SWISS-TOWER 24/07/2023

പട്ടിണിയിൽ നിന്ന് പദവിയിലേക്ക്: എം രാഘവൻ, ഒരു അതിജീവനത്തിന്റെ കഥ

 
Portrait of M Raghavan, a Kerala political leader from Kannur, symbolizing an inspiring life story.
Portrait of M Raghavan, a Kerala political leader from Kannur, symbolizing an inspiring life story.

Photo: Special Arangement

● വായനയിലൂടെ അറിവ് നേടി.
● കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി.
● അധികാരങ്ങളില്ലാതെ ലളിത ജീവിതം നയിക്കുന്നു.
● സത്യസന്ധതയോടെ പ്രവർത്തിക്കുന്ന നേതാവ്.

കനിവുള്ള മനുഷ്യർ ഭാഗം 02/ കൂക്കാനം റഹ്‌മാൻ

(KVARTHA) പട്ടിണിയും അറിവിൻ്റെ വെളിച്ചം നിഷേധിക്കപ്പെട്ട അവസ്ഥയിൽ നിന്നും അതിജീവിച്ച ഒരു ജീവിതകഥ ആവേശം പകരുന്നതാണ്. ഏഴ് വയസ്സിൽ അനുഭവിച്ച ദുരന്തങ്ങൾ എഴുപതിലെത്തിയിട്ടും മങ്ങലേൽക്കാതെ മനസ്സിൻ്റെ കോണിൽ കോറിയിട്ട് പൊതുസമൂഹത്തിന് മുന്നിൽ നിവർന്നുനിന്ന് ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്ന ആദരണീയ വ്യക്തിത്വമാണ് എം. രാഘവൻ.

Aster mims 04/11/2022

തൻ്റെ സ്വതസിദ്ധമായ വിനയവും പ്രവർത്തനശൈലിയും കൊണ്ട് അദ്ദേഹം നേതൃപദവികളിലേക്ക് എത്തിച്ചേർന്നു. പദവിയിലിരിക്കുമ്പോൾ വ്യക്തിപരമായ നേട്ടങ്ങൾ കൊയ്തെടുക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

‘ജീവിതം എങ്ങനെ തുടങ്ങിയോ അതേപോലെ ഇന്നും തുടരുന്നു. സ്ഥാനത്തേക്കാൾ വലുതാണ് ജനങ്ങൾ. മനുഷ്യത്വത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കണം. അതുകൊണ്ടുതന്നെ ദീർഘകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ ഒരു പുഴുക്കുത്തുപോലും ഉണ്ടായിട്ടില്ല,’ കരിവെള്ളൂർ കാൻഫെഡ് സംഘടിപ്പിച്ച ‘ഒപ്പമിരിക്കാം ഓർമ്മകൾ പങ്കുവെക്കാം’ എന്ന പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മുമ്പുണ്ടായിരുന്നതുപോലെ ഒരു കൊച്ചുവീട്ടിൽ ഇന്നും ജീവിക്കുന്നു. നാളെയെക്കുറിച്ച് ചിന്തയോ വേവലാതിയോ ഇല്ല. സമ്പാദിച്ചുകൂട്ടി വെക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ തീണ്ടിയിട്ടില്ല. എന്നും തുറന്ന ചിരിയാണ്, ഉറക്കെയുള്ള സംസാരം, വലുപ്പച്ചെറുപ്പമില്ലാത്ത കൂട്ടുകൂടൽ. ഒരു രോഗവും ഇന്നുവരെ ബാധിച്ചിട്ടില്ല. എഴുപതിലും പൂർണ്ണ ആരോഗ്യവാൻ.

ചെറുപ്പത്തിൽ ഇളയ കുട്ടിയെ പരിചരിക്കാൻ മൂത്ത കുട്ടിക്കായിരുന്നു ചുമതല. അന്നത്തെ അവസ്ഥ അതായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠനം നിർത്തി. തൻ്റെ ചെറുപ്പകാലം പട്ടിണിക്കാലമായിരുന്നു എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

അമ്മ പണിക്ക് പോയി സന്ധ്യയാകുമ്പോൾ കൂലിയായി കിട്ടുന്ന ഒന്നേകാൽ നെല്ല് വറുത്ത് ഉരലിലിട്ട് കുത്തി അരിയാക്കി കഞ്ഞികുടിച്ച് വിശപ്പടക്കിയ കാലം അദ്ദേഹം ഓർത്തു. ഇത് അദ്ദേഹത്തിൻ്റെ മാത്രം കഥയായിരുന്നില്ല, ഗ്രാമത്തിലെ കുടിലുകളിലെല്ലാം ഇത് തന്നെയായിരുന്നു അവസ്ഥ.

1970-ൽ ആണ് പട്ടിണി മാറ്റാനുള്ള മാർഗം തേടി ബീഡിപ്പണി പഠിക്കാൻ കരിവെള്ളൂരിലെത്തിയത്. ബീഡി തെറുപ്പ് പഠിക്കാനും ഗുരുക്കന്മാരുടെ കഠിന ശിക്ഷ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റുവാങ്ങുകയേ രക്ഷയുള്ളൂ.

ബീഡി തെറുപ്പുകാരനായാലേ രക്ഷയുള്ളൂ. ഗ്രാമീണർ ബീഡി തെറുപ്പുകാരെ ആദരവോടെ കണ്ടിരുന്ന കാലം. നല്ല തേച്ചുമിനുക്കിയ ഷർട്ടും മുണ്ടും ധരിച്ച് കയ്യിലൊരു ചോറ്റുപാത്രവുമായി കമ്പനിയിലേക്ക് നടന്നുപോകുന്ന ബീഡിത്തൊഴിലാളികൾ നാടിൻ്റെ അഭിമാനമായിരുന്നു.

സാധു ബീഡി കമ്പനിയിൽ ബീഡി തെറുപ്പുകാരനായതുമുതൽ രാഘവൻ്റെ ജീവിതം മാറിമറിയുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വായിക്കാനും പഠിക്കാനും കഴിഞ്ഞു.

ശരിക്കും പറഞ്ഞാൽ ബീഡിക്കമ്പനികൾ അനൗപചാരിക സർവകലാശാലയായിരുന്നു. വായനയും പഠനവും ചർച്ചയും തൊഴിലാളികളുടെ ജീവിതത്തിൽ അറിവിൻ്റെ വെളിച്ചം പകർന്നു നൽകി. എം. രാഘവൻ നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിൻ്റെ വ്യക്തമായ ഉച്ചാരണം, നല്ല ശബ്ദം, ആരെയും ആകർഷിക്കുന്നതായിരുന്നു.

ബീഡിക്കമ്പനികളിൽ വരുത്തുന്ന പത്രങ്ങളിലെ വാർത്തകളും ലേഖനങ്ങളും ഒന്നൊഴിയാതെ രാഘവൻ തൊഴിലാളികളെ വായിച്ചുകേൾപ്പിക്കും. ശ്രദ്ധയോടെ എല്ലാവരും കേൾക്കും. പണിക്ക് തടസ്സമുണ്ടാക്കാതെയാണ് ഈ പഠനം. ബീഡി തെറുത്തുകൊണ്ടുതന്നെ ചർച്ചയും നടക്കും.

വായിച്ചുകൊടുക്കുന്ന രാഘവന് അന്നത്തെ പണിക്ക് കിട്ടാവുന്ന കൂലി കൂട്ടുകാർ പങ്കിട്ടുനൽകും. അറിവു നേടാനുള്ള തൊഴിലാളികളുടെ ആഗ്രഹം നോക്കണേ. വെറും അറിവു നേടുകയല്ല അവർ ചെയ്തത്. സാമൂഹികബോധമുള്ള, അനീതികളെ എതിർക്കാനുള്ള, മനുഷ്യപ്പറ്റുള്ള, മനസ്സിൽ കനിവ് നിറഞ്ഞ വ്യക്തികളായി അവർ മാറുകയായിരുന്നു.

കരിവെള്ളൂരിൽ ആർക്കെങ്കിലും അപകടം സംഭവിച്ചാൽ, അനീതി കണ്ടാൽ അവർ ഒറ്റക്കെട്ടായി ചാടിപ്പുറപ്പെടും. ‘കരിവെള്ളൂരാണേ ശ്രദ്ധിക്കണേ’ എന്ന് ബസ് ജീവനക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

വായനയിലൂടെ വളർന്ന എം. രാഘവൻ പ്രാദേശിക ഭരണകൂടത്തിൻ്റെ വിവിധ തലങ്ങളിൽ എത്തിച്ചേരുകയുണ്ടായി. കരിവെള്ളൂർ - പെരളം പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റാകാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.

താൻ പഠിച്ചുവന്ന വഴിയും വളർന്നുവന്ന സാഹചര്യവും ജീവിതത്തിൽ പകർത്തി കാണിക്കുന്ന രാഘവന് ആ അധികാരക്കസേര ആഢ്യത്വം കാണിക്കാനുള്ളതല്ലെന്നും എളിമയോടും സത്യസന്ധതയോടും കൂടി നിർവഹിച്ചു പോകേണ്ട ഉത്തരവാദിത്തമാണെന്നും ഉള്ള പൂർണ്ണബോധ്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞു.

രാഘവൻ്റെ വായന വിപുലമാണ്. നിരവധി നോവലുകളും ലേഖനസമാഹാരങ്ങളും നാടകങ്ങളും വായിച്ചു പഠിച്ചിട്ടുണ്ട്. ഇതിനുപുറമെ പൊള്ളുന്ന ജീവിതാനുഭവങ്ങളും അദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം കളങ്കമില്ലാതെ നിലനിർത്താൻ സഹായിച്ചു. ഏതു വേദിയിലും ഏത് വിഷയത്തെക്കുറിച്ചും വ്യക്തമായ രീതിയിൽ പ്രതിപാദിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവും മാതൃകാപരമാണ്.

അനാവശ്യമായി വലിച്ചുനീട്ടിപ്പറയുന്ന രീതി അദ്ദേഹത്തിനില്ല. പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ചെയ്ത പ്രവർത്തനങ്ങൾ പ്രചരണാത്മകമായി മാറ്റാൻ അദ്ദേഹം ശ്രമിച്ചില്ല. പക്ഷേ, നിശ്ശബ്ദമായി എല്ലാ കാര്യങ്ങളിലും ഇടപെടാനും പരിഹരിക്കാനും അദ്ദേഹത്തിന് സാധിച്ചു.

2020-2025 വർഷത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചുവരികയാണ് എം. രാഘവൻ. പട്ടിണിക്കാലത്തും ബീഡിത്തൊഴിൽ കാലത്തും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനകാലത്തും ജനപ്രതിനിധിയായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഭരണകാലത്തും ഒരേ ഭാവത്തോടെ, ലാളിത്യത്തോടെ, സ്വാർത്ഥ താൽപര്യമില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ തൊഴിലാളി നേതാവിൻ്റെ ജീവിതവിജയം. രാഘവന് ഒരു ബിഗ് സല്യൂട്ട് നൽകാം നമുക്ക്.

എം രാഘവനെപ്പോലുള്ള ലാളിത്യമുള്ള നേതാക്കളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: M. Raghavan’s inspiring life from poverty to leadership.

#InspirationalStory #M_Raghavan #KeralaPolitics #LifeStory #SocialService #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia