Movie | ഇത് മുഴുവൻ സമയ യക്ഷി പടം; അതും മോഹൻലാൽ നായകനായി എത്തിയ ആദ്യത്തെ ഹൊറർ ചിത്രം!

 
Mohanlal's first horror film


ഒറ്റപ്പാലത്തിനടുത്തുള്ള പാറേക്കാട്ട് മനയാണ് പ്രധാന ലൊക്കേഷൻ ആയത്, പരിസരപ്രദേശങ്ങളായ തിരുവില്വാമല, കവളപ്പാറ, പെരിങ്ങോട്ടുകുറുശി എന്നീ സ്ഥലങ്ങളിലെ മനകളിലും മറ്റു സീനുകൾ എടുത്തിട്ടുണ്ട്.

മിൻ്റാ മരിയ തോമസ്

(KVARTHA) വിൻസെന്റ് മാസ്റ്ററുടെ സംവിധാനത്തിൽ, മണി മല്ല്യത്ത് നിർമ്മിച്ച് മോഹൻലാൽ നായകനായി അഭിനയിച്ച ആദ്യത്തെ ഹൊറർ ചിത്രമാണ് ശ്രീകൃഷ്ണപരുന്ത്.  ഒരു ഫുൾ ടൈം യക്ഷി പടമാണിത്. മന്ത്രവാദവും വിഷചികിത്സയും യക്ഷികളും മനയും ആചാരങ്ങളുമായി നീങ്ങുന്ന കഥ. 1984 ഓണം ഫെസ്റ്റിവൽ സീസണിൽ മൈഡിയർ കുട്ടിച്ചാത്തൻ, ഇടവേളക്ക് ശേഷം, അലക്കടലിനക്കരെ, ആരാന്റെ മുല്ല കൊച്ചുമുല്ല, കുരിശുയുദ്ധം, മുത്തോട് മുത്ത്, തിരക്കിൽ അല്പസമയം എന്നീ പടങ്ങൾക്കിടയിൽ പറന്നിറങ്ങിയ ഈ പരുന്ത് തിയേറ്ററിൽ വിജയം നേടി എന്നാണറിയാൻ കഴിഞ്ഞത്. 

ശ്രീകുമാരൻ തമ്പിയുടെ സഹോദരൻ പി വി തമ്പി എഴുതി മനോരാജ്യം വാരികയിൽ പ്രസിദ്ധീകരിച്ച കൃഷ്ണപരുന്ത് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണിത്. നോവൽ വായിച്ച പ്രേക്ഷകർ തന്നെയാണ് വോട്ടിലൂടെ നായകനായി ലാലേട്ടനെ തിരഞ്ഞെടുത്തത് എന്നൊരു പ്രത്യേകതയും പടത്തിനുണ്ട്. തമ്പി തന്നെയാണ് ഇതിന്റെ രചന നിർവഹിച്ചത്. ഗരുഡനെ ദൈവമായി ആരാധിക്കുന്ന വലിയൊരു തറവാട്ടിൽ ജനിച്ച കുമാരൻ തമ്പി (മോഹൻലാൽ ) പാരമ്പര്യത്തിന്റെ തണലിൽ ജീവിക്കാതെ നാട്ടിലെ സ്ത്രീകളുമായി അവിഹിതത്തിൽ ഏർപ്പെടുകയും ലഹരിയിൽ മതിമറക്കുകയും ചെയ്യുന്നവനാണ്.

ദീർഘദർശിയായ അമ്മാവൻ (വർമ്മ) തന്റെ മരണം മുന്നിൽ കാണവേ വേറെ വഴിയില്ലാത്തതിനാൽ കുമാരന് എല്ലാ വിദ്യകളും പഠിപ്പിക്കുന്നു. അമ്മാവന്റെ കാലശേഷം കുമാരൻ അതെല്ലാം ഏറ്റെടുക്കുകയും സ്വന്തം കഴിവും സിദ്ധിയും കൊണ്ട് കൂടുതൽ കേമനാകുകയും ചെയ്യുന്നു. ഇതെല്ലാം ശത്രുവും മറ്റൊരു മന്ത്രവാദിയുമായ ചൂരക്കാട്ട് ഭട്ടതിരി (ജി ശ്രീനിവാസൻ) യുടെ പകക്ക് ആക്കം കൂട്ടി. കുമാരന്റെ സിദ്ധികൾ നശിക്കണമെങ്കിൽ അവന്റെ ബ്രഹ്മചര്യം വീണ്ടും തകരണം, അതിനാൽ ഭട്ടതിരി തന്ത്രങ്ങൾ മെനയുകയാണ്.. ഇതാണ് സിനിമയുടെ പൊരുൾ. 

കാഞ്ചനയാണ് ലാലിന്റെ അമ്മവേഷം ചെയ്തത്. പ്രമീള, തെലുങ്ക് നടി അരുണ, പുതുമുഖങ്ങളായ ബിന്ദു, പവിത്ര എന്നിവരും മറ്റു പ്രധാന  നടിമാരായി പടത്തിലുണ്ട്.  സോമൻ, ബാലൻ കെ നായർ, ജഗന്നാഥ വർമ്മ, പ്രേംജി, മാള, ജഗതി, മീന എന്നിവരെല്ലാം മറ്റു വേഷങ്ങൾ ചെയ്തു. എല്ലാവരും തിളക്കമാർന്ന പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്.

 ശരിക്കും ബി.ജി.എം കസറി എന്ന് പറയാം. ഈ സിനിമയിലെ ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. രാഘവൻ മാഷ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പി ഭാസ്കരനാണ് ഗാനങ്ങൾ എഴുതിയത്. ലതിക പാടിയ നിലാവിന്റെ പൂങ്കാവിൽ എന്ന ഗാനം എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്.അതുപോലെ ജാനകി പാടിയ മോതിരകൈ വിരലുകളാൽ എന്ന  സുപരിചിതമായ മനോഹരഗാനം ഇതിലാണ് ഉള്ളത്. ഇന്നും ഈ ഗാനങ്ങൾ കേൾക്കുന്നവർ ധാരാളമാണ്.

MOhanlan horsar movie

 ഒറ്റപ്പാലത്തിനടുത്തുള്ള പാറേക്കാട്ട് മനയാണ് പ്രധാന ലൊക്കേഷൻ ആയത്, പരിസരപ്രദേശങ്ങളായ തിരുവില്വാമല, കവളപ്പാറ, പെരിങ്ങോട്ടുകുറുശി എന്നീ സ്ഥലങ്ങളിലെ മനകളിലും മറ്റു സീനുകൾ എടുത്തിട്ടുണ്ട്. അജയൻ വിൻസെന്റിന്റെതാണ് ക്യാമറ എങ്കിലും ചായാഗ്രഹണ മേൽനോട്ടം പി ഭാസ്‌ക്കരറാവുവാണ് നിർവഹിച്ചിരിക്കുന്നത്. അക്കാലത്ത് മോഹൻലാൽ ഒരു വ്യത്യസ്ത റോളിൽ അഭിനയിച്ച സിനിമ എന്ന നിലയിലാണ് പ്രേക്ഷകർ ഈ സിനിമ ഏറ്റേടുത്തത്. ഹാസ്യ റോളുകൾ ചെയ്തിരുന്ന മോഹൻ ലാൽ വിത്യസ്ത റോളിൽ എത്തിയപ്പോൾ അത് കാണാൻ കൂടി സിനിമ കാണാനെത്തിയവരുണ്ട്. അതിനാൽ തന്നെ അക്കാലത്ത് ഈ സിനിമ ഒരു വിജയമായിരുന്നു എന്ന് വേണം പറയാൻ. പടം ഇന്നും വലിയ ബോറടിയില്ലാതെ കാണാൻ കഴിയുന്ന തരത്തിലുള്ള മേക്കിങ് തന്നെയാണ്. എന്ന് എടുത്ത് പറയേണ്ടത് തന്നെയാണ്. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia