'താങ്കൾ ചെയ്യുന്ന ഈ പ്രവർത്തി നല്ലതാണെന്ന് തോന്നുന്നുണ്ടോ': 45 വർഷം മുമ്പ് മാഷ് ചോദിച്ച ചോദ്യം; പുകവലി നിർത്തിയ അനുഭവം ഓർമിപ്പിച്ച് ഇബ്രാഹിം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഭക്ഷണം കഴിക്കുന്നതിനിടെയാണ് റഹ്‌മാൻ മാഷ് പുകവലി ഉപേക്ഷിക്കാൻ ഉപദേശിച്ചത്.
● 'ഇന്ന് മുതൽ പുക വലിക്കില്ല' എന്ന് നൽകിയ വാക്ക് ഇബ്രാഹിം ഇന്നും പാലിക്കുന്നു.
● അധ്യാപകനായ കൂക്കാനം റഹ്‌മാന് ഇബ്രാഹിമിൻ്റെ വാക്കുകൾ അപ്രതീക്ഷിത സന്തോഷമായി.
● 'അധ്യാപകൻ്റെ ജന്മം' എന്ന പുസ്തകം റഹ്‌മാൻ മാഷ് ഇബ്രാഹിമിന് സമ്മാനിച്ചു.
● ഇബ്രാഹിം ഇപ്പോൾ നീലമ്പാറ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.
കനിവുള്ള മനുഷ്യർ ഭാഗം 12/ കൂക്കാനം റഹ്‌മാൻ
(KVARTHA) അപ്രതീക്ഷിതമായി കിട്ടുന്ന ചില സന്തോഷങ്ങളുണ്ട്, അവിചാരിതമായി കണ്ടുമുട്ടുന്ന ചിലരിൽ നിന്ന് ലഭിക്കുന്ന മധുരോദാരമായ ഓർമ്മപ്പെടുത്തലുകളും. 2025 ഒക്ടോബർ 19-ന് നീലമ്പാറയിൽ നടന്ന ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനായാണ് ഞാൻ അവിടെയെത്തിയത്. ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത്.
അതിനു മുന്നോടിയായി പലരും ചെറുതും വലുതുമായ പ്രസംഗങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതിനിടയിലാണ് സ്വാഗത പ്രാസംഗികനായ എം കെ ഇബ്രാഹിം എന്നെക്കുറിച്ച് ഒരു പരാമർശം ഉന്നയിച്ചത്. വർഷങ്ങൾക്കു മുമ്പ് ഡി പി ഇ പി നടപ്പിലാക്കിയ കാലത്ത് അധ്യാപകർക്ക് പരിശീലനം നൽകാൻ പല സ്കൂളുകളിലും ഞാൻ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് പരപ്പ ഗവൺമെൻ്റ് ഹൈസ്കൂളിലേക്കും അധ്യാപക പരിശീലനത്തിനായി പോകേണ്ടി വന്നത്.
അപ്പോഴുണ്ടായ ഒരനുഭവത്തെക്കുറിച്ചാണ് അവിടെ അന്ന് 'സെൻട്രൽ ഹോട്ടൽ' നടത്തിയ ഹോട്ടലുടമയായ ഇബ്രാഹിം സംസാരിച്ച് എന്നെ വാക്കുകൾ കൊണ്ട് ഹർഷോന്മേഷകനാക്കിയത്. 45 വർഷം മുമ്പത്തെ സംഭവം അദ്ദേഹം പ്രസ്തുത യോഗത്തിൽ വെച്ച് വീണ്ടും ഓർമ്മപ്പെടുത്തി.

റഹ്‌മാൻ മാഷ് എൻ്റെ ഹോട്ടലിലേക്ക് ഉച്ച ഭക്ഷണം കഴിക്കാനായി വന്നതായിരുന്നു. ഉച്ചനേരം ആയതുകൊണ്ട് ഹോട്ടലിൽ അത്യാവശ്യം തിരക്കുകളും ഉണ്ടായിരുന്നു. അന്നെനിക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു, പരിസരബോധമില്ലാത്ത പുകവലി. അന്നും ക്യാഷ് കൗണ്ടറിൽ ഇരുന്ന് ഞാൻ ആസ്വദിച്ച് പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള ആളുകളാകട്ടെ ഭക്ഷണത്തിൻ്റെ മുന്നിലും. അധികമാരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
പക്ഷെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും മാഷ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഊണ് കഴിഞ്ഞ് ഹോട്ടൽ ബിൽ നൽകി പുറത്തേക്ക് ഇറങ്ങുമ്പോൾ മാഷ് എന്നെ കൂടെ പുറത്തേക്ക് വിളിച്ചു. എൻ്റെ ചുമലിൽ കൈ വെച്ച് ശബ്ദം താഴ്ത്തി വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു:
'താങ്കൾ ചെയ്യുന്ന ഈ പ്രവർത്തി നല്ലതാണെന്ന് തോന്നുന്നുണ്ടോ? ചുറ്റുമുള്ള ആളുകൾ ഭക്ഷണം കഴിക്കുന്ന നേരം താങ്കളുടെ പുകവലി അവരെ അസ്വസ്ഥമാക്കുകയും താങ്കൾക്കും ചുറ്റുമുള്ളവർക്കും അത് കാരണം പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും'
സ്നേഹത്തോടെയും അതീവ ലാളിത്യത്തോടെയുമുള്ള ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ തട്ടി. അന്ന് ഞാൻ മാഷിന് ഒരു വാക്ക് കൊടുത്തു: 'ഇന്ന് മുതൽ ഞാൻ പുക വലിക്കില്ല.' ആ വാക്ക് ഞാനിന്നും പാലിക്കുന്നു - എം കെ ഇബ്രാഹിം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഞാൻ സന്തോഷാതിരേകത്താൽ കരഞ്ഞ നിമിഷം. സദസ്സിൽ നിന്ന് ദീർഘമായ കരഘോഷം മുഴങ്ങി. എല്ലാവരുടെയും കണ്ണുകൾ ഒരു നിമിഷം എൻ്റെ നേർക്ക് നീണ്ടു. സന്തോഷത്തോടെ എൻ്റെ കയ്യിലുണ്ടായിരുന്ന 'അധ്യാപകൻ്റെ ജന്മം' എന്ന പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു.

സദസ്സിൽ നിന്ന് യാത്ര പറഞ്ഞ് പിരിഞ്ഞു പോയെങ്കിലും ആ വലിയ മനുഷ്യൻ്റെ ജീവിതകഥയറിയാൻ വല്ലാത്ത താല്പര്യം തോന്നി. രാത്രി ഏറെ വൈകിയാണ് അന്ന് പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയത്. സമയം രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. എങ്കിലും നേരം പുലരാൻ മനസ്സ് അനുവദിച്ചില്ല. ഇബ്രാഹിമിനെ വിളിച്ചു. ഭാഗ്യം, അദ്ദേഹം പെട്ടെന്ന് തന്നെ ഫോണെടുത്തു.
സംസാരത്തിനിടയിൽ അദ്ദേഹം 1950-60 കാലഘട്ടത്തിലേക്ക് ഊളിയിട്ടു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തനിക്ക് നേടാൻ പറ്റിയുള്ളു എന്ന വേദനയാണ് ആദ്യം പങ്കുവെച്ചത്. വീട്ടിലെ ദാരിദ്ര്യം മൂലം ചെറുപ്രായത്തിൽ തന്നെ പണിക്ക് പോകേണ്ടി വന്നു. അന്ന് വൈകുന്നേരം വരെ പണിയെടുത്താൽ ദിവസക്കൂലി മൂന്ന് രൂപയായിരുന്നു.
ഞാൻ ചെറിയ കുട്ടിയായതിനാൽ കൃത്യമായി പണിചെയ്യുമോ എന്ന് പണി ചെയ്യിക്കുന്നവർക്ക് സംശയമായിരുന്നു. അവിടെ ഞാൻ ചെറിയൊരു ബുദ്ധി പ്രയോഗിച്ചു. റബ്ബറിനും മറ്റും കുഴിയെടുക്കുന്ന ജോലിയാണ് അന്ന് ചെയ്തുകൊണ്ടിരുന്നത്. മുതലാളിയോട് ഒരു കുഴിക്ക് അമ്പത് പൈസ നിശ്ചയിച്ച് കരാറെടുത്തു. കഠിനാധ്വാനത്തിലൂടെ ദിവസം പന്ത്രണ്ട് കുഴി വരെ കുഴിച്ചു. വൈകിട്ട് മൂന്ന് രൂപയ്ക്ക് പകരം ആറ് രൂപ കൂലി വാങ്ങി.
തന്നിൽ ഇളയ ആറ് സഹോദരങ്ങളെ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്തമായിരുന്നു ഇബ്രാഹിമിന്. അന്ന് ഒരു ലിറ്റർ അരിക്ക് മൂന്ന് രൂപ അമ്പത് പൈസയായിരുന്നു വില. അരവയർ കഞ്ഞി കുടിച്ച് ജീവിച്ച കാലമായിരുന്നു അത്. കറിയൊന്നും ഉണ്ടാവില്ല. പീടികയിൽ നിന്ന് ഉണക്കമത്തിത്തല വാങ്ങി അടുപ്പിൽ ചുട്ടെടുത്തു കാന്താരി മുളകും കടിച്ചാണ് കഞ്ഞി കുടിക്കൽ.
എന്ത് വന്നാലും അന്ന് പത്രം വായന മുടക്കാറില്ലായിരുന്നു. വായനയ്ക്കിടയിൽ പത്രങ്ങളിലെ ആപ്തവാക്യങ്ങൾ പോലുള്ളവ ഹൃദ്യസ്ഥമാക്കും. ആ കൂട്ടത്തിൽ മാതൃഭൂമിയിൽ വർഷങ്ങൾക്കു മുമ്പ് വന്ന ഒരു ആപ്തവാക്യം ഇങ്ങനെയായിരുന്നു:
'ചില ആളുകൾക്ക് കൊടുങ്കാട്ടിൽ ചെന്നാലും ഒരു കഷണം വിറക് കൊള്ളി പോലും കയ്യിൽ കിട്ടില്ല.' അതിനെക്കുറിച്ചായിരുന്നു യുവാവായ ഇബ്രാഹിമിൻ്റെ അന്നത്തെ മുഴുവൻ ചിന്തയും. അവസരങ്ങളുണ്ടായിട്ടും ഏതെങ്കിലുമൊന്നിൽ എത്തിപ്പിടിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരെക്കുറിച്ചായിരുന്നു ആലോചന. തനിക്ക് അത്തരം അവസരങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്വയം പിടിച്ചുകയറുകയേ ഇനി രക്ഷയുള്ളൂ.
'സെൻട്രൽ ഹോട്ടൽ' എന്ന സ്വപ്നം
ആയിടയ്ക്കാണ് കൂണിൻമേൽ കുരുപോലെ ഒരു രോഗവും പിടി കൂടിയത്. മൂക്കിൽ ഒരു ദശ വളർന്നു വന്നു. ഓപ്പറേഷൻ ചെയ്ത് മാറ്റിയേ പറ്റൂ. അന്ന് അതിന് പറ്റുന്ന ആശുപത്രികളൊന്നും അടുത്തുണ്ടായിരുന്നില്ല. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റാകേണ്ടി വന്നു.
രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോൾ ആശുപത്രിയിലെ മടുപ്പ് മാറ്റാൻ വൈകുന്നേരങ്ങളിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങി നടക്കുമായിരുന്നു. അതിനിടയിലാണ് ഒരു പെട്ടിക്കട ശ്രദ്ധയിൽപ്പെട്ടത്. രോഗികളും കൂട്ടിരുപ്പുകാരും ചായ കുടിക്കാൻ വരുന്നതും പോകുന്നതും വെറുതെ ഒന്ന് നോക്കി. എന്നും തിരക്കാണവിടെ. കപ്പയും കട്ടൻകാപ്പിയുമാണ് അവിടുത്തെ പ്രധാന വിഭവങ്ങൾ.
അത് കണ്ടപ്പോൾ പെട്ടെന്ന് ഉള്ളിൽ ഒരു ആശയം കത്തി. ജീവിക്കണമെങ്കിൽ എന്തെങ്കിലുമൊരു ജോലി ചെയ്തേ പറ്റൂ. നാട്ടിൽ ചെന്ന് ഇതുപോലൊരു പെട്ടിക്കട തുടങ്ങിയാലോ? പക്ഷെ കയ്യിൽ കാശില്ല. മനസ്സിൽ ആശയമുണ്ട്. ചെറുപുഴ കാക്കയഞ്ചാലിൽ ഡോ പി സി പി ഉസ്മാൻ ഹാജി നടത്തുന്ന ജെമി ക്ലിനിക്കിൽ വരുന്ന രോഗികളും സഹായികളും ഒരു ഗ്ലാസ് വെള്ളം കിട്ടാൻ അടുത്തൊന്നും സൗകര്യമില്ലാതെ വിഷമിക്കുന്നത് മുമ്പേ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ അതിന് സ്ഥലം വേണം. പണം വേണം. ഇതൊക്കെ എങ്ങനെ സംഘടിപ്പിക്കും? 'ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ്' എന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്.
എന്തായാലും എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടിയാണ് ആ ആശുപത്രിവാസം കഴിഞ്ഞ് നാട്ടിലേക്ക് കാല് കുത്തിയത്. ജെമി ക്ലിനിക്കിൻ്റെ ഉടമ ഡോ പി സി പി ഉസ്മാൻ ഹാജി അവർകളെ കാണണം. അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിക്കണം. ഒരു ചെറിയ പെട്ടിക്കട നിർമ്മിക്കാനുള്ള സ്ഥലം അദ്ദേഹത്തിൻ്റെ ക്ലിനിക്കിന് സമീപം ലഭ്യമാക്കിത്തരാൻ ആവശ്യപ്പെടണം.
അങ്ങനെ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ വ്യക്തമാക്കി. വാക്കിലെ ഊർജസ്വലതയും സംസാര രീതിയും കണ്ടപ്പോൾ ഡോക്ടർക്കും സമ്മതം. പെട്ടിക്കട തുടങ്ങാൻ വേണ്ട സഹായം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
തുടക്കത്തിന് ആയിരം രൂപ കടം വാങ്ങി. ഒരാഴ്ചക്കകം പെട്ടിക്കട തുറന്നു. മനസ്സിൽ കണ്ടത് പോലെ തകൃതിയായ കച്ചവടം നടന്നു. രണ്ട് മാസം കൊണ്ട് ഡോക്ടറോട് കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാൻ പറ്റി. മാത്രമല്ല, ഡോക്ടറുമായുള്ള സഹവാസം സമൂഹത്തിലെ ഇടപെടലുകൾക്ക് അംഗീകാരം കിട്ടാനും കാരണമായി. ഹോട്ടൽ നടത്തിക്കൊണ്ടുപോകാനുള്ള എല്ലാ സാങ്കേതികവിദ്യയും അവിടെവെച്ച് സ്വായത്തമാക്കി. അങ്ങനെയാണ് പരപ്പ ടൗണിൽ സെൻട്രൽ ഹോട്ടൽ എന്ന സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടത്.
അങ്ങനെ പരപ്പയിലെ സെൻട്രൽ ഹോട്ടൽ പ്രസിദ്ധമായി. നല്ല വ്യാപാരം നടന്നു. അതോടെ ജീവിതതാളം ആകെ മാറി. അറിയപ്പെടുന്ന വ്യവസായിയായിത്തീർന്നു. തനിക്കുണ്ടായ അനുഭവം തൻ്റെ മക്കൾക്കുണ്ടാവരുതെന്ന ദൃഢനിശ്ചയത്തോടെ അവരെ നല്ലവണ്ണം പഠിപ്പിച്ചു. കൂട്ടത്തിൽ സ്വയം പഠിക്കാനും ശ്രമം തുടങ്ങി.
പാഠപുസ്തകത്തിലെ തെറ്റും തിരുത്തും
കണക്കിൻ്റെ കാര്യത്തിൽ ഇബ്രാഹിമിനെ തോൽപ്പിക്കാൻ ആർക്കുമാവില്ലായിരുന്നു. മക്കളുടെ പുസ്തകം വാങ്ങി അവരോട് സംശയനിവാരണം വരുത്തി ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി. മകളുടെ നാലാം ക്ലാസ് ഇംഗ്ലീഷ് പുസ്തകത്തിൽ 'ചലിക്കുന്ന പാവകൾ' എന്നൊരു പാഠം പഠിക്കാനുണ്ടായിരുന്നു.
അതിൽ വന്ന ഒരു വാക്കിൻ്റെ അർത്ഥം പലരോടും അന്വേഷിച്ചു. 'രാമു അതിനെ വൂണ്ട് ചെയ്തപ്പോൾ പാവ ഡാൻസ് ചെയ്തു' എന്നാണ് മാഷ് പഠിപ്പിച്ചത്. ‘വൂണ്ട് എന്ന വാക്കിൻ്റെ അർത്ഥം മുറിവേൽപ്പിച്ചു എന്നല്ലേ? അങ്ങനെയാണെങ്കിൽ പാവ കരയുകയല്ലേ ചെയ്യുക?’ ഇതായിരുന്നു ഇബ്രാഹിമിൻ്റെ സംശയം.
അധ്യാപകരോട് ചോദിച്ചപ്പോഴും 'വൂണ്ട് ചെയ്തപ്പോൾ ഡാൻസ് ചെയ്തു' എന്നത് ശരി തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞു. ഇബ്രാഹിമിൻ്റെ അന്വേഷണത്തിനൊടുവിൽ ഈ ബുക്കിൻ്റെ ഗൈഡ് കിട്ടി. അതിൽ പറഞ്ഞിരിക്കുന്നത് 'വിൻഡ്' ചെയ്തു എന്നാണ്. സ്ക്രൂ കറക്കിയാൽ പാവ ഡാൻസ് ചെയ്തു എന്നാണ് വേണ്ടതെന്ന് ഇബ്രാഹിം കണ്ടെത്തി. ഈ കാര്യം സ്കൂളിൽ മാഷുമാരുടെ ഇടയിൽ ചർച്ചയായതും ഇബ്രാഹിം സൂചിപ്പിച്ചു. അതോടെ അവിടെയും ഇബ്രാഹിം ഒരു ചർച്ചാവിഷയമായി.
ഇപ്പോൾ ഹോട്ടൽ വ്യാപാരം നിർത്തി. മുഴുവൻ സമയ സന്നദ്ധപ്രവർത്തകനായി മാറിയിരിക്കുന്നു. പ്രശസ്തിയാർജിച്ച നീലമ്പാറ ഔലിയായുടെ പേരിലുള്ള ജമാഅത്ത് പള്ളിയുടെ പ്രസിഡൻ്റായി പ്രവർത്തിച്ചുവരികയാണ്. ഈ മേഖലയിൽ വിദ്യാഭ്യാസരംഗത്തെ ഉയർച്ചയ്ക്കും സാമൂഹ്യ പിന്നോക്കാവസ്ഥയ്ക്ക് അറുതി വരുത്താനും സദാ സന്നദ്ധനായി പ്രവർത്തിച്ചുവരികയാണ് നാട്ടുകാരുടെ 'ഇബ്രായിച്ച'.
താൻ അനുഭവിച്ച വേദന നിറഞ്ഞ ജീവിതത്തെക്കുറിച്ചും അതിനെ തന്റേടത്തോടെ അതിജീവിച്ച കഥകളും ഓർമ്മിച്ചുകൊണ്ട് സാമൂഹ്യ-രാഷ്ട്രീയ സേവന രംഗത്ത് തന്നാലാവുന്ന വിധം കർമ്മനിരതനായി നാട്ടുകാരുടെ ഇബ്രായിച്ച പ്രവർത്തിച്ചുവരുന്നു.
മകൻ നജ്മുദ്ദീൻ സൗദി അറേബ്യയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. സേവനസന്നദ്ധതയ്ക്കും അർപ്പണ മനോഭാവത്തിനും ഉടമയും കാസറഗോഡ് കളക്ടറേറ്റിൽ ടൈപ്പിസ്റ്റുമായ മകൾ നുസൈബ സഹപ്രവർത്തകർക്കിടയിൽ 'ഗാന്ധിയൻ നുസൈബ' എന്നാണ് അറിയപ്പെടുന്നത്.
ഭാര്യ ജമീലയോടൊപ്പം നീലമ്പാറയിൽ താമസിക്കുന്ന അദ്ദേഹം ഇപ്പോൾ നീലമ്പാറ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ്, എം ടി പി ഫാമിലി ഗ്രൂപ്പ് നീലമ്പാറ യൂണിറ്റ് പ്രസിഡൻ്റ്, കേരള മുസ്ലിം ജമാഅത്ത് നീലമ്പാറ യൂണിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
നാലര പതിറ്റാണ്ട് മുൻപുള്ള ഒരു നല്ല വാക്ക് ഒരാളുടെ ജീവിതം മാറ്റിമറിച്ച ഈ പ്രചോദനകഥ പങ്കുവെക്കൂ. അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: M.K. Ibrahim shares how he quit smoking 45 years ago due to teacher Kookanam Rahman's advice, making the teacher emotional.
#KookanamRahman #MKIbrahim #SmokingCessation #Inspiration #KeralaNews #LifeStory
