'അന്യജീവനുതകി സ്വജീവിതം ധന്യമാക്കും': തൃക്കരിപ്പൂരിലെ നന്മയുടെ മുഖം, എം ടി പി മുഹമ്മദ് കുഞ്ഞി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇരുപതാം വയസ്സിൽ തന്നെ തങ്കയം ജുമാഅത്ത് പള്ളിക്കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
● പൊതുഫണ്ട് സ്വന്തം പണം പോലെ കണിശതയോടെ കൈകാര്യം ചെയ്യുന്നതിൽ മാതൃക കാട്ടി.
● യു.എ.ഇ., സൗദി എന്നിവിടങ്ങളിലെ പ്രവാസ ജീവിതത്തിൽ ആദർശത്തിന് വേണ്ടി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു.
● 2008-ൽ നാട്ടിലെത്തിയ ശേഷം തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് രൂപം നൽകി.
കനിവുള്ള മനുഷ്യർ ഭാഗം 8/ കൂക്കാനം റഹ്‌മാൻ
(KVARTHA) ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ’ എന്ന കവിവാക്യം ജീവിതത്തിൽ അന്വർത്ഥമാക്കിയ ഒരു വ്യക്തിത്വമാണ് തൃക്കരിപ്പൂരിലെ എം ടി പി മുഹമ്മദ് കുഞ്ഞി. താൻ വിശ്വസിക്കുന്ന ആദർശം അടിയറവെക്കാതെ, നീതിയിലും ന്യായത്തിലും അണുവിട വിട്ടുവീഴ്ച ചെയ്യാതെ സമൂഹ നന്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണദ്ദേഹം.
അദ്ദേഹത്തിന്റെ പ്രവർത്തന രീതി കണ്ടാൽ ചെയ്യുന്ന സഹായങ്ങളും സാന്ത്വന പ്രവൃത്തികളും പ്രചാരണത്തിന് വേണ്ടിയല്ലെന്ന് നമുക്ക് മനസ്സിലാക്കാം. എളിമയുടെ ആൾ രൂപമാണദ്ദേഹം. നീണ്ടു വെളുത്ത് മെലിഞ്ഞ രൂപം, ലളിതമായ വസ്ത്രധാരണം, ചുണ്ടിൽ മായാത്ത ചെറുപുഞ്ചിരി – ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
പതിറ്റാണ്ടുകളായി ഈ വ്യക്തി ചെയ്യുന്ന കർമ്മമണ്ഡലവും സംഘാടക മികവും അസൂയാവഹവും അത്ഭുതപ്പെടുത്തുന്നതുമാണ്. ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ വരും തലമുറയ്ക്ക് പഠന വിഷയമാക്കേണ്ടതാണ്.
ഫാറൂഖ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കി 1970-ൽ മുഹമ്മദ് കുഞ്ഞി നാട്ടിലെത്തി. പഠിപ്പും വിവരവും സ്ഥലവാസികൾക്കിടയിലുള്ള സ്വീകാര്യതയും കണക്കിലെടുത്ത് അതേ വർഷം തന്നെ അദ്ദേഹത്തെ തങ്കയം ജുമാഅത്ത് പള്ളിക്കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഇരുപത് വയസ്സുകാരനാണെങ്കിലും അന്നും അദ്ദേഹം നല്ല ദൈവവിശ്വാസിയായിരുന്നു. ആ യുവാവ് കാണിച്ച കണിശതയും സത്യസന്ധതയും ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൊതുപണം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കണമെന്ന തത്ത്വം പൊതുപ്രവർത്തനത്തിൽ എങ്ങനെ പരിപാലിക്കണമെന്ന് അദ്ദേഹം ഭംഗിയായി കാണിച്ചു കൊടുത്തിട്ടുണ്ട്.
സംസാരത്തിനിടയിൽ അദ്ദേഹം ഒരിക്കൽ സ്വാനുഭവം എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. 'പള്ളിക്കമ്മിറ്റിയുടെ ഓഫീസിലിരുന്ന് റെക്കോർഡ് വർക്കുകൾ ചെയ്തുകൊണ്ടിരിക്കേ ഒരാൾ അവിടേക്ക് കടന്നു വന്നു. ചുണ്ടൊപ്പ് പതിക്കാൻ സീൽ പാഡ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഞാൻ പരുങ്ങലിലായി. കൊടുക്കാതിരിക്കാനും പറ്റില്ല, കാരണം അതെന്റെ സ്വന്തമല്ല, പൊതുസ്വത്താണ്.
അവസാനം ഞാനത് കൊടുത്തു. സീൽ പാഡ് കൊണ്ടുപോയി അദ്ദേഹത്തിന്റെ ആവശ്യം കഴിഞ്ഞ് തിരിച്ചു കൊണ്ടുത്തരികയും ചെയ്തു. പക്ഷെ ഉള്ളിലൊരു വേദന. പള്ളിക്കമ്മിറ്റി വകയിലുള്ള സീൽ പാഡിൽ നിന്ന് അത്രയും മഷി വേറൊരാവശ്യത്തിന് ഉപയോഗിച്ചല്ലോ എന്ന ചിന്ത.

അതെന്നെ അസ്വസ്ഥനാക്കി. ഒടുവിൽ ആ മനോവിഷമം തീർക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് ഒരു ഇരുപത്തിയഞ്ച് പൈസ എടുത്ത് പള്ളി ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. അപ്പോഴാണ് എനിക്ക് സമാധാനമായത്,' മുഹമ്മദ് കുഞ്ഞി പറഞ്ഞു. ജീവിതത്തിലിന്നോളം ഇതേ കാർക്കശ്യത്തിലാണ് അദ്ദേഹം പൊതു ഫണ്ട് കൈകാര്യം ചെയ്യുന്നത്.
1974 മുതൽ 1985 വരെ യു എ ഇയിലെ ഹിൽട്ടൺ ഇന്റർനാഷണലിലെ പർച്ചേസിംഗ് ഡിപ്പാർട്ട്‌മെന്റിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക് മദ്യവും വിളമ്പുന്നതിനോടുള്ള അസന്തുഷ്ടി മനസ്സിൽ കൊണ്ടുനടന്ന മുഹമ്മദ് കുഞ്ഞി, സാഹചര്യം അനുവദിക്കുമ്പോൾ പ്രസ്തുത സ്ഥാപനത്തിൽ നിന്ന് മാറണമെന്ന് എന്നും ആഗ്രഹിക്കുമായിരുന്നു.
അങ്ങനെ വേറൊരിടത്ത് ജോലി ശരിയായപ്പോൾ ഹിൽട്ടണിൽ നിന്ന് ജോലി രാജിവെച്ചു. അവിടെ പണത്തേക്കാൾ സ്വന്തം ആദർശത്തിന് മൂല്യം നൽകുകയായിരുന്നു അദ്ദേഹം.
തുടർന്ന് പത്ത് വർഷത്തോളം യു എ ഇ എയർഫോഴ്‌സിൽ ടെക്‌നിക്കൽ സ്റ്റോർ കീപ്പറായും പിന്നീട് 13 വർഷത്തോളം സൗദിയിലെ മക്കയിൽ ഹറമിന് തൊട്ടുള്ള ഹോട്ടൽ ഹിൽട്ടണിലും ജോലി ചെയ്തിരുന്നു. മക്കയിലെ ഹിൽട്ടണിൽ മദ്യം വിളമ്പില്ല എന്നതിനാലാണ് 1995 മുതൽ 2008 വരെ പർച്ചേസിംഗ് വിഭാഗത്തിൽ പർച്ചേസിംഗ് മാനേജരായി ജോലി ചെയ്തത്.
പ്രവാസി ജീവിതം മതിയാക്കി 2008-ൽ നാട്ടിൽ വരുന്നതിന് തൊട്ടുമുമ്പായാണ് അപ്രതീക്ഷിതമായി ഒരു ചാനലിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി അദ്ദേഹം കാണാനിടയായത്.

അശരണരെയും ആലംബഹീനരെയും കിടപ്പു രോഗികളെയും സാന്ത്വനിപ്പിക്കുകയാണ് ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് കേട്ടപ്പോൾ അതിനോട് ആഭിമുഖ്യം തോന്നി. നാട്ടിലെത്തിയ ഉടൻ അത് സംബന്ധമായ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി ഈ രംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ നാട്ടിലെത്തിയ ഉടൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെടുകയും കാഞ്ഞങ്ങാട് വെച്ച് നടന്ന 'ഞങ്ങളുണ്ട് കൂടെ' എന്ന പാലിയേറ്റീവ് പദ്ധതിയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
ആഴ്ചയിൽ രണ്ടു ദിവസം വെച്ച് ആറ് ആഴ്ചയിൽ പന്ത്രണ്ട് ദിവസമായിരുന്നു പരിശീലനം. പ്രസ്തുത പരിശീലനം മുഹമ്മദ് കുഞ്ഞി എന്ന സന്നദ്ധപ്രവർത്തകനെ ആവേശഭരിതനാക്കി.
വീട്ടിനു ചുറ്റുമുള്ള ക്ലബ്ബുകളിലെയും പരിചയമുള്ള ചില സന്നദ്ധ സംഘടനകളിലെയും കുറച്ച് അംഗങ്ങളെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി താൻ മനസ്സിലാക്കിയ കാര്യങ്ങൾ അവരുമായി പങ്കിട്ടു. പങ്കെടുത്തവർക്കെല്ലാം അതിൽ താൽപര്യം തോന്നുകയും അവരിലൂടെ തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും സമാന മനസ്കരെ കണ്ടെത്തുകയും ചെയ്തു.
2009 നവംബർ 8-ന് തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ വിപുലമായ ഒരു യോഗം ചേർന്ന് പുതിയൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു, 'തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി'. അന്നത്തെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശ്വനാഥനാണ് പാലിയേറ്റീവ് സൊസൈറ്റി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
തുടർന്നങ്ങോട്ട് അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെയും നിരവധി മനുഷ്യസ്നേഹികളുടെ സഹകരണത്തിന്റെയും ഫലമായി സൊസൈറ്റി ഉയർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുകയാണ്.

രണ്ടായിരത്തി അഞ്ഞൂറോളം രോഗികൾക്ക് പരിചരണം നൽകുന്നതിനും കിടപ്പുരോഗികൾക്കുള്ള വിവിധ തരത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴും നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ തൃക്കരിപ്പൂർ പാലിയേറ്റീവ് സൊസൈറ്റിയിൽ സേവനം ചെയ്യുന്നു. അയ്യായിരത്തോളം അംഗങ്ങളുണ്ട് സൊസൈറ്റിയിൽ.
തുടക്കത്തിൽ തൃക്കരിപ്പൂർ ടൗണിൽ സൗജന്യമായി സൊസൈറ്റിക്കു വേണ്ടി ഒരു ഓഫീസ് മുറി കിട്ടിയതും, രോഗികളെ സന്ദർശിക്കാനും ശുശ്രൂഷിക്കാനും സന്നദ്ധപ്രവർത്തകരുടെ യാത്രാസൗകര്യത്തിനുവേണ്ടി ആദ്യമായി ടി പി സിറാജ് എന്ന വ്യക്തി സൗജന്യമായി ഒരു വാഹനം ലഭ്യമാക്കിത്തന്നതും പ്രവർത്തനം ശക്തമാക്കാൻ സഹായകമായി എന്ന് മുഹമ്മദ് കുഞ്ഞി സ്മരിക്കുന്നു.
നൂറുകണക്കിന് ആളുകളുടെ ഉള്ളറിഞ്ഞ സഹായസഹകരണം മൂലമാണ് താൻ സ്വപ്നം കണ്ട മൂല്യവത്തായ ഈ സംരംഭം മുന്നേറിക്കൊണ്ടിരിക്കുന്നത്. തന്റെ വലംകൈയായി പ്രവർത്തനത്തിനൊപ്പം നിൽക്കുന്ന ഡോ സി കെ പി കുഞ്ഞബ്ദുള്ള, എൻ എ മുനീർ, ടി പി സിറാജ് തുടങ്ങിയവരെ ആദരവോടെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
സ്വന്തമായൊരു കെട്ടിടം എന്ന ആഗ്രഹം ഏതാനും നാളുകൾക്കകം പൂർത്തിയാകുമെന്ന സന്തോഷത്തിലാണദ്ദേഹം. കെട്ടിടം നിർമ്മിക്കാൻ ഇരുപത്തിയെട്ട് സെന്റ് സ്ഥലം വാങ്ങിക്കഴിഞ്ഞു. ഒരു ചാരിറ്റബിൾ ട്രസ്റ്റ് രണ്ട് കോടി മുതൽ മുടക്കിൽ 'ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ' എന്ന പേരിൽ സമഗ്രമായ പുനരധിവാസ സേവനങ്ങളടക്കമുള്ള തൃക്കരിപ്പൂർ പാലിയേറ്റീവ് സൊസൈറ്റിക്കു വേണ്ടിയുള്ള കെട്ടിടം പൂർത്തിയായി വരികയാണ്.
ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങുന്ന പ്രസ്ഥാനമാണെങ്കിലും അവയുടെ വളർച്ചയ്ക്കു പിന്നിൽ ആത്മാർത്ഥത നിറഞ്ഞ, സത്യസന്ധമായ പ്രവർത്തന ശൈലിയുള്ള വ്യക്തികളുടെ കൂട്ടായ്മയാണ്. ഇവിടെ അതിന് കരുത്തും കരുതലും മേൽപ്പറഞ്ഞ ഗുണഗണങ്ങളുള്ള മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയുടെ നേതൃപാടവമാണ് ശക്തി പകർന്നത്. ഇന്നും മാസംപ്രതി ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്.
ജാതി, മത, കക്ഷി ഭേദമില്ലാതെ 'രോഗി' എന്ന പരിഗണന മാത്രം നൽകിയാണ് പ്രവർത്തിച്ചു വരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ വേറൊരു വശം എന്താണെന്ന് വെച്ചാൽ, വാക്ക് പറഞ്ഞാൽ ആ വാക്ക് കൃത്യമായി പാലിക്കപ്പെടുമെന്നുള്ളതാണ്.
സാമ്പത്തിക സഹായത്തിനു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്ന അർഹതപ്പെട്ട വ്യക്തികൾക്ക് കൈയയച്ച് സഹായം ചെയ്യാനുള്ള ഹൃദയവിശാലത അദ്ദേഹത്തിനുണ്ട്. ഈ കാരണങ്ങളെല്ലാം കൊണ്ട് തൃക്കരിപ്പൂരുകാരുടെ സ്നേഹനിധിയാണ് മുഹമ്മദ് കുഞ്ഞി.
ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടാവാം എഴുപത്തേഴിലെത്തിയിട്ടും ഒരു തരത്തിലുള്ള ജീവിതശൈലീ രോഗങ്ങളോ മറ്റ് ശാരീരിക അസ്വസ്ഥതകളോ അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടില്ല. തൃക്കരിപ്പൂരിൽ പ്രവർത്തിച്ചു വരുന്ന TEARS എന്ന സംഘടനയിലും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
അത്യാവശ്യമുള്ളവർക്ക് ചെറിയ സംഖ്യ പലിശ രഹിത വായ്പ കൊടുക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നതുമാണ് പ്രധാനമായും ഇതിലൂടെ നടത്തുന്നത്.
പഠനത്തിന് നൽകുന്നതും പലിശ രഹിത വായ്പയാണ്. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചാൽ തിരിച്ചു നൽകണമെന്ന വ്യവസ്ഥയിലാണ് പണം നൽകുക. നിരവധി കുട്ടികൾ ഈ സഹായം സ്വീകരിച്ച് പഠിക്കുന്നുണ്ട്.
മുഹമ്മദ് കുഞ്ഞിയെക്കുറിച്ച് പറയുമ്പോൾ ഒരു സുപ്രധാന വസ്തുത കൂടി നമുക്ക് പാഠമാക്കാനുണ്ട്. 'മറ്റുള്ളവരുടെ സമ്പത്തോ അധ്വാനമോ ബന്ധപ്പെട്ട വ്യക്തി അറിയാതെ ഉപയോഗപ്പെടുത്തരുത്' എന്ന താത്വിക ചിന്ത അദ്ദേഹം സ്വാനുഭവത്തിലൂടെ പലപ്പോഴും മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാറുണ്ട്.
കോളേജ് പഠനകാലത്ത് നടന്ന സംഭവമാണ്. മൂന്നാല് കൂട്ടുകാരൊത്ത് നടന്നു പോവുകയാണ്. മാമ്പഴക്കാലമാണ്. വഴിവക്കിലെ മാവിന്റെ ശിഖരത്തിൽ നിറയെ മൂത്തുപഴുത്ത മാങ്ങ. കൂട്ടുകാരോരോരുത്തരും ഓരോ പഴുത്ത മാങ്ങ പറിച്ചെടുത്ത് തിന്നു.
മുഹമ്മദ് കുഞ്ഞിയും അതേപോലെ ചെയ്തു. പക്ഷെ മാങ്ങ തിന്നു കഴിഞ്ഞപ്പോഴാണ് ഉമ്മ പറഞ്ഞു കൊടുത്ത പാഠം മനസ്സിലേക്ക് തികട്ടി വന്നത്: 'അന്യരുടെ ഒരു വസ്തുവും അവരുടെ സമ്മതം കൂടാതെ എടുക്കരുത്.' അത് മനസ്സാകെ അസ്വസ്ഥമാക്കാൻ തുടങ്ങി. ഇതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് ആലോചിച്ചു.
പരിഹാരം ഒന്നേയുള്ളൂ, മാവിന്റെ ഉടമയോട് ക്ഷമ പറയുക. കൂട്ടുകാർ നടന്നു നീങ്ങിയപ്പോഴും മുഹമ്മദ് കുഞ്ഞിക്ക് അതിനായില്ല. അദ്ദേഹം നേരെ ആ മാവിന്റെ ഉടമയുടെ വീട്ടിലേക്ക് കടന്നു ചെന്നു. അനുവാദം ചോദിക്കാതെ ഭക്ഷിച്ചതിന് അവരോട് ക്ഷമ പറയുകയും ചെയ്തു. ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും വലിയൊരു തത്വം ഇതിനു പിന്നിലുണ്ട്.
1976-ൽ ജീവിത പങ്കാളിയായി മാട്ടൂലിലെ അബ്ദുൾ കലാം ഹാജിയുടെ മകൾ സൗദയെ ഒപ്പം കൂട്ടി. അനുയോജ്യയായ ഒരു കൂട്ടുകാരിയെ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ജീവിതത്തിൽ എളിമയും സത്യസന്ധതയും കാരുണ്യവും കർശനമായി പാലിക്കുന്ന ഒരു സ്ത്രീയാണ് തന്റെ ഭാര്യയെന്നതിൽ അദ്ദേഹം സംതൃപ്തനാണ്.
1949 ജനുവരി ഒന്നിനാണ് കുഞ്ഞലീമ എന്ന സ്ത്രീയിൽ മുഹമ്മദ് കുഞ്ഞി ജനിക്കുന്നത്. ഇദ്ദേഹത്തിന് നാലു മക്കളാണ്: ഷക്കീർ, ഷമീം, ഷംല, ഷാനിബ. ഇതിൽ രണ്ട് പേർ ജന്മമെടുക്കുന്നത് പുതുവർഷത്തിലാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ഈ പ്രായത്തിലും ചുറുചുറുക്കോടെ സാമൂഹ്യസന്നദ്ധ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ ജീവിത നന്മയ്ക്ക് പിന്നിൽ കളങ്കമില്ലാത്ത ജീവിതയാത്രയും അസന്മാർഗ്ഗിക പ്രവർത്തനങ്ങളോട് കാണിക്കുന്ന തിരസ്കരണവും ജാഗ്രത കൈവിടാത്ത വീക്ഷണവുമാണെന്ന് തോന്നുന്നു. തന്റെ ആശയ ആദർശങ്ങൾക്ക് ഇന്നും പോറൽ വരുത്താതെ ജീവിച്ചു വന്നതിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണ്.
ഈ പ്രചോദനാത്മകമായ ജീവിതകഥ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഈ നന്മയ്ക്ക് പിന്തുണ നൽകുക. വാർത്ത ഷെയർ ചെയ്യൂ.
Article Summary: M.T.P. Muhammed Kunhi, Trikkaripur's face of virtue and Palliative Care Society founder.
#MuhammedKunhi #PalliativeCare #Trikkaripur #SocialWorker #KeralaNews #Inspiration
