Movie | ഭൂമിയിലെ രാജാക്കന്മാർ: രാജാവിൻ്റെ മകൻ പോലെ മോഹൻലാലിൻ്റെ മറ്റൊരു സിനിമ; പിറന്നിട്ട് 37 വർഷം
ഡോണൽ മുവാറ്റുപുഴ
(KVARTHA) ഡെന്നീസ് ജോസഫിൻ്റെ രചനയിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഭൂമിയിലെ രാജാക്കന്മാർ റിലീസായിട്ട് 37 വർഷം തികയുകയാണ്. മോഹൻലാലിനെ സൂപ്പർതാര പദവിയിൽ അവരോധിച്ച രാജാവിൻ്റെ മകനു ശേഷം തമ്പി കണ്ണന്താനം - ഡെന്നീസ് ജോസഫ് - മോഹൻലാൽ എന്നിവർ ഒരുമിച്ച ചിത്രമാണ് ഭൂമിയിലെ രാജാക്കൻമാർ. ആഭ്യന്തര മന്ത്രിയും മദ്യരാജാവും തമ്മിലുള്ള ഈഗോ ക്ലാഷായിരുന്നു രാജാവിൻ്റെ മകനിൽ ഇതിവൃത്തമായത് എങ്കിൽ ഭൂമിയിലെ രാജാക്കന്മാരിൽ ആകട്ടെ കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിലേക്ക് വഴി തെളിച്ച കുപ്രസിദ്ധമായ പീച്ചി സംഭവവും കാർഷിക സർവകലാശാലക്ക് വേണ്ടി തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുത്തതുമായ രണ്ട് വ്യത്യസ്തമായ വിഷയങ്ങളെ ഭംഗിയായി വിളക്കിച്ചേർക്കുകയായിരുന്നു.
ജനാധിപത്യത്തേക്കാൾ മികച്ചത് രാജഭരണമാണ് എന്നു വ്യാഖ്യാനിക്കാവുന്ന രീതിയിലായിരുന്നു ഭൂമിയിലെ രാജാക്കന്മാരുടെ പ്രമേയം. പ്രസ്തുത വിഷയം ഉന്നയിച്ചു കൊണ്ട് സെൻസർ ബോർഡിൻ്റെ കത്രികക്ക് വിധേയമായി മർമ്മപ്രധാനമായ പല രംഗങ്ങളും ഈ ചിത്രത്തിൽ നിന്നും മുറിച്ചു നീക്കേണ്ടി വന്നു എന്ന് പറയുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് ആണ് ചിത്രം നിർമ്മിച്ചത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സിനിമ എന്ന് വേണം ഈ സിനിമയെ വിശേഷിപ്പിക്കാൻ. മഹേന്ദ്ര വർമ്മയെന്ന രാജപരമ്പരയിലെ ഇളംമുറക്കാരനും പിന്നീട് ആഭ്യന്തര മന്ത്രിയുമായി മാറുന്ന റോൾ മോഹൻലാലിൽ ഈ സിനിമയിൽ ഉജ്ജ്വലമാക്കി.
'കവല ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി കസേരയിലെത്തിയവനാടാ....' എന്നു പറയുന്ന രാഷ്ട്രീയ ചാണക്യനായി ബാലൻ കെ നായർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ജയൻ എന്ന വേഷം, സുരേഷ് ഗോപിയുടെ കരിയറിൻ്റെ തുടക്കകാലത്ത് കിട്ടിയ മികച്ച ഒരു വേഷമായിരുന്നു ഈ സിനിമയിലേത്. സുരേഷ് ഗോപിയ്ക്കും ഈ സിനിമയിലൂടെ ഒരുപാട് പ്രശസ്തിയുണ്ടാക്കാൻ കഴിഞ്ഞു. മോഹൻ ജോസ് എന്ന നടൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇതിലെ നക്സൽ നേതാവ് ഗറില്ല ചന്ദ്രൻ. ഇവരെ കൂടാതെ നളിനി, അടൂർ ഭാസി, ജഗദീഷ്, ജഗതി ശ്രീകുമാർ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നളിനിയുടെ ലക്ഷ്മിയും വ്യക്തിത്വമുള്ള പാത്രസൃഷ്ടിയായിരുന്നു.
സിനിമയിൽ ഷിബു ചക്രവർത്തിയുടെ വരികൾക്ക് എസ് പി വെങ്കിടേഷ് ആണ് സംഗീതം നൽകിയത്. ഭൂമിയിലെ രാജാക്കന്മാർ പിന്നീട് ധർമ്മ യുദ്ധം എന്ന പേരിൽ ഡോ. രാജശേഖർ നായകനായി തൊട്ടടുത്ത വർഷം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇതേ ടീമിൻ്റെ തന്നെ രാജാവിൻ്റെ മകനും ഡോ. രാജശേഖറാണ് റീമേക്ക് ചെയ്തത്, ആഹുതി എന്ന പേരിൽ. ഭൂമിയിലെ രാജാക്കന്മാർ എന്ന ഈ സിനിമ സെൻസർ ബോർഡിന്റെ ഇടപെടലുകൾ മൂലം സ്വാഭാവികമായും ഇത് ചിത്രത്തിൻ്റെ പൂർണ്ണതയെ സാരമായി ബാധിച്ചു എന്നാണ് ഇപ്പോൾ കേൾക്കുന്നത്.
മുൻ നിശ്ചയിച്ച പ്രകാരമുള്ള തിയതിയിൽ റിലീസ് ചെയ്യാനും സാധിച്ചില്ല. ഇക്കാരണങ്ങളാൽ സൂപ്പർ ഹിറ്റാകേണ്ടിയിരുന്ന ഈ ചിത്രം ഹിറ്റിലൊതുങ്ങി എന്നാണ് പറയുന്നത്. അല്ലെങ്കിൽ രാജാവിൻ്റെ മകനെപ്പോലെ ഒരു വൻ ഹിറ്റ് ആകേണ്ടിയിരുന്നതാണ് ഭൂമിയിലെ രാജാക്കന്മാരും. ഇതേത്തുടർന്ന് ഒരുപാട് ചിത്രങ്ങൾ തമ്പികണ്ണത്തിൻ്റെ സംവിധാനത്തിൽ പുറത്തു വന്നിരുന്നു. മോഹൻലാൽ, രതീഷ്, അംബിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വന്ന വഴിയോരക്കാഴ്ചകൾ ഒക്കെ അതിൽപ്പെട്ടതാണ്. രാജാവിൻ്റെ മകനുശേഷം വന്ന മോഹൻലാലിൻ്റെ രാഷ്ട്രീയ സിനിമ എന്ന നിലയിൽ ഭൂമിയിലെ രാജാക്കന്മാരും എന്നും ഓർക്കപ്പെടും.