Maniyara | 'മണിയറ'യോടെ മമ്മൂട്ടി മലബാറിൽ പ്രിയങ്കരനായി, ഒപ്പം സ്ത്രീകൾക്കിടയിലും


മിന്റാ മരിയ തോമസ്
(KVARTHA) മമ്മൂട്ടിക്ക് സ്ത്രീ പ്രേക്ഷകർക്കിടയിൽ പ്രത്യേകിച്ച്, മലബാർ ഏരിയയിൽ കൂടുതൽ ജനപ്രിയനാവാൻ സഹായിച്ച സിനിമയാണ് മണിയറ. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാ നടനെ പഴയ കാലത്ത് സ്ത്രീ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം എന്ന നിലയിലാണ് മണിയറ ശ്രദ്ധയാകർഷിക്കുന്നത്. അന്നത്തെ സിനിമയിൽ പ്രശസ്തരായ എം കൃഷ്ണൻ നായരും ടി ഇ വാസുദേവനുമാണ് ഈ ചിത്രം ഒരുക്കിയത്. മൊയ്തു പടിയത്ത് രചന നിർവഹിച്ചു. മൂലകഥയുടെ ക്രെഡിറ്റ് വി ദേവനാണ് ഉള്ളത്. റിലീസ് കേന്ദ്രങ്ങളെക്കാൾ കൂടുതൽ വിജയം ബി, സി സെന്ററുകളിൽ നേടിയ ചില ചിത്രങ്ങൾ എൺപതുകളിൽ വന്നിരുന്നു. മോഹൻലാലിനു ബ്രേക്ക് നൽകിയ ആട്ടക്കലാശം അതിലൊന്നാണ്.
അതുപോലെ ഒന്നായിരുന്നു മമ്മൂട്ടിയുടെ മണിയറയും. ഗ്രാമങ്ങളിലെ തിയേറ്ററിൽ പോലും 30 മുതൽ 50 ദിവസത്തോളം മണിയറ അന്ന് പ്രദർശിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ അജ്മീറും ചിത്രത്തിൽ കാണിച്ചിരുന്നു. ഏതാണ്ട് പത്തു മിനിറ്റിൽ കൂടുതൽ നീളമുള്ള ഒരു ഗാനം, അതിലാണ് അജ്മീർ ഉൾപ്പെടുന്നത്. ഒരു കഥ പറയുന്ന രീതിയിലുള്ള ആ ഗാനം പാടി അവതരിപ്പിക്കുന്നത് പ്രതാപചന്ദ്രൻ, ജോസ് പ്രകാശ് എന്നിവരാണ്, ഒപ്പം മറ്റു സീനിൽ ശാന്തകുമാരിയുമുണ്ട്.
പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ കെ മധുവിനെയും പാട്ടിൽ കാണാം. ഈ അജ്മീർ വിഷയം നന്നായി മാർക്കറ്റ് ചെയ്തിരുന്നു. കുടുംബ പ്രേക്ഷകർക്കും പെട്ടെന്ന് അറ്റാച്ച് ആവുന്ന വിഷയം കൂടിയാണ് കഥ എന്നതിനാലും പടം കേറി കൊളുത്തി എന്ന് മനസിലാക്കാം. 1983 നവംബർ 11നാണ് മണിയറ റിലീസായത്. മമ്മൂട്ടിക്ക് പുറമെ സീമക്കും ശുഭക്കും മികച്ച റോളുകളായിരുന്നു. അടൂർ ഭാസി, ബഹദൂർ, ബാലൻ കെ നായർ, മാള, ഷാനാവാസ്, ശങ്കരാടി,അസീസ്, സത്യകല, ശാന്തികൃഷ്ണ, ശാന്താദേവി, ബീന കുമ്പളങ്ങി എന്നിവരാണ് മറ്റഭിനേതാക്കളായത്.
പടത്തിന്റെ തുടക്കമൊന്നും മമ്മൂക്കക്ക് അധികം സ്പേസ് ഇല്ല. സീമയും ശുഭയും നിറഞ്ഞു നിന്ന പടത്തിൽ അവസാനം അദ്ദേഹം അന്നത്തെ കാലത്തിനനുസരിച്ചുള്ള നല്ല അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. പി ഭാസ്കരൻ - എ ടി ഉമ്മർ ടീമൊരുക്കിയ ഒരുപിടി നല്ല ഗാനങ്ങൾ പടത്തിലുണ്ട്. മിഴിയിണ ഞാനടക്കുമ്പോൾ, നിലാവിന്റെ കായലിൽ, മണവാട്ടി പെണ്ണെ എന്നീ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു. ആദ്യത്തെ മുക്കാൽ മണിക്കൂറിൽ തന്നെ മൂന്നു നാലു പാട്ട് വരുന്നുണ്ട്. സ്ത്രീധനം ബേസ് ചെയ്തുള്ള തിരക്കഥയാണ് പടത്തിന്റേത്. അത് ഒരു മുസ്ലിം കുടുംബത്തിലെക്ക് ചുരുക്കിയെഴുതിയിരിക്കുന്നു.
ബുദ്ധിമതിയും കൗശലക്കാരിയുമായ ഉമ്മ, അവരുടെ മക്കൾ, വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നും വരുന്ന അവരുടെ ഭാര്യമാർ, തുടർന്നുള്ള കുടുംബ പ്രശ്നങ്ങൾ, ഇതിനിടയിൽ സന്ദർഭം മുതലാക്കുന്നവർ, തെറ്റിപ്പിരിയുന്നവർ എന്നിങ്ങനെ പലപ്പോഴും നമ്മൾ കണ്ട കഥ തന്നെയാണ് ഇതിലെങ്കിലും യാതൊരു ബോറടിയും തോന്നാതെ കണ്ടിരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞു എന്നതാണ് സത്യം. ഇതേത്തുടർന്ന് ഈ ടീം ഒരുക്കിയ മറ്റ് സിനിമകളായിരുന്നു മണിത്താലി, കാലം മാറി കഥ മാറി എന്നീ ചിത്രങ്ങൾ. അവയ്ക്ക് ഈ സിനിമയുടെ അത്ര വിജയം ഉണ്ടായില്ല എന്ന് പറയേണ്ടി വരും.
എന്തായാലും പേരുകൊണ്ട് തന്നെ മലയാളക്കരയെ ആകർഷിച്ച സിനിമ തന്നെയായിരുന്നു മണിയറ. ഈ സിനിമയുടെ പേരുകണ്ട് സിനിമ കാണാൻ തീയേറ്ററിൽ കയറിയ ആളുകളും അക്കാലത്ത് ധാരാളം. കുടുംബങ്ങളെ കൂട്ടി സിനിമ കാണാൻ എത്തിയവരാകും അതിൽ ഏറെയും പേർ. ഇന്നും ഈ സിനിമ പഴയ കാലത്തിലുള്ള പലരും ഓർക്കുന്നുണ്ടെന്നതാണ് സത്യം. വിവാഹവുമായി ബന്ധപ്പെട്ട് മണിയറ എന്ന പേരുപറയുമ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുക മണിയറ എന്ന ഈ സിനിമ ആകും.