തൊണ്ണൂറിലും കർമനിരതൻ: കരിവെള്ളൂരിലെ കരുണാകരൻ മാഷിന്റെ ജീവിതപാഠങ്ങൾ

 
M V Karunakaran Master a social role model
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ നാല് മണിക്ക് ഉണർന്ന് വായന, നടപ്പ്, മിതമായ ഭക്ഷണം എന്നിങ്ങനെയുള്ള കൃത്യനിഷ്ഠയുള്ള ജീവിതശൈലി.
● ദാരിദ്ര്യം നിറഞ്ഞ വിദ്യാർഥി ജീവിതത്തിൽ രാജാസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ ഫീസ് പകുതിയാക്കി കുറച്ചു.
● കൈവരികളില്ലാത്ത റെയിൽപാലത്തിലൂടെയുള്ള അപകടകരമായ യാത്ര ഒഴിവാക്കാൻ ഹോസ്റ്റലിൽ ചേർന്നു.
● 1989-ൽ സംസ്ഥാന അധ്യാപക അവാർഡ്, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരിൽ നിന്ന് ഏറ്റുവാങ്ങി.

കനിവുള്ള മനുഷ്യർ ഭാഗം 7/ കൂക്കാനം റഹ്‌മാൻ

(KVARTHA) സമൂഹത്തിൽ എങ്ങനെ ഒരു അധ്യാപകൻ മാതൃകാപരമായി ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്ന വ്യക്തിയാണ് എം വി കരുണാകരൻ മാസ്റ്റർ. കരിവെള്ളൂരിലെ മണക്കാട് എന്ന സ്ഥലത്താണ് അദ്ദേഹം താമസിച്ചു വരുന്നത്. തൊണ്ണൂറിലെത്തിയിട്ടും തെളിഞ്ഞ ചിന്തയും തന്മയത്വത്തോടെയുള്ള സാമൂഹിക ഇടപെടലും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു.

Aster mims 04/11/2022

ചുറുചുറുക്കോടെയുള്ള അദ്ദേഹത്തിന്റെ പോക്കും വരവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. സ്നേഹം തുളുമ്പുന്ന പെരുമാറ്റവും നേർത്ത ചിരിയോടെയുള്ള ആ കുശലം പറച്ചിലും അനുഭവിച്ചവരാരും അത് മറക്കാൻ വഴിയില്ല. ഗ്രാമത്തിൽ നടക്കുന്ന മിക്ക പൊതുചടങ്ങുകളിലും പ്രായം വകവെക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും.

ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മരണവീടുകളിലും അദ്ദേഹം ചെല്ലുകയും ബന്ധുക്കളെ സമാശ്വസിപ്പിച്ച് സംസ്കാരച്ചടങ്ങ് അവസാനിക്കും വരെ അവിടെ ശാന്തമായി നിലകൊള്ളുകയും ചെയ്യും. തൊണ്ണൂറ് വയസ്സിനിടക്ക് ഇതേ വരെ ആരുമായും ഇടയേണ്ടി വന്നിട്ടില്ലയെന്ന് മാഷ് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ശാന്തമായ ഒരു പുഞ്ചിരി വിരിയും.

M V Karunakaran Master a social role model

കൃത്യനിഷ്ഠയുള്ള ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. രാവിലെ 4 മണിക്ക് എഴുന്നേൽക്കും. ശരീരശുദ്ധി വരുത്തി വായനയ്ക്കായി ഇരിക്കും. ഏഴു മണി വരെയെങ്കിലും വായന നീളും. റിട്ടയർമെന്റിനു ശേഷവും ഇതേ ശൈലിയിൽ ജീവിതം തുടരുന്നു. മിതമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂർ നടത്തം. 

അതുകൊണ്ടാവാം ഇന്നേവരെ ജീവിതശൈലീ രോഗങ്ങളോ, മാരകമായ മറ്റു രോഗങ്ങളോ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. മനസ്സ് എന്നും ശാന്തമാണ്. ഒരു ടെൻഷനും ഇന്നേവരെ മാഷെ അലട്ടിയില്ലയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കഷ്ടപ്പാടിന്റെ വിദ്യാർഥി ജീവിതം

ബാല്യ-കൗമാര ജീവിതം ദാരിദ്ര്യാവസ്ഥയിലായിരുന്നു. 1935-ലാണ് ജനനം. അച്ഛൻ അധ്യാപകനായ കടിഞ്ഞിയിൽ കൃഷ്ണൻ മാഷായിരുന്നു. അമ്മ മണക്കാട് വീട്ടിൽ ലക്ഷ്മി. കരിവെള്ളൂർ നോർത്ത് സ്കൂളിലും മാന്യഗുരു യു പി സ്കൂളിലുമായിരുന്നു പഠനം. അന്നത്തെ ഇ എസ് എസ് എൽ സി (ESSLC) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 1950 ജൂൺ 11-ന് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ചേർന്നു.

mv karunakaran master role model life story teacher award

പലരെയും പോലെ കഷ്ടപ്പാടിലായിരുന്നു അക്കാലത്തെ പഠനകാലം. അന്ന് ട്യൂഷൻ ഫീസ് കൊടുക്കണം. മാസം ആറര ഉറുപ്പികയാണ് അടക്കേണ്ടിയിരുന്നത്. എന്നാൽ അത്രയും അടക്കാൻ അച്ഛന് വകയില്ലാതിരുന്നത് കാരണം പഠിപ്പു മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ അവിടുത്തെ പ്രഥമാധ്യാപകനായ രാമകൃഷ്ണറാവുവിനെ ചെന്ന് കണ്ടു. 

പ്രാരാബ്ദം ബോധിപ്പിച്ചു. അത് ബോധ്യപ്പെട്ടപ്പോൾ ഫീസ് പകുതിയായി കുറച്ചു. എങ്കിലും മൂന്നേകാൽ രൂപ തോതിൽ മാസം കൊടുക്കണം. അന്നതൊക്കെ വലിയ തുക തന്നെയായിരുന്നു. അതിന്റെ പേരിൽ പഠിപ്പ് മുടക്കാൻ അച്ഛൻ അനുവദിച്ചില്ല.

പിന്നേയും ചിലവുകൾ ഏറെ ഉണ്ടായിരുന്നു. കാര്യങ്കോട് പുഴ കടന്നു വേണം അക്കരയെത്താൻ. തോണിയിലായിരുന്നു യാത്ര. അതിന് ഒരു മുക്കാൽ (ഇന്നത്തെ മൂന്ന് പൈസ) വേറെ കൊടുക്കണം. കടത്തുകൂലിയാണ്. അതുംകൂടി കൂട്ടിയാൽ പഠിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാകും. അതിനുള്ള പരിഹാരമായിരുന്നു റെയിൽപാലം വഴിയുള്ള നടന്നുപോക്ക്. 

M V Karunakaran Master a social role model

കൈവരികളോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാത്ത ഒരു ഒറ്റവരി പാത പോലെയായിരുന്നു അന്നത്തെ റെയിൽപാലങ്ങൾ. നടക്കുന്നതിനിടക്ക് ട്രെയിൻ വന്നുപോയാൽ ഒന്നുകിൽ പുഴയിലേക്ക് ചാടേണ്ടി വരും അല്ലെങ്കിൽ മരണം ഉറപ്പ്. അതൊരു വലിയ ബുദ്ധിമുട്ടായപ്പോൾ സ്കൂൾ ഹോസ്റ്റലിൽ ചേർന്ന് പഠിക്കാൻ തീരുമാനിച്ചു. അതിനും പണം വേണം. അവിടെയും സ്കൂൾ അധികൃതർ കരുണ കാണിച്ചു. ഹൃദയാലുവായ സ്കൂൾ ഹെഡ്മാസ്റ്റർ ഡെപ്പോസിറ്റ് അടക്കാതെ തന്നെ ഹോസ്റ്റലിൽ ചേർത്തു.

ആ കഷ്ടപ്പാടിന് ഫലമുണ്ടാവുകയും ചെയ്തു. 1954-ൽ എസ് എസ് എൽ സി വിജയിച്ചു. അക്കൊല്ലം തന്നെ കാസർകോട് ജില്ലയിലെ കുറ്റിക്കോൽ എ യു പി സ്കൂളിൽ അൺട്രെയിൻഡ് ടീച്ചറായി ജോയിൻ ചെയ്തു. മാസം 36 രൂപയായിരുന്നു ശമ്പളം. തുടർന്ന് 1955-ൽ കണ്ണൂർ ട്രെയിനിങ് സ്കൂളിൽ അഡ്മിഷൻ കിട്ടി. അതിന് മറ്റൊരു ഗുണവുമുണ്ടായിരുന്നു. മാസം പതിനെട്ട് രൂപ സ്റ്റൈപ്പൻഡ് ലഭിച്ചു. രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം 1957-ൽ ടി ടി സി ഒന്നാം ക്ലാസോടെ പാസായി.

വയനാട്ടിലെ അധ്യാപന ജീവിതം

നാട്ടിലെ സ്കൂളുകളിലെല്ലാം ജോലി അന്വേഷിച്ചു നടന്നെങ്കിലും എവിടെയും ലഭിച്ചില്ല. അക്കാലത്ത് കരുണാകരൻ മാഷിന്റെ നാല് സഹോദരങ്ങൾ വയനാട്ടിൽ വിവിധ എസ്റ്റേറ്റുകളിൽ റൈറ്റർമാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ബലത്തിൽ ജോലി തേടി മാഷ് വയനാട്ടിലേക്ക് പുറപ്പെട്ടു. 

1957-ലാണ് വയനാട്ടിലേക്കുള്ള ആദ്യയാത്ര. മൂക്കൻ ബസ്സിലാണ് യാത്ര. കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്ക് ഒന്നര രൂപയായിരുന്നു ചാർജ്. അടിവാരത്തിൽ നിന്ന് ഒൻപത് വളവുകളുണ്ട്. 'Dangerouse curves ahead' എന്ന മുന്നറിയിപ്പ് കാണുമ്പോൾ ഏതൊരാൾക്കും ഭയം തോന്നിയിരുന്നു.

കൽപ്പറ്റയിൽ എത്തി അടുത്ത ദിവസം തന്നെ ജോലി അന്വേഷണം ആരംഭിച്ചു. ഹിദായത്തുൽ ഇസ്ലാം ഹയർ എലിമെന്ററി സ്കൂൾ മാനേജർ കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജിയെയാണ് ആദ്യം കണ്ടത്. സ്ഥലത്തെ വ്യാപാരിയും പ്ലാന്ററും പൗരമുഖ്യനുമാണ് അദ്ദേഹം. 'നിലവിൽ ഒഴിവുകൾ ഒന്നുമില്ലെന്നും സ്കൂളിൽ നിന്ന് ആരെങ്കിലും ലീവെടുത്താൽ ജോലിയിൽ ചേർക്കാമെന്നും' അദ്ദേഹം പറയുകയും ചെയ്തു. 

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ 1957 ജൂൺ 3-ന് ആ സ്കൂളിൽ അധ്യാപകനായി ചേർന്നു. ‘മാഷേക്കാൾ വലിയ കുട്ടികളാണല്ലോ സ്കൂളിലുള്ളത്’ നീണ്ടു മെലിഞ്ഞ ഇരുപത്തിരണ്ടുകാരനായ മാഷെ നോക്കിയിട്ട് അന്നത്തെ സ്കൂൾ മാനേജർ തമാശയായി ഒരു കമന്റിട്ടതാണ്.

1957-ൽ ഇ എം എസ്സിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കേരള സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കരണ കാലത്താണ് കരുണാകരൻ മാസ്റ്റർ സർവീസിൽ പ്രവേശിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ. മുണ്ടശ്ശേരി പുതിയ വിദ്യാഭ്യാസ നിയമങ്ങൾ അസംബ്ലിയിൽ പാസാക്കിയെടുത്തു. കഷ്ടപ്പെടുന്ന അധ്യാപകർക്ക് അതോടെ ഒരു നിലയും വിലയുമുണ്ടായി. അതിനെക്കുറിച്ച് പറയുമ്പോൾ മാഷ് ഇപ്പോഴും വാചാലനാകും.

കരുണാകരൻ മാഷ് അദ്ദേഹത്തിന്റെ ഏട്ടൻ കുഞ്ഞിക്കണ്ണൻ നായരുടെ കൂടെയായിരുന്നു താമസം. വയനാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ഏറെ പ്രവർത്തിച്ച വ്യക്തിയായിരുന്നു കുഞ്ഞിക്കണ്ണൻ നായർ. ഇ കെ നായനാർ, പി ആർ നമ്പ്യാർ എന്നിവരൊക്കെ വയനാട്ടിൽ വന്നാൽ ഏട്ടന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 

1960-ൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ കെ നായനാർ വീട്ടിൽ വന്ന് താമസിച്ചത് മനസ്സിൽ നിന്ന് മായുന്നില്ലെന്നും നായനാരും കരുണാകരൻ മാഷും ഒരേ കട്ടിലിൽ കിടന്നാണ് അന്ന് ഉറങ്ങിയതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.

സംസ്ഥാന അവാർഡ്: മധുരമുള്ള ഓർമ്മ

1985-ൽ പ്രസ്തുത സ്കൂളിൽ പ്രഥമാധ്യാപകനായി ചുമതലയേറ്റു. സഹാധ്യാപകരുമായുള്ള രമ്യത നിറഞ്ഞ പ്രവർത്തനത്തിലൂടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പഠനമേന്മ നിലനിർത്താനും സാധിച്ചു എന്നതിൽ മാഷ് സംതൃപ്തനാണ്.

1989-ൽ കരുണാകരൻ മാഷിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. ഒരേ കട്ടിലിൽ കിടന്നുറങ്ങിയ, പിന്നീട് കേരള മുഖ്യമന്ത്രിയായ ഇ കെ നായനാരിൽ നിന്ന് തിരുവനന്തപുരത്ത് വെച്ച് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞത് ഏറെ ചാരിതാർത്ഥ്യജനകമായെന്ന് മാഷ് സന്തോഷത്തോടെ പറഞ്ഞു.

1991-ൽ സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രഗത്ഭനായ എം പി വീരേന്ദ്രകുമാർ ഗംഭീര അനുമോദന പ്രസംഗം നടത്തിയത് ഇന്നും മാഷ് മായാതെ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. സ്കൂളിൽ കായികാധ്യാപകൻ ഇല്ലാത്ത സമയത്ത് പി ടി ക്ലാസ് എടുക്കാനും ഹിന്ദി മാഷില്ലാത്ത കാലത്ത് ഹിന്ദി പഠിപ്പിക്കാനും മാഷ് സന്നദ്ധതയോടെ പ്രവർത്തിച്ചിരുന്നു.

34 വർഷത്തെ അധ്യാപക ജീവിതത്തെക്കുറിച്ച് ഒറ്റവാക്കിൽ മാഷെന്തെങ്കിലും പറയാമോന്ന് ചോദിച്ച ഉടനെ മറുപടി വന്നു: 'മഹത്തായ ജോലി ദുഃഖകരമായ ജോലിയും.' വല്ലാത്തൊരു ചിരിയോടെയായിരുന്നു ആ ഉത്തരം.

‘എന്താണ് ദുഃഖകരമെന്ന് സൂചിപ്പിച്ചത്?’ എന്ന മറുചോദ്യത്തിന് 'പഠിതാവ് എന്ത് മനസ്സിലാക്കിയിട്ടുണ്ടാവും എന്നോർത്താണ് ദുഃഖം' എന്ന് മാഷ് മറുപടി നൽകി.

‘എന്തെങ്ങിലും ആഗ്രഹം ബാക്കിയുണ്ടോ.?’ എന്ന ചോദ്യത്തിന്: ‘ഉണ്ട്, ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഇതേ തുറയിൽ വരണമെന്നാണ് മോഹം’ എന്ന് പറഞ്ഞവസാനിപ്പിച്ചതും അദ്ദേഹം നടന്നു നീങ്ങി.

സ്വന്തം നാട്ടിലേക്ക് മടങ്ങി

വയനാട്ടിലെ നാട്ടുകാരും പഠിപ്പിച്ച വിദ്യാർത്ഥികളും സഹപ്രവർത്തകരുമെല്ലാം വയനാട്ടിൽ തന്നെ താമസിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. പക്ഷെ ജനിച്ച നാട്ടിൽ തിരിച്ചെത്തി ശിഷ്ടജീവിതം നയിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

വയനാട്ടിൽ ഇത്രയും കാലം ജീവിച്ചതിനാൽ ഒരുപാട് ഭൂസ്വത്തിന്റെ ഉടമയായിട്ടുണ്ടാവും മാഷ് എന്നാണ് നാട്ടുകാരിൽ പലരും കരുതിയത്. ‘വയനാട്ടിൽ എത്ര സ്വത്തുണ്ട്? എത്ര തോട്ടമുണ്ട്?’പലരും ആകാംക്ഷയിലും അസൂയയിലും ചോദിച്ചു. മാഷതിനൊക്കെയായി പറഞ്ഞത് ഇങ്ങനെയാണ്: ‘അവിടെ എനിക്കുള്ളതെല്ലാം അതാത് ആളോട് നോക്കി സംരക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്’ എന്നാണ്. തമാശ രൂപേണയാണെങ്കിലും അതിൽ ചോദിച്ചവർക്കുള്ള എല്ലാ ഉത്തരങ്ങളുമുണ്ടായിരുന്നു.

മാതൃകാ ദാമ്പത്യം

‘വിവാഹം വേണ്ടെന്ന് വെച്ചതാണ്. പക്ഷേ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വൈവാഹിക ജീവിതത്തിലേക്ക് കടന്നു. കാലം അല്പം വൈകിയിരുന്നു. 36-ാമത്തെ വയസ്സിലാണ് സൗദാമിനി ടീച്ചർ ജീവിതത്തിലേക്ക് കടന്നുവന്നത്. മാഷിന്റെ ജീവിത ശൈലിക്കും വീക്ഷണഗതിക്കും അനുയോജ്യയായ കൂട്ടുകാരിയെ കിട്ടിയത് ഏറെ സന്തോഷമായി.

മാതൃകാ ദമ്പതികളാണിവർ. രാവിലെ നാല് മണിക്ക് രണ്ടു പേരും ഉണരും. തുടർന്നുള്ള ദിനചര്യകളും ഒരേപോലെ നിർവ്വഹിച്ചും പരസ്പരം സഹകരിച്ചും സ്നേഹിച്ചും ഒപ്പം കഴിയുന്നു. ഇക്കാലത്ത് വായനയുടെ തീവ്രത അല്പം കൂടിയിട്ടുണ്ട്.

അറുനൂറിൽ അധികം പുസ്തകം വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കി വെക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരായ എഴുത്തുകാരെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. അവരെഴുതിയ പുസ്തകങ്ങൾ അന്വേഷിച്ച് ചെന്ന് വാങ്ങും. വായിച്ചു കഴിഞ്ഞാൽ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യും.

രണ്ട് മിടുക്കരായ മക്കളെ സമൂഹത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നുള്ളതിലും കരുണാകരൻ മാഷിനും സൗദാമിനി ടീച്ചർക്കും അഭിമാനിക്കാം. മൂത്ത മകൻ രാജേഷ് അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്യുന്നു. രണ്ടാമത്തെ മകൻ സന്തോഷ് എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനാണ്.

നല്ലൊരു വാഗ്മിയും, വിശാല വായനക്കാരനും, കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരേയും സഹായിക്കാനും സാന്ത്വനമേകാനും സദാ സന്നദ്ധനായ നവതിയിലെത്തിയ ഈ മഹാനുഭാവന് നമുക്ക് സ്നേഹപൂർവ്വം ബഹുമാനമർപ്പിക്കാം.

എം.വി. കരുണാകരൻ മാസ്റ്ററെപ്പോലെ മാതൃകയായ വ്യക്തികളെക്കുറിച്ച് നിങ്ങൾക്കറിയാമോ? അദ്ദേഹത്തിൻ്റെ ജീവിതശൈലിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുക. 

Article Summary: Profile of M. V. Karunakaran Master, a retired teacher, State Award winner, and social exemplar at age 90.

#MVKarunakaranMaster #TeacherLife #RoleModel #KeralaTeacherAward #LifeStory #Karivellur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script