Review | 'വിജയ് സേതുപതി നിങ്ങൾ മക്കൾ സെൽവൻ തന്നെയാണ്', മഹാരാജ കണ്ട പ്രേക്ഷകർ പറയുന്നു
സോണി കല്ലറയ്ക്കൽ
(KVARTHA) 'രാക്ഷസൻ' എന്ന തമിഴ് ചലച്ചിത്രത്തിന് ശേഷം പ്രേക്ഷക മനസ് കീഴടക്കുന്ന സിനിമയായി മാറുകയാണ് 'മഹാരാജ'. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ 'മഹാരാജാ' അദ്ദേഹത്തിലെ അഭിനേതാവിനെ കൃത്യമായി ഉപയോഗിച്ച ഒരു ഗംഭീര സിനിമയാണ് എന്നു തന്നെ പറയാം. പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ പ്രേക്ഷകഹൃദയത്തെ വരിഞ്ഞുമുറുക്കുകയും, അസാധാരണവും, അപ്രതീക്ഷിതവും എന്നാൽ പ്രേക്ഷകരെ അങ്ങേയറ്റം രോമാഞ്ചമണിയിക്കുന്ന ക്ലൈമാക്സും കൂടി ചേർന്ന് തീയറ്ററിൽ തന്നെ കണ്ടാസ്വദിക്കേണ്ട മികച്ച ഒരു ത്രില്ലർ മൂവിയാണ് മഹാരാജ.
നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. പടത്തിൻ്റെ സംവിധാനത്തിനൊപ്പം തിരക്കഥ കൂടി തയ്യാറാക്കിയ നിതിലൻ സ്വാമിനാഥൻ്റെ തിരക്കഥാ രചന തന്നെ തിരക്കഥ എഴുത്ത് പരിശീലിക്കുന്ന എഴുത്തുകാർക്കാകെ മാതൃകയാക്കാവുന്ന പൊളി ഐറ്റമാണ്. പടത്തിനൊരു പോരായ്മ എന്ന് പറയാൻ ഒന്നുമില്ലാത്ത വിധമുള്ള ഫിലിം മേക്കിങ്, അഭിനേതാക്കളുടെ പ്രകടനം, ഛായാഗ്രഹണം, വി എഫ് എക്സ്, സ്റ്റണ്ട് കോറിയോഗ്രാഫി തുടങ്ങി ഒരു പടത്തിൻ്റെ എല്ലാ മേഖലയും ഇത്രയ്ക്കും ഉജ്വലമായി കണ്ട ഒരു പടവും ഈയെടുത്തെ വേറെ കണ്ടിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടി വരും.
നിതിലൻ സ്വാമിനാഥന്റെ ശക്തമായ കഥയ്ക്ക് നിതിലൻ തന്നെ മികച്ച ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നു. ഏഴ് വർഷത്തെ കഠിന തപസ് കൊണ്ടാണ് നിതിലൻ സ്വാമിനാഥൻ 'മഹാരാജ' ഒരുക്കിയത്. ആ പ്രയത്നങ്ങൾ വെറുതെയായില്ല. സിനിമ കണ്ട പ്രേക്ഷകൻ തിയേറ്ററിൽ എഴുന്നേറ്റു നിന്നു കയ്യടിച്ചു കൊണ്ടു ചോദിച്ചു പോകും, 'എന്നാടാ നീ പണ്ണി വെച്ചിറിക്കുന്നത്'! അസാധാരണമായ വൈഭവ ശേഷിയുള്ള ഒരു സംവിധയാകാനു മാത്രമേ 'നോൺ ലീനീയർ' ആഖ്യനത്തിലൂടെ കഥ പറഞ്ഞു സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയു. കാരണം അത് പാളിപ്പോകാൻ ഏറെ സാധ്യത നിറഞ്ഞ നൂൽ പാലത്തിലൂടെയുള്ള യാത്രയാണ്. ആ കാര്യത്തിൽ നിതിലൻ നൂറു ശതമാനം വിജയം കണ്ടിരിക്കുന്നു. ആ വിജയത്തിന്റെ ക്രെഡിറ്റ് നിതിലനൊപ്പം എഡിറ്റർ ഫിലോമിൻ രാജും അർഹിക്കുന്നു.
അജനീഷ് ലോക്നാഥ് ഒരുക്കിയ പശ്ചാത്തല സംഗീതം തിയേറ്റർ വിട്ടു ഇറങ്ങിയാലും പ്രേക്ഷകന്റെ കാതുകളിൽ ഇരമ്പുന്നു. ഇതിനെല്ലാം ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രകടനം കുടിയാകുമ്പോൾ നൂറു ശതമാനം സംതൃപ്തി. മഹാരാജ എന്നാൽ ഒരു ബാർബർ ഷോപ്പ് നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ജീവിതവും തുടർന്ന് ആ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. മഹാരാജയായി വിജയ് സേതുപതി മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇമോഷന് വലിയ പ്രാധാന്യം നൽകിക്കൊണ്ട് ചിത്രീകരിച്ച ഒരു ക്രൈം ത്രില്ലര്‍ മൂവി തന്നെയാണ് മഹാരാജ. ഓരോ സീനിന്റെയും തീക്ഷണത പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള മികച്ച സിനിമാട്ടോഗ്രാഫിയാണ് ദിനേഷ് പുരുഷോത്തമൻ്റേത്.
പോലീസ് ഓഫീസർമാരായി വന്നവരെല്ലാം തന്നെ മികച്ച പെർഫോമൻസ് കാഴ്ചവച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. പോലീസുകാരനായി അഭിനയിച്ച മുനിഷ്കാന്ത് കയ്യടികൾ നേടുന്നുണ്ട്. വിജയ് സേതുപതിക്ക് പുറമേ അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ, അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അനുരാഗ് കശ്യപ് തമിഴിൽ വന്ന് പൂണ്ടുവിളയാടുകയാണെന്ന് പറയുന്നതാവും ഭംഗി. വിജയ് സേതുപതി, അനുരാഗ് കശ്യപ് എന്നീ പ്രതിഭകളുടെ നടന ഭാവങ്ങൾ കാണാൻ നല്ല രസം തന്നെയാണ്. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിച്ചിരിക്കുന്നത്. ആരോടും ഒന്നും ചോദിക്കാൻ നിൽക്കണ്ട, മഹാരാജാ സിനിമയ്ക്ക് ധൈര്യമായിട്ട് ടിക്കറ്റെടുക്കാം.