എം എസ് സി നാരായണൻ മാസ്റ്റർ: കരിവെള്ളൂരിന്റെ ശാസ്ത്രകൗതുകം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്കൂൾ കാലത്ത് കളരി അഭ്യാസം പഠിച്ചത് ജീവിതത്തിൽ വലിയ ആത്മവിശ്വാസം നൽകിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
● കെ.എസ്.ആർ.ടി.സി.യിൽ ജോലി ലഭിച്ചെങ്കിലും ഇ.എം.എസ്. സർക്കാർ രാജിവെച്ചതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു.
● കരിവെള്ളൂരിൽ ആദ്യമായി 'എക്സൽ ട്യൂട്ടോറിയൽ' എന്ന പഠനകേന്ദ്രം ആരംഭിച്ച് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
● ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം എന്നിവയിൽ സജീവ പങ്കാളിയായിരുന്നു.
● 'പടിയിറങ്ങിയ ഓർമ്മകൾ', 'കരിവെള്ളൂർ ജൈവവൈവിധ്യത്തിന് ഒരാമുഖം' എന്നീ രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കനിവുള്ള മനുഷ്യർ ഭാഗം 21/ കൂക്കാനം റഹ്‌മാൻ
(KVARTHA) മനുഷ്യൻ ഉണ്ടായ കാലം മുതൽ കണ്ടുവരുന്ന ഒരു ഏർപ്പാടാണ് ആദ്യമായി കണ്ടുമുട്ടുന്ന രണ്ടുപേർ തമ്മിലുള്ള പരിചയപ്പെടൽ. ചിലപ്പോൾ വീടും നാടും കുടുംബവും തറവാടുമൊക്കെ അതിൽ പങ്കുവെക്കപ്പെട്ടെന്നുവരും. അതിനിടയിൽ കയറിവരുന്ന സുപ്രധാനമായ ഒരു ചോദ്യമാണ് 'എന്ത് ചെയ്യുന്നു?' എന്നത്. ആ ചോദ്യത്തെക്കൊണ്ട് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെങ്കിലും പരസ്പരം എത്ര ബഹുമാനിക്കണമെന്ന് കണ്ടുപിടിക്കാനുള്ള ഒരു സൂത്രപ്പണിയായിട്ടാണ് ആ ചോദ്യം വരുന്നത്. തമ്മിൽ ആരാണ് വലിയവൻ, ആരാണ് ചെറിയവൻ എന്നൊക്കെ തീരുമാനിക്കാനും ഈ ചോദ്യത്തിന് സാധിക്കുമെന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത.
ആ കാരണം കൊണ്ടുതന്നെ പണ്ടുകാലത്ത് പഠിച്ചുനേടിയ ഡിഗ്രി പേരിന്റെ അവസാനം ചേർക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. അന്നൊക്കെ നാട്ടിൽ ഒന്നോ രണ്ടോ പേർ മാത്രമേ ഡിഗ്രിയൊക്കെ നേടിയവർ ഉണ്ടായിരുന്നുള്ളൂ. അപ്പോൾപ്പിന്നെ ഉള്ളവർക്ക് ഗർവ്വ് കാണിക്കാമല്ലോ. അവർ പേരിനൊപ്പം ഡിഗ്രി കൂടെ ചേർത്തങ്ങ് പറയും. അന്നത് വലിയ നില തന്നെയായിരുന്നു. പക്ഷേ പോകെപ്പോകെ ഡിഗ്രി ഒക്കെ എല്ലാവർക്കും കിട്ടിത്തുടങ്ങി. അതോടെ അതിന്റെ ഗർവ്വും കുറഞ്ഞുവന്നു.

പേരിനു മുന്നിലെ ബിരുദം
ആ കാലത്ത് അതിൽനിന്നൊക്കെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഒരാളുണ്ടായിരുന്നു. അദ്ദേഹം പേരിന്റെ മുമ്പിലായിരുന്നു നേടിയ ഡിഗ്രി വെച്ചിരുന്നത്. അദ്ദേഹം കരിവെള്ളൂരുകാരനാണ്; എം.എസ്.സി. നാരായണൻ മാസ്റ്റർ. ആ പേരിൽത്തന്നെയായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതും. അങ്ങനെ അറിയപ്പെടണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. അതിനുപിന്നിൽ ഒരു രഹസ്യമുണ്ട്. മാഷമ്മാരുടെ നാടായ കരിവെള്ളൂരിൽ ഒരുപാട് നാരായണൻ മാഷന്മാരുണ്ട്. അതുകൊണ്ട് തിരിച്ചറിയാനും പാടായിരുന്നു. എം.എസ്.സി. നാരായണൻ മാസ്റ്റർ എന്ന പേരാകുമ്പോൾ അല്പം വ്യത്യസ്തമാവുകയും പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുമല്ലോ. മാത്രമല്ല കരിവെള്ളൂരിലെ ആദ്യ എം.എസ്.സി.ക്കാരനുമാണ് നാരായണൻ മാഷ്. അതൊക്കെക്കൊണ്ടാണ് അദ്ദേഹം ആ പേര് സ്വയം സ്വീകരിച്ചത്.

ഇദ്ദേഹത്തിന്റെ പേരിന് മാത്രമല്ല ജീവിതത്തിലുടനീളമുള്ള അനുഭവങ്ങളിലും പ്രത്യേകതകളുണ്ടായിരുന്നു. അതിദാരിദ്ര്യത്തിലൂടെയാണ് മാഷിന്റെ കുട്ടിക്കാലം കടന്നുപോയത്. അച്ഛനമ്മമാരുടെ ലാളന ഏറ്റുവാങ്ങി ജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മക്കളുടെ എണ്ണം വർദ്ധിച്ചതിനാലും സാമ്പത്തിക പരാധീനത മൂലവും മാതാപിതാക്കൾ നാരായണനെ അദ്ദേഹത്തിന്റെ അമ്മൂമ്മയുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. അവർക്ക് ചെറിയ കുട്ടികളില്ലാത്തതിനാൽ അദ്ദേഹത്തെ ഇഷ്ടത്തോടെയാണ് വളർത്തിയിരുന്നത്. എങ്കിലും പെറ്റമ്മയുടെ സ്നേഹത്തലോടലിന്റെ മധുരിമ നുകരാൻ കഴിയാതെ പോയതിൽ മാഷിന് നന്നേ മനഃക്ലേശമുണ്ടായിരുന്നു.
ദാരിദ്ര്യത്തിലും പഠനത്തിനായുള്ള വാശി
പഠിക്കാൻ നല്ല മിടുക്കനായിരുന്നു മാഷ്. ഭക്ഷണ കാര്യത്തിലും വസ്ത്രത്തിന്റെ കാര്യത്തിലും പരിതാപകരമായിരുന്നു അന്നത്തെ അവസ്ഥ. ബട്ടനൊക്കെ പൊട്ടിയ ഒരേയൊരു ട്രൗസർ ചൂടിക്കയർ കൊണ്ട് അരയിൽ മുറുക്കിക്കെട്ടി സ്കൂളിൽ പോയ കാര്യം ഓർത്തുപറയുമ്പോൾ മാഷിന്റെ കണ്ണ് ഈർപ്പമണിയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട് പോലും.
അന്നത്തെ ചാല്യ സ്കൂൾ എന്ന് പറയപ്പെടുന്ന സെൻട്രൽ എൽ.പി. സ്കൂളിലായിരുന്നു നാലാം ക്ലാസ് വരെയുള്ള പഠനം. എന്നും ഒന്നാം ബെഞ്ചിലെ ഒന്നാമനായിരുന്നു നാരായണൻ. അക്കാലത്ത് ക്ലാസിലെ ഒന്നാമനാവുകയെന്നത് അന്തസ്സായിരുന്നു. നന്നായി പഠിക്കുന്നവൻ, ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നവൻ, കണക്കുകൾ ശരിയായി ഗണിക്കുന്നവൻ എന്നിവരായാൽ ക്ലാസിൽ ഒന്നാമനാകും. പിന്നെ രണ്ടാമൻ, മൂന്നാമൻ ഒക്കെ ഉണ്ടാവും. എങ്കിലും ഒന്നാമനോടായിരിക്കും ക്ലാസിലെ എല്ലാവർക്കും ഇഷ്ടം. അവന്റെ കൂച്ചുകൂടാൻ എല്ലാവരും തയ്യാറാവുകയും ചെയ്യും.

സ്കൂളിൽ ഒരുദിവസം പോയില്ലെങ്കിൽ ഒന്നാമനായാലും അവസാനത്തെ സീറ്റാവും കിട്ടുക. കാരണം അപ്പോഴേക്കും ആരെങ്കിലും ആ സ്ഥലം കയ്യേറിയിട്ടുണ്ടാകും. അവകാശം കാണിക്കാനോ അധികാരം കാണിക്കാനോ സാധിക്കുകയുമില്ല. കാരണം പഠിക്കുന്നവൻ ആയാലും പഠിക്കാത്തവൻ ആയാലും ക്ലാസിലെ അവകാശം തുല്യമാണല്ലോ. അങ്ങനെ ഒരിക്കൽ ഒന്നാമനായ നാരായണൻ ക്ലാസിലെ പിന്നോക്ക സ്ഥാനക്കാരനായി മാറേണ്ടിവന്നു.
ബീർബലും നയാപൈസയും
അന്ന് നാലാം ക്ലാസിലാണ് നാരായണൻ പഠിക്കുന്നത്. സാമൂഹ്യപാഠം പഠിപ്പിക്കുന്ന അബ്ദുൽ റഹിമാൻ മാഷ് ക്ലാസിൽ പഠിപ്പിച്ച കാര്യം അടുത്തദിവസം ചോദിക്കുമായിരുന്നു. 'അക്ബറെ ഭരണകാര്യങ്ങളിൽ സഹായിച്ച മന്ത്രിയുടെ പേര് എന്താണ്?' ചോദ്യം ഒന്നാമതിരിക്കുന്നവനോടായിരുന്നു. അവന് ഉത്തരം കിട്ടിയില്ല. തുടർന്ന് അടുത്ത കുട്ടിയോട് ചോദിച്ചു. ആർക്കും ഉത്തരം കിട്ടിയില്ല. തുടർന്ന് ഏറ്റവും അവസാനം ഇരിക്കുന്ന നാരായണനോടായി ചോദ്യം. നാരായണൻ ചാടിയെഴുന്നേറ്റ് ഉത്തരം പറഞ്ഞു - 'ബീർബൽ'. അത് കേട്ടതും ചോദിച്ച മാഷിന് സന്തോഷമായി. മിടുക്കൻ എന്ന് പറഞ്ഞുകൊണ്ട് നാരായണന്റെ കൈയ്യിൽ പിടിച്ച് ഒന്നാമത്തെ സീറ്റിൽ കൊണ്ടിരുത്തി. അങ്ങനെ നാരായണൻ മാഷ് വീണ്ടും ഒന്നാമന്റെ സ്ഥാനം അലങ്കരിച്ചുകൊണ്ട് ഒന്നാമത്തെ ബെഞ്ചിൽത്തന്നെ സ്ഥാനം പിടിച്ചു. പിന്നെ അവിടത്തെ പഠിത്തം അവസാനിക്കുംവരെ ആ സ്ഥാനം ആർക്കും വിട്ടുകൊടുത്തിരുന്നില്ല.
ലോവർ പ്രൈമറിക്ക് ശേഷം അപ്പർ പ്രൈമറി സ്കൂളിൽ ചേരണം. കരിവെള്ളൂരിൽ അന്ന് മാന്യ ഗുരു യു.പി. സ്കൂളും പാട്ടിയമ്മ യു.പി. സ്കൂളുമുണ്ട്. അന്നേ രാഷ്ട്രീയ വേർതിരിവ് കാണിക്കുന്ന ഏർപ്പാട് നിലവിലുണ്ടായിരുന്നു. പാട്ടിയമ്മ കോൺഗ്രസുകാരുടേതും മാന്യ ഗുരു കമ്മ്യൂണിസ്റ്റുകാരുടേതുമാണ് എന്ന ധാരണ നാട്ടുകാരുടെ ഇടയിലുണ്ടായിരുന്നു. നാരായണൻ എന്ന മിടുക്കനായ കുട്ടിയെ കിട്ടാൻ പാട്ടിയമ്മ സ്കൂളിലെ മാഷമ്മാരും ടീച്ചർമാരും അതിനുവേണ്ടി ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി നാരായണനെ പാട്ടിയമ്മ സ്കൂളിൽ ചേർക്കേണ്ടിവന്നു.
പാട്ടിയമ്മ സ്കൂളിലെ പഠനകാലത്ത് എ.ഇ.ഒ. ഇൻസ്പെക്ഷന് വന്ന അനുഭവം നാരായണൻ മാഷ് ഓർമ്മിച്ചു പറഞ്ഞു. അന്ന് ക്ലാസിലെത്തിയ എ.ഇ.ഒ. നാരായണനോട് ഒരു ചോദ്യം ചോദിച്ചു: 'പുതിയ നാണയത്തിന്റെ പേരെന്ത്?'. നാരായണൻ എഴുന്നേറ്റുനിന്നു. ഉത്തരം കിട്ടുന്നില്ല. ആകെ നാണക്കേടായ അവസ്ഥ. നാരായണൻ നിസ്സഹായതയോടെ എ.ഇ.ഒ.വിന്റെ പിറകെ നിൽക്കുന്ന മാഷിന്റെ മുഖത്തേക്ക് നോക്കി. സാധാരണ ഏത് ചോദ്യത്തിനും ഉത്തരം പറയുന്ന ആളാണ്, ഇപ്പോൾ വായ പൊളിച്ചുനിൽക്കുന്നത് - അതും എ.ഇ.ഒ.യുടെ മുന്നിൽ. ചോദ്യം ഒന്നുകൂടി ആവർത്തിക്കപ്പെട്ടു. നാരായണൻ വീണ്ടും സാറിന്റെ മുഖത്തേക്ക് നോക്കി. വാ കൊണ്ട് നാരായണനോട് എന്തോ ഒന്ന് സാർ പറഞ്ഞുകൊടുക്കുന്നുണ്ട്. അത് കണ്ടതും കൂടുതൽ ശ്രദ്ധിച്ചുനോക്കി. പെട്ടെന്ന് കിട്ടിപ്പോയി എന്ന രീതിയിൽ ഒറ്റപ്പറച്ചിലായിരുന്നു - 'നയാപൈസ'. നാരായണൻ ആവേശത്തോടെ പറഞ്ഞു. ക്ലാസ് മുഴുവൻ സന്തോഷത്തിലായി. പോരാത്തതിന് എ.ഇ.ഒ.വിന്റെ അഭിനന്ദനവും കിട്ടി.
അന്ധവിശ്വാസങ്ങളിൽ നിന്ന് ശാസ്ത്രത്തിലേക്ക്
പിന്നീട് പേരുകേട്ട ശാസ്ത്രാധ്യാപകനായി മാറിയെങ്കിലും കുട്ടിക്കാലത്ത് തങ്ങൾ വിശ്വസിച്ചുപോന്ന അന്ധവിശ്വാസങ്ങളെ അദ്ദേഹം ഓർമ്മിച്ചുപറയുമായിരുന്നു. ചില ചെടികളുടെ ഇലത്തുമ്പിൽ രാവിലെ കാണുന്ന പശരൂപത്തിലുള്ള വസ്തുവിനെ കൂളിയുടെ തുപ്പലാണെന്ന് പറഞ്ഞതും, ഗ്രഹണസമയത്ത് സൂര്യനെ പാമ്പ് വിഴുങ്ങുന്നതാണെന്ന് കേട്ടതും, അതിന്റെ യഥാർത്ഥ ശാസ്ത്രവശം അറിഞ്ഞപ്പോഴുണ്ടായ ബോധവും നാരായണൻ മാഷ് പങ്കുവെച്ചുചിരിക്കാറുണ്ട്. അക്കാലത്ത് തന്നെ ചില പ്രത്യേക വേഷം ധരിച്ച് വീടുകളിൽ എത്തുന്ന അലാമിവേഷക്കാർ വീട്ടുമുറ്റത്തേക്ക് ഓടിവന്ന് താളത്തിൽ തുള്ളുന്നതും 'ജാക്കോ ജായ്മ ജൂലെ' എന്ന് വിളിച്ചുപറയുന്നതും മായാത്ത ഓർമ്മയായി മാഷിന്റെ മനസ്സിലുണ്ടെന്നും പറയാറുണ്ട്.
കരിവെള്ളൂരിൽ സർക്കാർ ഹൈസ്കൂൾ വന്നതുകൊണ്ട് മാത്രമാണ് എസ്.എസ്.എൽ.സി. പാസായത്. അതിനുശേഷം കാസർകോട് ഗവ: കോളേജിൽ ചേർന്ന് പി.യു.സി. പഠിക്കാനും പലരുടെയും സഹായം ലഭ്യമായിട്ടുണ്ട്. ഡിഗ്രിയും പി.ജി.യും ബി.എഡും എല്ലാം ശ്രമകരമായിട്ടുള്ള വഴിയിലൂടെ നേടിയെടുത്തതാണ്. ഇതിനിടയിലും മറ്റു പല വഴികളിലൂടെയും നാരായണൻ മാസ്റ്റർക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.
സ്കൂൾ പഠനകാലത്ത് കളരി അഭ്യാസം പഠിക്കാൻ ചെന്നു. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതിയായതിനാൽ അനായാസം കളരി അഭ്യാസങ്ങളിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിഞ്ഞു. കഴുത്തോളമെത്തുന്ന നീട്ടിവളർത്തിയ മുടിയുമായി സ്കൂളിൽ ചെല്ലുമ്പോൾ അതിശയത്തോടെയും ആദരവോടെയും സഹപഠിതാക്കൾ ശ്രദ്ധിക്കുമായിരുന്നത്രെ. 'ഞാനൊരു കളരി അഭ്യാസിയാണെന്ന' നാട്യത്തോടെയായിരുന്നു കൂട്ടുകാരോട് ഇടപഴകിയിരുന്നത് പോലും. ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിന് ആവേശം പകരാനും ആത്മവിശ്വാസം നേടാനും കളരി അഭ്യാസം സഹായകമായിട്ടുണ്ടെന്നും നാരായണൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്.
കെ.ടി.എൻ. മാഷുടെ ഇന്റർവ്യൂ
ഹൈസ്കൂൾ പഠനകാലത്തെ മധുരമുള്ള ഓർമ്മ അയവിറക്കിക്കൊണ്ട് അന്നത്തെ അധ്യാപകനായിരുന്ന കെ.ടി.എൻ. സുകുമാരൻ മാഷെക്കുറിച്ചു പറയുമ്പോൾ നാരായണൻ മാഷിന് നൂറുനാക്കാണ്. കെ.ടി.എൻ. മാഷെന്ന് കേട്ടാൽ സ്കൂൾ കുട്ടികളാകെ അടങ്ങിയൊതുങ്ങിക്കൂടും. അദ്ദേഹം സ്നേഹാലുവാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലും പഠനചിട്ടയുടെ കാര്യത്തിലും കാർക്കശ്യമുള്ള വ്യക്തിയായിരുന്നു. ഒരധ്യാപകൻ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് കെ.ടി.എൻ. മാഷ്. അന്ന് എട്ടാം ക്ലാസിൽ ചേരാൻ ഇന്റർവ്യൂ ഒക്കെയുണ്ട്. ആ കടമ്പ കടന്നാലേ സെലക്ഷൻ കിട്ടൂ. അങ്ങനെ നാരായണൻ മാഷും എട്ടാം ക്ലാസ്സിലേക്കുള്ള കയറ്റത്തിനുവേണ്ടി ഇന്റർവ്യൂവിന് ചെന്നു. കെ.ടി.എൻ. മാഷായിരുന്നു ഇന്റർവ്യൂ ചെയ്തിരുന്നത്. ഗൗരവത്തോടെ മാഷോട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചു: 'What is your father?' (നിന്റെ അച്ഛന്റെ ജോലി എന്താണ്?). 'My father is a weaver' (എന്റെ അച്ഛൻ ഒരു നെയ്ത്തുകാരനാണ്) - നാരായണൻ മറുപടി നൽകി. പിന്നൊന്നും ചോദിച്ചില്ലത്രെ. അങ്ങനെയാണ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പിന്നീട് അതേ സ്കൂളിൽത്തന്നെ ശാസ്ത്രാധ്യാപകനായി ജോലി ചെയ്യുകയും ഹയർ സെക്കൻഡറി ആയപ്പോൾ അതിന്റെ പ്രിൻസിപ്പാൾ ആയതും എം.എസ്.സി. നാരായണൻ മാഷിന്റെ നിമിത്തമെന്നു പറയാം.
തൊഴിൽ തേടിയുള്ള അലച്ചിൽ
പി.ജി. കഴിഞ്ഞതിനുശേഷം ജോലിക്കുവേണ്ടിയുള്ള പരക്കംപാച്ചിലായിരുന്നു. ബാംഗ്ലൂരിൽ ഒരു ഇന്റർവ്യൂവിന് പോയെങ്കിലും റെക്കമൻഡ് ചെയ്യാൻ ആളില്ലാത്തതിനാൽ സെലക്ഷൻ കിട്ടിയില്ല. അവിടേക്ക് ബസ്സിന് പോയെങ്കിലും തിരിച്ചുവന്നത് ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ വാനിലാണ്. പത്രക്കെട്ടിനുമുകളിൽ ശ്വാസമടക്കി കിടന്നുവന്നത് ഓർക്കുമ്പോൾ ഇന്നും ഭയം തോന്നുന്നു എന്നാണ് മാഷ് പറയുന്നത്.
തുടർന്ന് ഒരു ചാൻസുകൂടി വന്നു. പയ്യന്നൂർ കോളേജിൽ ബോട്ടണി ലക്ചററുടെ ഒഴിവുണ്ട് എന്നറിഞ്ഞു. അപേക്ഷ നൽകി. ഇന്റർവ്യൂവിന് ചെന്നു. അയ്യായിരം രൂപ സംഭാവന വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അയ്യായിരം പോയിട്ട് അഞ്ചുരൂപ പോലും കൊടുക്കാനില്ലാത്ത അവസ്ഥയായിരുന്നു അന്ന്. മാഷിനേക്കാൾ മാർക്ക് കുറഞ്ഞ ഒരു വ്യക്തിക്കാണ് അവർ നിയമനം നൽകിയത്. അർഹതയ്ക്കുമല്ല കഴിവിനുമല്ല, അംഗീകാരം പണത്തിനും സ്വാധീനത്തിനുമാണെന്ന് ബോധ്യപ്പെട്ട ഒരു സംഭവമാണതെന്ന് മാഷ് ഇപ്പോഴും പറയാറുണ്ട്.
ഇമ്പിച്ചി ബാവയും കെ.എസ്.ആർ.ടി.സി.യും
പാവപ്പെട്ടവർക്ക് അത്താണിയായി നിൽക്കാൻ ചില മാന്യവ്യക്തികൾ സമൂഹത്തിലുണ്ട് എന്ന് മനസ്സിലാക്കിയ അനുഭവവും നാരായണൻ മാഷിനുണ്ട്. കരിവെള്ളൂർ സമരനായകൻ എ.വി.യോട് അതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അന്നത്തെ ട്രാൻസ്പോർട്ട് മന്ത്രി ഇമ്പിച്ചി ബാവയെ ചെന്നുകാണാൻ പറഞ്ഞു. എം.എസ്.സി.ക്കാരനാണെന്നും എ.വി. പറഞ്ഞിട്ടാണ് ഒരു ജോലി തേടിവന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആർ.ടി.സി. ചെയർമാനെ കാണാനും പറഞ്ഞു. അപ്പോൾത്തന്നെ പോയി കണ്ട് അപേക്ഷ എഴുതിക്കൊടുത്തു. കൊടുത്ത ഉടനെ അദ്ദേഹം പറഞ്ഞു: 'നിന്നെ പുതുതായി ആരംഭിച്ച പയ്യന്നൂർ ഡിപ്പോയിൽ ക്ലാർക്കായി നിയമിച്ചിരിക്കുന്നു. നാളെത്തന്നെ പോയി ജോയിൻ ചെയ്തോളൂ.' അങ്ങനെ ജോലിയും കിട്ടി. സന്തോഷമായി വന്ന് ജോലിയിൽ പ്രവേശിച്ചു.
അതുകഴിഞ്ഞ് നാലഞ്ചുമാസം കഴിഞ്ഞതേയുള്ളൂ, ഇ.എം.എസ്. മന്ത്രിസഭ രാജിവെച്ചു. കെ.എസ്.ആർ.ടി.സിയിൽ ഇമ്പിച്ചി ബാവ നിയമിച്ച 614 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട ജീവനക്കാർ സമരവഴിയിലായി. പക്ഷേ സമരം ഏകപക്ഷീയമായി പിൻവലിച്ചു. എങ്കിലും അന്നു വിളിച്ച മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു: 'ആളിക്കത്തും സമരാഗ്നി, അമർന്നുകത്തും സമരാഗ്നി, രണ്ടും തീയാണോർത്തോളൂ'. പക്ഷേ കാര്യമായ തീരുമാനങ്ങൾ ഒന്നുമില്ലാതെ ആ തീ കെട്ടടങ്ങിപ്പോവുകയായിരുന്നു.
എക്സൽ ട്യൂട്ടോറിയലും സാമൂഹ്യസേവനവും
കരിവെള്ളൂരിൽ ആദ്യമായി ട്യൂട്ടോറിയൽ പ്രസ്ഥാനം ആരംഭിച്ചത് എം.എസ്.സി. നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അന്ന് ആ സ്ഥാപനത്തിന് പേര് നിർദ്ദേശിച്ചത് പ്രൊഫ. ടി.വി. ബാലൻ മാഷാണ്. 'എക്സൽ ട്യൂട്ടോറിയൽ' എന്ന മനോഹര പേരുമായി തുടങ്ങിയ സ്ഥാപനം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന നിരവധിപ്പേർക്ക് അന്ന് ആശ്വാസമായി മാറിയിരുന്നു. അതുകൊണ്ട് മാത്രം ഹൈസ്കൂളിലെ റിസൾട്ട് ഉയർന്ന നിലയിൽ എത്താൻ തുടങ്ങി. അനൗപചാരിക രീതിയിൽ പഠനപ്രക്രിയ നടക്കുന്നതിനാൽ പഠിതാക്കൾക്കും താൽപര്യമായി. 1971-ൽ തുടങ്ങിയ പ്രസ്ഥാനം വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമൂഹത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. അന്ന് എം.എസ്.സി. മാഷെ സഹായിക്കാൻ കെ.വി. രാമചന്ദ്രൻ മാസ്റ്റർ, ശംഭു നമ്പൂതിരി മാസ്റ്റർ, ശാദുലി എഞ്ചിനീയർ എന്നിവരും ഒപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീടത് അതുപോലെ നിലനിർത്താൻ മാഷിന് സാധിച്ചില്ല. അധ്യാപകരിൽ പലരും ജോലി കിട്ടിപ്പോയതിനാലും തുടർന്ന് നിരവധി ട്യൂട്ടോറിയലുകൾ നിലവിൽ വന്നതിനാലും എക്സൽ ട്യൂട്ടോറിയലിന്റെ പ്രവർത്തനം നിശ്ചലമായിപ്പോവുകയായിരുന്നു.
കരിവെള്ളൂരിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുടക്കക്കാരനും എം.എസ്.സി. മാസ്റ്ററായിരുന്നു. ജില്ലാ-സംസ്ഥാന തലത്തിലും അറിയപ്പെടുന്ന പരിഷത്ത് പ്രവർത്തകനാണ് മാഷ്. സമ്പൂർണ്ണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം എന്നിവയുടെ സംസ്ഥാന കീ റിസോഴ്സ് പേഴ്സണായും നാരായണൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ തദ്ദേശസ്വയംഭരണ രംഗത്തും മാഷ് സജീവമായിരുന്നു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിൽ അഞ്ചുവർഷക്കാലം പഞ്ചായത്ത് അംഗമായും തന്റെ കർമ്മശേഷി മാതൃകാപരമായി വിനിയോഗിക്കാനും മാഷിന് സാധ്യമായിട്ടുണ്ട്.
തനിക്കാവുംവിധം സമൂഹത്തിലെ നിരാലംബരെ സഹായിക്കാനും മാഷ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. സ്വന്തം കയ്യിൽനിന്ന് ചെലവഴിച്ചുകൊണ്ട് വീടുനിർമ്മാണത്തിനും അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നതിനും പലരെയും മാഷ് സഹായിച്ചിട്ടുണ്ട്. പലരുടെയും സഹായസഹകരണം ലഭിച്ചതുകൊണ്ടാണ് താൻ എം.എസ്.സി. നാരായണൻ മാഷായിത്തീർന്നത് എന്ന ബോധം ഹൃദയത്തിൽ ഉറച്ചുനിൽക്കുന്നതിനാലാവാം തന്നാലാവുംവിധം സഹായഹസ്തം നീട്ടാൻ അദ്ദേഹം തയ്യാറാവുന്നത്.
രണ്ട് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്; 'പടിയിറങ്ങിയ ഓർമ്മകൾ', 'കരിവെള്ളൂർ ജൈവവൈവിധ്യത്തിന് ഒരാമുഖം' എന്നിവയാണവ. 2001 മാർച്ച് 31-നാണ് കരിവെള്ളൂർ ഗവ: ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിച്ചത്. റിട്ട. അധ്യാപിക പത്മാവതിയാണ് ഭാര്യ. മകൾ സൈമ പ്ലസ്ടു അധ്യാപികയും മകൻ സനൂജ് കൈക്കോട്ട് കടവ് സ്കൂൾ അധ്യാപകനുമാണ്.
ഈ ലേഖനം സുഹൃത്തുകൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Life and legacy of M.S.C. Narayanan Master, a pioneer of science education in Karivellur.
#Karivellur #ScienceTeacher #Educationist #Biography #KeralaHistory #Inspiration #KVARTHA
