മജീദിന് ഒരനിയൻ പിറന്നു

 


നബീസാൻറെ മകൻ മജീദ് (ഭാഗം 1)

കൂക്കാനം റഹ്‌മാൻ

(www.kvartha.com 01.10.2021) നബീസാന്റെ ആദ്യ പ്രസവമാണ്. 15-ാം വയസ്സിലാണ് പ്രസവം നടന്നത്. പഴയ വീടിന്റെ അടുക്കളഭാഗത്തെ ഒരു മൂലയാണ് പ്രസവ മുറി. പേറ്റിച്ചി വന്നു. നിറുത്താതെയുളള നിലവിളിയായിരുന്നു പോലും പ്രസവ വേദന മൂലം. പേറ്റിച്ചി പാറുവമ്മ പലതും പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടൊന്നും കരച്ചില്‍ നില്‍ക്കുന്ന മട്ടില്ല. ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പാറുവമ്മ, വേദന കൊണ്ട് പുളയുന്ന നബീസാന്റെ ദേഹമാസകലം തടവി കൊണ്ടിരുന്നു.
 
മജീദിന് ഒരനിയൻ പിറന്നു

വൈകീട്ട് ആറുമണിക്ക് തുടങ്ങിയ വേദനയാണ്. നബീസ ഉണ്ടപെണ്ണാണ്. നീളം കുറഞ്ഞവര്‍ക്ക് പ്രസവം വളരെ കഷ്ടം നിറഞ്ഞതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രാത്രി രണ്ടു മണിയായി കാണും. ദൈവകൃപ കൊണ്ട് പ്രസവം നടന്നു. പൊക്കിള്‍കൊടി മുറിച്ച് കുളിപ്പിച്ച് കുട്ടിയെ നബീസാന്റെ അരികില്‍ കിടത്തി. നബീസാന്റെ മുഖത്ത് മെല്ലെ ചിരിപൊടിയാന്‍ തുടങ്ങി. നേരം പുലര്‍ന്നപ്പോള്‍ പാറുവമ്മ സ്ഥലം വിട്ടു.

പാറുവമ്മയുടെ വീട് കുറേ അകലേയാണ്. നെല്‍വരമ്പത്ത് കൂടിയും നാട്ടുവഴിയിലൂടെയും നടന്നു വേണം പ്രസവ വീട്ടിലെത്താന്‍. രാത്രി ഓലച്ചൂട്ടും കത്തിച്ച് പിടിച്ചാണ് യാത്ര. പ്രസവ വീട്ടില്‍ നിന്ന് ആണുങ്ങള്‍ ആരെങ്കിലും പേറ്റിച്ചിയെ കൂട്ടാന്‍ പോകണം. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പാറുവമ്മ വീണ്ടും വരും. വീട്ടുകാര്‍ സ്‌നേഹത്തോടെ കൊടുക്കുന്ന സമ്മാനങ്ങള്‍ അവര്‍ ആദരവോടെ ഏറ്റു വാങ്ങും. നെല്ല്, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് അവര്‍ക്ക് നല്‍കുക. നബീസാന്റെ മോന് പേരു വിളിച്ചു. മജീദ് എന്നാണ് ഉപ്പ മുഹമ്മദ് മോന് പേരിട്ടത്. മെലിഞ്ഞ കുഞ്ഞായിരുന്നു. തീരെ ആരോഗ്യമില്ലാത്ത കുഞ്ഞ്. 'ഇത് ചേയിക്കുമെന്ന് തോന്നുന്നില്ല'. അടുത്ത ബന്ധുക്കള്‍ തമ്മില്‍ പറയുന്നത് കേട്ടിട്ടുണ്ട്.

നാട്ടിലെല്ലാം ആറും എട്ടും മക്കളെ പെറ്റവരായിരുന്നു അക്കാലത്തെ അമ്മമാര്‍. മജീദിന്റെ അയല്‍വീട്ടിലെ കോയ്യന്റെ കുഞ്ഞാതി ഏഴുമക്കളെ പ്രസവിച്ചു. ദാരിദ്ര്യമാണ് എങ്കിലും മക്കളെ പെറ്റുകൂട്ടുന്നതില്‍ യാതൊരു പഞ്ഞവുമില്ലായിരുന്നു. മജീദിന്റെ സമപ്രായക്കാരായ അയല്‍വീടുകളിലെ കുഞ്ഞുങ്ങള്‍ ഒരു പൂള് മീനിനും ഒരു കഷണം ദോശക്കും വേണ്ടി കരയുന്നത് എന്നും കേള്‍ക്കാം. കുഞ്ഞാതി മെലിഞ്ഞുണങ്ങിയ സ്ത്രീയാണ്. ബ്ലൗസിടില്ല, അമ്മിഞ്ഞ ഞേന്ന് ആടുന്നുണ്ടാവും. മജീദും കുഞ്ഞാതിയുടെ മുലകുടിച്ചിട്ടുണ്ട്. ഈ ക്ടാവ് എന്റെ അമ്മിഞ്ഞ കുടിച്ചിട്ടാണ് വളര്‍ന്നതെന്ന് കുഞ്ഞാതി പറയുന്നത് മജീദ് കേട്ടിട്ടുണ്ട്.

അടുത്ത വീട്ടിലെ കോരന്‍ മേസ്തിരിയുടെ ഭാര്യ കൗസല്യ ടീച്ചറും എട്ടു മക്കളെ പ്രസവിച്ചിട്ടുണ്ട്. മക്കള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പഠിച്ചാല്‍ മതി എന്നനിലപാടായിരുന്നു രക്ഷിതാക്കള്‍ക്ക്. അച്ഛനും അമ്മയും മക്കളോട് സ്ഥിരം പറയുന്ന പല്ലവിയുണ്ട്. പഠിക്കാന്‍ പോകുന്നില്ലെങ്കില്‍ ചാണകം വാരാനോ, ബീഡിക്ക് നൂല് കെട്ടാനോ പോയ്‌ക്കോ. പത്തും പതിനഞ്ചും വയസ്സുളള കുട്ടികള്‍ ഇങ്ങിനെ ഏതെങ്കിലും തൊഴിലെടുത്ത് ജീവിക്കുമായിരുന്നു.

മജീദിന്റെ ഭാഗ്യം കൊണ്ടോ എന്തോ എട്ടുവയസ്സാകുന്നതുവരെ നബീസുമ്മ പ്രസവിച്ചില്ല. അടുത്ത കുഞ്ഞുണ്ടാകുന്നത് മജീദിന് എട്ടുവയസ്സായപ്പോഴായിരുന്നു. മജീദിന്റെ ഉമ്മ നബീസ സുന്ദരിയായിരുന്നു. സ്‌ക്കൂളിലും മദ്രസയിലും പഠിച്ചിട്ടുണ്ട്. അന്നത്തെ അഞ്ചാം ക്ലാസുകാരിയായിരുന്നു നബീസ. ബീപാത്തുവിന്റെ അഞ്ച് മക്കളില്‍ ഏക പെണ്‍തരിയായിരുന്നു നബീസ. നാല് ആങ്ങളമാരും താലോലിച്ച് വളര്‍ത്തിയതാണ്. ആണിന്റെ പെരുമാറ്റവും ശൗര്യവുമെല്ലാം നബീസാന്റെ കൂട പിറപ്പായിരുന്നു. ആങ്ങളമാരെല്ലാം കച്ചവടക്കാരായിരുന്നു.

നബീസയും അവരോടൊപ്പം പീടികയില്‍ നില്‍ക്കാനും കച്ചവടം ചെയ്യാനുമൊക്കെ സഹായിക്കും. ആങ്ങളമാര്‍ പുകച്ച് വലിച്ചെറിയുന്ന ബീഡിക്കുറ്റി എടുത്ത് പുകയ്ക്കുക നബീസാന്റെ സ്വഭാവമായിരുന്നു. പിന്നെ പിന്നെ ബീഡി വലിക്കാതെ പറ്റില്ലെന്നായി. മജീദ് സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒന്നിച്ച് പഠിക്കുന്ന കൂട്ടുകാരോടൊക്കെ പൊങ്ങച്ചം പറയുന്നതില്‍ ഉമ്മയുടെ ബീഡി വലിയും പറയും. 'എന്റെ ഉമ്മ ബീഡി വലിക്കാറുണ്ട് കേട്ടോ', ഇങ്ങിനെ പറയുന്നത് അഭിമാനമായിട്ടാണ് മജീദിന് തോന്നിയത്.

മജീദിന്റെ ഉപ്പ സ്‌നേഹ സമ്പന്നനാണ്. പക്ഷേ വര്‍ഷത്തില്‍ ഒരിക്കലേ ഭാര്യാ വീട്ടിലെത്താറുളളൂ. ബാംഗ്ലൂരില്‍ ഹോട്ടലില്‍ പണിയാണെന്നും ഉപ്പ വരുമ്പോള്‍ ഇഷ്ടം പോലെ മധുരപലഹാരങ്ങള്‍ കൊണ്ടു വരുമെന്നും മജീദിന് നല്ല ഓര്‍മ്മയുണ്ട്. നീണ്ട് മെലിഞ്ഞ രൂപമാണ്, കൂനുണ്ട്. നടുമണങ്ങിയാണ് നടത്തം. അതുകൊണ്ടു തന്നെ നബീസക്ക് മുഹമ്മദിന് ഇഷ്ടമല്ല. അവര്‍ ഒന്നിച്ച് നടക്കില്ല. പോകേണ്ടി വന്നാല്‍ തന്നെ ഏറ്റവും പിറകിലായി നബീസ നടക്കും. ആളുകള്‍ക്ക് തിരിച്ചറിയാതിരിക്കാന്‍. ഉപ്പ വെറും കയ്യോടെ വരാറില്ല.

തൃക്കരിപ്പൂരിലെ മീന്‍ ചന്തയില്‍ നിന്ന് കീരിക്കൊട്ട് നിറയെ മത്തിയോ അയലയോ വാങ്ങിയാണ് വരവ്. സന്ധ്യയോടെയാവും വീട്ടിലെത്തുക. വന്ന ഉടനെ നബീസ വഴക്കിടാന്‍ തുടങ്ങും. 'നേരമില്ലാ നേരത്ത് ഇതെങ്ങിനെ മുറിച്ച് പാകപ്പെടുത്തും. ഇവിടെ വേണ്ട തിരിച്ച് കൊണ്ടു പോയ്‌ക്കോളൂ'. പക്ഷേ പാവം ഉപ്പ, അത് കേള്‍ക്കാത്ത മാതിരി ചിരിച്ചുകൊണ്ട് കൊട്ടിലപ്പുറത്തെ തിണ്ണമേല്‍ ഇരിക്കും. നബീസാന്റെ ഉമ്മ പാത്തുമ്മയോട് സ്‌നേഹത്തോടെ സംസാരിച്ചിരിക്കുകയും ചെയ്യും.

ഉമ്മൂമ്മയും ഉപ്പയും നിസ്‌ക്കാരവും നോമ്പും മുടക്കാത്ത വിശ്വാസികളാണ്. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ ഒളു എടുത്ത് നിസ്‌ക്കരിക്കുന്ന തിരക്കിലായിരിക്കും രണ്ടു പേരും. നബീസാന്റെ ദേഷ്യം അപ്പോഴും ശമിച്ചിട്ടുണ്ടാവില്ല. രണ്ടു പേരേയും ഇണക്കിയെടുക്കാന്‍ ഉമ്മുമ്മ ഇടയായി നില്‍ക്കും. ബാംഗ്ലൂരിലെയും തൃക്കരിപ്പൂരിലേയും ജീവിതത്തെക്കുറിച്ചും ആളുകളുടെ സ്വഭാവത്തെക്കുറിച്ചും ഒക്കെ ഉപ്പ ഉമ്മുമ്മയുമായി സംസാരിക്കും. രണ്ടു പേര്‍ക്കും സ്‌നേഹം കൂടുന്നതിന് വേറൊരു കാര്യമുണ്ട്. ഉപ്പ വരുമ്പോള്‍ നല്ല പുകയില കൊണ്ടു വരും. അത് കിട്ടിയാല്‍ ഉമ്മുമ്മാക്ക് പെരുത്ത് സന്തോഷമാവും.

ഈ നിസ്‌ക്കാരം കഴിഞ്ഞ് ചോറ് കഴിക്കാനിരിക്കും. മജീദും ഉപ്പയും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാന്‍ ഇരിക്കാറ്. കാസയില്‍ ചോറും പിഞ്ഞാണത്തില്‍ മീന്‍ കറിയും ചെറിയ പ്ലേറ്റില്‍ വരട്ടിയ മത്തിയും ഉണ്ടാവും. മജീദിന് ഏറ്റവും ഇഷ്ടം വരട്ടിയ മത്തിയാണ്. കാസയില്‍ നിന്ന് രണ്ടു പേരും ഒന്നിച്ചാണ് വാരിക്കഴിക്കാറ്. അന്നത്തെ വരട്ടിയ മത്തിയുടെ രുചി മജീദ് കൂട്ടുകാരോടൊക്കെ പങ്ക് വെക്കാറുണ്ട്.

ഉപ്പ വന്നാല്‍ ഇരുട്ടറയിലെ പത്തായത്തിന്റെ മുകളില്‍ കിടക്കയും തലയണയും ഒരുക്കി വെക്കും. അറക്ക് ഒരു ജനലു പോലുമില്ല. അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒരു ഡോര്‍ മാത്രം. പത്തായത്തിന്റെ സമീപത്തായി വലിയൊരു കോളാമ്പിയുളളത് മജീദിന് ഓര്‍മ്മയുണ്ട്. രാത്രി ഒമ്പത് മണിയാവുമ്പോഴേക്കും കിടക്കാന്‍ നേരമാവും അടുക്കളയിലെയും, മീത്തലെ കൊട്ടലിലേയും,താഴത്തെ കൊട്ടിലിലേയും മണ്ണെണ്ണ വിളക്കുകള്‍ ഊതികെടുത്തും. ഉറങ്ങാന്‍ സമയമാവുമ്പോഴേക്കും ഉപ്പയും ഉമ്മയും ലോഹ്യത്തിലാവും. മജീദിനെ വേഗം ഉറക്കി കിടത്തും. രാവിലെ എഴുന്നേറ്റാല്‍ വീണ്ടും ഉമ്മയുടെ കുശുമ്പു തുടങ്ങും.

ഉപ്പ വന്ന ആ ദിവസമായിരിക്കും, മജീദിന്റെ അനിയനെ പ്രസവിക്കാന്‍ ഉമ്മ തയ്യാറായിട്ടുണ്ടാവുക. അനിയനെ പ്രസവിച്ച ദിവസം മജീദിന് ഇപ്പോഴും ഓര്‍മ്മയുണ്ട്. അടുക്കളയുടെ ഒരു ഭാഗത്ത് പായ വിരിച്ചിട്ടുണ്ട്. കഴുക്കോലിന് ഒരു തുണി കെട്ടിയിട്ടുണ്ട്. ആ തുണിയില്‍ പിടിച്ചാണ് ഉമ്മ നിറുത്താതെ കരയുന്നത്. കരയുന്നത് കേട്ട് മജീദും ഉമ്മയുടെ അടുത്ത് പായയില്‍ പോയിരുന്നു. ഉമ്മുമ്മ ബീപാത്തു കാസയില്‍ നിറയെ ചൂടുളള കഞ്ഞികൊണ്ടു വന്നിട്ടുണ്ട്.

കഞ്ഞിയില്‍ പശുവിന്‍ നെയ്യിട്ട് കയില് കൊണ്ട് ഇളക്കിക്കൊണ്ടിരിക്കും. അത് വയറു നിറയെ കോരി കുടിക്കാന്‍ ഉമ്മയോട് പറയുന്നുണ്ട്. മജീദും ആ കഞ്ഞികുടിയില്‍ പങ്കാളിയായി. അല്പ സമയം കഴിയുമ്പോള്‍ മജീദിനെ അവിടുന്ന് എടുത്തു മാറ്റി. പേറ്റിച്ചി പാറുവമ്മ എത്തിയിട്ടുണ്ട്. കരച്ചില്‍ ഉച്ചസ്ഥായിലെത്തി. പെട്ടെന്ന് കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ഒരു കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഉമ്മുമ്മ ഓടി വന്നു മജീദിനോട് പറഞ്ഞു 'നിനക്ക് ഒരനിയന്‍ പിറന്നു'.

(തുടരും)

Keywords:  Kerala, Article, Kookanam-Rahman, Majeed, Pregnant Woman, Delivery, Child, Village, Majeed had a younger brother.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia