മദേഴ്‌സ് ഡേ: എന്റുമ്മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അസ്‌ലം മാവില

(www.kavartha.com 08.05.2016) മദേഴ്‌സ് ഡേ ഇന്ന്. കുറച്ചുമണിക്കൂറുകള്‍ കൂടി ബാക്കിയുണ്ട് ഈ ദിവസം തീരാന്‍. ഈ ദിനം തീര്‍ന്നാലും ഉമ്മയുടെ സ്‌നേഹസ്പര്ശം എന്നുമെന്നുമുണ്ടാകും. എനിക്ക് എന്റുമ്മയെകുറിച്ച് എഴുതാന്‍ കിട്ടിയ ഒരു അവസരം. അതേതായാലും ഞാന്‍ പാഴാക്കുന്നില്ല. ഇതെഴുതുമ്പോഴും ഉമ്മ വായനയിലായിരിക്കും. അതുറപ്പ്. എനിക്ക് തന്നെ അത്ഭുതമാണ്. ഒരിക്കലും ഒഴിയാത്ത ഈ വായനാശീലം ഉമ്മയ്ക്ക് എങ്ങിനെ കിട്ടിയെന്ന്. ഉറങ്ങാന്‍ കിടക്കുമ്പോഴും ഉമ്മയുടെ കയ്യില്‍ ഒരു പുസ്തകം ഉണ്ടാകും. അല്ലെങ്കില്‍ ഒരു പത്രത്തിന്റെ കീറ്. വാരിക, വായനക്കായി മറ്റെന്തെങ്കിലും. അനിയന്‍ സലിം വായിച്ചു മടക്കിവെച്ച ഒരുപുസ്തകമെങ്കിലും ഉമ്മയ്ക്ക് വായിക്കണം. രാവിലെ മീത്തെ വീട്ടിലെത്തിയാല്‍ കാണാം മൂക്ക് കണ്ണടവെച്ച് ഉമര്‍മൗലവി. അറബി മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ ഖുര്‍ആന്‍ പരിഭാഷയുടെ മുന്നില്‍ ഉമ്മ ഗൗരവത്തോടെ ഇരുന്നിട്ടുണ്ടാകും, നിസ്‌കാരകുപ്പായത്തോടെ..

ഇന്നലെ ഞാന്‍ വീട്ടീന്ന് ഇറങ്ങുന്നതിനു തൊട്ടുമുമ്പും സലീമിനുപറയാനുണ്ടായിരുന്നത് ഉമ്മയുടെ വായനയെകുറിച്ചാണ്. എന്തുകിട്ടിയാലും വായിക്കും. ഞാന്‍ ചോദിച്ചു... ഇങ്ങനെ വായിക്കുന്തോറും മടുപ്പൊന്നും വരില്ലേ? വായനയില്‍ നിന്ന് കണ്ണ് മാറ്റാതെ ഉമ്മയുടെ മറുപടിവന്നത് നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലില്‍.

സലീം എഴുതിയ പുസ്തകമൊക്കെ എത്രയോ തവണ വായിച്ചുപോലും ഉമ്മ. അവന്റെ പുസ്തകപ്രസാധനത്തിന് ആദ്യം കൈനീട്ടം നല്‍കിയതും ഉമ്മതന്നെ. സാനിന്റെ കവിതാപുസ്തകം വരെ അതിലെ ആശയമറിയാഞ്ഞിട്ടുപോലും ഉമ്മ ഒരുപാട് വട്ടം വായിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

എന്നെ പെറ്റതു മുതല്‍ എനിക്ക് ഉമ്മയെ ഓര്‍മ്മവേണം, (എല്ലാവര്‍ക്കും). അതെന്റെ ഉപബോധമനസ്സില്‍ എവിടെയെങ്കിലുമുണ്ടാകും. അവിടെ വരെ നമ്മുടെ ഓര്‍മകളെ കൊണ്ട് വരാന്‍ ശ്രമിക്കുകയാണ്, നാമതില്‍ പരാജയപ്പെടുമെങ്കിലും, ഓരോ ഉമ്മദിനവും!

ബൈത്തും സബീനയും താരാട്ട് പാട്ടുകളും 'കുഞ്ഞുറക്കി' ക്കഥകളും പ്രവാചക കിസ്സകളും തറവാട്ടുചരിത്രങ്ങളും നാട്ടുവര്‍ത്തമാനങ്ങളും... ഉമ്മ ശരിക്കും ഒരു അറിവിന്റെ കേദാരം പോലെയാണ് എന്നെ പോലെ ഓരോരുത്തര്‍ക്കും. മക്കള്‍ക്കും ഉപ്പയ്ക്കും ഇടയിലുള്ള മധ്യവര്‍ത്തി. കൈകുറ്റങ്ങളും തെറ്റുകളും ഉപ്പയ്ക്ക് മുന്നില്‍ എത്തിക്കാതെ വഴിക്ക് വെച്ച് തന്നെ തല്ലിയും തലോടിയും ശാസിച്ചും തീര്‍ക്കുന്ന ന്യായാധിപ.  വരാന്‍ അല്പം വൈകിയാല്‍ വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന സ്‌നേഹനിധി.. ഒന്നും പറയാന്‍ ബാക്കിയുണ്ടാകില്ല ആര്‍ക്കും,  ഉമ്മമാരെകുറിച്ച്. പറയുന്തോറും ഇനിയും പതിന്മടങ്ങ് ബാക്കിയുണ്ടെന്ന് തോന്നും.

നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ എനിക്ക് ധൈര്യം നല്‍കിയത് എന്റുമ്മയാണ്. അല്‍പം പതറുമെന്ന് തോന്നിയിടത്തൊക്കെ ഉമ്മ പരിഹാരവുമായേ വന്നിട്ടുള്ളൂ. എന്തിനും ഉമ്മയ്ക്ക് ഒരു നിലപാടുണ്ട്. കടം ഭയപ്പെട്ട ഒരാള്‍ ഉമ്മയാകണം. എന്നെ അതില്‍ നിന്നൊക്കെ രക്ഷപ്പെടുത്തിയതും ഉമ്മയുടെ അവസരോചിതമായ ഇടപെടലുകള്‍ തന്നെ. നമ്മുടെ കയ്യില്‍ എന്താണോ ഉള്ളത് അത്‌കൊണ്ട് തൃപ്തിപ്പെടുക. തലയെടുപ്പോടെ നില്‍ക്കാന്‍ ഉമ്മയുടെ ഇടക്കിടക്കുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എനിക്ക് കൂട്ടാകാറുണ്ട്.

ചെറിയ ഒരസുഖം വന്നാലും ഞാന്‍ ആദ്യം പറയുന്നത് ഉമ്മയോടാണ്. എന്റെ ഫയല്‍ മുഴുവന്‍ ഉമ്മാന്റെ കയ്യിലാണല്ലോ. അവര്‍ എന്നോട് ഓരോന്ന് ചോദിക്കും, നാലീസം മുമ്പ് കഴിച്ചതു മുതല്‍ അങ്ങോട്ട് എല്ലാം കുഞ്ഞ് പറയുന്നത് പോലെ ഞാന്‍ പറയും. വളരെ ലാഘവത്തോടെ ഉമ്മ അതിനു എന്തെങ്കിലും 'തക്കട്ട്' മരുന്ന്പറയും.

ഞാന്‍ എങ്ങിനെ ഏതീണത്തില്‍ സലാം പറഞ്ഞോ അതേ ഈണത്തിലായിരിക്കും ഉമ്മയുടെ പ്രത്യുത്തരം. ഇന്നലെ തിരിച്ചെത്തിയിട്ട്ഉമ്മയെ വിളിച്ചു പതിവില്‍ അല്‍പം നീട്ടി സലാം പറഞ്ഞപ്പോഴും ഉമ്മയുടെ സലാം മടക്കലിലും അത്രതന്നെ നീട്ടം!

'മമ്മദൂ'... ചെക്കന്'... ഈ വിളി ഫോണിന്റെ അങ്ങേ തലയ്ക്കല്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖവും അനുഭൂതിയുമാണ്. ആ വിളികേള്‍ക്കാന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇടവരട്ടേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

ഉമ്മ വഴിക്കണ്ണാണ്. ആ സ്‌നേഹനിധിയുടെ കാലടിയിലാണ് നമ്മുടെ സ്വര്‍ഗ്ഗകവാടം. അവരുടെ കരുണയും കടാക്ഷവും സ്‌നേഹവും സ്പര്‍ശവും എന്നുമെന്നും ഉണ്ടായിരുന്നെങ്കില്‍... നമുക്ക് പ്രാര്‍ഥിക്കാം, ആഗ്രഹിക്കാം...
മദേഴ്‌സ് ഡേ: എന്റുമ്മ

Keywords:  Article, Mother, Love, Mother's day, Aslam Mavila, Father, Family.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script