അറുപതാണ്ടുകളുടെ ഓർമ്മകളിൽ ഒപ്പം പഠിച്ചവരും പ്രവാസത്തിന്റെ അനുഭവച്ചൂടുമായി ഒരു ജീവിതയാത്രയും

 
Memories of Kasaragod Govt College and the Inspiring Expatriate Journey of N.K.P. Shahul Hameed

Photo: Special Arrangement

ADVERTISEMENT

● പ്രവാസ ജീവിതത്തിലെ വലിയ പ്രതിസന്ധികളെ വിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടന്ന എൻ കെ പി ഷാഹുൽ ഹമീദിന്റെ കഥ.
● സൗദി അറേബ്യയിലും യു എ ഇയിലുമായി വിവിധ ബാങ്കുകളിലും സ്ഥാപനങ്ങളിലും ഉയർന്ന പദവികളിൽ പ്രവർത്തിച്ചു.
● പ്രവാസത്തിനിടയിലും എഴുത്ത് തുടരുകയും 'അനുഭവങ്ങളുടെ രസച്ചരടുകൾ', 'അക്ഷരപ്പൂക്കൾ' എന്നീ പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.
● അറബി ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം 68-ാം വയസ്സിലും ഇഗ്നോയിൽ എം എ അറബിക് വിദ്യാർത്ഥിയാണ് അദ്ദേഹം.
● കാർഡിയോളജി, സുവോളജി, ഫിസിയോളജി തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരായ പഴയകാല സഹപാഠികളുടെ വിവരങ്ങൾ.

ഓർമ്മച്ചീളുകൾ ഭാഗം 33/ കൂക്കാനം റഹ്‌മാൻ 

(KVARTHA) ഓർമ്മകൾക്ക് എന്തു മധുരമാണെന്നോ! കുറേ വർഷങ്ങൾക്കപ്പുറത്തേക്ക് മനസ്സ് ചെല്ലുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. 76 വയസ്സിൽ എത്തി നിൽക്കുന്ന ഞാൻ, 16 വയസ്സിലുണ്ടായ ഓർമ്മകളിലേക്ക് ഊളിയിട്ട് ചെന്നു. മറക്കാൻ പറ്റാത്ത എന്തൊക്കെ അനുഭവങ്ങൾ, തമാശകൾ, പ്രശ്നങ്ങൾ! അറുപത് ആണ്ടുകൾക്കപ്പുറത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു ആവേശവും, കഴിഞ്ഞുപോയ കാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ദുഃഖവും മനസ്സിനെ മുറിവേൽപ്പിക്കുന്നു. ഇപ്പോൾ അന്നത്തെ കൂട്ടുകാർക്കെല്ലാം എന്റെ പ്രായം തന്നെയായിരിക്കും.

Aster_MIMS

കാസർകോട് ഗവൺമെന്റ് കോളജിലെ ആദ്യ ദിനങ്ങൾ

ചില സന്ദർഭങ്ങളാണ് വ്യക്തികളെ തമ്മിൽ കൂട്ടിച്ചേർക്കാൻ പ്രേരണയാവുന്നത്. ഒന്നിച്ചു പഠിച്ച പ്രീഡിഗ്രി കൂട്ടുകാരെ എല്ലാവരെയും ഓർക്കാൻ കഴിയില്ല. 1966-68 കാലത്ത് കാസർകോട് ഗവ. കോളജിലായിരുന്നു എന്റെ പ്രീഡിഗ്രി പഠനം. കോളജിലേക്ക് ആദ്യമായി കാലുകുത്തുന്നതാണ്. 'കോളജ് കുമാരൻ' എന്ന ഓമനപ്പേര് കിട്ടുന്ന കാലം. 

അഡ്മിഷൻ കിട്ടിയ അന്ന് തന്നെ എവിടെ താമസിക്കും എന്ന പ്രശ്നം വന്നു. മിക്കവരുടെയും രക്ഷിതാക്കളും അന്ന് കോളജിൽ എത്തിയിരുന്നു. ജോയിൻ ചെയ്യാൻ വന്നവരിൽ ചിലർ ഒപ്പം പഠിച്ചവരായിരുന്നു, ചിലർ നാട്ടുകാരായിരുന്നു. വിദ്യാനഗർ അന്ധവിദ്യാലയത്തിനടുത്തായി വാടകയ്ക്ക് നൽകുന്ന വീടുകൾ ഉണ്ട് എന്ന വിവരം കിട്ടി. അതന്വേഷിച്ചു കണ്ടുപിടിച്ചു.

memories of expatriate journey

 

എല്ലാ സൗകര്യവുമുള്ള കൊച്ചു വീടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒപ്പം പഠിച്ച രാമചന്ദ്രനും ഗോപാലനും, നാട്ടുകാരായ ബാലകൃഷ്ണനും സി എം കുമാരനും, ഗോപാലൻ നമ്പ്യാരും കൂടി ഒരു വീട്ടിൽ താമസിക്കാമെന്ന് തീരുമാനിച്ചു. അടുത്ത ലോഡ്ജുകളിലും രണ്ടാം വർഷക്കാരും ഡിഗ്രിക്ക് പഠിക്കുന്നവരുമായ അയൽപ്രദേശങ്ങളിലെ വിദ്യാർഥികളുണ്ട്.

ഞാനും രാമചന്ദ്രൻ നായരും വീടിന്റെ ഒരു മുറിയിൽ ഒപ്പം കിടന്നും ഇരുന്നും പഠിച്ചവരായിരുന്നു. ബാക്കിയുള്ളവർ മറ്റുള്ള മുറികൾ പങ്കിട്ടു. ഇതിൽ കെ ഒ വി ഗോപാലനും ഞാനും രാമചന്ദ്രൻ നായരും കരിവെള്ളൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വരെ ഒപ്പം പഠിച്ചവരാണ് എന്ന ഒരു അടുപ്പം കൂടി ഞങ്ങൾക്കുണ്ട്. ലോഡ്ജിൽ ഞങ്ങൾക്ക് കഞ്ഞി ഉണ്ടാക്കിത്തരാൻ പ്രായം ചെന്ന, ഞങ്ങളൊക്കെ 'അമ്മായി' എന്ന് വിളിച്ചിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.

കാലം കാത്തുവെച്ച സമാഗമങ്ങൾ

വർഷങ്ങൾ കുറെ കടന്നുപോയി, പലരും പലവഴിക്ക് ജോലി കിട്ടി ജീവിതയാത്ര തുടങ്ങി. അങ്ങനെയിരിക്കെ ഒരു ഹോട്ടലിൽ ഞാൻ കുടുംബസമേതം പോയതായിരുന്നു. അപ്പോൾ ഞാൻ ഇരിക്കുന്ന സീറ്റിനടുത്തേക്ക് ഊന്നുവടിയും കുത്തി മുടന്തി നടക്കുന്ന ഒരാൾ വന്നു നിന്നു. എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാനും അദ്ദേഹത്തെ നോക്കി. 'ഓ ഗോപാലൻ... എന്തുപറ്റി? എന്തേ ഇങ്ങനെ?' എന്നൊക്കെ ചോദിച്ചറിയാനുണ്ടായിരുന്നു. ഗോപാലൻ വളരെ കൂളായി പറഞ്ഞു, 'ഷുഗർ കൂടി. ഈ കാലിന്റെ അഞ്ച് വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നു.'

Memories of Kasaragod Govt College and the Inspiring Expatriate Journey of N.K.P. Shahul Hameed

ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല. അവനും കുടുംബവുമായി ഹോട്ടലിൽ എത്തിയതാണ്. മനസ്സിൽ ഗോപാലനുമായി ബന്ധപ്പെട്ട പഴയ ഓർമ്മകൾ തികട്ടി വന്നു. ഗോപാലൻ കരിവെള്ളൂർ പുത്തൂർ സ്വദേശിയാണ്. എന്റെ ഗുരുനാഥൻ കെ ഒ വി രാഘവൻ മാസ്റ്ററുടെ അനുജൻ. പ്രീഡിഗ്രിക്ക് ശേഷം ബിഎസ്‌സി അഗ്രികൾച്ചർ കഴിഞ്ഞ ഉടനെ ജോലി കിട്ടി, ജില്ലാതല ഉദ്യോഗസ്ഥനായി വിരമിച്ചു. കൂടെ പഠിക്കുമ്പോൾ ചെയ്ത പരസ്പര സഹായങ്ങളും മറ്റും എന്നും ഞാൻ ഓർക്കാറുണ്ട്.

കൂടെ പഠിച്ച രാമചന്ദ്രൻ നായർക്ക് ഡോക്ടർ ആകാനുള്ള മോഹം കൂടുതലായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രിയും കഴിഞ്ഞാണ് മെഡിസിന് ചേർന്നത്. സാത്വികനാണ്, സമാധാനപ്രിയനാണ്, ലളിത ജീവിതചര്യയാണ് അന്നുമുതലേ അദ്ദേഹത്തിന്റേത്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഭാര്യ ഡോ. കോമളം ഗൈനക്കോളജിസ്റ്റ് ആണ്. റിട്ടയർ ചെയ്തെങ്കിലും രണ്ടുപേരും നീലേശ്വരം ടൗണിലുള്ള ക്ലിനിക്കിൽ സേവനനിരതരാണ് ഇപ്പോഴും. ഒരു മാസം മുമ്പേ ഞാൻ അവിടെ ചെന്നു. രാമചന്ദ്രനെയും കൂട്ടി കെ ഒ വി ഗോപാലന്റെ വീട്ടിൽ ചെന്നു. അവിടെ ഞങ്ങൾ മൂന്നു പേരും കൂടി ഇരുന്ന് പഴയ പഠനകാലത്തിന്റെ ഓർമ്മകൾ ഒന്നുകൂടി പുതുക്കി.

Memories of Kasaragod Govt College and the Inspiring Expatriate Journey of N.K.P. Shahul Hameed

നഷ്ടപ്പെട്ടവരും ഒപ്പമുള്ളവരും

ഒപ്പം താമസിച്ചിരുന്ന ബാലകൃഷ്ണൻ ഇന്ന് ജീവിച്ചിരിപ്പില്ല. സിനിമാ ലോകത്തേക്ക് കടന്ന തൃക്കരിപ്പൂരിലെ പത്മനാഭനെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. അടുത്ത മുറിയിലുണ്ടായിരുന്ന തമ്പാൻ നായർ ട്രെയിൻ അപകടത്തിൽ മരിച്ചു. സി എം കുമാരൻ അഗ്രി ഡയറക്ടറായി വിരമിച്ചു. കൂടെ ഉണ്ടായിരുന്ന ശശിധരൻ ഇപ്പോൾ കാഞ്ഞങ്ങാട്ടെ സർജി കെയർ ആശുപത്രിയുടെ എല്ലാമായി പ്രവർത്തിക്കുന്നു. 

തൊട്ടടുത്ത കെട്ടിടത്തിൽ താമസിച്ചിരുന്ന പി പി രാഘവൻ വിരമിച്ച ഡിവൈഎസ്പിയാണ്, കൊയിലാണ്ടിയിലാണ് താമസം. അവിടെ ഉണ്ടായിരുന്ന വിജയൻ സർ സയ്യിദ് കോളജിൽ നിന്ന് വിരമിച്ച പ്രൊഫസറാണ്. അവരുടെ കൂടെ ഉണ്ടായിരുന്ന പ്രഭാകരൻ ജിയോളജി വകുപ്പിൽ നിന്ന് വിരമിച്ചു, അദ്ദേഹവും ഇന്ന് ജീവിച്ചിരിപ്പില്ല.

താമസസ്ഥലത്തുണ്ടായിരുന്നവരെ ഓർക്കുമ്പോൾ പ്രീഡിഗ്രി ക്ലാസ് മുറിയിലേക്കും ഓർമ്മ പരതി എത്തി. ക്ലാസിൽ എന്റെ റോൾ നമ്പർ 605 ആയിരുന്നു. എൺപത് പേരാണ് ഞങ്ങൾ സെക്കൻഡ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. മിക്കവരും പിന്നീട് ഡോക്ടർമാരായി മാറിയിരുന്നു. രാമകൃഷ്ണ റാവു, കുഞ്ഞിക്കണ്ണൻ, രവീന്ദ്രനാഥ്, ത്രിവിക്രമ ഷേണായി, സെറീന - ഇവരുമായി ഇപ്പോഴും ബന്ധമുണ്ട്. തമ്മിൽ കാണാത്തവരും ലോകത്തെവിടെയെങ്കിലും ആതുരശുശ്രൂഷാ രംഗത്ത് ജോലി ചെയ്യുന്നുണ്ടാവാം. മൊയ്തൂച്ചാന്റെ ചായ ഹോട്ടലും പട്ടരുടെ ഊണ് ഹോട്ടലും അബ്ദുവിന്റെ കഞ്ഞിക്കടയുമായിരുന്നു ചില നേരങ്ങളിൽ ഞങ്ങളുടെ വിശപ്പകറ്റിയത്.

ഈ പറഞ്ഞവരൊക്കെ പഠിപ്പിസ്റ്റുകളായി മാറുമ്പോൾ ഞാൻ കോളജ് യൂണിയൻ കൗൺസിലറും, നാടക നടനും, കോളജ് മാഗസിൻ എഴുത്തുകാരനുമൊക്കെയായി വിലസുകയായിരുന്നു. അതുകൊണ്ടുതന്നെ കൂടെയുള്ളവരൊക്കെ ഉന്നത സ്ഥാനങ്ങളിൽ എത്തിയപ്പോൾ വെറും അധ്യാപകനായി മാത്രം എനിക്ക് ജീവിക്കേണ്ടി വന്നു.

എൻസിസി പരേഡും, വാർഷിക ക്യാമ്പും, പരേഡ് കഴിഞ്ഞാൽ കിട്ടുന്ന പഴവും ബിസ്കറ്റും എല്ലാം ഓർമ്മയിലേക്ക് എത്തിക്കൊണ്ടിരുന്നു. കൂടെ കോളജിൽ പഠിച്ച പല പ്രമുഖ വ്യക്തിത്വങ്ങളുമുണ്ടായി. അവരിൽ പ്രധാനികളാണ് മുൻ എംപി പി കരുണാകരൻ, അന്തരിച്ച മുൻ എംഎൽഎ രാഘവൻ മുന്നാട് തുടങ്ങിയവർ. പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ് പ്രൊഫസർ ശേഷാദ്രി സാർ, മുരളീധരൻ സാർ, സോസമ്മ ഗീവർഗീസ്, ശംഭു നമ്പൂതിരി എന്നിവരെയൊക്കെ ഓർമ്മിച്ചു. ഇവരിൽ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയില്ല. മറക്കാത്ത ഓർമ്മകളുമായി ഞങ്ങളെപ്പോലുള്ള ചിലർ ലോകത്തെവിടെയൊക്കെയോ ജീവിച്ചു വരുന്നുണ്ടാവാം. മരിച്ചു പോയവർ ആരൊക്കെ എന്നറിയില്ലെങ്കിലും, ക്ലാസിലുണ്ടായിരുന്ന എൺപത് പേരെയും എനിക്ക് ഇന്നും ഓർമ്മയുണ്ട്.

ജീവിതം ഒരു യാത്രയാക്കിയ എൻ കെ പി ഷാഹുൽ ഹമീദ്

പഴയകാല ഓർമ്മകൾ പങ്കുവെക്കുമ്പോൾ തന്നെ, ജീവിതത്തെ അനുഭവങ്ങളുടെ പുസ്തകമാക്കി മാറ്റിയ മറ്റൊരു മനുഷ്യന്റെ കഥ കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. എൻ കെ പി ഷാഹുൽ ഹമീദ്. 1956-ൽ എം സി അബ്ദുള്ളയുടെയും എൻ കെ പി ഖദീജയുടെയും മൂത്ത മകനായി ജനിച്ചു. തൃക്കരിപ്പൂർ തങ്കയം എൽപി സ്കൂളിലും ഗവ. ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം. 

Memories of Kasaragod Govt College and the Inspiring Expatriate Journey of N.K.P. Shahul Hameed

തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ പ്രീഡിഗ്രിക്ക് ശേഷം ഫാറൂഖ് കോളജിൽ നിന്ന് സുവോളജിയിൽ ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങൾ നേടി. പിതാവിന്റെ അസുഖം മൂലം ബിരുദ പരീക്ഷ മുടങ്ങിയെങ്കിലും പിന്നീട് ഒന്നാം ക്ലാസോടെ അദ്ദേഹം വിജയിച്ചു. തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഫിസിയോളജിയിൽ ഗവേഷണത്തിനു ചേർന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം ഒരു വർഷത്തിനു ശേഷം ഉപേക്ഷിച്ച് മലേഷ്യയിലേക്ക് പോകുകയായിരുന്നു.

വിശ്വാസവും തൊഴിലും നേരിട്ട പ്രതിസന്ധികൾ

ഒരു വർഷത്തെ മലേഷ്യൻ ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി അധ്യാപകനാകാൻ ശ്രമിക്കുന്നതിനിടെയാണ് സൗദിയിൽ അവസരം ലഭിച്ചത്. സൗദിയിൽ ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്രട്ടറിയായി മൂന്ന് വർഷം ജോലി ചെയ്തു. ഉംറ നിർവഹിക്കാൻ കമ്പനി അനുമതി നിഷേധിച്ചപ്പോൾ വിശ്വാസത്തിന് മുൻഗണന നൽകി ജോലി ഉപേക്ഷിച്ച് ഉംറയ്ക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക തീരുമാനം. പ്രവാസലോകത്ത് വലിയൊരു റിസ്ക് ആയിരുന്നു ആ തീരുമാനമെങ്കിലും, തിരിച്ചെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റിയാദ് ബാങ്കിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. 

റിയാദ് ബാങ്കിൽ ആറ് വർഷം ജോലി ചെയ്ത ശേഷം, പലിശാധിഷ്ഠിത സംവിധാനത്തിൽ നിന്ന് മാറി സൗദിയിലെ നാഷണൽ കമ്മീഷൻ ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിൽ മറൈൻ ഗവേഷകനായി മൂന്ന് വർഷം പ്രവർത്തിച്ചു. സ്വദേശിവൽക്കരണത്തെ തുടർന്ന് 1996-ൽ അദ്ദേഹം യുഎഇയിലേക്ക് മാറി. അവിടെ അബൂദാബി ഇസ്ലാമിക് ബാങ്കിൽ ചേർന്ന് വിവിധ ശാഖകളിലായി പ്രവർത്തിച്ച് ഓപ്പറേഷൻസ് ഹെഡ് വരെ ഉയർന്നു. നീണ്ട പ്രവാസത്തിന് ശേഷം 2017-ൽ വിരമിച്ച് നാട്ടിലേക്ക് മടങ്ങി.

കുടുംബവും സാഹിത്യ ജീവിതവും

കുടുംബജീവിതം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. 1984-ൽ ഹഫ്സയെ വിവാഹം ചെയ്തു. നാല് മക്കൾ - ദന്ത ഡോക്ടറായി കാനഡയിൽ ജോലി ചെയ്യുന്ന ഡോ. വഫാ (ജനനം നാട്ടിൽ), യുഎഇയിൽ ഫീൽഡ് എൻജിനീയറായ ഹാനി (ജനനം റിയാദിൽ), ഖത്തറിൽ ഗ്രാഫിക് ഡിസൈനറായ മുഹ്സിൻ (ജനനം റിയാദിൽ), നാട്ടിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോ. നൂഹാ ഷാഹുൽ (ജനനം ഷാർജയിൽ).

പ്രവാസജീവിതത്തിനിടയിലും എഴുത്തിനെ കൈവിടാതെ സൂക്ഷിച്ചു അദ്ദേഹം. 2011 മുതൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. റേഡിയോയിലൂടെ കഥകൾ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഗൾഫ് ന്യൂസ്, ഗൾഫ് ടുഡേ എന്നിവയിൽ ഇംഗ്ലീഷിൽ ലേഖനങ്ങളെഴുതി. 'അനുഭവങ്ങളുടെ രസച്ചരടുകൾ', 'അക്ഷരപ്പൂക്കൾ' എന്നീ രണ്ട് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. 'മൂന്നാം കണ്ണ്' എന്ന മൂന്നാമത്തെ പുസ്തകം അച്ചടിയിലാണ്.

അറബി ഭാഷയോടുള്ള അങ്ങേയറ്റത്തെ അഭിനിവേശം അദ്ദേഹത്തെ ഇമാം മുഹമ്മദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിപ്ലോമ നേടാനും, യുഎഇ റേഡിയോയിൽ സ്പോക്കൺ അറബി ക്ലാസ് എടുക്കാനും സഹായിച്ചു. ഇപ്പോൾ 68-ാം വയസ്സിലും ഇഗ്നോയിൽ എംഎ അറബിക് രണ്ടാം വർഷ വിദ്യാർഥിയാണ് അദ്ദേഹം. ഖുർആൻ പഠനവും സാമൂഹിക-ചാരിറ്റി പ്രവർത്തനങ്ങളും വിരമിച്ച ശേഷവും സജീവമായി തുടരുന്നു. എത്ര വർഷം ജീവിച്ചു എന്നതിലല്ല, എന്ത് നൽകി എന്നതിലാണ് ജീവിതത്തിന്റെ മൂല്യം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്ന വ്യക്തിയാണ് എൻ കെ പി ഷാഹുൽ ഹമീദ്.

ജീവിതാനുഭവങ്ങളുടെ ഈ വലിയ യാത്ര നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ ഫീച്ചറുകൾക്കും വാർത്തകൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: A nostalgic memoir of Kasaragod Govt College days and the inspiring biography of expatriate Shahul Hameed.

#KasaragodGovtCollege #CollegeMemories #ShahulHameed #ExpatriateLife #KeralaNostalgia #Kvartha #AmmuNews

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kookkanam Rahman
Kookkanam Rahman

32 Articles

Tags

Share this story

wellfitindia