സദാചാര പോലീസിംഗിൻ്റെ ഭീതിയിൽ നിന്നും മാറ്റത്തിലേക്ക്: പെൺകുട്ടികൾക്ക് പാൻടെക്കിൻ്റെ കൈത്താങ്ങ്

 
Panthec's involvement in the RCH project in Kumbla Panchayat
Panthec's involvement in the RCH project in Kumbla Panchayat

Representational Image Generated by Meta AI

● വിവാഹ പ്രായമെത്തിയ പെൺകുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ നടത്തി.
● മംഗലാപുരത്തെ പെൺകുട്ടികളുടെ സദാചാര പോലീസിംഗ് ഭയം പങ്കുവെക്കുന്നു.
● ഡോക്ടർമാരുമായി താൽക്കാലിക അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.
● പദ്ധതിയുടെ പ്രവർത്തനം വിജയകരമായിരുന്നു.

അക്ഷര വെളിച്ചവുമായി നടന്ന അധ്യാപകൻ്റെ ജന്മം ഭാഗം -57 / കൂക്കാനം റഹ്മാൻ

(KVARTHA) ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ആരംഭിച്ച പദ്ധതിയാണ് റീ പ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് (ആർ സി എച്ച്). ഈ പദ്ധതി കണ്ണൂർ, കാസർകോട് ജില്ലകളിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കൈറോസ്’ എന്ന സന്നദ്ധ സംഘടനയെയാണ്. 

ഗർഭസ്ഥ ശിശുക്കളുടെ മരണനിരക്ക്, ഗർഭിണികളുടെ മരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കൂടുതലായി നടക്കുന്ന പഞ്ചായത്തുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത്തരം പദ്ധതി ഏറ്റെടുത്ത് നടത്താൻ സന്നദ്ധതയുള്ള എൻ ജി ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കൈറോസിൻ്റെ പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെയുള്ള പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്താൻ കൊതിയോടെ കാത്തിരിക്കുന്ന സംഘടനയാണ് പാൻടെക്.

Panthec's involvement in the RCH project in Kumbla Panchayat

വാർത്ത കണ്ടയുടനെ അപേക്ഷിച്ചു. അടുത്ത ആഴ്ച പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ കൈറോസിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ച് പാൻടെക്കിന് അറിയിപ്പ് കിട്ടി. കൈറോസിൽ ചെന്നു. നടത്തിപ്പുകാരായ പ്രവർത്തകരെ പരിചയപ്പെട്ടു. സേവനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരാണ് കൈറോസിൻ്റെ പിന്നിലെന്ന് തിരിച്ചറിഞ്ഞു.

നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായ വിശദീകരണം ലഭിച്ചു. കാസർകോട് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കാനുള്ള ചുമതലയാണ് പാൻടെക്കിന് എന്ന അറിയിപ്പ് അവിടെ നിന്നാണ് ലഭിക്കുന്നത്. ജില്ലയിലെ ഏതു പഞ്ചായത്തിലും നടപ്പാക്കാൻ പാൻടെക് സന്നദ്ധമാണെന്ന് ഞാൻ ഉറപ്പു നൽകി. 

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള പ്രചാരണം നടത്തണം. സന്നദ്ധ സംഘടനകളുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സഹകരണം തേടണം. അതിനുള്ള പ്രാദേശിക - വാർഡുതല കമ്മിറ്റികൾ രൂപീകരിക്കണം.

ഈ കമ്മിറ്റിയുടെ സഹകരണത്തോടെ ഗർഭിണികളുടെ വിവര ശേഖരണം നടത്തണം. നവജാത ശിശുക്കളുടെ രോഗ വിവരങ്ങളും മറ്റും ശേഖരിക്കണം. അതിനു ശേഷം വാർഡു തലത്തിൽ ഗർഭിണികളുടെയും മറ്റും യോഗം വിളിച്ചു ചേർക്കണം. യോഗത്തിൽ ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ ഗർഭകാല പരിചരണത്തെക്കുറിച്ചും നവജാത ശിശുക്കളുടെ പരിപാലനത്തെക്കുറിച്ചും വിശദമായ ക്ലാസ് നൽകണം. പ്രവർത്തനങ്ങൾ ഏതൊക്കെ, എങ്ങനെയൊക്കെ എന്ന കാര്യത്തെക്കുറിച്ച് സംഘടന നിശ്ചയിക്കുന്ന സ്റ്റാഫിന് പരിശീലനം നൽകും.

ഇത്രയും കാര്യങ്ങൾ ആമുഖമായി കിട്ടി. ഇതൊക്കെ നടപ്പാക്കാൻ സന്നദ്ധമാണെങ്കിൽ ബോണ്ട് വെക്കണം. മറ്റ് നിർദ്ദേശങ്ങൾ അതിനു ശേഷം നൽകുന്നതാണ്.

2008 - ലാണ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. മൂന്നു വർഷക്കാലത്തേക്കുള്ള പദ്ധതിയാണ്. കുമ്പളയിലൂടെ പലതവണ നടന്നു പോയിട്ടുണ്ടെങ്കിലും ആ ഭൂപ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. കുമ്പളയിലെത്തി. പ്രധാന സ്ഥാപനങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. 

ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ സന്ദർശിച്ചു. പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു കൊടുത്തപ്പോൾ പരിപൂർണ്ണ സഹകരണമാണ് അവിടങ്ങളിൽ നിന്ന് ലഭിച്ചത്. പദ്ധതി പ്രവർത്തനത്തിന് സൗകര്യപ്രദമായ ഓഫീസ് കണ്ടെത്തണം. 

സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാസ വാടക 1000 രൂപ മാത്രമാണ്. ടൗണിൽ നിന്ന് അൽപ്പം അകലെയാണെങ്കിലും ക്വാർട്ടേഴ്സിന് വേണ്ടി നിർമ്മിച്ച ഒരു വീട് കിട്ടി. ശാന്ത സുന്ദരമായ ഗ്രാമീണ അന്തരീക്ഷം. നിശ്ചയിച്ച തുകയ്ക്ക് തന്നെ ഓഫീസ് പ്രവർത്തനത്തിന് കെട്ടിടം ലഭ്യമായി. ഫീൽഡിൽ പോകാനും സർവ്വെ നടത്താനും ഉപഭോക്താക്കളെ കണ്ടെത്താനും ആവശ്യമായ സ്റ്റാഫ് വേണം. അവർക്കുള്ള പ്രതിഫലമൊക്കെ വളരെ ശുഷ്ക്കമാണ്. 

പ്രൊജക്ട് ഡയറക്ടർക്ക് അലവൻസുകളൊന്നുമില്ല. പ്രൊജക്ട് കോ-ഓർഡിനേറ്റർക്ക് 3000 രൂപ, ഫീൽഡ് വർക്കേഴ്സിന് 2500 രൂപ, വളണ്ടിയേഴ്സിന് 750 രൂപ ഇങ്ങനെയാണ് പ്രതിഫല തുക നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും ചെറിയ തുകയ്ക്ക് സ്റ്റാഫിനെ കണ്ടെത്തുന്നത് പ്രയാസമാണ്. ഫീൽഡ് വളണ്ടിയേഴ്സായി 15 പേരെ കണ്ടെത്തണം. എസ് എസ് എൽ സി വരെയെങ്കിലും വിദ്യാഭ്യാസമുള്ള വനിതകളാവണം വളണ്ടിയേഴ്സ്.

വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ സഹായത്തോടെ വനിതകളുടെ മീറ്റിംഗ് നടത്തി. സി എച്ച് സി കോൺഫറൻസ് ഹാളിൽ നടത്തിയ മീറ്റിംഗിൽ 50- ലേറെ പേർ പങ്കെടുത്തു. അലവൻസ് ഞങ്ങൾക്ക് പ്രശ്നമേ അല്ല. ഞങ്ങൾ വളണ്ടിയേഴ്സായി പ്രവർത്തിച്ചോളാം എന്ന അഭിപ്രായ പ്രകടനം നടത്തിയ 5 പേരെ എളുപ്പം കണ്ടെത്താൻ കഴിഞ്ഞത് സന്തോഷമായി. രണ്ടു പേരെ ഫീൽഡ് വർക്കേഴ്സായും കണ്ടെത്തി. പാൻടെക് കമ്മിറ്റി മെമ്പറും സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യം കാണിക്കുന്ന കെ വി ലിഷയെ കോർഡിനേറ്ററായും നിശ്ചയിച്ചു.

ആർ സി എച്ച് പ്രൊജക്ടിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ദ്വിദിന പരിശീലനം നൽകി. അവരെയെല്ലാം പ്രവർത്തന സജ്ജമാക്കി. ഒരു മാസത്തിനകം പഞ്ചായത്തിലെ മൊത്തം ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും വിവാഹപ്രായമെത്തിയ പെൺകുട്ടികളുടെയും എണ്ണം കണ്ടെത്തി. ഏറ്റവും കൂടുതൽ ശ്രദ്ധ അർഹിക്കേണ്ടുന്നവരുടെ വിവരശേഖരണം നടത്തി. 

കുമ്പള കടലോര മേഖല മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. മലയോര മേഖലയിൽ സമ്മിശ്രമായി എല്ലാ വിഭാഗക്കാരും താമസിക്കുന്നു. ചെറുപ്പത്തിലേ വിവാഹിതരായി വീട്ടിൽ കഴിയുന്നവരും വിവാഹമോചിതരായി കഴിയുന്നവരും കടലോര മേഖലയിൽ കൂടുതൽ കണ്ടു വരുന്നുണ്ട്. വിവാഹിതരാകേണ്ട പ്രായവും ആദ്യത്തെ കുഞ്ഞു ജനിക്കേണ്ട പ്രായവുമൊക്കെ പെൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. പ്രസവം ആശുപത്രികളിൽ തന്നെയാവണം. സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രസവ സഹായങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തണം. നവജാത ശിശുക്കൾക്കും അഞ്ച് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും നൽകേണ്ട പ്രതിരോധ കുത്തിവെയ്പുകൾ, ഗർഭിണികൾ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ, വൈറ്റമിൻ അടങ്ങിയ ഭക്ഷണ ക്രമങ്ങൾ, എക്സർസൈസുകൾ എല്ലാം ബോധ്യപ്പെടുത്തി കൊടുക്കണം.

ഇതിന് ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. കുമ്പള സി എച്ച് സി യിലെ ഡോക്ടർമാരും സ്റ്റാഫും പൂർണ്ണ പിന്തുണ നൽകി. സി എച്ച് സി യിലെ കോൺഫറൻസ് ഹാൾ ക്ലാസ് നടത്താൻ വിട്ടു തന്നു. ഡോക്ടറും ഹെൽത്ത് സ്റ്റാഫും ക്ലാസെടുത്തു. എല്ലാ കാര്യങ്ങളെക്കുറിച്ചും സംശയ നിവാരണം വരുത്തി. പ്രയോഗത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളും ബോധ്യപ്പെടുത്തിക്കൊടുത്തു. 

മൂന്നുവർഷത്തേക്കാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. ഒന്നാം വർഷത്തിൽ ബോധവൽക്കരണ പരിപാടികൾക്ക് മുൻതൂക്കം നൽകി. ചെറുജാഥകൾ, കലാപരിപാടികൾ, അനൗൺസ്മെൻ്റുകൾ എന്നിവയിലൂടെ പൊതുജനത്തെ ബോധവൽക്കരിക്കാൻ സാധ്യമായി.

പ്രസവ സമയമടുത്ത ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കാനും പ്രസവം ആശുപത്രിയിൽ മാത്രം മതി എന്ന ബോധത്തിലേക്കെത്തിക്കാനും മൂന്നു വർഷത്തെ പ്രവർത്തനം കൊണ്ട് സാധ്യമായി. വിവാഹം പതിനെട്ടു കഴിഞ്ഞിട്ടേ നടക്കുകയുള്ളുവെന്ന് കൗമാര പ്രായക്കാരായ പെൺകുട്ടികൾ പ്രതിജ്ഞയെടുത്തു. അവർക്ക് പ്രത്യേക ക്ലാസ്സുകൾ നൽകി.

പ്രണയത്തിൽ കുടുങ്ങിപ്പോവാതിരിക്കാനുള്ള നയചാതുരികളെക്കുറിച്ച് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. പ്രസ്തുത ക്ലാസിൽ മംഗലാപുരത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുണ്ടായിരുന്നു. അവർ തുറന്നു പറഞ്ഞ ഒരു കാര്യം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. 

മംഗലാപുരത്തെത്തിയാൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കൈകോർത്ത് പിടിച്ചു നടക്കും. അവിടെ അത്തരം ഇടപെടലിലൊന്നും ആർക്കും പ്രശ്നമില്ല. പക്ഷേ, കേരള അതിർത്തിയെത്തിയാൽ ഞങ്ങൾ അങ്ങനെയൊന്നും പെരുമാറില്ല. ഭയമാണ് ഞങ്ങൾക്ക്. ഇവിടങ്ങളിലൊക്കെ സദാചാര പോലീസ് സദാ ഇത്തരം പ്രവർത്തനങ്ങളെ വീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും.

ആഴ്ചയിൽ മൂന്നു ദിവസം ആർ സി എച്ച് ഓഫീസിൽ ഡയറക്ടർ ഹാജരാവണം. ട്രെയിൻ സൗകര്യമുള്ളതിനാൽ പോക്കുവരവ് ബുദ്ധിമുട്ടില്ലാതെ നടക്കും. എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ടായതിനാൽ പ്രൊജക്ട് പ്രവർത്തനം വൻ വിജയമായിത്തീർക്കാൻ കഴിഞ്ഞു.

സ്റ്റെയിറ്റ് റിസോർട്ട് സെൻ്റർ സംസ്ഥാനത്തുടനീളം നടപ്പാക്കിക്കൊണ്ടിരുന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ് കുമ്പള പഞ്ചായത്തിൽ അനുവദിച്ചു കിട്ടാൻ ശ്രമിക്കുകയും അത് സാധിക്കുകയും ചെയ്തു. തിരുവനന്തപുരത്തു നിന്ന് വിദഗ്ദ്ധരായ കൗൺസിലർമാർ വന്നാണ് ക്ലാസ് കൈകാര്യം ചെയ്തത്. പഞ്ചായത്തിലെ മുഴുവൻ കൗമാരക്കാരായ പെൺകുട്ടികൾക്കും പ്രസ്തുത കൗൺസിലിംഗ് ക്ലാസ് പ്രയോജനപ്പെട്ടു.

ഒരു ദിനപത്രത്തിൽ ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് ജില്ലയിലെ ഡോക്ടർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ഘടകം പ്രതിഷേധം രേഖപ്പെടുത്തി.

ഞാൻ ഡയറക്ടറായി പ്രവർത്തിക്കുന്ന ഹെൽത്ത് പദ്ധതികളുമായി സഹകരിക്കേണ്ട എന്ന തീരുമാനത്തിൽ അവർ എത്തി. കുറച്ചുകാലം അതിൻ്റെ ഫലമായി ഡോക്ടർമാരുടെ സഹകരണം ലഭിച്ചില്ല. അല്പകാലത്തിനു ശേഷം പ്രശ്നം പരിഹരിക്കുകയും അവരുടെ പൂർണ്ണ സഹകരണം ലഭിക്കുകയും ചെയ്തു.

സദാചാര പോലീസിംഗിനെക്കുറിച്ചുള്ള ഈ ലേഖനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കൂ. 

Summary: This article discusses Pantech's involvement in implementing the RCH project in Kumbala, focusing on maternal and child health. It also highlights the fear of moral policing among girls, as shared by students from Mangalore, and the successful implementation of pre-marital counseling classes.

#MoralPolicing, #Kerala, #Kasaragod, #RCHProject, #WomensHealth, #ChildHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia