ആദ്യ മുദ്രാവാക്യം മുതൽ പരീക്ഷാഫീസ് സമരം വരെ; മനസ്സിൽ മായാതെ ക്യാമ്പസിലെ സമരച്ചൂടും ഓർമ്മകളും

 
Nostalgic representational image of Kerala school and college student life and protests.

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1966-67 കാലഘട്ടത്തിൽ കാസർകോട് ഗവ. കോളേജിൽ നടന്ന ഭാഷാസമരവും കന്നട-മലയാളം വിദ്യാർത്ഥികൾ തമ്മിലുള്ള ഉരസലുകളും ലേഖനം വിവരിക്കുന്നു.
● പി. കരുണാകരൻ, അഡ്വ. പി. രാഘവൻ തുടങ്ങിയ പ്രമുഖർക്കൊപ്പം കോളേജ് യൂണിയനിൽ പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
● നീലേശ്വരം എസ്എൻ ടിടിഐയിൽ പഠിക്കുമ്പോൾ പരീക്ഷാഫീസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധീരമായ സമരത്തിൻ്റെ ഓർമ്മകൾ.
● അധ്യാപകരുടെ അപ്രീതി ഭയക്കാതെ ഇന്റേണൽ മാർക്കിനേക്കാൾ ഉപരി നീതിക്കായി പോരാടിയ ഒന്നാം വർഷ ടിടിസി വിദ്യാർത്ഥികളുടെ ആവേശം.

ഓർമ്മച്ചീളുകൾ ഭാഗം 03/ കൂക്കാനം റഹ്‌മാൻ

(KVARTHA) നമ്മുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഏറ്റവും സുന്ദരവും അതിൽപരം സന്തോഷവും കൂടിക്കലർന്ന ഒരു വസന്തകാലമാണ് നമ്മുടെ സ്കൂൾ കാലഘട്ടം. ഭാവിയെക്കുറിച്ചുള്ള ആവലാതികളോ വേവലാതികളോ സ്കൂൾ കാലഘട്ടത്തിൽ ഇല്ലായിരുന്നു. ഉദയം മുതൽ അസ്തമയം വരെ ഏതോ ഒരു മായികലോകത്ത് സ്വന്തം ഇഷ്ടങ്ങളെ മാത്രം കണ്ട് സ്വയം മറന്നുള്ള ഒരു ജീവിതം. പക്ഷെ കോളേജ് കാലഘട്ടം അത്ര സുന്ദരമായിരിക്കില്ല. ഭാവി വലിയൊരു ചോദ്യചിഹ്നമായി മുന്നിലുണ്ടാകും. എങ്കിലും ആസ്വാദനത്തിന് വലിയ കോട്ടം തട്ടാറില്ല. കൂട്ടുകാരും കുസൃതികളും അല്പം കുരുത്തക്കേടുകളുമൊക്കെയായിട്ടായിരിക്കും അവയും കടന്നുപോവുക.

Aster mims 04/11/2022

അവയിൽ മറക്കാൻ കഴിയാത്ത ഒന്നാണ് കോളേജ് പഠനകാലത്തെ പഠിപ്പുമുടക്ക് സമരം. അവ അന്ന് മനസ്സിൽ കോറിയിട്ട ഭയപ്പാടുകൾ ഇന്നും മായാതെ നിൽപ്പുണ്ട്. കുഞ്ഞുന്നാളിൽ തുടങ്ങി പല സമരരീതികളും കണ്ടുവളർന്നവരാണ് ഞങ്ങളുടെ പ്രായക്കാർ. അതിൽ നാട്ടിലെ ഹർത്താലുകൾ അല്പം ഭയപ്പാടുണ്ടാക്കുന്നതാണ്. മുതിർന്നവർ തുറന്ന പീടികകൾ അടപ്പിക്കാൻ പോകുന്നതും ഓഫീസുകൾ പൂട്ടിക്കാൻ ശ്രമിക്കുന്നതും വാഹനഗതാഗതം തടസ്സപ്പെടുത്താൻ മരം മുറിച്ചിട്ടും കല്ലുകളും മറ്റും നിരത്തിവെച്ചും ചെയ്യുന്ന അല്പം അക്രമസ്വഭാവമുള്ള സമരരീതികളായിരുന്നു അന്ന്. അത് കണ്ടുവളരുന്നത് കൊണ്ട് ഞങ്ങൾ കുട്ടികൾ അതൊരു കളിയാക്കി മാറ്റാറുമുണ്ട്. സമരക്കളി. ആളുകൾ നടന്നുപോകുന്ന വഴിക്ക് എന്തെങ്കിലും സാധനങ്ങൾ പ്രതീകാത്മകമായി വെച്ച് ഗതാഗതം മുടക്കൽ, ചെറിയ വടിക്കഷണത്തിന് വർണ്ണക്കടലാസ് കൊടിയായി കെട്ടി സിന്ദാബാദ് വിളിച്ചു നടക്കലുമൊക്കെ ഞങ്ങളുടെ സമരക്കളിയുടെ ഭാഗമായിരുന്നു. അങ്ങനെ പല സമരങ്ങളും കണ്ടും കേട്ടും വളർന്നതുകൊണ്ടാവാം നീതി നിഷേധിക്കപ്പെടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതിരിക്കുമ്പോഴും പ്രതികരിക്കാനും സമരം നടത്താനുമുള്ള അഭിവാഞ്ജ മനസ്സിലുദിക്കുന്നത്.

memories of student protests kerala

ആദ്യത്തെ മുദ്രാവാക്യം

ആദ്യത്തെ പഠിപ്പുമുടുക്ക് സമരം നടത്തിയത് ഓലാട്ട് എ.യു.പി. സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. മൂന്നാം ക്ലാസിലെ ക്ലാസ് മാഷ് മാരാർ മാഷായിരുന്നു. അന്ന് മാഷന്മാരുടെ പേരൊന്നും കൃത്യമായി അറിയുമായിരുന്നില്ല. ഉണിത്തിരി മാഷ്, നമ്പൂതിരി മാഷ്, അടിയോടി മാഷ്, നമ്പ്യാർ മാഷ് എന്നിങ്ങനെ ജാതിപേരിലെ മാഷന്മാരെ അറിയുമായിരുന്നുള്ളൂ. ഞങ്ങളുടെ മൂന്നാം ക്ലാസിലെ മാരാർ മാഷിനെ സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു എന്ന് സ്കൂളിലെത്തിയപ്പോഴാണ് അറിഞ്ഞത്. മാഷെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഏഴാം ക്ലാസിലെ കുട്ടികൾ മുദ്രാവാക്യം വിളിച്ച് ക്ലാസ് ബഹിഷ്കരിച്ചു. തുടർന്ന് എല്ലാ ക്ലാസിലെയും കുട്ടികൾ സ്ലേറ്റും പുസ്തകവും എടുത്ത് പുറത്തിറങ്ങി. ഞാൻ അത് കണ്ടതും ജാഥയുടെ മുമ്പിൽ കയറിനിന്നു. ‘വിദ്യാർത്ഥി ഐക്യം സിന്ദാബാദ് മാരാർ മാഷെ തിരിച്ചെടുക്കുക, മാനേജ്മെന്റ് നീതി പാലിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു നടന്നത് എഴുപതാണ്ട് പിന്നിട്ടിരിക്കുന്നു. അത് ഹൃദയത്തിലെഴുതി വെച്ചതുപോലെ ഇന്നും മായാതെ നിൽപ്പുണ്ട്.

കാസർകോട് കോളേജിലെ സമരച്ചൂട്

തുടർന്നങ്ങോട്ട് വിദ്യാർത്ഥി ജീവിതകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തുവെങ്കിലും കാസർകോട് ഗവ. കോളേജിലും ടി.ടി.സി. പഠനകാലത്ത് നീലേശ്വരം ടി.ടി.ഐയിൽ നടന്ന സമരങ്ങൾ ഏറെ പ്രധാനപ്പെട്ടതായിരുന്നു. 1966-67 കാലത്ത് കാസർകോട് ഭാഷാസമരം കത്തിനിൽക്കുകയാണ്. കോളേജിലും അതിന്റെ അലയൊലി ഉണ്ടായി. അതിന്റെ പേരിൽ കന്നട-മലയാളം വിദ്യാർത്ഥികൾ തമ്മിലും ചെറിയൊരു ഉരസലുണ്ടായി. കാസർകോട് കർണ്ണാടക സംസ്ഥാനത്തിന് വിട്ടുനൽകണമെന്ന് കർണ്ണാടക ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികളും, അതു പാടില്ലെന്ന് മലയാളം വിദ്യാർത്ഥികളും. തെരുവിൽ നടക്കുന്ന സമരരീതി കോളേജ് ക്യാമ്പസിലും അരങ്ങേറി. പരസ്പരം കല്ലേറും എതിർപ്രകടനങ്ങളുമൊക്കെയായി. എന്തോ നിർമ്മാണ പ്രവർത്തനത്തിന് ഗ്രൗണ്ടിൽ കൂട്ടിയിട്ട കരിങ്കൽ ചീളുകൾ പെറുക്കി പരസ്പരം ഏറ് തുടങ്ങി. അന്ന് കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്ന പി. കരുണാകരന്റെ നേർക്ക് കരിങ്കൽ ചീളുകൾ വന്നുപതിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്. സമരത്തിന് ചൂട് കൂടിയതോടെ കോളേജിന് അവധി നൽകി. അങ്ങനെ ആ സമരച്ചൂട് ക്രമേണ കെട്ടടങ്ങി.

അത് കഴിഞ്ഞ് ഞാൻ പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന കാലം. കോളേജ് ഇലക്ഷന് സ്ഥാനാർത്ഥിയായി മത്സരിച്ചു. പ്രീഡിഗ്രി രണ്ടാം ഗ്രൂപ്പിന്റെ ക്ലാസ് പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. 80 കുട്ടികളുള്ള എന്റെ ക്ലാസിൽ ഭൂരിപക്ഷവും കന്നട വിദ്യാർത്ഥികളായിരുന്നു. ഞാൻ അവരുമായി സൗഹൃദത്തിലായിരുന്നു. എനിക്കെതിരെ മത്സരിച്ചത് കന്നടക്കാരനും. അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എനിക്കായിരുന്നു ഭൂരിപക്ഷം. അതോടെ 1967-68-ൽ കോളേജ് യൂണിയൻ കൗൺസിലിൽ ഞാൻ അംഗമായി. അന്നത്തെ കോളേജ് യൂണിയൻ സെക്രട്ടറി അന്തരിച്ച അഡ്വ. പി. രാഘവൻ ആയിരുന്നു.

നീലേശ്വരത്തെ പരീക്ഷാഫീസ് സമരം

1967-ൽ ഒരു വിദ്യാർത്ഥി സമരത്തിന് നേതൃത്വം കൊടുത്ത സംഭവം സ്വപ്നമായി പലപ്പോഴും എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുന്നത് നീലേശ്വരം എസ്.എൻ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ്. പ്രൊഫഷണൽ കോഴ്സ് ആയതിനാൽ സ്ഥാപനത്തിലെ അധ്യാപകരുടെ മുന്നിലും നല്ലപിള്ളയായി ചമഞ്ഞാലേ വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്ക് ലഭിക്കുകയുള്ളൂ. നല്ലപോലെ പഠിച്ചാൽ പരീക്ഷയ്ക്ക് മാർക്ക് കിട്ടും. പക്ഷേ പഠനകാലത്ത് വിദ്യാർത്ഥിയിൽ നിന്ന് നല്ല രീതിയിലുള്ള പ്രകടനങ്ങളും പ്രവർത്തന രീതികളും ഉണ്ടാവണം. അച്ചടക്കം, അധ്യാപകർ നിർദ്ദേശിക്കുന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയോടെയും കൃത്യതയോടെയും ചെയ്തുതീർക്കണം. ഇതെല്ലാം പരിഗണിച്ചാണ് പ്രാക്ടിക്കൽ പരീക്ഷയിലും ഇന്റേണൽ അസസ്‌മെന്റിനും നല്ല മാർക്ക് ലഭിക്കുന്നത്. ഈ അവസ്ഥയിൽ പഠിതാക്കൾ വളരെ ശ്രദ്ധയോടെയാണ് തങ്ങളുടെ പഠനപ്രവർത്തനങ്ങളും സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും നടത്തുന്നത്. അധ്യാപകരുടെ അപ്രീതിക്ക് ഇരയാകുന്ന പ്രവർത്തനങ്ങളിലൊന്നും പഠിതാക്കൾ ഇടപെടില്ല.

വിദ്യാർത്ഥികളിൽ നിന്ന് പരീക്ഷാഫീസും ട്യൂഷൻ ഫീസും ഈടാക്കുന്ന രീതി അന്നുണ്ടായിരുന്നു. ഞങ്ങൾ വിദ്യാർത്ഥികൾ ഒരിക്കൽ അക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. ഫീസ് നിർത്തലാക്കണമെങ്കിൽ സർക്കാർ തീരുമാനിക്കണം. വിദ്യാർത്ഥികളുടെ ഒപ്പുശേഖരണം നടത്തി ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തു. യാതൊരു പ്രതികരണവും കാണാത്തപ്പോൾ പഠിപ്പുമുടുക്കി സമരം ചെയ്താലേ ഇതിന് പരിഹാരമുണ്ടാവൂ എന്ന് ഒന്നാം വർഷ ടി.ടി.സി.ക്കാരായ ഞങ്ങൾ തീരുമാനിച്ചു. രണ്ടാം വർഷ വിദ്യാർത്ഥികൾ സമരത്തിന് തയ്യാറായില്ല. അവർക്ക് ഇന്റേണൽ മാർക്കിന്റെ ഭയമുണ്ട്. ഞങ്ങൾ വരുന്നത് വരട്ടെ ക്ലാസ് ബഹിഷ്കരിച്ച് പ്രകടനം നടത്താനും രണ്ടാം വർഷക്കാരെക്കൂടി സമരത്തിൽ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാമെന്നും ധാരണയിലെത്തി.

പ്രിൻസിപ്പൽ മിലിറ്ററിയിൽ നിന്ന് റിട്ടയർ ചെയ്തുവന്ന കണ്ണൂർക്കാരനായ മുകുന്ദൻ സാറായിരുന്നു. പഠിതാക്കളൊക്കെ ഭയപ്പെടുന്ന ജോസഫ് മാസ്റ്റർ സ്ഥാപനത്തിലെ സീനിയർ അധ്യാപകനുമാണ്. തെക്കുഭാഗത്തുനിന്ന് വരുന്ന വിദ്യാർത്ഥികളൊക്കെ എൻ.കെ.ബി.ടി. ബസ്സിലാണ് വന്നിരുന്നത്. സമരത്തീയതി നിശ്ചയിച്ചു. പ്രിൻസിപ്പലിന് നോട്ടീസ് കൊടുത്തു. സമരത്തിന് നിശ്ചയിച്ച ദിവസം ബസ്സിറങ്ങുമ്പോൾ കണ്ട കാഴ്ച ട്രെയിനിനും മറ്റും നേരത്തെ വന്ന സഹപഠിതാക്കൾ പഠിപ്പുമുടുക്ക് കാണിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ സ്ഥാപനത്തിന്റെ ഗേറ്റ് മുതൽ എല്ലാ സ്ഥലത്തും പ്രദർശിപ്പിച്ചതാണ്. ഇത് കാണുമ്പോൾ ഞങ്ങൾക്ക് ആവേശം ഇരട്ടിച്ചു. അന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് ക്ലാസ് ഉണ്ടായിരുന്നത്. ഫസ്റ്റ് ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഒന്നാം വർഷ ആൺകുട്ടികൾ എല്ലാവരും മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങി. പെൺകുട്ടികളുടെ ക്ലാസിലേക്ക് ചെന്നു. ഞങ്ങളെ കണ്ടപ്പോൾ അവരും ക്ലാസിൽ നിന്ന് പുറത്തിറങ്ങി.

രണ്ടാം വർഷക്കാരുടെ ക്ലാസിൽ ഉഗ്രപ്രതാപിയായ ജോസഫ് മാഷ് ക്ലാസ് തുടങ്ങിക്കഴിഞ്ഞു. ഞങ്ങൾ ക്ലാസിലേക്ക് ഇരച്ചുകയറി. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുതുടങ്ങി. ജോസഫ് മാഷ് നിന്ന് വിറക്കുന്നുണ്ട്. ക്രൂരമായി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ‘നിങ്ങൾക്കു കാണിച്ചുതരാം’ എന്ന ഭാവമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഞങ്ങൾ ദർശിച്ചത്. കാരണം നിങ്ങളുടെ ജീവിതം ഞങ്ങളുടെ കയ്യിലാണ് എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം. പക്ഷേ ഞങ്ങൾ വിട്ടില്ല. മുദ്രാവാക്യം ശക്തമായപ്പോൾ മാഷിന് പിടിച്ചുനിൽക്കാൻ പറ്റിയില്ല. ‘ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോയി ക്ലാസെടുക്കും’ എന്ന് ഭീഷണി മുഴക്കിയാണ് അദ്ദേഹം ക്ലാസ് വിട്ടത്. സ്ഥാപനത്തിലെ മുഴുവൻ പഠിതാക്കളും ക്ലാസ് ബഹിഷ്കരിച്ചു. അന്ന് ഞാൻ സ്ഥാപനത്തിലെ ഡെപ്യൂട്ടി ലീഡറാണ്. സ്കൂൾ ലീഡർ വെള്ളൂരിൽ നിന്ന് വരുന്ന രണ്ടാം വർഷ വിദ്യാർത്ഥിയായ ടി.പി. രവീന്ദ്രനായിരുന്നു.

ഇതൊരു സൂചനാ പഠിപ്പുമുടുക്കാണ്. ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് സമരം ശക്തമായി കൊണ്ടുപോകാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞുപോയി. ഇതേവരെ ഒരു വിദ്യാർത്ഥി സമരവും നടക്കാത്ത തന്റെ സ്ഥാപനത്തിൽ സമരം നടന്നു എന്ന വിവരം അറിഞ്ഞ സ്കൂൾ മാനേജർ കുതിച്ചെത്തി. പ്രിൻസിപ്പലിന്റെ റൂമിലേക്ക് സമരനേതാവായ എന്നെ വിളിപ്പിച്ചു. ഗൗരവത്തോടെ വന്ന മാനേജർ സ്നേഹത്തോടെയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കാര്യം ബോധ്യപ്പെട്ട അദ്ദേഹം സമരം ഇനി തുടരല്ലേ എന്ന ഉപദേശം നൽകി തിരിച്ചുപോയി. അതുകൊണ്ട് മാത്രമാണ് ആ സമരം അവിടെ അവസാനിച്ചത്. അന്ന് വിദ്യാർത്ഥി ജീവിതത്തിൽ ആരംഭിച്ച ആ സമരപാരമ്പര്യവും ആവേശവും ഔദ്യോഗിക ജീവിതത്തിലും കടന്നുപോയ ഓരോ മേഖലയിലും ആവശ്യമുള്ള നേരങ്ങളിൽ ഭയമില്ലാതെ തുടർന്ന് കൊണ്ടുപോയിട്ടുണ്ട്. ബന്ധപ്പെട്ട മേലധികാരികൾ നീതി നിഷേധിച്ചപ്പോൾ സമരാവേശവുമായി മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. ജീവിതത്തിൽ ഇന്നും അതേ നീതിനിർവ്വഹണം തുടർന്ന് കൊണ്ടേയിരിക്കുന്നു.

നിങ്ങളുടെ സ്കൂൾ-കോളേജ് കാലത്തെ മറക്കാനാവാത്ത സമരങ്ങളെക്കുറിച്ചോ കുസൃതികളെക്കുറിച്ചോ ഇത്തരം ഓർമ്മകളുണ്ടോ? ഈ പഴയകാല സ്മരണകൾ നിങ്ങളുടെ പഴയ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ മറക്കരുത്. നിങ്ങളുടെ കോളേജ് കാലത്തെ രാഷ്ട്രീയ അനുഭവങ്ങൾ ഈ വാർത്തയുടെ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: A nostalgic memoir reflecting on student life and various influential protests at Olaat AUP School, Kasaragod Govt College, and Nileshwar TTI.

#Nostalgia #StudentLife #CampusMemories #KasaragodCollege #NileshwarTTI #StudentProtest #Memoirs #KeralaPolitics #KVARTHA #SchoolDays

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia