്. 1950 ൽ ജനിച്ച ഞാൻ, വളർന്നുവന്നത് നൂറ് വർഷത്തോളം പഴക്കമുള്ള ഒരു വീട്ടിലായിരുന്നു. എങ്കിലും അതിന്റെ പ്രധാന ഭാഗത്തെ ചുമര് കല്ല് വെച്ചതായിരുന്നു. അന്ന് സിമൻ്റ് ഉപയോഗത്തിലില്ല. കുമ്മായവും പൂഴിയും ഉപയോഗിച്ചാണ് ചുമര് നിർമ്മിച്ചിരുന്നത്. പ്രധാന കെട്ടിട ഭാഗത്തിൻ്റെ നാലുഭാഗവും 'ഞാലി' കെട്ടിയത് മൺകട്ട ഉപയോഗിച്ചാണ്. മൺകട്ടയാണെങ്കിൽ ചളി കൊണ്ടാണ് ഉണ്ടാക്കുന്നത്. വീടിനുള്ളിൽ വളരെ കുറച്ചു ഫർണിച്ചറുകളേ ഉണ്ടാവൂ.
പക്ഷെ എത്ര ചെറിയ വീടാണെങ്കിലും ചെറുതോ വലുതോ ആയ മരത്തിൽ പണിത ഒരു പത്തായമുണ്ടാവും. അതെന്തിനാണെന്ന് വെച്ചാൽ അന്ന് എല്ലാ വീട്ടുകാർക്കും നെൽ കൃഷിയുണ്ടാവും. ആ നെല്ല് സൂക്ഷിക്കാനും കിടന്നുറങ്ങാനുമാണ് ഈ പറഞ്ഞ പത്തായം. നിലം ചാണകം മെഴുകിയതായിരുന്നു. ദിനേന അടിച്ചു വൃത്തിയാക്കുമ്പോൾ ചാണകപ്പൊടിയുണ്ടാവും. അത് തടുപ്പയിൽ വാരി കുപ്പയിൽ കൊണ്ടിടും. അതാണ് പതിവ്. നിലം അടിച്ചു വാരാൻ രണ്ടു തരം ചൂലാണ് അന്നുണ്ടായിരുന്നത്. ഒന്ന് ചൂതു മാച്ചിയും മറ്റൊന്ന് ഈർക്കിൽ മാച്ചിയും. വയലിൽ നിന്ന് ശേഖരിക്കുന്ന ചൂത പുല്ല് ഉപയോഗിച്ചാണ് ഇരുന്നു കൊണ്ട് നിലം അടിച്ചു വാരാൻ പറ്റുന്ന ചൂത് മാച്ചി ഉണ്ടാക്കിയിരുന്നത്.
പച്ച തെങ്ങോലയിൽ നിന്ന് ഈർക്കിൽ എടുത്ത് കെട്ടി ഉണ്ടാക്കുന്നതാണ് ഈർക്കിൽ മാച്ചി. അതിന്നും നമുക്ക് സുപരിചിതമാണ്. വീട്ടിലെ നാലുഭാഗത്തുമുള്ള ഞാലി ഓരോ ആവശ്യത്തിനായി മാറ്റിവെക്കും. ഒരു ഭാഗത്തെ തായലക്കൊട്ടിൽ എന്നാണ് പറയുക, ഇക്കാലത്തെ വിസിറ്റേർസ് റൂം. പുറത്തു നിന്ന് വരുന്ന അതിഥികൾ ഇവിടെയാണ് ഇരിക്കുക. ഇരിക്കാൻ കസേരയോ സ്റ്റൂളോ ഒന്നുമുണ്ടാകില്ല. തിണമേൽ ഇരിക്കും. അതിൽ പായ വിരിച്ചിച്ചുണ്ടാവും. ഞാലിയുടെ വേറൊരു ഭാഗം കുച്ചിൽ ആണ്. അതായത് കിച്ചൺ. അവിടെയാണ് അടുപ്പ്. നിലത്താണ് അടുപ്പിൻ തിണയും അടുപ്പും ഉണ്ടായിരുന്നത്. അടുപ്പിന് ചുറ്റും നെല്ലിൻ്റെ ഉമി കൂട്ടിയിടും. അത് കാരണം അടുപ്പ് സാധാ എരിഞ്ഞു കൊണ്ടേയിരിക്കും.
അടുപ്പിന് മുകളിൽ മരക്കമ്പ്, ചൂടി ഉപയോഗിച്ച് കെട്ടിയ പറം ഉണ്ടാവും. വിറക് ഉണക്കി എടുക്കാനുള്ള സൂത്ര പണിയാണിത്. പിന്നെ കാവൽക്കാരെ പോലെ അടുപ്പിൻ കുണ്ടിന് ചുറ്റും രണ്ടോമൂന്നോ പൂച്ചകൾ സ്ഥിരമായി കിടപ്പുണ്ടാവും. നെല്ല് കുത്തലും കുച്ചിലിലെ നിലത്ത് നിന്ന് തന്നെയാണ്. ഉലക്കകൊണ്ട് രണ്ട് സ്ത്രീകൾ മൽസരിച്ച് താളാത്മകമായി കുത്തുന്നത് കാണാൻ നല്ല രസമാണ്. അങ്ങിനെ നെല്ല് കുത്തുന്ന ഇടത്തിൽ കാലക്രമേണ ഒരു ചെറിയ കുഴി രൂപപ്പെടും. പക്ഷെ അത് നികത്താറൊന്നുമില്ല. അമ്മിയും അമ്മിക്കുട്ടിയും ഉപയോഗിച്ച് അരിയും മറ്റും അരച്ചെടുക്കലും കുച്ചിലിൽ നിന്നു തന്നെ. അമ്മിക്കു ചുറ്റും അരച്ചെടുത്തവയുടെ അവശിഷ്ടങ്ങൾ വിതറിയിട്ടുണ്ടാവും. അതും വൃത്തി ഹീനമായി കണക്കാക്കാറില്ല.
വേറൊരു ഭാഗത്ത് ചായ്പാണ്. അവിടെ അടക്ക വെള്ളത്തിലിടുന്ന കുട്ട്വോൻ ഉണ്ടാകും. മണ്ണ് കൊണ്ടുണ്ടാക്കിയ വലിയ പാത്രത്തിനെയാണ് കുട്ട്വോൻ എന്ന് പറയുന്നത്. ചക്കക്കുരു കേടുകൂടാതിരിക്കാൻ മണ്ണിട്ട് മൂടിവെക്കലും ഈ ചായ്പിൽ തന്നെയാണ്. സ്ത്രീകൾ പ്രസവിച്ചാൽ കിടക്കുന്നതും കുച്ചിലിൻ്റെ ഒരു ഭാഗത്തു തന്നെയാവും. ഇങ്ങിനെ ആകെ കൂടി ബഹളമയമാണ് കുച്ചിൽ പുറം. ഇതിനു പുറമേ ഒരു ഇടയും ആ ഇടയുടെ ഒരുവശത്തു രണ്ട് ഇരുട്ട് മുറികളുമുണ്ടാകും. അവിടെ ജനൽ ഉണ്ടാകില്ല. രണ്ടറയിലും ഓരോ പത്തായമുണ്ടായിരുന്നു. അതിൽ കോളാമ്പിയും ഒരു തൂക്കു വിളക്കും ഉണ്ടായിരുന്നു.
പിന്നൊരു പ്രധാന മുറിയാണ് മീത്തലെ കൊട്ടിൽ. അവിടെയും ഒരു കട്ടിലും ഒരു പത്തായവുമുണ്ടായിരുന്നു. ആ മുറിക്ക് കിളിവാതിലുമുണ്ടായിരുന്നു. ചുമരിനോട് ഘടിപ്പിച്ച ഒരു അലമാരയും മുകളിലേക്ക് കയറിപ്പോകാനുള്ള ഏണിപ്പടിയും മീത്തലെ കൊട്ടിലിലാണ്. പത്തായത്തിനടിയിൽ ഒരുപാട്, മണാട്ടി തവള വാസമുറപ്പിച്ചിട്ടുണ്ടായിരുന്നു. മഴയുടെ വരവ് അറിയിക്കാൻ അവ കൂട്ടത്തോടെ കരയും. അസഹനീയമാണ് ആ ശബ്ദം. ചേരപ്പാമ്പും ചിലപ്പോഴൊക്കെ പത്തായത്തിനടിയിൽ സന്ദർശകനായി എത്താറുണ്ട്. അന്നൊക്കെ വീട്ടിലെ പ്രായം ചെന്ന പെണ്ണുങ്ങൾക്ക് മുറുക്കൽ നിർബന്ധമായിരുന്നു. പീടികയിൽ നിന്ന് അരക്കെട്ട് വെറ്റില വാങ്ങി, വാഴയുടെ പോളക്കകത്ത് തിരുകിവെക്കും. അത് വാടിപ്പോകാതിരിക്കാനാണ്. ഇക്കാലത്തെ ഫ്രിഡ്ജിന് പകരമാണ് ആ പണി.
ചുണ്ണാമ്പ് സ്വന്തം ഉണ്ടാക്കിയെടുക്കും. പുകയില കടയിൽ നിന്ന് വാങ്ങും. വീട്ടിൽ ആരെങ്കിലും വന്നാൽ മുറുക്കാൻ കൊടുത്താണ് സ്വീകരിക്കുക. വീട്ടുകാർക്ക് മുറുക്കിത്തുപ്പാൻ 'തുപ്പുന്ന്' ഉണ്ടാവും. ഇപ്പറഞ്ഞതൊക്കെ എൻ്റെ പഴയ തറവാട് വീടിൻ്റെ കാര്യമാണ്. എത്ര ചെറിയ വീടാണെങ്കിലും ഹിന്ദു വീടുകളിൽ പടിഞ്ഞാറ്റയുണ്ടാവും. ഇവിടം നല്ല പോലെ ശുചിയാക്കി വെക്കും. സന്ധ്യക്ക് വിളക്ക് കൊളുത്തേണ്ടതിനാലാണ് ഇവിടെ നന്നായി പരിപാലിക്കുന്നത്. സന്ധ്യാസമയത്ത് കുട്ടികളെക്കൊണ്ട് നാമം ജപിപ്പിക്കും 'രാമ.. രാമ രാമ....' എന്ന് എല്ലാ വീടുകളിൽ നിന്നും മുഴങ്ങും. മുസ്ലിം വീടുകളിൽ നിന്ന് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ഉറക്കെ. കുഞ്ഞുങ്ങളെക്കൊണ്ട് ദിഖ്‌റ് ചൊല്ലിക്കുന്നുണ്ടാകും. ഇതൊക്കെയാണ് സന്ധ്യാ നേരത്തെ കാഴ്ചകൾ.
അത് പോരാഞ്ഞു ഗ്രാമത്തിലെ മിക്ക വീടുകളിലും വാറ്റുണ്ടാകും. വീടിൻ്റെ സമീപത്തുകൂടി നടന്നാൽ റാക്കിൻ്റെ മണം മൂക്കിലേക്ക് തുളച്ചുകയറും. കശുവണ്ടിക്കാലത്താണ് വാറ്റ് കൂടുതലാകുന്നത്. ആലയും വീടിനടുത്തു തന്നെയാണ് ഉണ്ടാവുക. അത് കൊണ്ട് തന്നെ കന്നുകാലികളുടെ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം സമീപത്തൊക്കെ വ്യാപിച്ചിട്ടുണ്ടാവും. കക്കൂസില്ലാത്ത, കുളിമുറിയും മൂത്രപ്പുരയുമില്ലാത്ത അവസ്ഥയിലും, വീട്ടിൻ്റെ വൃത്തിയിലും വെടുപ്പിലും കൂടുതൽ ശ്രദ്ധ ചെലുത്താത്ത അന്നത്തെ ആ പഴയ കാല മനുഷ്യർ നല്ല ആരോഗ്യവാന്മാരായിരുന്നു എന്നത് ഒരത്ഭുതം തന്നെയായിരുന്നു.
മേൽ പറഞ്ഞ വസ്തുതകൾ വായിക്കുമ്പോൾ ന്യൂജൻസിന് അറപ്പും വെറുപ്പും തോന്നുമായിരിക്കും. ഇവരെങ്ങിനെ ഇത്തരം ചുറ്റുപാടിൽ ജീവിച്ചു വന്നു എന്ന് അത്ഭുതപ്പെടുകയും ചെയ്തേക്കാം. ഈ സംഭവങ്ങൾ ഒരു അറുപത് എഴുപത് വർഷങ്ങൾക്കപ്പുറം ഉള്ളതാണ്. അതിനുമപ്പുറം ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിത രീതി നമ്മളിൽ പലരും വായിച്ചറിഞ്ഞിട്ടുണ്ടാവുമായിരിക്കും. ഞാനിവിടെ കുറിച്ചത് എൻ്റെ നേരനുഭവങ്ങളാണ് കേട്ടോ. ഇനിയും ഒരറുപത് വർഷം പിന്നിട്ടാൽ അന്ന് ജീവിക്കുന്നവരുടെ ഭക്ഷണം വസ്ത്രം വീട് കുടുംബം എല്ലാം എങ്ങിനെയായിരിക്കുമെന്ന് നമുക്ക് ഊഹിച്ചു നോക്കാം. അന്ന് ചിലപ്പൊ ഇന്നത്തെ മനുഷ്യരെ ഓർത്തും ജീവിതത്തെ ഓർത്തും അവരും അത്ഭുതപെടുമായിരിക്കും. കാരണം അന്ന് ഈ കാലവും പഴമക്കാരും പഴങ്കഥയുമാവുമല്ലോ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The houses of the past in the countryside were symbols of simplicity, built from locally available materials, with small rooms, minimal furniture, and a close-knit family lifestyle.
Hashtags in English for Social Shares:
#OldHomes #CountrysideLife #TraditionalHouses #Nostalgia #FamilyLife