Memories | മാതൃഭൂമിയും ശ്രീലങ്കൻ റേഡിയോയും; മനസിൽ കുളിര് കോരിയ നിമിഷങ്ങൾ 

 
mathrubhumi and sri lanka radio heart warming moments


'കൂക്കാനം റഹ്മാൻ രചിച്ച ഗാനമാണ് അടുത്തത്', അതിമനോഹരമായ സംഗീത സംവിധാനത്തോടെ ശ്രുതിമധുരമായി ഒരു സ്ത്രീയാണ് ആ ഗാനം ആലപിച്ചത്. സുഹൃത്തുക്കളെല്ലാം അനുമോദിച്ചു. സന്തോഷവും അഭിമാനവും തോന്നി

 

(KVARTHA) 1960 കളിൽ ജീവിച്ചു വന്നിരുന്ന കൗമാരക്കാരായ ഞങ്ങളുടെ പ്രായക്കാർക്ക് കൂടുതൽ മോഹങ്ങളൊന്നുമില്ലായിരുന്നു. പേര് പ്രിൻ്റ് ചെയ്തു കാണാനും, റേഡിയോയിലൂടെ പേരു പ്രക്ഷേപണം ചെയ്യുന്നത് കേൾക്കാനും താൽപര്യമുണ്ടായിരുന്നു. സുഹൃത്തുക്കളെ അസൂയപ്പെടുത്താനും പെൺ കൂട്ടുകാരികൾ അറിയുന്നതിൽ അഭിമാനം കൊള്ളാനുമായിരുന്നു അത്തരം ശ്രമം. നോട്ടീസിലെങ്കിലും പേര് അച്ചടിച്ചു വന്നു കാണാൻ വല്ലാത്ത കൊതിയായിരുന്നു. 14 വയസ്സുകാരനായ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. കൂക്കാനത്ത് നവോദയ ആർട്സ് ക്ലബ്ബ് രൂപീകരിക്കാൻ ഞങ്ങൾ കുറച്ചു കൂട്ടുകാർ കൂടി തീരുമാനിച്ചു. 

ലക്ഷ്യം ക്ലബ്ബിൻ്റെ വാർഷികം നടത്തലായിരുന്നു. അതിന് നാടകം അവതരിപ്പിക്കണം. അഭിനേതാക്കൾ ഞങ്ങളൊക്കെ തന്നെ. നോട്ടീസ് പ്രിൻ്റ് ചെയ്യണം. അന്ന് പയ്യന്നൂരിൽ ഷൺമുഖ പ്രസ്സിൽ നിന്നാണ് നോട്ടീസ് അടിക്കേണ്ടിയിരുന്നത്. വിവിധ കളറിലുള്ള നോട്ടീസിൽ പരിപാടിയുടെ വിശദമായ വിവരങ്ങൾ അടിക്കും. തുടർന്ന് നാടകത്തിൻ്റെ പേര്, രചയിതാവ്, സംവിധായകൻ, അഭിനേതാക്കൾ എന്നിവരുടെ പേരും പ്രിൻ്റ് ചെയ്യും. ആ നോട്ടീസിൽ അഭിനേതാക്കളുടെ പേരിനൊപ്പം എൻ്റെയും പേരടിച്ചു വന്നു. ഹോ എന്തൊരു സന്തോഷമായിരുന്നു വർണ്ണ നോട്ടീസിൽ എൻ്റെ പേര് അച്ചടിച്ചു വന്നപ്പോൾ. ആ നോട്ടീസ് കുറേ കാലം ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു. 

1964ൽ കരിവെള്ളൂർ ഗവ. ഹൈസ്കൂളിലെ ഒമ്പത് ബി-യിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. കാങ്കോലിൽ നിന്ന് വരുന്ന ബാലകൃഷ്ണൻ മാഷായിരുന്നു ക്ലാസ് മാഷ്. ഞങ്ങൾ (കുറ്റി ബാലൻ മാഷ്) എന്നാണ് അദ്ദേഹത്തെ വിളിക്കുക. ഞാൻ മാതൃഭൂമി ബാലപംക്തിയിൽ കുട്ടേട്ടന് കത്തയക്കാറുണ്ടായിരുന്നു. അദ്ദേഹം മറുപടിയും എഴുതും. സ്കൂൾ അഡ്രസിലാണ് കത്തു വരാറ്. അക്കാലത്ത് ബാലപംക്തിയിലേക്ക് ഞാനൊരു കവിത എഴുതി അയച്ചു. അത് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നു. ഡിസംബറിലെ അരക്കൊല്ല പരീക്ഷ കഴിഞ്ഞു ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം. ക്ലാസ് മാഷ് കുറ്റി ബാലൻ മാഷാണ് ആദ്യ പിരീഡ്. കണക്ക് പരീക്ഷാ പേപ്പറുമായാണ് മാഷ് ക്ലാസിലേക്ക് വന്നത്. 

കോപത്തിലാണ് മാഷ്. ഓരോരുത്തർക്കും മാർക്ക് വിളിച്ചു പറഞ്ഞ് പേപ്പർ കൊടുക്കുകയാണ്. കുട്ടികൾ ആകാംക്ഷയോടെയും ഭയപ്പാടോടെയും ഇരിക്കുകയാണ്. എൻ്റെ ഊഴമെത്തി. അമ്പതിൽ 16 മാർക്കേ എനിക്ക് കിട്ടിയുള്ളു. പേപ്പർ വലിച്ചെറിഞ്ഞാണ് തന്നത്. കൂട്ടത്തിൽ കുട്ടേട്ടൻ്റെ കത്തും വലിച്ചെറിഞ്ഞു തന്നു. 'ഉം... ഒന്നും പഠിക്കേണ്ട. കവിതയും കത്തും എഴുതി ഞെളിഞ്ഞിരുന്നാൽ മതി',  എനിക്ക് കിട്ടിയ ആദ്യ നിരുത്സാഹ സമ്മാനമായിരുന്നു അത്.

ഇതിനേക്കാൾ മാനസികമായി തളർത്തിയ സംഭവമുണ്ടായത് കോളജ് പഠനകാലത്താണ്. കാസർകോട് ഗവ. കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. 1966-68 കാലം. നാട്ടിൽ യൂത്ത് വിഭാഗമായ കെ.എസ്.വൈ.എഫിൻ്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലം. അന്ന് ശ്രീലങ്കൻ റേഡിയോയിൽ വൈകീട്ട് 3.30 മുതൽ മലയാളം പരിപാടി ഉണ്ടാകും. ആ പരിപാടി വളരെ വ്യക്തമായി കേൾക്കാൻ കഴിയും. നാട്ടിൽ സിങ്കപ്പൂരിൽ നിന്ന് വന്ന ഉണ്ണുമ്മൻ നമ്പ്യാർ വലിയൊരു റേഡിയോയുമായി അദ്ദേഹത്തിൻ്റെ പുതുതായി തുടങ്ങിയ തുണിക്കടയിൽ വരും. നാട്ടുകാർക്കൊക്കെ കൗതുകവും ആവേശവുമായിരുന്നു പ്രസ്തുത റേഡിയോ. 

ഒരു ദിവസം ശ്രീലങ്കൻ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന 'വാനമുദം' പരിപാടിയിൽ ഗാനങ്ങൾ ക്ഷണിച്ചു കൊണ്ട് ഒരറിയിപ്പു വന്നു. ഒരു ഗാനമെഴുതി അയച്ചാലോ എന്ന് തോന്നി. പ്രക്ഷേപണ യോഗ്യമെങ്കിൽ രചയിതാവിൻ്റെ പേരും സ്ഥലവുമൊക്കെ പ്രക്ഷേപണം ചെയ്യും. അങ്ങിനെ വന്നാൽ സുഹൃത്തുക്കൾ കേൾക്കും അംഗീകാരം കിട്ടും എന്നൊക്കെ മനസ്സിൽ കണക്കൂ കൂട്ടി. അന്ന് രാത്രി പതിനാറ് വരി കവിത എഴുതി.

'അർക്കനങ്ങു കിഴക്കുന്നു വന്നു, ശോഭ ചിന്തി പടിഞ്ഞാറു നീങ്ങി', എന്ന് തുടങ്ങുന്ന വരികളായിരുന്നു അതിൻ്റെ ഉള്ളടക്കം. ഒരാഴ്ച കഴിഞ്ഞു കാണും. 'ശ്രീലങ്കൻ റേഡിയോ വാനമുദം പരിപാടിയിലേക്ക് താങ്കളുടെ ഗാനം തെരഞ്ഞെടുത്തതായി അറിയിക്കുന്നു. അടുത്ത ബുധനാഴ്ച പ്രക്ഷേപണം ചെയ്യും. ശ്രദ്ധിക്കുമല്ലോ?', എന്ന് വിവരം വന്നു. ആഹ്ലാദം കൊണ്ട് ഞാൻ തുള്ളിച്ചാടി. എല്ലാ സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരം പറഞ്ഞു. ആകാംക്ഷയോടെ കാത്തിരുന്നു. പ്രക്ഷേപണ ദിവസമടുത്തു. കേൾക്കാൻ തയ്യാറായി റേഡിയോവിൻ്റെ അടുത്തു ചെന്നിരുന്നു.

'കൂക്കാനം റഹ്മാൻ രചിച്ച ഗാനമാണ് അടുത്തത്', അതിമനോഹരമായ സംഗീത സംവിധാനത്തോടെ ശ്രുതിമധുരമായി ഒരു സ്ത്രീയാണ് ആ ഗാനം ആലപിച്ചത്. സുഹൃത്തുക്കളെല്ലാം അനുമോദിച്ചു. സന്തോഷവും അഭിമാനവും തോന്നി. എൻ്റെ പേര് റേഡിയോവിലും വന്നിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അത്തരം ഗാനങ്ങൾ പ്രിൻ്റ് ചെയ്ത പുസ്തകവും തപാലിൽ കിട്ടി. പുസ്തകത്തിലെ എൻ്റെ ഗാനത്തിനു ശേഷം പൂവച്ചൽ ഖാദറിൻ്റെ ഗാനമായിരുന്നു. രണ്ടോ മൂന്നോ മാസം തുടർച്ചയായി പ്രസ്തുത ഗാനം ശ്രീലങ്കൻ റേഡിയോ പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇന്നും ചിലരുടെ നാക്കിൻ തുമ്പിൽ ആ വരികൾ തത്തിക്കളിക്കുന്നുണ്ട്. കഴിഞ്ഞ മാസം കരിമ്പിൽ ശ്രീധരൻ എനിക്ക് ആ ഗാനം പാടിത്തരികയുണ്ടായി.

പാർട്ടി തലത്തിൽ ഇതിനെക്കുറിച്ച് ചർച്ച വന്നു എന്നറിഞ്ഞു. കെ.എസ്.വൈ.എഫിൻ്റെ പ്രവർത്തകൻ ഇത്തരം ഭക്തിഗാനങ്ങൾ എഴുതിയത് തെറ്റാണ്. ഇനി ഇത് ആവർത്തിക്കരുതെന്ന് അദ്ദേഹത്തോട് മീറ്റിംഗിൽ പറയണമെന്നും അംഗീകരിച്ചില്ലെങ്കിൽ നടപടിയെടുക്കും എന്നായിരുന്നു തീരുമാനം. ഇതൊന്നും ഞാൻ അറിയുന്നില്ല. വായനശാലയിൽ യൂണിറ്റ് യോഗം വിളിച്ചു. വില്ലേജ് കമ്മറ്റിയിൽ നിന്നും ആൾക്കാർ വന്നിരുന്നു. പ്രശ്നം ചർച്ചക്ക് വന്നു. കാര്യം ഗൗരവമായിട്ട് നേതാക്കൾ എടുത്തതിനാൽ ഞാൻ അഭിപ്രായ പ്രകടനത്തിന് നിൽക്കാതെ ഇനി ആവർത്തിക്കില്ലായെന്ന് വാക്കു കൊടുക്കേണ്ടി വന്നു. അങ്ങിനെ വാനമുദം പരിപാടി അവസാനിപ്പിച്ചു.

വർഷങ്ങൾ ഒരു പാട് കഴിഞ്ഞു പോയി. അക്കാലത്തെ വിപ്ലവ വീര്യമുള്ള നേതാക്കൾ പല വഴിക്കും നീങ്ങി. ഭക്തിഗാനം എഴുതാൻ പാടില്ലായെന്നു പറഞ്ഞു തർക്കിച്ച വ്യക്തി ഭക്തിമാർഗത്തിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത്. വീട്ടിൽ പൂജാ മുറികളൊക്കെ തയ്യാറാക്കി വെച്ചു കൊണ്ടുള്ള ഭക്തിയും ആരാധനയും തുടരുകയാണ്. ഞാൻ പണ്ടുള്ളതുപോലെ തന്നെ തുടരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia