Arrest | ആലപ്പുഴയില്‍ അറസ്റ്റിലായ സിപി മൊയ്തീന്‍ കബനീ ദളത്തിലെ അവസാന കണ്ണി
ഭാമനാവത്ത്
കണ്ണൂര്‍: (KVARHA) കബനീ ദളത്തിന്റെ നട്ടെല്ലായ സിപി മൊയ്തീന്‍ കൂടി പിടിയിലായതോടെ പശ്ചിമഘട്ട മലനിരകളിലെ മാവോയിസ്റ്റ് ഭീഷണി ദുര്‍ബലമായി. കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും കാട്ടാന ഭീഷണിയും മാവോയിസ്റ്റുകളുടെ വനവാസക്കാലത്തിന് വിരാമമിട്ടിരുന്നുവെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളില്‍ വലവിരിച്ചു കാത്തു നില്‍ക്കുകയായിരുന്നു തീവ്രവാദ വിരുദ്ധ സേന.
ഇവരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ലെന്ന കാര്യമാണ് മാവോയിസ്റ്റ് നേതാവും കബനി ദളത്തിലെ അവസാന കണ്ണിയുമായ സിപി മൊയ്തീനെ തീവ്രവാദ വിരുദ്ധസേന(എടിഎസ്) ആലപ്പുഴ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയപ്പോള്‍ തെളിഞ്ഞത്.
നേരത്തെ കബനി ദളത്തിലെ തന്നെ പ്രവര്‍ത്തകനായ സോമനെ ജൂലൈ 27ന് ഷോര്‍ണൂരില്‍ നിന്നും മറ്റൊരു പ്രവര്‍ത്തകനായ മനോജിനെ ജൂലൈ 18ന് കൊച്ചിയില്‍ നിന്നും എ ടി എസ് പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ മൊയ്തീന്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായി എ ടി എസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരിടത്തേക്ക് മാറി.
ഇതിനെ തുടര്‍ന്ന് എ ടി എസ് സംഘം എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. സംഘത്തിലുള്ള സന്തോഷ് എന്നയാള്‍ തമിഴ് നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. കബനീ ദളത്തിലുള്ള മാവോയിസ്റ്റ് നേതാവായി സിപി മൊയ്തീന്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ളതെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ നിന്നുതന്നെയുള്ള വയനാട്ടുകാരിയായ ജിഷ കര്‍ണാടക വിരാജ് പേട്ട് കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘാംഗമാണ്.
നേരത്തെ കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് പരുക്കേറ്റ കര്‍ണാടക സ്വദേശി സുരേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ താന്‍ ആയുധം വെച്ചു കീഴടങ്ങുകയാണെന്ന് സംസ്ഥാന സര്‍കാരിനെ അറിയിച്ചിട്ടുണ്ട്. നിലമ്പൂരില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനാണ് മൊയ്തീന്‍.
വയനാട്, കൊട്ടിയൂര്‍ മേഖലയില്‍ സ്ഥിരം സാന്നിധ്യമായ സിപി മൊയ്തീനും സംഘവും പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്നു. 13 അംഗങ്ങളുണ്ടായിരുന്ന കബനി ദളത്തില്‍ നിന്നും ഒരു വിഭാഗം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വിട്ടുപോയി ഗൗഡ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ മൊയ്തീന്‍ കൂടി പിടിയിലായതോടെ വയനാടന്‍ വന മേഖലകളില്‍ വസന്തത്തിന്റെ ഇടി മുഴക്കം സൃഷ്ടിക്കാനിറങ്ങിയവര്‍ പിന്‍മടങ്ങിയിരിക്കുകയാണ്.