മന്ത്രിക്ക് വഴി നടക്കാന്‍ കഴിയാത്ത സമര ധാര്‍ഷ്ട്യവും പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സമരമുഖത്തെത്തിയ എംവിആറിന്റെ ധിക്കാരവും; വിളിച്ച് കൊണ്ടു പോയി നല്‍കിയ വിപത്ത്; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം-05

 


സികെഎ ജബ്ബാര്‍

(www.kvartha.com 27.11.2019)
വാര്‍ത്തകള്‍ മുളച്ചു പൊങ്ങുന്നത് പത്രപ്രവര്‍ത്തകന്റെ ഒരു ദിവസത്തിന്റെ പ്ലാനിങ്ങിലാണ്. സംഭവങ്ങള്‍ ഇല്ലെങ്കില്‍ അന്വേഷിച്ചു കണ്ടെത്തുക എന്ന ഒരു കടമയുണ്ട്. എക്‌സ്‌ക്ലൂസീവ് രൂപപ്പെടുന്നത് അങ്ങിനെയാണ്. ചിലപ്പോഴത് ഫീച്ചറായിരിക്കും. ചിലത് സംഭവങ്ങള്‍ക്കുള്ളിലെ സംഭവമായിരിക്കും. കൂത്ത്പറമ്പിലേക്ക് അതിരാവിലെ തന്നെ പുറപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചത് അണിയറയിലെ രഹസ്യ വിവരങ്ങളായിരുന്നു.

ഉറക്കം നഷ്ടപ്പെട്ട രാവുകള്‍

വാര്‍ത്ത നല്‍കിയാല്‍ ശാന്തമായി കിടന്നുറങ്ങാന്‍ കഴിയാത്തതാണ് മാധ്യമ പ്രവര്‍ത്തകരുടെ ഓരോ രാവുകളും. കൂത്ത്പറമ്പ് വാര്‍ത്തയാവും മുമ്പ് തന്നെ എന്നെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. നാളത്തെ പത്രങ്ങളെങ്ങിനെ വരുന്നു, നമ്മുടെതില്‍ നിന്ന് വ്യത്യസ്തമായത് മറ്റ് പത്രത്തിലെന്തുണ്ടാവുന്നു എന്നതൊക്കെ വലിയ ആകാംക്ഷയാണ്. ചില ദിവസങ്ങളില്‍ പൂര്‍ണ്ണമായും ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കും ഈ ആകാംക്ഷ. ചാനലുകളില്‍ ഈ ആകാംക്ഷ നിമിഷ നേരം കൊണ്ട് മറി കടക്കാം. അച്ചടി മാധ്യമം ഇക്കാലം ചാനലുകളുടെ അവസാന ബ്രേക്കിങ്ങിനും കണ്ണ് തുറന്ന് കാത്തിരിക്കേണ്ടി വരും.

മന്ത്രിക്ക് വഴി നടക്കാന്‍ കഴിയാത്ത സമര ധാര്‍ഷ്ട്യവും പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സമരമുഖത്തെത്തിയ എംവിആറിന്റെ ധിക്കാരവും; വിളിച്ച് കൊണ്ടു പോയി നല്‍കിയ വിപത്ത്; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം-05

ഒരു പോളയും ഞാന്‍ കണ്ണടക്കാത്ത ദിവസമായിരുന്നു വെടിവെപ്പ് നടന്നതിന്റെ തലേന്ന് രാത്രി. നാളെ കൂത്തുപറമ്പില്‍ പോകണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ വേണ്ടി മാത്രം രാത്രി തലങ്ങും വിലങ്ങും പൊലീസുമായും നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടു. നാളെ എന്താണ് നടക്കുക എന്ന് ഏതാണ്ട് ഭാവനയില്‍ തെളിഞ്ഞു വന്ന ചില സ്വകാര്യങ്ങള്‍ എനിക്ക് കിട്ടിയിരുന്നു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തലേന്ന് രാത്രി ദീര്‍ഘനേരം ചിലവഴിച്ചപ്പോഴാണ് നാളെ എന്തും സംഭവിക്കാം എന്ന് ഊഹിച്ചത്. മന്ത്രി എന്‍ രാമകൃഷ്ണനെ വീട്ടില്‍ ചെന്ന് കണ്ടു. അദ്ദേഹം ക്ഷോഭിച്ച നിലയിലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തുരുതുരെ ഫോണ്‍ വിളിക്കുന്നു. എം.വി.ആര്‍ ഇല്ലാതെ ബാങ്ക് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കിട്ടുക എന്നതാണ് ചിലരുടെ ആവശ്യം. എന്‍. ആര്‍ ഉണ്ടായിരിക്കെ പരിപാടി അലങ്കോലമാവരുത് എന്നും ചിലര്‍ ചൂണ്ടികാട്ടി.


എന്‍.രാമകൃഷ്ണനോട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ചത് പരിപാടി മാറ്റി വെക്കണം എന്നായിരുന്നു. സി.പി.എമ്മുകാരോട് എന്നും നെഞ്ചു നിവര്‍ത്തി നിന്നിരുന്ന എന്‍.ആറിന് ഉള്‍കൊള്ളാന്‍ കഴിയാത്തതാണ് ഈ ഉപദേശം. പക്ഷെ, പൊലീസ് അങ്ങിനെ പറയുന്ന സ്ഥിതിക്ക് അനുസരിക്കാം എന്ന പാകപ്പെട്ട മനസ്സിന്റെ ക്ഷോഭമാണ് എന്‍. ആറിന്റെ മുഖത്ത്. ലീഡറുമായി ബന്ധപ്പെട്ട വിവരം എന്‍.ആര്‍ പങ്ക് വെച്ചു. എം.വി. രാഘവന്റെ തീരുമാനം നിര്‍ണ്ണായകമാവുമെന്ന നിലയിലായിരുന്നു ലീഡര്‍ നല്‍കിയ സൂചന. മന്ത്രിക്ക് വഴി നടക്കാന്‍ കഴിയാത്ത സമര ധാര്‍ഷ്ട്യം ജനാധിപത്യ സംവിധാനത്തില്‍ പൊറുപ്പിക്കാമോ എന്ന വലിയ ന്യായമാണ് പൊലീസിന്റെ മുന്നില്‍ നേതാക്കള്‍ ഉന്നയിച്ചത്. ജില്ലാ പൊലീസ് സുപ്രണ്ട് ഗസ്റ്റ് ഹൗസിലെത്തി എം.വി.രാഘവനുമായി ദീര്‍ഘനേരം സംസാരിച്ചു. മന്ത്രിയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി വരുമ്പോള്‍ എസ്.പിയുടെ മുഖവും ആസ്വസ്ഥമായിരുന്നു. പരിയാരത്ത് എസ്എഫ്‌ഐ യെ തല്ലിയോടിച്ചതോടെ ഉരുത്തിരിഞ്ഞ വാശി കൂത്തുപറമ്പില്‍ പഴുത്ത് പാകപ്പെട്ടു വരികയാണ് എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതാണ് എസ്.പി.യുടെ കൂടിക്കാഴ്ചയുടെ കാതല്‍.

നാളെ കൂത്ത്പറമ്പില്‍ പോകണമോ എന്ന് അവസാനമായി ഞാന്‍ ഒരു ഉദ്യോഗസ്ഥനോട് ചോദിച്ചു. എന്നാല്‍ സ്വകാര്യങ്ങളും പങ്കിടാറുള്ള ഉദ്യോഗസ്ഥന്‍ ഇങ്ങനെയാണ് ഉപദേശിച്ചത്: 'വന്നോളൂ. ചിലപ്പോള്‍ വലിയ കോളും കൊടുങ്കാറ്റും കാണാം. വരേണ്ടതില്ല എന്ന് പറയാന്‍ മാത്രം വാശി ഇരുഭാഗത്തും ശമിച്ചിട്ടില്ല'. തലശ്ശേരിയില്‍ മാധ്യമത്തിന് മുഴുസമയ ലേഖകന്‍ ഉണ്ട്. ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു ഉപരോധം റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം ബ്യൂറോ ലേഖകന്‍ പോകേണ്ടതില്ല. പക്ഷെ അറിഞ്ഞ കാര്യങ്ങള്‍ അവഗണിക്കാനുമാവില്ല. അങ്ങിനെയാണ് ജില്ലാ ആസ്ഥാനത്തെ മറ്റ് പല ലേഖകരും വന്നാലും ഇല്ലെങ്കിലും ഒറ്റക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചത്. വിവരം ഇങ്ങനെയായതിനാല്‍ പോകാതിരിക്കുന്നത് ബുദ്ധിയല്ല എന്ന് മനോരമയുടെ മാത്യു അഗസ്റ്റിനും പറഞ്ഞു. ഈ തീരുമാനം എന്തോ വെച്ചുവിളിച്ച് വിപത്തിലേക്ക് പോയ അനുഭവമായി പിന്നെ.

ഗൂഡാലോചനകള്‍ ?

കൂത്ത്പറമ്പില്‍ ഗൂഡാലോചന നടന്നു എന്ന് പറയുന്നവരുണ്ട്. പക്ഷെ, അതിന് മാത്രം സമയം കിട്ടിയോ എന്ന് സംശയമാണ്. വാശിയെ മുനമൂര്‍പ്പിച്ചു നിര്‍ത്താന്‍ ഒന്നോ രണ്ടോ ദിവസത്തെ അണിയറ ഒരുക്കമാണ് ഇരുപക്ഷത്തും ഉണ്ടായത്. ഈ വാശിയെ പൂര്‍ണ്ണമാക്കാന്‍ ആലോചനയുണ്ടായിട്ടുണ്ട്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം 1994 ഒക്ടോബര്‍ 23ന് ചേര്‍ന്ന് മന്ത്രി എം വി രാഘവന്‍ പങ്കെടുക്കുന്ന കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബേങ്ക് സായാഹ്നശാഖയുടെ ഉദ്ഘാടന പരിപാടിയില്‍ കരിങ്കൊടി കാണിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതായത് രണ്ട് ദിവസം മുമ്പ് മാത്രം. കരിങ്കൊടി മാത്രമല്ല ശരിയായ ഉപരോധമാവുമെന്ന് സൂചനയുണ്ടായത് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ്. മൂവായിരത്തിലേറെ പ്രവര്‍ത്തകരെ സംഘടിപ്പിച്ചു നിര്‍ത്തി എം.വി. രാഘവനെന്ന വര്‍ഗശത്രുവിനെതിരായ വികാരം ആളിപ്പടര്‍ന്നു പൊങ്ങിയാല്‍ നിരായുധരായ യുവാക്കളായാലും നിയന്ത്രിക്കാന്‍ പ്രയാസമാണ് എന്ന നിലയിലാണ് മന്ത്രിയെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്. ഏതാണ്ട് അത് തന്നെയാണ് സംഭവിച്ചതും. മന്ത്രി പിന്തിരിഞ്ഞില്ല. സമരക്കാരും.

അന്വേഷണ കമ്മീഷന്‍

കെ പത്മനാഭന്‍ നായരെ ഏകാംഗ കമീഷനായി യുഡിഎഫ് സര്‍ക്കാര്‍ 1995 ജനുവരി 20നാണ് നിയോഗിച്ചത്. കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് 1997 മെയ് 27ന് സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാനം ഇടത് ഭരണത്താലായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരാണ് വെടിവെപ്പിന് ഉത്തരവാദി എന്ന് പറയുന്നുണ്ട്. 'സാക്ഷി തെളിവുകളില്‍നിന്ന് വ്യക്തമാവുന്ന സംഭവ പരമ്പരകളുടെയും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 25.11.1994ന് കൂത്തുപറമ്പില്‍ നടന്ന പൊലീസ് വെടിവെപ്പ് ഒഴിവാക്കാവുന്നതും അനാവശ്യവും ന്യായീകരിക്കാനാവാത്തതുമാണ് എന്ന നിസ്തര്‍ക്കമായ നിഗമനത്തിലേക്ക് നയിക്കുന്നു.''

'കൂത്തുപറമ്പ് സന്ദര്‍ശിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നുള്ള മുന്‍ സഹകരണ വകുപ്പ് മന്ത്രി എം വി രാഘവന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവിടെയുണ്ടായ വെടിവെപ്പിന്റെ മൂല കാരണം..' - കമ്മീഷന്‍ വ്യക്തമാക്കി.

ഇടത് ഭരണം നിലനില്‍ക്കെ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തെക്കുറിച്ച അത്യപൂര്‍വമായ വിവാദമാണ് ഉയര്‍ത്തിയത്. സമരത്തെ ഭയന്ന് ഒരു മന്ത്രി തെരുവിറങ്ങാതിരിക്കണമോ? അത്തരം ഘട്ടത്തില്‍ പൊലീസ് എന്ത് വേണം? മന്ത്രിയുടെ സുരക്ഷക്ക് വേണ്ടി പൊലീസ് വെടിവെച്ചത് കൃത്യനിര്‍വഹണമോ അതോ ക്രിമിനല്‍ കുറ്റമോ? മേലുദ്യോഗസ്ഥന്‍ വെടിവെക്കാന്‍ ആജ്ഞാപിച്ചാല്‍ അത് അനുസരിച്ച പൊലീസുകാര്‍ കുറ്റവാളികളാവുമോ ? അങ്ങിനെ പൊലീസിനകവും രാഷ്ടീയ കേരളവും തലപുകഞ്ഞ് ചേരിതിരിഞ്ഞ വിവാദമായി കൂത്ത്പറമ്പ് വെടിവെപ്പ്. നിര്‍ഭാഗ്യകരമായ രക്തസാക്ഷ്യത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ എന്തായാലും മാധ്യമ പ്രവര്‍ത്തന ജീവിതത്തിലെ മറക്കാത്ത ഭൗത്യവും ത്യാഗവുമായിരുന്നു ആ ദിനരാത്രികള്‍.


വെടിയൊച്ചകള്‍ക്കിടയില്‍ 'വീര കൃത്യം'; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 2

'സഖാക്കളേ! ഇത് ഞങ്ങളാണ്', ആര്‍ത്തിരച്ചു വന്ന ജനം ശാന്തരായി; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 3

കൂത്തുപറമ്പ് വെടിവെപ്പിന്റെ 25-ാം വാര്‍ഷികം; കാലത്തിന് മുന്നില്‍ ത്രസിച്ചു നില്‍ക്കുന്ന വായിച്ചു തീരാത്ത പാഠപുസ്തം; കാല്‍ നൂറ്റാണ്ട് പിന്നിട്ട പുഷ്പന്റെ പ്രതീക്ഷകള്‍; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 04

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kerala, Politics, CKA-Jabbar, Minister, DYFI, Memories of Koothuparamba Firing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia