മലബാറിലെ മുസ്ലിം പെണ്‍കുട്ടികളും മുന്നേറ്റത്തിന്റെ പാതയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലബാറിലെ മുസ്ലിം പെണ്‍കുട്ടികളും മുന്നേറ്റത്തിന്റെ പാതയില്‍
Shamna Qasim
കാലത്തിനൊത്ത് മാറാന്‍ മനുഷ്യര്‍ എന്നും കൊതിക്കാറുണ്ട്. അങ്ങിനെ മാറിയില്ലെങ്കില്‍ പഴഞ്ചന്‍മാരായിത്തന്നെ നമുക്കു ജീവിക്കേണ്ടിയും വരും. മതവും, ജാതിയും ചിലചിട്ടകള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. അത് വിശ്വാസത്തിന്റെ പേരിലാണ്. മറിച്ച് ജീവിത ശൈലിയില്‍ ആഹാര രീതിയില്‍, വസ്ത്രധാരണ രീതിയില്‍, വീടിന്റെ നിര്‍മാണരീതിയില്‍ മാറ്റം വരുത്തരുതെന്ന് ശഠിക്കുന്നത് ജിവിതത്തെത്തന്നെ അങ്കലാപ്പിലാക്കും. കാരണം മനുഷ്യര്‍ വ്യത്യസ്ത കാലാവസ്ഥയിലും പരിതസ്ഥിതിയിലും അധിവസിക്കുന്നവരും തദനുസൃതമായി ജീവിക്കേണ്ടവരുമാണ്.

കലയിലും, കായിക വിനോദങ്ങളിലും ഇടപെടുന്നത് മതത്തിന്റയോ ജാതിയുടേയോ പേരില്‍ വ്യക്തികളെ തടസപ്പെടുത്തുന്നതും ശരിയായ സമീപനമല്ല. മുസ്ലിം സമൂഹത്തിലാണ് പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഈ തരത്തിലുളള നിരുല്‍സാഹപ്പെടുത്തല്‍ വലിയതോതില്‍ അനുഭവഭേദ്യമാവുന്നത്. ഫോട്ടോ എടുക്കുന്നതുപോലും വിലക്കപ്പെട്ടകാലമുണ്ടായിരുന്നു. പഴയ മനസിന്റെ ഉടമകള്‍ ഇന്നും ഫോട്ടോ എടുപ്പുപോലും ഹറാമാണെന്ന് വിശ്വസിക്കുന്നുണ്ട്. പുണ്യകര്‍മം നടത്താന്‍ പോലും ഛായാ ചിത്രങ്ങളുട ആവശ്യം ഉണ്ടായതുകൊണ്ട് ഇനി അക്കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കാന്‍ ഏതു സമൂഹത്തിനും സാധ്യമല്ല.

ചെറുപ്പത്തില്‍ മദ്രസാ പഠനകാലത്ത് മുസ്ലിം വിഭാഗക്കാര്‍ ഇടതുഭാഗത്ത് മുണ്ട് ഉടുക്കുന്നതെന്തിനാണെന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളോട് ഞാന്‍ ചോദിക്കാറുണ്ട്. ഹിന്ദുക്കളായ എന്റെ അയല്‍പക്കക്കാരൊക്കെ വലതു ഭാഗത്താണ് മുണ്ട് ഉടുത്തിരുന്നത്. എന്റെ ചോദ്യത്തിന്റെ മറുപടിയായി സുഹൃത്ത് പറഞ്ഞു തന്നത്. അത് 'ചെര്‍ന്നം' പിടിക്കാനുളള സൗകര്യത്തിനാണ് എന്നാണ് 'ചെര്‍ന്നം' പിടിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ഇന്നും എനിക്കറിയില്ല. ഊഹിക്കുന്നത് 'ജീര്‍ണം പിടിക്കുക' എന്നാവാം. അതായത് പഴയകാലത്ത് കക്കൂസുകളില്ല. മലമൂത്ര വിസര്‍ജത്തിന് ഒഴിയാന്‍ പറമ്പുകളെയോ മറ്റോ ആശ്രയിക്കും. ശൗച്യം ചെയ്യാനുളള വെളളത്തിന് അകലേക്ക് നടന്നു പോകണം. ആ അവസരത്തില്‍ മുത്രത്തിന്റെ അംശം ഉടുവസ്ത്രത്തില്‍ വീഴാതിരിക്കാന്‍ ഉടതു കൈകൊണ്ട് 'ചേര്‍ന്നം' പിടിക്കും ഇന്നതിന്റെ ആവശ്യമില്ല. കക്കൂസു വന്നു. വെളളം യഥേഷ്ടം ഉപയോഗിക്കാനുളള സൗകര്യങ്ങള്‍ വന്നു. പഴയ രീതിമാറി.

ഇരുന്നു മുത്ര മൊഴിക്കണം. നിന്ന് മുത്രമൊഴിക്കരുത് മദ്രസകളില്‍ ഞങ്ങളുടെ ചെറുപ്പകാലങ്ങളില്‍ പഠിപ്പിച്ചിരുന്നു. ശാസ്ത്രീയമായി ഈ രീതി ശരിയുമാണ്. പളളികളിലെ മൂത്ര പുരകളില്‍ ഇരുന്നു മുത്ര മൊഴിക്കാനുളള സൗകര്യാര്‍ത്ഥം ഇക്കാലത്ത് പളളികളിലെ മൂത്രപുരകളില്‍ നിന്ന് മുത്രമൊഴിക്കുന്നതിനും സൗകര്യമുണ്ടായി. കാലം മാറി. വസ്ത്രധാരണ മാറി. മൂത്രമൊഴിക്കുന്നതിനുളള പുതിയ സൗകര്യങ്ങള്‍ കണ്ടെത്തി. ഇതിനെയൊന്നും ആരും എതിര്‍ക്കുന്നുമില്ല.

ഒന്നു രണ്ട് കൊച്ചു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് പിന്നില്‍ ഒരു കാര്യം വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ്. മലബാറില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. കണ്ണൂരിലെ കാസിമിന്റെയും, നൗലാബിയുടെയും മകള്‍ പേര് ഷംന കാസിം. സിനിമ നടിയായതിനാല്‍ മുസ്ലിം സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു ഷംന പറയുന്ന മറുപടി ഇങ്ങിനെ.

ചില ബന്ധുക്കളില്‍ നിന്ന് ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നു. മത നേതൃത്വത്തില്‍ നിന്ന് പറയത്തക്ക എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ല. പിന്നെ ഞാനൊരു വലിയ ദൈവവിശ്വാസിയാണ്. നോമ്പ് കൃത്യമായി ഞാന്‍ അനുഷ്ഠിക്കാറുണ്ട്. അഞ്ചു നേരം നിസ്‌ക്കരിക്കാറുണ്ട്. ഖുര്‍­ആന്‍ ഓതുക എന്റെ ശീലമാണ്. മദ്രസാ പഠനകാലത്ത് അഞ്ചാം ക്ലാസില്‍ ഒന്നാം റാങ്കോടെയാണ് പൊതു പരീക്ഷ ജയിച്ചത്. പടച്ചോനാണ് എനിക്ക് കഴിവുതന്നത്. അത് പ്രകടിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്നാല്‍ അങ്ങിനെ ചെയ്യുരുത് ഇങ്ങിനെ ചെയ്യരുത് എന്നൊക്കെ ചിലര്‍ നിയമം നടപ്പാക്കുന്നുണ്ട്. അതിനോട് യോജിപ്പില്ല.

ഒരു മലബാറുകാരിയായ മുസ്ലിം പെണ്‍കുട്ടി സിനിമാരംഗത്ത് നടിയെന്ന നിലയില്‍ ഉയരുകയാണ്. ആ പെണ്‍കുട്ടി വിശ്വാസിയാണ്. മതം നിഷ്‌ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നു. അതവള്‍ തുറന്നു പറയുന്നു. സിനിമനിഷിദ്ധമാണ്. സിനിമാഭിനയം അതിനേക്കാന്‍ നിഷിദ്ധമാണ് എന്നൊക്കെ മതവിശ്വാസികള്‍ പറയും. ലോക പ്രശസ്തരായ സിനിമാനടന്മാരായ എത്രയോ മുസ്ലീങ്ങളുണ്ട്. അവര്‍ വിശ്വാസികളാണോ അല്ലയോ എന്നൊന്നും ഇവിടെ അന്വേഷണ വിഷയമല്ല. ഹിന്ദി സിനിമയില്‍ പേരെടുത്ത മുസ്ലിം വനിതാ അഭിനേതാക്കളുണ്ട്. പണവും പ്രതാപവും കൂടുമ്പോള്‍ അവരെ വിമര്‍ശിക്കാന്‍ ആരും ഒരുമ്പോടാറില്ല.

കണ്ണൂരുകാരിയായ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ ഷംനകാസിം എന്ന പെണ്‍കുട്ടി സിനിമാ അഭിനയരംഗത്ത് കടന്നെത്തിയത് സര്‍വ്വാത്മനാ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്. അഭിനയം ഒരു കലയാണ്. കഴിവുളളവര്‍ ആരംഗത്ത് ശോഭിക്കും. മലയാളത്തില്‍ ആദ്യമായി ഷംന നായികയായി അഭിനയിച്ചു. പ്രേക്ഷകര്‍ സിനിമകണ്ടപ്പോള്‍ ഷംനയെ അഭിനന്ദിച്ചു 'ചട്ടക്കാരി' എന്ന സിനിമയിലാണ് നായികാ വേഷം കിട്ടിയത്.

കാലം മാറിക്കൊണ്ടിരിക്കയാണ്. ഒരു കാലത്ത് മതത്തിന്റെ പേരില്‍ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ പലകാര്യങ്ങളും ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ആവശ്യമായി മാറി. ഒരു മനുഷ്യന്റെ ജീവിതം മുഴുവന്‍ പകര്‍ത്തി വെക്കുന്ന സംവിധാനം വരികയും, അത് പ്രായോഗികമായി ആവശ്യമുളള കാര്യമാണ് എന്ന് വരികയും ചെയ്താല്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യേണ്ടി വരും. അത് അഭിനയമല്ല; മറിച്ച് ജീവിതം തന്നെയാണ്. നിക്കാഹും, വിവാഹത്തിനുളള പുറപ്പെടലും, വീടണയലും, വധുവരന്മാര്‍ തമ്മില്‍ കാണുന്നതും. കുടുംബാംഗങ്ങളൊന്നിച്ചുളള ചിത്രീകരണവും ഒക്കെ ഇന്ന് നടക്കുന്നു. മുന്‍പില്ലാത്ത കാര്യമാണിത്.

ഇത്‌കൊണ്ടൊക്കെ ദോഷങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കാന്‍ ചിലര്‍ മുതിര്‍ന്നേക്കാം. ഏത് പ്രവര്‍ത്തനത്തിനാണ് ദോഷമെന്ന ഭാഗമില്ലാത്തത്? അതിന്റെ നന്മയുടെ വശം മാത്രം കാണുക. മുസ്ലിം സ്ത്രീകള്‍ വൈമാനികരായി ജോലിചെയ്യുന്നുണ്ട്. മെട്രോ റെയില്‍ ട്രെയിന്‍ ഓടിക്കുന്ന എഞ്ചിനീയര്‍മാരായ മുസ്ലിം വനിതകളുണ്ട്. സര്‍വമേഖലയിലും അവര്‍ ഇരച്ചു കയറുകയാണ്. പക്ഷെ ഇന്നും പിന്നില്‍ തളളപ്പെടുന്നത്. മലബാര്‍ മേഖലയിലെ മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളുമാണ്. അടുക്കളയില്‍ തളച്ചിടാനും, കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്താനും മാത്രം അനുവാദം കിട്ടിയവരാണവരിന്നും. ദാരിദ്ര്യമാണ് കാരണം. വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. പുരോഗമന പരമായി ചിന്തിക്കാത്തതുകൊണ്ടാണ്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. അതിന് പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു നടപടിയും മുസ്ലിം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

മലബാറിലെ മുസ്ലിം പെണ്‍കുട്ടികളും ഉണര്‍വ് കാണിക്കട്ടെ. തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുളള അവസരങ്ങള്‍ ഉപയോഗപ്പെടുത്തട്ടെ. ഇതര സമൂഹങ്ങളോടൊപ്പം മുന്നേറിയില്ലെങ്കില്‍ ഇനിയും പിന്നോക്കം തളളപ്പെടാനുളള സാധ്യത ഏറിവരും. ഷംനയെപോലെ നടികളുണ്ടാവട്ടെ. നല്ല വനിതാ സ്‌പോര്‍ട്‌സ് താരങ്ങളുണ്ടാവട്ടെ. പത്രപ്രവര്‍ത്തകരും, വിദ്യാഭ്യാസ പ്രവര്‍ത്തകരുമായ മുസ്ലിം വനിതകള്‍ സജീവമാവട്ടെ.

മദ്യത്തിനും, മയക്കുമരുന്നിനും കളളക്കടത്തിനും, സര്‍വവിധത്തിലുളള സമൂഹ തിന്മകളിലും വ്യാപൃതരാവുന്ന മുസ്ലിം ചെറുപ്പക്കാരും, യുവാക്കളും സമൂഹത്തിന് നാണക്കേടുണ്ടാക്കുകയാണ്. അതില്‍ നിന്നൊക്കെ അവരെ കരകയറ്റാനുളള ശ്രമവും ഇതോടൊപ്പം നടക്കണം.
മുസ്ലിം പെണ്‍കുട്ടികളെ പഠിക്കാനും, ഉയരാനും, തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം നല്‍കണം. അങ്ങിനെയൊക്കെ ചെയ്യാതെ സമൂഹം പിന്തളളപ്പെട്ടു പോകുന്നു എന്ന് വിലപിച്ചതുകൊണ്ട് കാര്യമില്ല. അതിനൊക്കെയുളള അവസരം ഒരുക്കുകയും പ്രോത്സാഹനം നല്‍കുകയുമാണ് അഭികാമ്യം.

മലബാറിലെ മുസ്ലിം പെണ്‍കുട്ടികളും മുന്നേറ്റത്തിന്റെ പാതയില്‍
-കൂക്കാനം റഹ്മാന്‍

Keywords: Shamna Kasim, Actress, Malayalam cinema, Malabar, Muslim, Girls, Women, Youths, Drinking, Smuggling, Education, Article, Kookanam Rahman
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia