ഇന്ത്യയെ വാര്‍ത്തെടുത്ത അബുല്‍ കലാം ആസാദ്

 


(നവംബര്‍ 11  ദേശീയ വിദ്യാഭ്യാസദിനം)

സ്‌കാനിയ ബെദിര

(www.kvartha.com 11/11/2015) 
എന്റെ പ്രിയപ്പെട്ട  വായനക്കാരാ,,,

എന്നും തല ഉയര്‍ത്തിപ്പിടിച്ച് മുമ്പോട്ടു നടക്കുന്ന താങ്കള്‍, ഒന്ന് ദയവു ചെയ്തു ഒരിത്തിരി പിന്നിലേക്ക് തിരിഞ്ഞു നോക്കണം. ആധുനിക ഇന്ത്യയെ വാര്‍ത്തെടുത്ത ഒരു മഹാശില്പിയുണ്ട് അവിടെ. അദ്ദേഹത്തെ കണ്ടിട്ടും അറിയാത്ത പോലെ പോവരുത്. മൗലാന അബുല്‍ കലാം ആസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. 1888 ലെ ഉണങ്ങിക്കരിഞ്ഞ നവംബര്‍ 11 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

രണ്ടു മഹാലോക യുദ്ധങ്ങള്‍ നടന്നപ്പോഴും (1914-1918), (1939-1945) ബ്രിട്ടീഷ് സര്‍ക്കാര്‍ തൊഴിച്ചു തുറങ്കിലടച്ച ഒരു സ്വതന്ത്ര സമര സേനാനിയെ  നമുക്കുണ്ടായിട്ടുള്ളൂ. അത് ആസാദ് ആണ്. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന ദേശീയ വിദ്യാഭ്യാസ ദിനം കൂടിയാണ് ഇന്ന്. സ്വതന്ത്ര ഇന്ത്യയില്‍ 11 വര്‍ഷത്തോളം ഈ മഹാന്‍ വിദ്യാഭ്യാസ മന്ത്രിയായി വര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടിഷ് ഭരണ കാലത്ത് ഇഴഞ്ഞു നടന്നിരുന്ന ഇന്ത്യന്‍ സാക്ഷരതയെ ഇന്നീകാണും വിധം വാര്‍ത്തെടുത്തത് അദ്ദേഹമാണ്.

1953 ല്‍ ദേശീയ സംഗീത നാടക അക്കാദമി സ്ഥാപിച്ച ആസാദ്, അതിനടുത്ത വര്‍ഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമിയും ലളിത കലാ  അക്കാദമിയും സ്ഥാപിച്ച് ഇന്ത്യയുടെ സര്‍ഗ സമീക്ഷകള്‍ക്ക് ചിറകുകള്‍ തുന്നിചേര്‍ത്തു. ഭാരതത്തിലെ ഓരോ പൗരനും 14 വയസ് വരെ  നിര്‍ബന്ധമായും സ്‌കൂളില്‍ പോയി പഠിച്ചിരിക്കണമെന്നും  ആ പഠനം  സൗജന്യമായിരിക്കണം എന്നും  കേന്ദ്ര  സംസ്ഥാന തലങ്ങളില്‍ ഉത്തരവിറക്കി. 1956 ല്‍  യുണിവേര്‍സിറ്റി ഗ്രാന്റ് സിസ്റ്റം (യുജിസി) കൊണ്ട് വന്നത് അദ്ദേഹമാണ്. ഇംഗ്ലീഷ്  വിദ്യാഭ്യാസത്തിന്റെ ആവശ്യകത മുന്നില്‍  കണ്ട് ഇന്ത്യയുടെ രണ്ടാം ഭാഷയായി ഇംഗ്ലീഷ് കാണണമെന്ന് നിര്‍ദേശം നല്‍കി.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നികല്‍ എഡ്യുകേഷനു (എഐസിടിയു) വിത്ത് പാകി. അങ്ങനെ സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ  ഇന്ത്യന്‍ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ കാരഗ്പൂരിലും ഡല്‍ഹിയിലും മുംബൈയിലും നിലവില്‍ വന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക്  ആദ്യ കാലത്ത് തന്നെ കടന്നു വന്ന അബുല്‍ കലാം ആസാദ്, ദേശീയ പ്രസ്ഥാനത്തിനു പരിക്കേല്‍ക്കുമ്പോഴൊക്കെ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രെസിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. 1947 ലെ ഇന്ത്യാ വിഭജനം ഗാന്ദിജിയോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ശക്തിയുക്തം എതിര്‍ത്ത അദ്ദേഹം സഹകരണ പ്രസ്ഥാനങ്ങളില്‍ അരബിന്ദ് ഗോഷിനും ശ്യാം സുന്ദര്‍ ചക്രവര്‍ത്തിയ്ക്കും താങ്ങും തണലുമായി നിന്നു.

ഉര്‍ദുവും ഇറാനിയും അറബിയും ഒരു പോലെ കൈകാര്യം ചെയ്ത അദ്ദേഹമാണ് ആറ് വോള്യം വരുന്ന 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' അറബിയില്‍ നിന്നും ഉര്‍ദുവിലേക്ക് ഭാഷാന്തരം ചെയ്തത്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ 'ഇന്ത്യ സ്വതന്ത്രയാകുന്നു' എന്ന രാഷ്ട്രീയ ജീവ ചരിത്രം ഇന്നും പരക്കെ വായിക്കപ്പെടുന്ന പുസ്തകങ്ങളില്‍ ഒന്നാണ്.

അദ്ദേഹം എഴുതി. 'കുഞ്ഞായിരുന്ന കാലത്ത്, മറ്റു കുട്ടികള്‍ പട്ടം പറത്തി കളിച്ച് നടന്നപ്പോള്‍, ഞാന്‍ ആരും കാണാതെ ഒരു മൂലയില്‍ ഇരുന്ന്  കയ്യില്‍ കിട്ടുന്നതെന്തും വായിച്ചു തീര്‍ക്കുന്ന തിരക്കിലായിരുന്നു.'
അങ്ങനെ 13 മത്തെ വയസില്‍ സ്വന്തമായി ഒരു ലൈബ്രറിയും വായന ശാലയും വീട്ടില്‍  സ്ഥാപിച്ച അദ്ദേഹം  15 മത്തെ വയസ്സില്‍  തന്റെ ഇരട്ടി പ്രായമുള്ള പഠിതാക്കള്‍ക്ക് അക്ഷരങ്ങളുടെ  ഗുരുവാകുകയായിരുന്നു. സഹിഷ്ണുതയുടെ അവസാന വാക്ക് 'ആസാദ്' എന്നായിരുന്നു. ഹിന്ദുക്കളെയും മുസല്മാനെയും പരസ്പരം ചേര്‍ത്തു  വെച്ച മാലയുടെ ചരട് അദ്ദേഹമായിരുന്നു.

അതാണ് അല്ലാമാ ഇക്ബാല്‍ പറഞ്ഞത്, 'അസാരോം സാല്‍ നര്‍ഗീസ് അപ്‌നേ ബെന്നൂരീ പര്‍ റോത്തീ ഹേ/ ബഡീ മുഷ്‌കില്‍ സെ ഹോത്താ ഹൈ  ചമന്‍  മേം ദീദാ വരി പൈദാ' (ആയിരം കൊല്ലത്തില്‍ ഒരിക്കലെ നാര്‍സ്സിസ്സ് ചെടിയില്‍ ഒരു പൂവിരിയാറുള്ളൂ. മൊട്ടായിരിക്കുമ്പോള്‍ തന്നെ നിലം പൊത്താറുള്ള തന്റെ ദുരവസ്ഥയില്‍ അത് എന്നും മനം നൊന്തു തേങ്ങി കൊണ്ടേ ഇരിക്കുന്നു) എന്ന്.
ഇന്ത്യയെ വാര്‍ത്തെടുത്ത അബുല്‍ കലാം ആസാദ്

Keywords: National Education Day, Memories of Moulana Abdul Kalam Azad, Abdul Rahman Turuti
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia