Relationship | 'പ്രണയ'ത്തിന്റെ പരിണാമം; മാറുന്ന കാലത്തെ ഇഷ്ടങ്ങൾ

 


- എ സി ജോര്‍ജ്, യുഎസ്എ

(KVARTHA) പുതുപുത്തൻ പ്രണയ ആയോധനമുറകളുമായി പ്രണയ ഗോദയിലെത്തുന്ന കാമുകി കാമുകന്മാർക്കെല്ലാം എല്ലാ പ്രണയസംബന്ധമായ ദിനങ്ങളും ഒരാവേശമാണ്. ഒരു കരുത്താണ് നൽകുന്നത്. വിവാഹിതരായോ അവിവാഹിതരായോ കഴിയുന്ന കാമുകി കാമുകന്മാർക്കും ഓർക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ടസ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് പ്രണയദിനം നൽകുന്നത്. മനുഷ്യനുമാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തർലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങാനുമുള്ള കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരൽപം നർമ്മത്തിൽ ചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവർണ നർമ്മ മർമ്മ ശകലങ്ങൾ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

Relationship | 'പ്രണയ'ത്തിന്റെ പരിണാമം; മാറുന്ന കാലത്തെ ഇഷ്ടങ്ങൾ

പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക് സമുദ്രത്തേക്കാൾ ആഴമുള്ളതും അറ്റ്ലാൻ്റിക് സമുദ്രത്തേക്കാൾ പരന്നതും വിസ്തീർണ്ണമുള്ളതുമാണ്. വെറും നൈമിഷികവും ഒരു താൽക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാൻസുകിട്ടിയാൽ രമിക്കാനോ തക്കം നോക്കി നടക്കുന്ന ചില അഭിനവ പൂവാലന്മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകൻ്റെ മനസ്സിൽ ഓടിയെത്തുന്നു. 'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം... പിന്നിലൊരുത്തി നടന്നുവരുമ്പോൾ പിടലിക്കൊരു തളർവാതം. ...കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാൽ കരളിനകത്തൊരു കുയിൽനാദം.... എന്നാൽ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം.

പ്രണയം പ്രേമ സങ്കല്പങ്ങളോ പ്രകടനങ്ങളോ ഒരോ കാലഘട്ടത്തിലും വിത്യസ്തമാണ്. ഈ ലേഖകൻ്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാസമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന് കമിതാക്കൾ അതീവ രഹസ്യമായാണ് പ്രേമാഭ്യർത്ഥന നടത്തുകയോ പ്രണയ കത്തുകളോ പ്രണയലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികൾ വഴിയോ ബുദ്ധിവളർച്ച എത്തിയിട്ടില്ലാത്ത പൊട്ടന്മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയകത്തുകളും ദൂതുകളും പ്രണയിതാക്കൾ പരസ്പരം കൈമാറിയിരുന്നു. അക്കാലങ്ങളിൽ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരം രംഗങ്ങൾ ധാരാളമുണ്ടായിരുന്നു.

പ്രേമലേഖനം അല്ലെങ്കിൽ പ്രണയ ലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്മാർക്ക് വളരെ ദുർഘടം പിടിച്ച പണിയായിരുന്നു. എന്നാൽ ചിലർക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ളാദവും കുളിർമ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോ കാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഒരോ കാലത്തെയും സിനിമയും സിനിമാ അനുഭവങ്ങളും എന്ന് സൂചിപ്പിച്ചുവല്ലോ. ലൗ ലെറ്റർ - പ്രണയ ലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമ കഥാനായിക പാടുകയാണ്. പ്രിയതമാ.. പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ... പുളകം ചൂടും മാറിടമാകെ പ്രേമലോലുപ നീ വരുമോ .. പിന്നീട് പ്രേമലോലുപനായ നായകൻ മറ്റൊരിക്കൽ പാടുകയാണ്. സ്വർണ്ണത്താമരയിതളിലുറങ്ങും കണ്ണ തപോവന കന്യകേ .. ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയം വര കന്യക നീ... ചൂടാത്ത നവരത്ന മണിപോലെ ചുംബനമറിയാത്ത പൂപോലെ ... ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളിൽ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയഹാരിയായ വാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞു നിന്നു.

ആയിരമായിരം പ്രേമ - പ്രണയലങ്കാരിക പദങ്ങളാൽ വളരെ സങ്കീർണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രണയ ലേഖനങ്ങളും സിനിമ നാടക അനുഭവങ്ങളും പ്രേമ പ്രണയ ഗാനങ്ങളും. ഞാൻ നിന്നെ പ്രേമിക്കുന്നു മാങ്കിടാവേ...മെയ്യിൽ പാതി പകുത്തുതരു. മനസ്സിൽ പാതി പകുത്തു തരു മാൻ കിടാവേ... ഇപ്രകാരമുള്ള പ്രേമാഭ്യർത്ഥന ഗാനങ്ങളിൽ ആരാണ് വീഴാത്തത്. പകൽ മാന്യന്മാരും മാന്യകളുമായ സദാചാരപൊലീസുകാർ സദാചാരഗുണ്ടകൾ അന്ന് ഇന്നത്തേക്കാൾ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാർത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവർക്കും പ്രണയം പാപമാണ് അധർമ്മമാണ് എന്ന് ധരിച്ചിരുന്നവരും അല്ലെങ്കിൽ പ്രണയിക്കാൻ ധൈര്യമോ ചങ്കുറപ്പോ സാഹചര്യമോ ഇല്ലാത്തവരായിരുന്നു അന്ന് അധികവും . യാതൊരു ലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാർത്ഥതാല്പര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന അധാർമ്മിക പ്രണയങ്ങളോ, പ്രണയക്കുരുക്കുകളോ നിയന്ത്രിക്കേണ്ടത്.

ഒരോ സമൂഹത്തിൻ്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തിൽ സ്മരിക്കുന്നു. എന്നാൽ ഇന്ന് കാലവും കോലവും മാറി . പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയും വന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യർത്ഥനകൾ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനവും തൻ്റേടവുമുണ്ടെങ്കിൽ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആർക്കും ആരേയും നിയമാനുസൃതമായി പ്രണയിക്കാം. നിയമസാധുതയും പരിരക്ഷയുമുണ്ടെങ്കിൽ ചിലപ്രഖ്യാപിതങ്ങളോ അപ്രഖ്യാപിതങ്ങളോ ആയ കുല മത ആചാരങ്ങളെയോ വിലക്കുകളെയോ വകവെയ്ക്കാതെ തന്നെ കമിതാക്കൾക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ - പ്രണയിനികൾക്ക് വിവാഹം പോലും കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല.

എന്നാൽ ഇന്ത്യയിൽ ഒരു പക്ഷേ വിവാഹിതരല്ലാത്ത പ്രണയ മിഥുനങ്ങൾ സദാചാരഗുണ്ടകളാൽ പിടിക്കപ്പെടാം. അക്രമിക്കപ്പെടാം. എന്നാൽ ഗ്ലോബലൈസേഷനും വിവരസാങ്കേതിക വിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളർച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തൽ സംബന്ധിയായ സന്ദേശങ്ങളും ആർക്കും എവിടെയും ആകാം എന്ന പരുവത്തിലായി. ദേശ- ജാതി- മത - വർഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിൻ്റെ ഒരു വസന്തകാലമാണ് എവിടെയും ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആഗോള മലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയ സന്ദേശങ്ങൾക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ - പ്രണയ - ലേഖനങ്ങൾക്കോ ഗാനങ്ങൾക്കോ ഇന്ന് അധികം പ്രസക്തി കാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാൻ ആർക്കും സമയമില്ല. പഴയ ഒരു തമിഴ് സിനിമയിൽ സുമൂഖനായ നായകൻ പാടുന്നപോലെ കാതലിക്കാൻ നേരമില്ലെ... കാതലിക്കാൻ ആരുമില്ലെ... അതായത് ചിലർക്ക് പ്രേമിക്കാൻ നേരമില്ല. അതുപോലെ ചിലർക്ക് പ്രേമിക്കാൻ ആരുമില്ലതാനും. ഇങ്ങനെ പോകുന്നു... ഈ പ്രണയചിന്തകൾ...

Relationship | 'പ്രണയ'ത്തിന്റെ പരിണാമം; മാറുന്ന കാലത്തെ ഇഷ്ടങ്ങൾ

Keywords:  Valentine’s Week, Love, Lifestyle, Romantic, Relationship, Evolution, Article, Pacific Ocean, Hobby, Love Letter, India, Marriage, Caste, Religion, Police, Moral, Love and the Malayalis, some thoughts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia