Mischief | കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

 

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 1) 

/ കൂക്കാനം റഹ്‌മാൻ

(KVARTHA) നമുക്കെല്ലാം ആദ്യമായി സ്കൂളിലെത്തിയ ദിവസം അതിൻ്റെ ഒരുക്കം, ഒന്നാം ക്ലാസിലെ ആദ്യ ദിനം ഇതൊക്കെ ഓർമ്മയുണ്ടാവും. ആ ഓർമ്മ ഒരു തുറന്നെഴുത്തിലൂടെ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ് ഞാൻ. സ്കൂൾ എന്ന് കേൾക്കുമ്പോൾ ഭയമായിരുന്നു. മാഷമ്മാരെ അതിനേക്കാൾ പേടിയായിരുന്നു. അഞ്ചു വയസ്സായാൽ സ്കൂളെന്ന ദുരിതത്തിലേക്ക് പോയേ പറ്റു. ഓലാട്ട് എ.യു.പി സ്കൂളിലാണ് എന്നെ ചേർത്തത്. സ്കൂൾ തുറന്നത് ജൂൺ ഒന്നിന്. എന്നെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരു മാഷ് വന്നു. ഫുൾ ജുബ്ബ, ഖദർ മുണ്ട്, തടിച്ച മീശ, കൈത്തണ്ട മുഴുവൻ കറുത്ത രോമം, കയ്യിലൊരു ഓടുകൊണ്ട് നിർമ്മിച്ച തട്ടുകളുള്ള ചോറ്റു പാത്രം, വളഞ്ഞ കാലുള്ള തുണിക്കുട, ഇതാണദ്ദേഹത്തിൻ്റെ രൂപം.

എനിക്കാണെങ്കിൽ നീളം കാലുള്ള ഓലക്കുട, ചാക്കു നൂല് കൊണ്ടുണ്ടാക്കിയ സഞ്ചി, മരച്ചട്ടയുള്ള സ്ലേറ്റ്, ഒരു സ്ലേറ്റ് പെൻസിൽ, ഒന്നാം പാഠപുസ്തകം എല്ലാം ഉമ്മ റെഡിയാക്കി വെച്ചിട്ടുണ്ട്. കാനാ കുഞ്ഞിരാമൻ എന്ന പേരുള്ള മാഷ് വീടിൻ്റെ മുറ്റത്ത് നിന്ന് എന്നെ വിളിച്ചു. ഭയം കൊണ്ട് ഞാൻ കരഞ്ഞു. ഉമ്മ പറഞ്ഞ് സമാധാനിപ്പിച്ചു. മാഷിൻ്റെ കൈപിടിച്ച് ഞാൻ നടന്നു. കിള അവസാനിക്കുന്നത് വയലിലേക്കാണ്. മഴ പെയ്ത് വയലു മുഴുവൻ വെള്ളം നിറഞ്ഞുനിൽക്കുന്നു. മഴ പാറ്റലുണ്ട്. മാഷ് എൻ്റെ കൈവിട്ടു. വയൽ വരമ്പിലൂടെ ശ്രദ്ധിച്ചു നടക്കണം. മാഷ് മുമ്പോട്ടു നടന്നപ്പോൾ ഞാൻ നിന്നു. മാഷ് തിരിഞ്ഞു നോക്കുമ്പോൾ എന്നെ കാണുന്നില്ല. തിരിച്ചു വന്ന് എന്നെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു.

ജുബ്ബായുടെ പോക്കറ്റിൽ നിന്ന് പച്ചനിറമുള്ള പ്ലാസ്റ്റിക്ക് തത്തയെ എടുത്തു അതിൽ അമർത്തി ശബ്ദമുണ്ടാക്കി. എൻ്റെ കൂടെ വന്നാൽ ഇത് നിനക്കു തരും എന്ന് പറഞ്ഞു. അത് കിട്ടുമെന്നുള്ള ആശ നിമിത്തം മാഷിൻ്റെ പിറകെ നടന്നു. മാഷ് തത്തയെ പോക്കറ്റിലിട്ടപ്പോൾ ഞാൻ നടത്തം നിർത്തി. വീണ്ടും മാഷ് അതിനെ പുറത്തെടുത്തു ആശിപ്പിച്ചു. കിട്ടുമെന്ന പ്രതീക്ഷയിൽ ഞാനും കൂടെ നടന്നു. വഴിയിൽ ഒരു തോടു കടക്കാനുണ്ടായിരുന്നു. പാലമില്ലാത്തതോട്. മാഷ് എന്നെ എടുത്തു തോടു കടത്തി. സ്കൂളിലെത്തി. മാഷ് എന്നെ ഒന്നാം ക്ലാസിൽ കൊണ്ടിരുത്തി. പിന്നെ മാഷെ കണ്ടില്ല. തത്തയെ കിട്ടിയതുമില്ല.
  
Mischief | കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

ഓലാട്ട് സ്കൂളിൻ്റെ അന്നത്തെ അവസ്ഥയെക്കുറിച്ച് ഓർമ്മയുണ്ട്. എൻ്റെ ഒന്നാം ക്ലാസ് ഓല ഷെഡിലാണ്. ക്ലാസിൻ്റെ ഒരു വശം അരക്കയ്യാലായായിരുന്നു. മഴ വന്നാൽ ക്ലാസ് മുറി നനഞ്ഞു കുതിരും. ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആ ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്. അതിന് തൊട്ടടുത്തു ഓട് മേഞ്ഞ പഴയൊരു കെട്ടിടം. കുറച്ചു വർഷം കഴിഞ്ഞപ്പോൾ ഓടിട്ട വേറൊരു കെട്ടിടം കൂടി ഉണ്ടായി. നമുക്ക് ഒന്നാം ക്ലാസിലേക്ക് തിരിച്ചു പോകാം. ക്ലാസിൽ ഉയരം കുറഞ്ഞ കുത്തൻ കുത്തി ദ്വാരം വീണ നാല് ബെഞ്ച്, പൊളിഞ്ഞ് വീഴാറായ ഒരു മേശ, കസേര ബ്ലാക്ക്ബോർഡ്. ഒന്നാം ക്ലാസിലെ മാഷ് ഓണക്കുന്നിൽ നിന്ന് വരുന്ന കേപ്പു ഉണിത്തിരി മാഷായിരുന്നു. മൂത്രപ്പുരയൊന്നുമില്ല. വിശാലമായ പാറപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂത്രമൊഴിപ്പെല്ലാം അവിടെത്തന്നെ.

ക്ലാസിൽ 20-25 കുട്ടികളുണ്ടെന്നാണോർമ. ചില കൂട്ടുകാരുടെ പേര് ഓർമയുണ്ട്. കേടപ്പല്ലൻ ജനാർദനൻ, ചേനൻ നാരായണൻ, വട്ട്യൻ നാരായണൻ, പച്ചി ഗോപാലൻ, ഒലക്കോടൻ നാരായണൻ, മൂക്കുന്നൊലിച്ചി ജാനകി, ഉണ്ട കാർത്യായനി, നീണ്ടു മെലിഞ്ഞ ലക്ഷ്മി, പുത്തിലോട്ട് നിന്ന് വരുന്ന രാജലക്ഷ്മി, ഭട്ടതിരി മാഷുടെ ബന്ധു പൊന്നു, ഇവരെയൊക്കെ ഓർക്കുന്നു. ചെണ്ടുമല്ലികപ്പൂവിൻ്റെ വിത്ത് വിതറിയിട്ട് മട്ടക്കണ കൊണ്ട് തച്ചുറപ്പിച്ച വിഡ്ഡിപ്പണി, പാറമേൽ മൂത്രമൊഴിച്ച് കുഴി ഉണ്ടാക്കൽ, ആരുടെ പച്ചിയാണ് കൂടുതൽ നീളമുള്ളത് എന്ന് പരിശോധിക്കൽ, ഇതൊക്കെ ഒന്നാം ക്ലാസിലെ കുസൃതികളായിരുന്നു.

ഏഴാം ക്ലാസു വരെ അവിടത്തന്നെയായിരുന്നു പഠനം. സ്കൂളിലേക്ക് നടന്നു വരുന്നത് എല്ലാവരേയും കൂട്ടി ഒന്നിച്ചാണ്. എല്ലാവർക്കും കുറ്റപ്പേരുകളുണ്ട്. വളിയൻ നാരായണൻ, ഒലിയൻ ചെമ്മരൻ, ചുരുട്ട കുഞ്ഞിരാമൻ, പൊയ്തൻ രാഘവൻ, പൊള്ളക്കണ്ണൻ കൃഷ്ണൻ, തുടങ്ങി അഞ്ച് പത്ത് പേരുടെ സംഘമായിട്ടാണ് സ്കൂളിലേക്ക് പോകുന്നതും വരുന്നതും. മൊട്ടത്തലയനായിട്ടാണ് ഞാൻ സ്കൂളിൽ പോവാറ്. ചൊടിച്ചാൽ എന്നെ വഷളാക്കിക്കൊണ്ട് കൂട്ടുകാർ ഒപ്പം പാടും.
'മാപ്പിളമൊട്ട
തെങ്ങിൻ്റൊട്ട
ചെറുപയറുണ്ട
രണ്ടുണ്ട'

ഇത് കേൾക്കുമ്പോൾ സങ്കടം കൊണ്ട് ഞാൻ കരയും. ഏറ്റവും പേടി സ്കൂൾ ഹെഡ്മാസ്റ്റർ ആലക്കാടൻ നാരായണൻ മാഷെയാണ്. കഞ്ഞി മുക്കി ഇസ്തരി ഇട്ട വെളുത്ത ഖദർ ഷർട്ടും മുണ്ടുമാണ് വേഷം. മുണ്ട് ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ചുള്ള വരവ് കണ്ടാൽ കുട്ടികൾ ക്ലാസിലേക്കോടി എത്തും. ഏറ്റവും വെറുപ്പ് മാനേജർ കാനാ രാമൻ മാഷോടായിരുന്നു.
'കാനാത്തൊണ്ടൻ
മഞ്ഞപ്പയ്യൻ'
എന്ന് ഏട്ടൻമാർ വിളിക്കുന്നത് കേട്ട് ഞങ്ങളും വിളിക്കും. ഓണക്കുന്നിൽ നിന്ന് വരുന്ന മാരാർ മാഷെ സ്കൂളിൽ നിന്ന് മാനേജർ സസ്പെൻ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ കുട്ടികൾ ക്ലാസ് ബഹിഷ്ക്കരിച്ച് മാനേജർക്കെതിരായി സമരം ചെയ്തതും ഓർമ്മയുണ്ട്.

മാനേജർക്ക് എന്നും വായു ശല്യമുണ്ട്. മരുന്ന് മൊയ്തുക്കയുടെ കടയിലെ വെല്ലവും ഉള്ളിയുമാണ്. അതുവാങ്ങാൻ കുട്ടികളെ പൈസയും കൊടുത്തു പറഞ്ഞു വിടും. ചില രസികന്മാർ വെല്ലം നക്കിയെടുത്തു തുടച്ചു വൃത്തിയാക്കിയാണ് മാനേജർക്ക് കൊടുക്കൽ. എൻ്റെ ക്ലാസിലെ കുരുത്തം കെട്ട കരുണാകരൻ ഒരണയും കൊണ്ട് മൊയ്തുക്കാൻ്റെ പീടികയിൽ പഴം മേടിക്കാൻ ചെന്നു. മൊയ്തുക്ക നിസ്ക്കരിക്കുകയായിരുന്നു. 'സമിയള്ളാഹു ലിമൻ ഹമിദ' പറഞ്ഞ് രണ്ടു കയ്യും ഉയർത്തിയപ്പോൾ ഒരണക്ക് പത്തു പഴമാണെന്ന് കരുതി ഒരണമേശപ്പുറത്തു വെച്ച് പത്ത് പഴം ചിക്കിയെടുത്തു സ്കൂളിൽ വന്നു. ഞങ്ങൾക്കൊക്കെ ഓരോ പഴം തന്നു. സ്കൂൾ വിട്ടു പോകുമ്പോൾ മൊയ്തുക്ക കരുണാകരനോട് കാര്യം പറഞ്ഞു. ബാക്കി പൈസ അടുത്ത ദിവസം കൊടുത്തു വീട്ടി. ഇതൊക്കെ ചെറിയ കുസൃതികൾ മാത്രം.
  
Mischief | കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

സ്കൂളിലെ മാഷമ്മാരുടെ പേര് ഞങ്ങൾക്കാർക്കും അറിയുമായിരുന്നില്ല. നമ്പൂതിരി മാഷ്, ഭട്ടതിരി മാഷ്, അടിയോടി മാഷ്, ഉണുത്തിരി മാഷ്, മാരാർ മാഷ്, പിള്ള മാഷ് എന്നീ ജാതി പേരുകളിലേ അറിയൂ. അറിയാവുന്ന രണ്ട് പേരുകൾ കുമാരൻ മാഷും ആലക്കാടൻ നാരായണൻ മാഷും മാത്രം. അഞ്ചാംക്ലാസിൽ എത്തിയപ്പോൾ സ്കൂൾ വാർഷികത്തിന് നാടകം അഭിനയിച്ച് ഒന്നാം സമ്മാനം നേടി. ചടുകുടു (കബഡി) ടീമിൽ അംഗമായി സബ്ബ് ജില്ലാ തലത്തിൽ സമ്മാനം നേടി. ഒന്നു മുതൽ ഏഴുവരെ പഠിച്ച ഓലാട്ട് സ്കൂൾ എന്നും ഓർമ്മയിലുണ്ട്.

(തുടരും)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia