Death and Love | 'മരണം' അങ്ങനെയാണ്! ഓർക്കുക, ഇനി അവളെ അല്ലെങ്കിൽ അവനെ സ്നേഹിക്കാൻ ഒരു ദിവസം മടക്കി കിട്ടില്ലെന്ന്


നമ്മളുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ഒന്നാണ് മരണം
മിൻ്റാ സോണി
(KVARTHA) മരണം എന്നത് ഒരു നിത്യ സത്യമാണ്. അതിന് വലിപ്പ ചെറുപ്പം ഇല്ല. ഏത് കുടുംബങ്ങളിലും എപ്പോഴും സംഭവിക്കാവുന്ന ഒരു പ്രതിഭാസം തന്നെയാണ് മരണം. ഒരു പക്ഷേ, നമ്മുടെ ജീവിതത്തിലെ വലിയ സന്തോഷങ്ങൾ പോലും കെടുത്തിക്കൊണ്ടാകും മരണം പലരെയും പുൽകുന്നത്. അപ്പോൾ നമ്മളിൽ നിന്ന് വിട്ട് പിരിയുന്നവരെ ഓർത്ത് സങ്കടപ്പെടുന്നുണ്ടാകാം. നിസ്സാര കാര്യത്തിന് പിണങ്ങി നടക്കുന്നവരുടെ പോലും പിണക്കം അവസാനിക്കുന്നത് ഒരാളുടെ മരണത്തിലാകും. അപ്പോൾ നമ്മൾ ഓർക്കും എന്തിന് ഇതുവരെ ഇങ്ങനെ പിണങ്ങി നടന്നുവെന്ന്, വെറുതെ സമയം കളഞ്ഞുവെന്ന്.
നമ്മളുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ഒന്നാണ് മരണം. ഒരാളും നമുക്ക് അവകാശപ്പെട്ടത് അല്ലെന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല മരണങ്ങളും നമുക്ക് വ്യക്തമാക്കി തരുന്നു. ഒരു സ്ഥലത്തേയ്ക്ക് യാത്ര തിരിക്കാൻ ഇറങ്ങിയാൽ, ഒരാളെ പെട്ടെന്ന് കാണണമെന്ന് നമുക്ക് തോന്നിയാൽ ചിലപ്പോൾ അവരെ കണ്ടിട്ട് നമുക്ക് യാത്ര തിരിക്കാം. എന്നാൽ മരണം വരുമ്പോൾ അതിന് സാധിച്ചെന്ന് വരില്ല. ആരോടും യാത്രപറയാൻ സാധിക്കാതെ അതിനോടൊപ്പം അങ്ങ് പോയേ പറ്റൂ.
മരണം നമ്മുടെ ജീവിതത്തെ എത്രകണ്ട് ശോകാവൃതമാക്കുന്നു എന്ന് പറയുന്ന ഒരു കുറിപ്പാണ് ഇനി പറയുന്നത്. തീർച്ചയായും ഇത് നിങ്ങളെ ചിന്തിപ്പിക്കും. നമ്മുടെ ഇടയിൽ നിന്നും ഉറ്റവരും ഉടയവരും പിരിഞ്ഞു പോകുമ്പോൾ നമ്മളിൽ ഭരിക്കുന്ന വികാരമാണ് ഇതിൽ ഉള്ളത്. തീർച്ചയായും മനസാക്ഷിയുള്ള ആരുടെയും കരൾ അലിയിപ്പിക്കും എന്നതാണ് സത്യം.
കുറിപ്പിൽ പറയുന്നത്:
'പ്രിയപ്പെട്ട ഒരാൾ ഒരു വാക്ക് പോലും പറയാതെ പെട്ടെന്നൊരു നിമിഷം മരണത്തിന്റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് നടന്ന് പോയിട്ടുണ്ടോ..? അത് ആരുമാകാം അച്ഛൻ.. അമ്മ.. കൂടപ്പിറപ്പ്.. സുഹൃത്ത്.. ഭാര്യ.. ഭർത്താവ്.. കാമുകൻ.. കാമുകി.. അങ്ങനെ ആരും..! ആരായാലും നമ്മളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാൾ.. മറ്റൊരാളാൽ ഒരിക്കലും നികത്താൻ കഴിയാത്ത ഒരു വിടവ് സൃഷ്ടിക്കുന്ന ഒരാൾ.. ഇവിടെ നമുക്ക് അയാളെ ഭാര്യ എന്നോ ഭർത്താവ് എന്നോ വിളിക്കാം..! നിസാര കാര്യത്തിന് ബന്ധം പിരിഞ്ഞു രണ്ട് വഴിക്ക് പോകാൻ വെമ്പി നിൽക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും.. ഇനി പിരിഞ്ഞില്ലെന്ന് ഇരിക്കട്ടെ.. നിസാര കാര്യങ്ങൾക്ക് പരാതിയുടെയും പരിഭവത്തിന്റെയും കെട്ടഴിക്കും.. സ്നേഹത്തിന്റെ കണക്ക് പറയും.
എന്നോട് എത്ര സ്നേഹമുണ്ടെന്ന് കൊഞ്ചി ചോദിക്കും! പക്ഷേ ഈ പരാതികേട്ട് ഇറങ്ങിപ്പോകുന്ന ആ ഒരാൾ പിന്നെ തിരികെ വന്നില്ലെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആ പരാതിയും പരിഭവവും ഒന്ന് പറഞ്ഞു തീർക്കാതെ.. നെഞ്ചോടു ചേർത്തൊന്നണക്കാതെ.. നിങ്ങൾ അലറിക്കരയുന്നത് കേൾക്കാതെ അവൾ /അവൻ ഉണരാത്ത ഉറക്കത്തിലേക്ക് പോയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? ചിന്തിക്കണം..! കാരണം മരണം അങ്ങനെയാണ്. നിനക്കാത്ത നേരത്താവും നമ്മളെ തേടിയെത്തുക. ഒരു നിമിഷം കൂടി അനുവദിക്കില്ല. നീണ്ട പരിഭവ രാത്രികൾ കൊഴിച്ചു കളയുമ്പോൾ.. അവൾ അല്ലെങ്കിൽ അവൻ വന്ന് മിണ്ടട്ടെയെന്ന് കരുതി ദിവസങ്ങൾ നഷ്ടമാക്കുമ്പോൾ ഓർക്കുക.. ആയുസിന്റെ ഒരു ദിവസം കൂടിയാണ് നഷ്ടപ്പെട്ടത് എന്ന്.. ഇനി അവളെ /അവനെ സ്നേഹിക്കാൻ ഈ ഒരു ദിവസം മടക്കി കിട്ടില്ലെന്ന്..!
മരിച്ചുപോയ ആളിന്റെ പ്രിയപ്പെട്ടതൊക്കെ അയാളോടൊപ്പം കുഴിച്ചു മൂടപ്പെടും. കഴിഞ്ഞ പിറന്നാളിന് നീ കൊടുത്ത നീല ഷർട്ട്.. അല്ലെങ്കിൽ ചുവന്ന സാരി.. അടുത്ത ബന്ധുവിന്റെ കല്ല്യാണത്തിന് ഇടാൻ മാറ്റി വച്ചതും.. അയ്യാൾ സ്ഥിരമായി ഉപയോഗിക്കുന്ന എന്തുമാകട്ടെ അയാളൊടപ്പം മണ്ണടിഞ്ഞു പോകും. ആ മുറിയിലെ ഷെൽഫൊന്ന് തുറന്നു നോക്കണം. ചുളിവ് മാറിയില്ല എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ ഷർട്ട് പോലും കരയുന്നുണ്ടാവും. എത്ര ഭംഗിയിലാണ് ബുക്കുകൾ ഓരോന്നും അടുക്കി വച്ചിരിക്കുന്നത്. ഒരുപാടലഞ്ഞ് കിട്ടിയ പ്രിയ എഴുത്തുകാരന്റെ ബുക്കിലെ വായിച്ച് തീർന്ന പേജിൽ ഒരു പേന കുത്തി വച്ചിട്ടുണ്ടാകും തുടർന്നു വായിക്കാൻ. കഴിഞ്ഞ ദിവസം എഴുതിയ ബുക്ക് അടച്ചു വയ്ക്കാതെ വീണ്ടും എഴുതുമെന്നോർത്ത് അപ്പോഴും കാത്തിരിക്കുന്നുണ്ടാകും.
ഭിത്തിയിലെ ചിത്രങ്ങൾ നിങ്ങളെ ഉറ്റു നോക്കി ചിരിക്കുന്നുണ്ടാകും. ഇന്നലെ വരെ പതിഞ്ഞ ഗാനങ്ങൾ ഒഴുകിയിരുന്ന മുറി വല്ലാത്തൊരു നിശബ്ദത കടമെടുത്തു ഭയപ്പെടുത്തും..! ഉപയോഗിച്ച തോർത്തും.. സോപ്പും.. രാവിലെ പോകും നേരം ഊരിയിട്ട വസ്ത്രം പോലും തിരികെ വരുന്ന ഒരാളെ കാത്തിരിക്കുന്നുണ്ടാകും..! ഈ ലോകത്തിന്റെ വരമ്പത്ത് തനിച്ചായിപ്പോയൊരു മാൻപേടയെ പോലെ പകച്ചു പോകും..! ഓർക്കാൻ കഴിയുമോ ഇണ നഷ്ടപ്പെട്ട നിങ്ങളുടെ വീടിനെ..? രണ്ട് മക്കളെ കൈ തണ്ടയിൽ കിടത്തി വരാത്തൊരു ഇണയെ ഓർത്ത് കണ്ണീർ പൊഴിക്കാത്തൊരു രാത്രി ഉണ്ടാവില്ല..! ആ നെഞ്ചിലെ ചൂട് കൊതിക്കാത്തൊരു പുലരിയുണ്ടാവില്ല.. ആ കാലടി കാതോർക്കാത്തൊരു ദിവസമുണ്ടാകില്ല.
പിണങ്ങിയ നിമിഷത്തെ.. കുറ്റം പറഞ്ഞ നിമിഷത്തെ.. ഒക്കെ ശപിച്ചും.. പതം പറഞ്ഞും പിന്നീടുള്ള കാലം തണൽ പോയൊരു കിളിയെ പോലെ കണ്ണീർ പൊഴിക്കേണ്ടി വരും.. ആരും കാണാതെ അലറി കരയും.. ചിരിച്ചു കൊണ്ട് ഉള്ളിൽ തേങ്ങും..! വിധവകളെ കണ്ടിട്ടുണ്ടോ..? ചോദിക്കണം.. നെഞ്ചു പൊട്ടി കരയാതൊരു രാത്രിയുണ്ടോ എന്ന്. പ്രിയപ്പെട്ടവന്റെ തോളിൽ ചാഞ്ഞിരിക്കാൻ കൊതിക്കാത്ത.. ചുടു ചുംബനം കൊതിക്കാത്ത.. ആ കരവലയത്തിൽ സുരക്ഷിതമയുറങ്ങാൻ മോഹിക്കാത്ത ഒരു ദിവസമുണ്ടോ എന്ന്. ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ ആണ് സൗന്ദര്യപിണക്കത്തിന്റെ പേരിൽ നമ്മൾ നഷ്ടപ്പെടുത്തുന്ന നിമിഷങ്ങൾ എന്ന് തിരിച്ചറിയണം! ആ ഓരോ നിമിഷങ്ങളെയും പ്രണയിക്കണം!
അടുത്ത നിമിഷം കൈ വെള്ളയിൽ നിന്നൂർന്നു പോകാവുന്നതാണെന്ന തിരിച്ചറിവോടെ കൂടുതൽ ആഴത്തിൽ ചേർത്തു പിടിക്കണം! പ്രിയപ്പെട്ടവരുടെ യാത്രക്കൊപ്പം അവർക്ക് പ്രിയപ്പെട്ടതൊക്കെ മണ്ണിട്ടു മൂടി എല്ലാവരും പിരിഞ്ഞു കഴിയുമ്പോൾ ഒരു ഭ്രാന്തിയെ പോലെ എന്തെങ്കിലുമൊന്ന് അവശേഷിക്കുന്നുണ്ടോ എന്ന് തപ്പി നടക്കുമ്പോഴറിയും അവരുടെ മുടിനാര് പോലും പ്രിയപ്പെട്ടതായിരുന്നു നമുക്കെന്ന്! അവരിട്ട് വിയർത്തു നാറിയൊരു തുണി നിധി പോലെ ആരും കാണാതെ സൂക്ഷിച്ചു വച്ചിട്ടില്ലേ. രാത്രികളിലെങ്കിലും നെഞ്ചോടടക്കി പിടിക്കാൻ.. മതിതീരെ ഉമ്മകൾ കൊണ്ട് മൂടാൻ? വിയർപ്പ് നാറുന്നു.. കുളിക്ക് എന്ന് പറഞ്ഞ നാവു കൊണ്ട് ആ മണമൊന്ന് കിട്ടാൻ കൊതിയാവുന്നു എന്ന് എത്ര വട്ടമാണ് നഷ്ടമായിട്ട് പറഞ്ഞിട്ടുള്ളത്..?
വിധിയെന്ന് പേരിട്ടാലും.. ഇല്ലെങ്കിലും മരണമൊരു വികൃതമുഖമുള്ള സത്യമാണ്. ഉൾക്കൊള്ളാൻ കഴിയാത്ത.. ഉൾക്കൊള്ളാൻ നിർബന്ധിപ്പിക്കുന്ന സത്യം. വീടിന്റെ ഉമ്മറവാതിലിൽ മുട്ടി ഏത് നിമിഷവും കടന്നു വന്നേക്കാവുന്ന ആ സത്യത്തിനു മുന്നേ കിട്ടുന്ന അൽപ്പനേരം സ്നേഹിക്കാനുള്ളതാണ്. അളവില്ലാത്ത സ്നേഹം പകുത്തു കൊടുക്കാനുള്ളതാണ്. വിധവകളെ കാണുമ്പോൾ കാമമല്ല തോന്നേണ്ടത്.. മഴ നനഞ്ഞു.. കൂട് നഷ്ടമായ.. തണൽ നഷ്ടമായ ഒരു കുഞ്ഞിക്കിളിയോട് തോന്നുന്ന കരുണയാണ്.. വാത്സല്യമാണ്. ഒറ്റക്ക് പൊരുതുന്നവൾ പച്ച പെണ്ണായി ആർത്തു കരയുന്ന രാത്രികളുണ്ട്. കാരിരുമ്പിന്റെ കരുത്തുള്ളവൾ അകന്ന് പോയ ഇണയുടെ പഴയ ഒരു ഷർട്ടിനുള്ളിൽ സുരക്ഷിതയായുറങ്ങുന്ന രാത്രികളുണ്ട്..!
അരികിലുണ്ടെന്ന് തോന്നി ഞെട്ടി ഉണരുന്ന.. കൂടുതൽ അരികിലേക്ക് ചേരാൻ നോക്കി പരാജയപ്പെടുന്ന ഒരുപാട് ഒരുപാട് സന്ദർഭങ്ങളുണ്ട്..! അവരെ ചേർത്ത് പിടിക്കുകയാണ് വേണ്ടത്.. ശ്രീത്വമില്ലെന്ന് എഴുതി തള്ളുകയല്ല. മരണത്തിൽ നിന്നൊരു മടങ്ങി വരവില്ല..! അത് കൊണ്ട് തന്നെ ഓരോ മടങ്ങി വരവും സ്നേഹം കൊടുക്കാനും.. നേടാനുമാകട്ടെ. ഒന്നും ബാക്കിയാക്കാതെ യാത്രയാവാം മണ്ണിലും.. മനസ്സിലും!
പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും സഹായിച്ചും ജീവിക്കാം
തീർച്ചയായും ഈ ലോകത്തിൽ ആയിരിക്കുമ്പോൾ മനുഷ്യരായ നാം പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും സഹായിച്ചും ജീവിക്കണമെന്ന സന്ദേശമാണ് ഈ കുറിപ്പ് നൽകുന്നത്. ഇന്ന് ഒരാളുടെ മരണം മൂലം വേദനയിൽ കഴിയുന്ന ഒരുപാട് കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബത്തിന് അത്താണിയായിരുന്നവരെ നിനച്ചിരിക്കാതെ കൂട്ടികൊണ്ട് പോയതാവും. ആരുടെയെങ്കിലും ഉറ്റവരുടെ മരണം മൂലം പലർക്കും കണ്ണൂനീർ ഇന്നും തോർന്നിട്ട് കൂടെയുണ്ടാവില്ല. മരണം എല്ലാവർക്കും ഒപ്പം എന്നും ഉണ്ടാകുമെന്ന് വിശ്വസിച്ച് ദൈവത്തിൽ \ ആശ്രയിച്ച് മുന്നേറാൻ ശ്രദ്ധിക്കുക.
ഒപ്പം അഹങ്കാരം മാറ്റിവെച്ച് വിനീതനാകാൻ പരിശ്രമിക്കുക. ഒരു കാൽ തട്ടിയാൽ തീരാവുന്നതെയുള്ളു ഈ ജീവിതമെന്ന് മനസ്സിലാക്കുക. ഈ കുറിപ്പിൽ പറയുന്നതുപോലെ മരണത്തിൽ നിന്ന് ആർക്കും ഒരു മടങ്ങിവരവ് ഉണ്ടായിരിക്കുന്നതല്ല. മരണത്തിൻ്റെ കാര്യത്തിൽ എല്ലാവരും സമന്മാർ തന്നെയാണ്. ആയതിനാൽ ജീവിക്കുന്നിടത്തോളം കാലം വിദേഷങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഉതകുന്നതാകട്ടെ ഓരോ ജീവിതങ്ങളും.